ശ്രദ്ധ-സമാധാനം
ജീവിതത്തിലെ പ്രതിസന്ധികളില്‍ നിന്ന്, ഇനിയൊരിക്കലും കരകയറില്ലെന്നു വിചാരിച്ച എത്രയോ നിമിഷങ്ങളില്‍ നിന്ന്, ഒരു വഴിയും ഇനി തെളിയില്ലെന്നു കരുതിയിരുന്ന എത്രയോ ജീവിത സന്ദര്‍ഭങ്ങളില്‍ നിന്നെല്ലാം ഏതോ കാരണത്താല്‍ നാം ഉണര്‍ന്നെഴുന്നേറ്റ് വന്നിട്ടുണ്ട്. ഇനി എനിക്കൊന്നും സംഭവിക്കാനില്ല, ഇനി എന്റെ ജീവിതം എപ്പോഴും പ്രശാന്തമായി ഒഴുകുമെന്ന് ഉറപ്പിച്ചിരുന്ന സന്ദര്‍ഭങ്ങളില്‍ നിന്ന്, ചിന്തിക്കാനാകാത്ത ഇരുട്ടിലേക്ക് നമ്മള്‍ വീണുപോയിട്ടുമുണ്ട്. ആ ഇരുള്‍ക്കയത്തില്‍ നിന്ന് നമ്മെ പിടിച്ചെഴുന്നേല്‍പിച്ച് ഉണര്‍ത്തി കൊണ്ടുവന്ന സാഹചര്യം എങ്ങനെയുണ്ടായി എന്നു ചോദിച്ചാല്‍ പലപ്പോഴും നമുക്കറിയില്ല എന്നുത്തരം പറയേണ്ടി വരും.

ശ്രദ്ധയെക്കുറിച്ച് കേള്‍ക്കുമ്പോഴെല്ലാം നാരായണഗുരുവിന്റെ ആത്മോപദേശശതകത്തിലെ ശ്ലോകങ്ങളാണ് ഉള്ളില്‍ വന്നുനിറയുക.
ഇരുപുറവും വരുമാറവസ്ഥയെപ്പൂ-
ത്തൊരു കൊടി വന്നു പടര്‍ന്നുയര്‍ന്നുമേവും
തരുവിനടിക്കു തപസ്സുചെയ്തു വാഴും
നരനു വരാ നരകം നിനച്ചിടേണം
ദ്വന്ദ്വാത്മകമായ അനുഭവങ്ങളെ സദാ പ്രസവിച്ചു കൊണ്ടിരിക്കുന്ന ജീവിതത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. സുഖദുഃഖം, ശീതോഷ്ണം, മാനാപമാനം എന്നിങ്ങനെ മാറിമറിഞ്ഞ് അത് നമ്മില്‍ പ്രവഹിക്കുന്നു. ഒരിക്കലും സ്ഥായിയായ ഒരു ഭാവത്തെയും ജീവിതത്തില്‍ അനുഭവിക്കാന്‍ കഴിയുന്നില്ല. സ്വസ്ഥമായിരിക്കണം, സുഖമായിരിക്കണം, സന്തോഷത്തോടെ ഇരിക്കണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍, ജൈവികമായ കാരണങ്ങളാലും സാമൂഹികമായ സമ്മര്‍ദ്ദങ്ങളാലും അറിയാനാവാത്ത മറ്റു പല കാരണങ്ങളാലും നമ്മുക്കതിന് സാധിക്കുന്നില്ല.
സ്വാസ്ഥ്യ-അസ്വാസ്ഥ്യങ്ങളിലൂടെ ഏറിമാറിത്തിരിഞ്ഞ് കറങ്ങിക്കൊണ്ടിരിക്കുന്ന ജീവിതമാണ് നമ്മുടേത്. എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്തവരെപ്പോലെ കഴിയുന്നവർ. സ്‌നേഹിക്കാന്‍ ചുറ്റും ഒരുപാട് ആളുകളുള്ളപ്പോഴും ആ സ്‌നേഹം അനുഭവിക്കാന്‍ കഴിയാതെ പോകുന്നവർ. സനാഥരായിരിക്കുമ്പോഴും അനാഥരായി ഇരിക്കേണ്ടി വരുന്ന ഒരു കൂട്ടര്‍. അനാഥത്വത്തിലായിരിക്കുമ്പോഴും താന്‍ സനാഥത്വത്തിലാണെന്ന് കരുതുന്ന മറ്റൊരു കൂട്ടര്‍.
