അസാധാരണമായ കൂടിക്കാഴ്ച
തിരുവനന്തപുരത്ത് കൂടി സഞ്ചരിക്കുമ്പോള്‍ കൂടെ പഠിച്ച സുഹൃത്തുക്കളെ കാണണമെന്നു തോന്നി. പുതുപ്പള്ളി വാരണപ്പള്ളി തറവാട്ടില്‍ ഒന്നിച്ചു കഴിഞ്ഞവരാണ് വെളുത്തേരി കേശവനും പെരുനെല്ലി കൃഷ്ണനും. കേശവന് ആശാനായി എവിടെയോ കുട്ടികളെ പഠിപ്പിക്കുന്നു. പെരുനെല്ലി കൃഷ്ണന് വൈദ്യനായി നാട്ടില്‍ ചികിത്സ നടത്തുന്നു. നാണു ആശാന് കൃഷ്ണന് വൈദ്യരുടെ വീട്ടിലെത്തി.

സന്തോഷമായി. കൂട്ടുകാരുടെ സ്നേഹവും പരസ്പരമുള്ള ആദരവും കണ്ടപ്പോള്‍ എല്ലാവര്ക്കും നല്ല മതിപ്പുതോന്നി. ഗൃഹസ്ഥാശ്രമിയായിക്കഴിയുന്ന കൃഷ്ണന് വൈദ്യര് വിശേഷങ്ങളെല്ലാം ചോദിച്ചു. സതീര്ത്ഥ്യന് പറയുന്ന മറുപടിയില്‍ വിരക്തിയുടെ സ്വരം. എല്ലാറ്റിനും നിസ്സംഗഭാവത്തിലുള്ള ഉത്തരം.
നാണു ആശാന്റെ ജീവിതവീക്ഷണമെന്താണെന്ന് കൃഷ്ണന് വൈദ്യര്‍ക്ക് മനസ്സിലായി. പിന്നീടൊന്നും പറഞ്ഞില്ല. എന്നാല്‍ സമയം കിട്ടുമ്പോഴൊക്കെ വരണമെന്നു നിര്‍ബ്ബന്ധിച്ചു പറഞ്ഞു. വൈദ്യവൃത്തിയില്‍ നാണുവിന്റെ കഴിവെന്താണെന്ന് പുതുപ്പള്ളിയില്വെച്ച് അറിഞ്ഞി ട്ടുണ്ട്. രോഗത്തെയും രോഗനിര്‍ണ്ണയത്തെയും മരുന്ന് നല്കുന്നതിനെപ്പറ്റിയുമൊക്കെ പറയാനും കൂടുതല്‍ അറിയാനും ഈ ബന്ധം സഹായിക്കും. കൃഷ്ണന് വൈദ്യര് കരുതി.
ഒരുദിവസം നാണു ആശാന് പെരുനെല്ലി കൃഷ്ണന് വൈദ്യരുടെ വീട്ടില്‍ എത്തി വിശ്രമിക്കുകയായിരുന്നു. അപ്പോള്‍ മുടിയും താടിയും നീട്ടിവളര്‍ത്തിയ ആരോഗ്യവാനായ ഒരു യുവാവ് അവിടെയെത്തി. ആദ്യകാഴ്ചയില്‍ത്തന്നെ പരസ്പരം അസാധാരണമായ വ്യക്തിത്വമുള്ളവരാണ് തന്റെ മുന്നിലുള്ളതെന്ന് ഓരോരുത്തരും കരുതി.
ഒന്നും സംസാരിക്കാതെ തന്റെ അതിഥികള്‍ രണ്ടുപേരും നില്ക്കുന്നതുകണ്ടപ്പോള് കൃഷ്ണന്‍വൈദ്യര്‍ രണ്ടുപേരെയും പരസ്പരം പരിചയപ്പെടുത്തി.
”ഇത് കുഞ്ഞന്‍പിള്ള ചട്ടമ്പി. ആളുകള്‍ ചട്ടമ്പി സ്വാമിയെന്നു വിളിക്കും.”
”കേട്ടിട്ടുണ്ട്.”
നാണു ആശാന് ആദരപൂര്‍വ്വം കൈകള്‍ കൂപ്പിക്കൊണ്ടു പറഞ്ഞു.
