ദൈവദശകം
ദൈവമേ എന്നു വിളിച്ചു തുടങ്ങുകയും സുഖം എന്നു പറഞ്ഞ് അവസാനിക്കുകയും ചെയ്യുന്ന ഈ പ്രാര്‍ത്ഥനയുടെ അന്ത്യത്തിലെത്തുമ്പോള്‍ തുടക്കത്തിലുണ്ടായിരുന്ന ലക്ഷ്യങ്ങളെല്ലാം അകന്നുപോയിരിക്കുന്നു. എന്തെങ്കിലും വേണം എന്നുള്ളിടത്ത് ഇനിയൊന്നും വേണ്ട എന്നുള്ള ഉള്ളം വികസിച്ചുവന്നിരിക്കുന്നു. എല്ലാ സ്പന്ദനങ്ങളും അടങ്ങുന്ന വെളിച്ചമൊഴികെ എല്ലാം അകന്നുപോയിരുന്നെങ്കില് എന്നു മാത്രമാണ് ഇപ്പോള്‍ ഹൃദയത്തിന്റെ പ്രാര്‍ത്ഥന.

ദൈവമേ, നീ ആരാണെന്നു ചോദിച്ചപ്പോഴെല്ലാം ഞങ്ങളുടെ ആഗ്രഹങ്ങള്‍ക്കുള്ള നിവൃത്തിയെന്നാണ് ഞങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നത്. നിന്റെ ഈ പ്രാര്‍ത്ഥന ചൊല്ലുമ്പോള്പോലും ഞങ്ങളുടെ മനസ്സു മാറിയിട്ടില്ലെന്നതാണ് സത്യം. ഇത്രയും കൃത്യമായും വ്യക്തമായും ദൈവദശകത്തിലൂടെ നിന്റെ പൊരുളിനെ വെളിപ്പെടുത്തിത്തന്നിട്ടും എന്തുകൊണ്ടോ നിന്നിലേക്ക് എത്തിച്ചേരാൻ ഞങ്ങള്‍ക്കാവുന്നില്ല. പൊട്ടക്കിണറ്റിലെ തവളയെപ്പോലെ ഇതുതന്നെയാണ് ഏറ്റവും വിശാലമായ ഇടമെന്നു പറഞ്ഞ് ഞങ്ങള്‍ ദുരഭിമാനിക്കുകയാണ്. ആ ദുരഭിമാനത്തിലേക്ക് യഥാര്‍ത്ഥത്തിലുള്ള അഭിമാനവുമായാണ് ഗുരു വരുന്നതെന്ന് മനസ്സിലാക്കാനുള്ള വിശാലത തന്ന് ഞങ്ങളെ അനുഗ്രഹിക്കണേയെന്ന പ്രാര്‍ത്ഥന മാത്രമേ ഇപ്പോള്‍ ഹൃദയത്തിലുള്ളൂ.
നീ സത്യമാണ്. ജ്ഞാനമാണ്. ആനന്ദമാണ്. നീതന്നെയാണ് വര്‍ത്തമാനം. നീയാണ് ഭൂതകാലം. നീതന്നെയാണ് ഭാവികാലവും. എന്തിന്, ഈ പറയുന്ന മൊഴിപോലും നീയല്ലാതെ മറ്റൊന്നുമല്ലെന്ന് ഗുരു പറയുമ്പോള്‍ ഞങ്ങള്‍ ഇതുവരെ കേട്ട പ്രാര്ത്ഥനപോലെയല്ല അത് ഉള്ളില്‍വന്നു വീഴുന്നത്. പ്രാര്‍ത്ഥന അറിവായി മാറുന്നത് പെട്ടെന്നു ഞങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നില്ലെങ്കിലും ഈ അറിവിന്റെ അടിസ്ഥാനത്തിലുള്ള പ്രാര്‍ത്ഥനയാണ് ജീവിതത്തിന്റെ ശാശ്വതമായ സമാധാനത്തിന് വേണ്ടതെന്ന ബോദ്ധ്യം എവിടെയോ തെളിഞ്ഞുവരുന്നുണ്ട്.
