ജാതിസെന്‍സസ്:ഒളിച്ചോടാൻ കഴിയാതെ രാഷ്‌ട്രീയ കക്ഷികൾ

ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ 1931ലാണ് രാജ്യത്ത് ഏറ്റവും ഒടുവില്‍ ജാതി സെന്‍സസ് നടത്തിയത്. അതുകൊണ്ട് തന്നെ ദശാബ്ദങ്ങളായി ദേശീയ തലത്തില്‍ സജീവ രാഷ്ട്രീയ വിവാദമായി നില നില്‍ക്കുന്ന വിഷയത്തിലാണ് ഇപ്പോഴത്തെ ചരിത്രപരമായ തീരുമാനം.

ഒമ്പതരപതിറ്റാണ്ട് മുമ്പ് ബ്രിട്ടീഷ് ഭരണകാലത്ത് നടത്തിയ ജാതിസെന്‍സസിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴുംജാതിസംവരണം നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ജാതിസെന്‍സസ് നടത്തണമെന്ന ആവശ്യം പല പാര്‍ട്ടികളും ദശാബ്ദങ്ങളായി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നആവശ്യമാണ്. 2010 ലെ സെന്‍സസില്‍ ജാതിസര്‍വ്വേകൂടി നടത്തുമെന്നും അതനുസരിച്ചുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും അന്നത്തെ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും തയ്യാറാക്കിയ ജാതിസര്‍വ്വേ റിപ്പോര്‍ട്ട് നാളിതുവരെ പുറത്തുവിട്ടിട്ടില്ല.

രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്താണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ജാതിസെന്‍സസ് നടപ്പിലാക്കാനുള്ള ശക്തമായ നടപടി ആരംഭിച്ചത്. കോണ്‍ഗ്രസ്, ബിജെപി അടക്കമുള്ള മറ്റു പാര്‍ട്ടികളെയും ഇക്കാര്യത്തില്‍ തങ്ങളോടൊപ്പം ചേര്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് വലിയൊരു രാഷ്ട്രീയ നേട്ടമായി. തുടര്‍ന്ന് അരഡസനോളം സംസ്ഥാനങ്ങള്‍ ജാതിസെന്‍സസ് നടത്താനും അതിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ കൈക്കൊള്ളാനും തുടങ്ങിയപ്പോഴാണ് എക്കാലവും ജാതിസെന്‍സസിന് എതിരായ നിലപാട് കൈക്കൊണ്ടിരുന്ന ബിജെപിക്കും ജാതിസെന്‍സസില്‍ നിന്നും ഒളിച്ചോടാന്‍ കഴിയുകയില്ലെന്ന് ബോദ്ധ്യമായത്.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ദേശീയ ജനസംഖ്യ കണക്കെടുപ്പിനോടൊപ്പം രാജ്യത്ത് ജാതിസെന്‍സസും നടപ്പാക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. കോണ്‍ഗ്രസ്സ് ഉള്‍പ്പെടെ പ്രതിപക്ഷകക്ഷികള്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നതും ബിജെപി ഇതുവരെ മുഖംതിരിച്ചു നിന്നതുമായ ആവശ്യത്തിന്‍മേലാണ് നരേന്ദ്രമോദി സര്‍ക്കാര്‍ തുറുപ്പചീട്ട് ഇറക്കിയത്. ജാതിരാഷ്ട്രീയം നിര്‍ണ്ണായകമായ ബീഹാറിലും ഉത്തര്‍പ്രദേശിലും നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ബിജെപിയുടെ നിലപാട് മാറ്റത്തിന് കാരണമായെന്നാണ് സൂചന.

മൻമോഹൻസിംഗ്
നരേന്ദ്രമോദി
അശ്വനി വൈഷ്ണവ്

ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ 1931ലാണ് രാജ്യത്ത് ഏറ്റവും ഒടുവില്‍ ജാതി സെന്‍സസ് നടത്തിയത്. അതുകൊണ്ട് തന്നെ ദശാബ്ദങ്ങളായി ദേശീയ തലത്തില്‍ സജീവ രാഷ്ട്രീയ വിവാദമായി നില നില്‍ക്കുന്ന വിഷയത്തിലാണ് ഇപ്പോഴത്തെ ചരിത്രപരമായ തീരുമാനം. രാജ്യത്ത് നിലവിലുള്ള ജാതികള്‍, ഉപജാതികള്‍ ഇവ ഓരോന്നിലുമുള്ള ജനസംഖ്യ എന്നിവയെ സംബന്ധിച്ച സെന്‍സസ് കണക്കെടുപ്പ് ഏറെ സങ്കീര്‍ണ്ണമാണ്. അത് അടുത്ത ദേശീയ കാനേഷുമാരി കണക്കിനോടൊപ്പം നടക്കുമെന്നും കേന്ദ്രമന്ത്രിസഭ തീരുമാനങ്ങള്‍ വിശദീകരിച്ച മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി.