”ഇത് നാണു ആശാന്.”
കൃഷ്ണന് വൈദ്യര് തുടര്‍ന്നുപറഞ്ഞു.
”ചെമ്പഴന്തിയിലാണ് താമസം. ഞങ്ങള്‍ കുമ്മമ്പള്ളി രാമന്‍പിള്ള ആശാന്റെ കീഴില്‍ ഒന്നിച്ചാണ് പഠിച്ചത്.”
”ഓഹോ”
കുഞ്ഞന്‍പിള്ള ചട്ടമ്പി സ്നേഹത്തോടെ നാണു ആശാനെ നോ ക്കി.
ചെമ്പഴന്തിയില്‍ താഴ്ന്ന ജാതിക്കാരെ പഠിപ്പിക്കാന്‍ ശ്രമിച്ച ഒരു ആശാനെ നാട്ടുകാരൊക്കെ ചേര്‍ന്ന് എതിര്‍ത്ത കാര്യം പറഞ്ഞുകേട്ടിരുന്നു. പിന്നീട് അഞ്ചുതെങ്ങില്‍ വന്നു പഠിപ്പിക്കുന്ന കാര്യവും അറിഞ്ഞു. ഏതായാലും തന്റെ ചിന്തയിലും വഴിയിലും ഒരാള്‍ കൂടിയുണ്ടെന്ന ചിന്ത കുഞ്ഞന്‍പിള്ള ചട്ടമ്പിക്കുണ്ടായി.
ആദ്യ കാഴ്ചയില്‍ത്തന്നെ നാണു ആശാനെ കുഞ്ഞന്‍പിള്ള ചട്ടമ്പിക്ക് ഇഷ്ടമായി. കുശലാന്വേഷണങ്ങള്‍ക്കു ശേഷം അവര്‍ പരസ്പരം ഉള്ളു തുറന്നു സംസാരിച്ചു.
രണ്ടുപേരുടെയും ചിന്തയും വാക്കുകളും തമ്മില്‍ ഭേദമില്ലെന്നു അവര്‍ തിരിച്ചറിഞ്ഞു. രണ്ടുപേരും മനസ്സില്‍ കരുതിയിരുന്ന ആശയങ്ങളും അഭിലാഷങ്ങളും തുറന്നുപറഞ്ഞു.
ഒരു സുദൃഢബന്ധത്തിന്റെ തുടക്കമായിരുന്നു അന്നവിടെ നടന്നത്. ഒരുതരത്തില്‍ സമപ്രായക്കാര്‍. 1853-ല്‍ ജനിച്ച കുഞ്ഞന്‍പിള്ള ചട്ടമ്പിയും 1855-ല്‍ ജനിച്ച നാണു ആശാനും സന്ന്യാസമാര്ഗ്ഗത്തിലാണ്. എന്നാല്‍ രണ്ടുപേരും ആരുടെയും ശിഷ്യത്വം സ്വീകരിച്ച് മന്ത്രോപദേശം വാങ്ങിയിട്ടില്ല.
നാണു ആശാന് വീടുവിട്ടിറങ്ങി ആരുമായും അധികം വ്യക്തിബന്ധം സ്ഥാപിക്കാതെ പല ഇടത്തുമായി കഴിയുകയാണ്. കുഞ്ഞന്‍ പിള്ള ചട്ടമ്പിയും അതാണു ചെയ്തുകൊണ്ടിരിക്കുന്നത് എന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. ചട്ടമ്പിസ്വാമി എന്നാണ് ശിഷ്യന്മാരും ആദരവുള്ളവരും വിളിക്കുന്നത്. എന്നാല്‍ സന്ന്യാസിമാരുടെ കാവിവേഷം ധരിച്ചിട്ടില്ല. നാണുസ്വാമി എന്നു പലരും വിളിക്കാറുണ്ടെങ്കിലും നാണു ആശാന് വെള്ള വസ്ത്രമാണ് ധരിക്കുന്നത്.
ഒരുപോലെ ചിന്തിക്കുന്നവരുടെ അന്നത്തെ കണ്ടുമുട്ടല്‍ രണ്ടുപേര്‍ക്കും സന്തോഷകരമായ അനുഭവമായി മാറി.