മാറ്റമില്ലാതെ നിലനില്ക്കുന്നതെന്തോ അതാണ് സത്യം. ആ നിലനില്പുതന്നെയാണ് സത്യം. എന്നാല്‍ സദാ മാറിക്കൊണ്ടിരിക്കുന്നതിനെയാണ് ഞങ്ങള്‍ സത്യമെന്നു ധരിക്കുന്നതും എന്നെന്നും നിലനില്ക്കണമെന്ന് മോഹിക്കുന്നതും കൈവിട്ടുപോകുമ്പോള്‍ നിലവിളിക്കുന്നതും. ആ നിലവിളി നീ കേള്‍ക്കാതെ പോകുന്നല്ലോ എന്നാണ് ഞങ്ങള്‍ ഇതുവരെ കരുതിയത്. ഉള്ളില്‍ ആ പരാതിയോടെയും പരിഭവത്തോടെയുമാണ് ഞങ്ങള്‍ കഴിഞ്ഞത്. എന്നാല്‍ നിലവിളിയെല്ലാം അവസാനിപ്പിച്ച് എന്തിനുവേണ്ടിയാണ് കരഞ്ഞുവിളിക്കുന്നതെന്ന് സ്വയം ചോദിച്ചു തുടങ്ങേണ്ടതുണ്ടെന്ന് ഇപ്പോള്‍ തോന്നുന്നു. ഇനി ദൈവമേ എന്നു വിളിക്കുമ്പോള്‍ ആദ്യം എന്റെ ധാരണകളെ മാറ്റിവെക്കേണ്ടതുണ്ടെന്ന് മനസ്സിലാക്കുന്നു. അറിവായും അറിയപ്പെടുന്നതായും അറിയുന്നവനായും വിളങ്ങുന്ന പൊരുളേതാണോ ആ കരുവിനെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചുവേണം ‘നീ സത്യം’ എന്നു ഞാന്‍ എന്നോടുതന്നെ അടക്കംപറയാന്‍.
നീ ജ്ഞാനമാണെന്ന് ഞാന്‍ തുടര്‍ന്നു പറയുമ്പോള്‍ സത്യദര്ശനമുണ്ടാകുമ്പോള് അനുഭവമാകുന്ന ശുദ്ധബോധമായി അതിനെ മനസ്സിലാക്കണം. അറിവിനെ അറിവെന്നും അറിവിലുമേറിയ അറിവെന്നും ഗുരു പറയും. ഒന്ന് സോപാധികമെങ്കില് മറ്റേത് നിരുപാധികം. നിരുപാധികമായ അറിവിനെ ജ്ഞാനമെന്നും സോപാധികമായ അറിവിനെ അറിവെന്നും മനസ്സിലാക്കാം. എല്ലാ അറിവുകളും വിരിഞ്ഞുവരുന്നത് ജ്ഞാനത്തില്‍നിന്നാണ്. ആ ശുദ്ധാവബോധത്തെയാണ് ഗുരു ദൈവമേ എന്നു വിളിക്കുന്നത്. ദൈവമേ, നീ സത്യമായിരിക്കുന്നതുപോലെ ജ്ഞാനമായിരുന്ന് ജീവിതത്തിന് തെളിച്ചമാകുന്നുവെന്നുകൂടി ഞങ്ങള്‍ അറിഞ്ഞുതുടങ്ങണം.
മാറ്റമില്ലാതിരിക്കുന്ന സത്യം. അതിനെ അറിയുന്ന ശുദ്ധബോധമായ ജ്ഞാനം. അതിനെ തുടര്‍ന്ന് ഗുരു പറയുന്നത് ദൈവമേ, നീ ആനന്ദമാണ് എന്നാണ്. ആനന്ദമയമല്ലാത്ത അറിവുകളെയെല്ലാം ഭയക്കണമെന്ന് എല്ലാ ഗുരുക്കന്മാരും പറയാറുണ്ട്. ദൈവമേ, നിന്റെ സ്വരൂപത്തെ ആനന്ദമയമല്ലാതെ എങ്ങനെയാണ് അനുഭവിക്കാനാകുകയെന്ന് ആശ്ചര്യപ്പെടുന്ന കവിതകള്‍ മിസ്റ്റിക്കുകളുടേതായി വായിച്ചിട്ടുമുണ്ട്. ‘മനമലര്‍കൊയ്തു മഹേശപൂജചെയ്യണമെന്ന് ഗുരുതന്നെ തന്റെ ആത്മോപദേശശതകത്തില് പറയുന്നതാണ് ഓര്‍ത്തുപോകുന്നത്.