നിതീഷ് കുമാർ

രാഷ്ട്രീയ കാര്യങ്ങള്‍ സംബന്ധിച്ച കേന്ദ്ര മന്ത്രിസഭാ സമിതിയാണ് ജാതി സെന്‍സസ് നടപ്പാക്കാനുള്ള നീക്കത്തിന് പച്ചക്കൊടി കാട്ടിയത്. രാജ്യത്തെ ഞെട്ടിച്ച പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കുന്നത് സംബന്ധിച്ച് രാജ്യതലസ്ഥാനത്ത് ചടുലമായ നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ജാതിസെന്‍സസ് സംബന്ധിച്ച സുപ്രധാന പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്. പ്രഖ്യാപനത്തെ കോണ്‍ഗ്രസ്സും സമാജ് വാദി പാര്‍ട്ടിയും ഇടത് പാര്‍ട്ടികളും ഉള്‍പ്പെടെ പ്രതിപക്ഷത്തെ പ്രധാനപാര്‍ട്ടികളാകെ സ്വാഗതംചെയ്തു.
ഭരണഘടനാപ്രകാരം ജനസംഖ്യാ കണക്കെടുപ്പ് നടത്താനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനാണെന്നും ചിലസംസ്ഥാന സര്‍ക്കാരുകള്‍ നടത്തിയത് ജാതിസെന്‍സസ് അല്ല, സര്‍വ്വേ മാത്രമാണെന്നും മന്ത്രി അശ്വനിവൈഷ്ണവ് പറഞ്ഞു. ദേശീയ മൂല്യങ്ങളും പൊതുതാല്പര്യവും സംരക്ഷിക്കുന്നതിനായാണ് ജാതിസെന്‍സസ് നടപ്പാക്കുന്നത്. ജാതി കണക്കെടുപ്പ് ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമാക്കുന്നതിനു പകരം സാമൂഹിക-സാമ്പത്തിക-ജാതിസെന്‍സസ് സര്‍വ്വേ നടത്തിയാല്‍ മതിയെന്നായിരുന്നു യു.പി. എ സര്‍ക്കാര്‍ 2010-ല്‍ രൂപീകരിച്ച മന്ത്രിതല സമിതിയുടെ ശുപാര്‍ശയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ജനസംഖ്യാപരമായ അനുവാദത്തിന്റെ അടിസ്ഥാനത്തില്‍ ഭാവിയിലെ ക്ഷേമപദ്ധതികളും സംവരണ നയങ്ങളും തീരുമാനിക്കപ്പെടുന്നതില്‍ ജാതിസെന്‍സസ് വളരെ നിര്‍ണ്ണായകമാവും. ജനസംഖ്യാ കണക്കെടുപ്പില്‍ ഔദ്യോഗികമായി ജാതി ഉള്‍പ്പെടുത്തണമോ എന്നത് ദീര്‍ഘകാലമായുള്ള രാഷ്ട്രീയ തര്‍ക്കമാണ്. മാസങ്ങള്‍ക്കകം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാറില്‍ ജനസംഖ്യയുടെ 65 ശതമാനത്തോളം പിന്നോക്ക, അതിപിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ടവരാണ്. കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ട ഇന്ത്യ മുന്നണിയുടെ പ്രധാന വാഗ്‌ദാനങ്ങളിലൊന്നായ പ്രചാരണവിഷയവും ജാതിസെന്‍സസ് തന്നെയായിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജാതിസെന്‍സസ് നടപ്പാക്കുമെന്ന് രാഹുല്‍ഗാന്ധി പ്രഖ്യാപിക്കുകയും ചെയ്തു. പാര്‍ട്ടി ഭരിക്കുന്ന കര്‍ണ്ണാടക, തെലുങ്കാന സംസ്ഥാനങ്ങള്‍ ജാതിസര്‍വ്വെ നടത്തി. രണ്ട് സംസ്ഥാനങ്ങളിലും ജാതിസര്‍വ്വേയുടെ അടിസ്ഥാനത്തിലുള്ള ഭരണനടപടികള്‍ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലുമാണ് ഈ ഗവണ്‍മെന്റുകള്‍.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ബാങ്ക് ലക്ഷ്യം വച്ചുകൊണ്ടുള്ള ബി.ജെ.