ജ്ഞാനം ആനന്ദത്തില്‍നിന്ന് ഉണരണം. ആനന്ദം ജ്ഞാനത്തില്‍നിന്ന് വിരിയണം. ഇതുരണ്ടും അത്രമാത്രം പരിപൂരകങ്ങളാണ്. ഒന്ന് മറ്റൊന്നിന് സൗന്ദര്യവും സൗരഭ്യവും പകരുന്നുവെന്നു പറയാം. ദൈവമേ, ആനന്ദത്തിന്റെ നിറനിലാവില്‍ നിറഞ്ഞിരുന്നപ്പോഴെല്ലാം നിന്നെക്കുറിച്ച് ഞങ്ങള്‍ക്ക് ഒരു സംശയവുമില്ലായിരുന്നു. ചിന്തയുടെ പരുപരുത്ത ഇടങ്ങളിലേക്ക് ഇറങ്ങിവന്നപ്പോഴാണ് നീ ചിതറിപ്പോയത്. ജ്ഞാനം അജ്ഞാനമായത്. ഒന്ന് പലതായത്. ഞങ്ങള്‍ നിങ്ങള്‍ എന്ന വിഭജനമുണ്ടായത്. ഞാന്‍, നീ എന്നു നാം പിരിഞ്ഞത്. ഹൃദയശുദ്ധിയുടെ ആകാശത്തില്‍ പ്രകാശിക്കുന്ന ആനന്ദമഹിമാവിലൂടെയല്ലാതെ നിന്നെ സ്പര്‍ശിക്കാനാവില്ലെന്ന സത്യത്തെതന്നെയാണ് ഗുരു ഈ ശ്ലോകത്തിലൂടെയും പറഞ്ഞുവയ്ക്കുന്നത്.
പരയുടെ പാലുനുകര്‍ന്ന ഭാഗ്യവാന്മാര്ക്ക് ഒരു പതിനായിരം ആണ്ട് അല്പനേരംപോലെയാണെന്നും അറിവ് അപരപ്രകൃതിക്ക് അധീനമായാല്‍ അരനൊടി ആയിരം ആണ്ടുപോലെയാണെന്നും നിന്നെ സാക്ഷിയാക്കി ഗുരു പറഞ്ഞപ്പോള്‍ കാലമെന്നത് എത്രമാത്രം അസ്പന്ദമാണെന്ന് അറിയുകയായിരുന്നു. എല്ലാ സ്പന്ദനങ്ങളിലേക്കും ധ്യാനാത്മകമാകുന്ന ഹൃദയത്തിന് കേള്‍ക്കാനാകുന്നത് അസ്പന്ദമായ മൗനഘനാമൃതാബ്ധി മാത്രം. ആ അനുഭവത്തിലിരുന്നുകൊണ്ടാണ് ഗുരു പറഞ്ഞത്: വര്ത്തമാനകാലമായും ഭൂതകാലമായും ഭാവികാലമായും വിരിഞ്ഞിരിക്കുന്നത് കാലാതീതമായ നീ തന്നെയാണെന്ന്. എന്നുമാത്രമല്ല, ഇതെല്ലാം അറിയാനും പറയാനും അകമേ മൊഴിയായി, വചനമായി, വാക്കായി വിളങ്ങുന്നതും നീയല്ലാതെ മറ്റാരുമല്ലെന്നുകൂടി പറഞ്ഞുവെക്കുമ്പോള്‍ എല്ലാ അന്വേഷണങ്ങളും അവിടെ അസ്തമിക്കുകയാണ്. ചോദ്യങ്ങളെല്ലാം അറ്റുവീഴുന്ന ആ മഹാകാശത്തില്‍ മൗനമായിരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല. കൃതജ്ഞതാനിര്‍ഭരമായ ആ മൗനാകാശമല്ലാതെ മറ്റൊന്നുമല്ല പ്രാര്‍ത്ഥനയെന്ന് കുറച്ചു നേരത്തേക്കെങ്കിലും അനുഭവമാകുകയാണ്.
ദൈവമേ, ആ മൗനനിലാവിലങ്ങനെ അലിഞ്ഞലിഞ്ഞില്ലാതാകുമ്പോള്‍ പ്രാര്‍ത്ഥിച്ചുപോകുന്നത് ഇത്രമാത്രം. നിറഞ്ഞ നന്ദിയോടെ വിതുമ്പിപ്പോകുന്നത് ഒന്നുമാത്രം.
അകവും പുറവും തിങ്ങും മഹിമാവാര്‍ന്ന നിന് പദം
പുകഴ്ത്തുന്നു ഞങ്ങളങ്ങു ഭഗവാനേ ജയിക്കുക
ജയിക്കുക മഹാദേവാ ദീനാവന പരായണ
ജയിക്കുക ചിദാനന്ദ ദയാസിന്ധോ ജയിക്കുക.