പി യുടെ പ്രഖ്യാപനമാണ് ജാതിസെന്‍സസ് എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കണ്ണില്‍ പൊടിയിടുന്നതിന് പാസാക്കിയ വനിതാസംവരണ നിയമത്തിന്റെ അതേസ്ഥിതി തന്നെയായിരിക്കും ഇതിനുമെന്ന് ഇവര്‍ ആരോപിക്കുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടി പൊതുവെ സംവരണവിരുദ്ധ നിലപാടും, ജാതിസെന്‍സസിനെതിരായ സമീപനവും കൈക്കൊണ്ടിരുന്ന പാര്‍ട്ടിതന്നെയാണ്. എന്നാല്‍ തങ്ങളോടൊപ്പം നിന്നവരടക്കമുള്ള സവര്‍ണ്ണ വോട്ടുകളാകെയും ബി.ജെ.പിയില്‍ കേന്ദ്രീകരിക്കുകയും, പിന്നോക്കവോട്ടുകള്‍ ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയുകയില്ലെന്നും ബോധ്യം വന്നതുകൊണ്ട് തന്നെയാണ് കോണ്‍ഗ്രസ് ജാതിസെന്‍സസിന് അനുകൂലമായ നിലപാട് ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്.
രാജ്യത്തെ അര ഡസനോളം സംസ്ഥാനങ്ങള്‍ ജാതിസെന്‍സസ് നടപടികള്‍ തുടങ്ങിയിട്ടും ഇക്കാര്യത്തില്‍ ഒരു അനങ്ങാപാറ സമീപനമാണ് ഇടതുപാര്‍ട്ടികള്‍ പ്രത്യേകിച്ച് സി.പി.എം സ്വീകരിച്ചത്. കേരളത്തില്‍ സംസ്ഥാനത്തെ ദേവസ്വംബോര്‍ഡുകളില്‍ മുന്നോക്ക സാമ്പത്തിക സംവരണം നടപ്പിലാക്കിയതോടുകൂടി ഇന്ത്യ മഹാരാജ്യത്ത് ആദ്യമായി സാമ്പത്തിക സംവരണം നടപ്പിലാക്കിയ സംസ്ഥാനമായി കേരളം മാറി. 97 ശതമാനം ജീവനക്കാരും മുന്നോക്കക്കാരായിരുന്ന ദേവസ്വംബോര്‍ഡിലാണ് ഇടതുസര്‍ക്കാര്‍ 10 ശതമാനം മുന്നോക്ക സാമ്പത്തികസംവരണം രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയത്. ഇതിനെ തുടര്‍ന്ന് കേന്ദ്രം 10 ശതമാനം സാമ്പത്തിക സംവരണം പ്രഖ്യാപിച്ചപ്പോള്‍ ആദ്യമായി അത് നടപ്പാക്കിയ സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് പിണറായി സര്‍ക്കാര്‍. 10 ശതമാനം സാമ്പത്തികസംവരണത്തില്‍ എല്ലാവിഭാഗക്കാരെയും ഉള്‍പ്പെടുത്തണമെന്ന് വാദിക്കാന്‍ ഇടതുപാര്‍ട്ടികളടക്കം മിക്ക പാര്‍ട്ടികളും ഇതുവരെ തയ്യാറായിട്ടില്ല.
തൊണ്ണൂറുകളിലെ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും അത് നടപ്പിലാക്കലുമെല്ലാം ദേശീയ രാഷ്ട്രീയരംഗത്ത് വലിയപ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചത്. പിന്നാക്ക സംവരണത്തിനായി ശക്തമായിവാദിച്ച ലാലുപ്രസാദിന്റെ പാര്‍ട്ടിയും, മുലായം സിങിന്റെ പാര്‍ട്ടിയുമെല്ലാം വളരെ ശക്തിപ്പെടുന്നതിന് ഇത് ഇടയാക്കി. മണ്ഡല്‍ക്കമ്മീഷന്‍ റിപ്പോര്‍ട്ടും അതിന്റെ അടിസ്ഥാനത്തിലുള്ള പിന്നോക്ക സംവരണവും സിപിഎം, സിപിഐ തുടങ്ങിയ ഇടതുപാര്‍ട്ടികള്‍ ഒടുവില്‍ അംഗീകരിച്ചെങ്കിലും ഈ വിഷയത്തിലെ ഇക്കൂട്ടരുടെ ആദ്യകാലത്തെ ചാഞ്ചാട്ട നിലപാടുകള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അവർക്ക് പ്രതികൂലമായ സാഹചര്യമാണ് ഉണ്ടാക്കിയത്. കോണ്‍ഗ്രസും മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ഒരു ചാഞ്ചാട്ട നിലപാടാണ് സ്വീകരിച്ചിരുന്നത്. പിന്നീട് അതില്‍ അവര്‍ ഈ സമീപനത്തില്‍ മാറ്റംവരുത്തി.

ലേഖകന്‍ ശ്രീനാരായണഗുരു സര്‍വ്വകലാശാല
സിന്‍ഡിക്കേറ്റ് അംഗമാണ്, ഫോണ്‍: 9847132428,
[email protected]

Author

107 Views
Scroll to top
Close
Browse Categories