അകമെന്നോ പുറമെന്നോ പറയാനാവാത്തവിധം നിറഞ്ഞുതൂവുന്ന നിന്റെ ആ മാസ്മരികപ്രവാഹത്തില് അകപ്പെട്ടുപോകുന്ന ഹൃദയത്തിന് ആ അനുഗ്രഹത്തെ വാഴ്ത്തുകയല്ലാതെ മറ്റെന്താണ് ചെയ്യാനുള്ളത്! ദീനരായവര്ക്ക് കരുതലായിരിക്കുന്ന, ഹൃദയത്തില്‍ ആനന്ദസ്വരൂപമായിരിക്കുന്ന, കാരുണ്യത്തിന്റെ സാഗരമായിരിക്കുന്ന ആ തെളിമയെ ഭജിക്കുകയെന്നതിനേക്കാള് ഹൃദ്യമായി മറ്റെന്താണുള്ളത്. എത്രയോ ആഴമാര്‍ന്നതാണ് നിന്റെ വെളിച്ചമെന്ന് ചെറിയൊരു ആത്മസ്പര്ശത്തില്നിന്നുതന്നെ ബോദ്ധ്യമാകുന്നു. ഒരു തെന്നലായിവന്ന് നീയൊന്നു തലോടിപ്പോകുമ്പോള്തന്നെ ഇത്രയും ധന്യതയാണെങ്കില് നിന്റെ ആഴങ്ങളിലേക്ക് പ്രവേശിച്ചാല്‍ എന്തായിരിക്കും അവസ്ഥ! ഇത്രയും മഹത്തായ സാദ്ധ്യതയെ അറിയാതെയാണല്ലോ കൊച്ചുകൊച്ചു കാര്യങ്ങള്‍ക്കായി ഞങ്ങള്‍ നിന്നെ വിളിച്ച് വിലപിച്ചിരുന്നതെന്നാലോചിക്കുമ്പോൾ ലജ്ജ തോന്നുന്നു. കാരുണ്യവാരിധിയും ദയാസിന്ധുവുമായ സര്‍വ്വേശ്വരാ, ഇനി ഒരേയൊരു പ്രാര്‍ത്ഥനയേ ഹൃദയത്തിലുള്ളൂ;
ആഴമേറും നിന് മഹസ്സാം ആഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം.
ദൈവമേ എന്നു വിളിച്ചു തുടങ്ങുകയും സുഖം എന്നു പറഞ്ഞ് അവസാനിക്കുകയും ചെയ്യുന്ന ഈ പ്രാര്‍ത്ഥനയുടെ അന്ത്യത്തിലെത്തുമ്പോള്‍ തുടക്കത്തിലുണ്ടായിരുന്ന ലക്ഷ്യങ്ങളെല്ലാം അകന്നുപോയിരിക്കുന്നു. എന്തെങ്കിലും വേണം എന്നുള്ളിടത്ത് ഇനിയൊന്നും വേണ്ട എന്നുള്ള ഉള്ളം വികസിച്ചുവന്നിരിക്കുന്നു. എല്ലാ സ്പന്ദനങ്ങളും അടങ്ങുന്ന വെളിച്ചമൊഴികെ എല്ലാം അകന്നുപോയിരുന്നെങ്കില് എന്നു മാത്രമാണ് ഇപ്പോള്‍ ഹൃദയത്തിന്റെ പ്രാര്‍ത്ഥന. ഉള്ളതിനെപ്രതിയുള്ള കൃതജ്ഞതയാൽ അത് നിര്ഭരമാണ്. ഇല്ലാത്തതി നെപ്രതിയുള്ള എല്ലാ വിലാപങ്ങളും അസ്തമിച്ചിരിക്കുന്നു. നിന്റെ മഹത്തായ വെളിച്ചത്തില്‍ എന്നന്നേക്കുമായി വിലയിക്കണമെന്ന ധ്യാനമല്ലാതെ മറ്റൊരാഗ്രഹവും അവിടെയില്ല. ആ ഒഴിവിലങ്ങനെ വെറുതെയിരിക്കുമ്പോള്‍ എത്ര ആനന്ദമാണെന്നോ! ഒന്നും വേണ്ട എന്നു പറയുന്നതിനേക്കാള്‍ വലിയതായി മഹത്തായ മറ്റൊരു പ്രാര്‍ത്ഥനയില്ലെന്ന് ഇവിടെയാണ് തെളിഞ്ഞു വരുന്നത്.