മനസ്സുകൊണ്ടോ ബുദ്ധികൊണ്ടോ സമ്പത്തുകൊണ്ടോ കഴിവുകൊണ്ടോ ഒന്നും പിടിച്ചുകെട്ടാന്‍ കഴിയാത്ത ജീവിതയാത്രയിലാണ് നമ്മളൊക്കെയുള്ളത്. ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ തീരുമാനിച്ചുറപ്പിച്ചു വെച്ചതുപോലുള്ള ജീവിതത്തിലൂടെയൊന്നുമല്ല നമ്മള്‍ കടന്നുവന്നിട്ടുള്ളത്.
നമ്മുടെ നിയന്ത്രണത്തിന് വിധേയമായി സംഭവിക്കുന്ന ജീവിതമുണ്ടെന്നത് സത്യം തന്നെ. എന്നാൽ, അതോടൊപ്പം നമ്മുടെ യാതൊരു തരത്തിലുള്ള നിയന്ത്രണത്തിനും വിധേയമാകാതെ വന്നു ഭവിക്കുന്ന അനുഭവങ്ങളും കൂടെ ചേര്‍ന്നാണ് ജീവിതമിരിക്കുന്നതെന്ന് തിരിച്ചറിയുന്ന ഒരവബോധമുണ്ട്. അതായത് എല്ലാ സുനിശ്ചിതത്വത്തിനിടയിലും ഒരു അനിശ്ചിതത്വം കൂടി നമ്മുടെ ജീവിതത്തെ പുണര്‍ന്നു നില്‍ക്കുന്നുണ്ട്. ബുദ്ധിക്കും മനസ്സിനും ഇച്ഛയ്ക്കുമൊക്കെ ജീവിതത്തില്‍ സ്ഥാനമുള്ളതുപോലെ തന്നെ, നമ്മുടെ താല്‍പര്യങ്ങളെയും ഇച്ഛയെയും ഇഴചേര്‍ത്ത് കൊണ്ടുപോകുന്ന അറിയാനാവാത്ത ഒരിടം കൂടി ജീവിതത്തിനൊപ്പം സഞ്ചരിക്കുന്നുണ്ടെന്ന് അറിയുമ്പോഴാണ് നമ്മളില്‍ വിനയം വന്നു നിറയുക.
ഞാന്‍ കഷ്ടപ്പെട്ടുണ്ടാക്കിയതാണ് ഇതെല്ലാമെന്ന് നമ്മള്‍ അഭിമാനം കൊള്ളാറുണ്ട്. എന്റെ സമാധാനം കഷ്ടപ്പെട്ടുണ്ടാക്കിയതാണെന്ന് അവകാശപ്പെടാറുണ്ട്. എനിക്ക് മാത്രമായി സമാധാനത്തെ ഉണ്ടാക്കാന്‍ കഴിയില്ല എന്നറിയുന്ന ഒരു നിമിഷമുണ്ട്. നാം ആരൊക്കെയായും എന്തൊക്കെയായുമാണോ ചേര്‍ന്നിരിക്കുന്നത് അതുമായി പാരസ്പര്യപ്പെട്ടു പോകുന്നിടത്ത് മാത്രം സംഭവിക്കുന്ന ഒരനുഗ്രഹമാണ് സമാധാനം. ആ അനുഗൃഹീത നിമിഷത്തില്‍, ഞാനാണ് എന്റെ ജീവിതത്തെ നിര്‍ണ്ണയിക്കുന്നതെന്ന അറിവില്‍ നിന്ന് നാം ഉണര്‍ന്നെഴുന്നേല്‍ക്കും.
യുങ്ങ്, അദ്ദേഹത്തിന്റെ ജീവിതം എഴുതിയപ്പോള്‍ പറയുകയുണ്ടായി; ഞാനെന്റെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ആരോ എഴുതിവച്ച ഒരു തിരക്കഥ ജീവിച്ചു തീര്‍ത്തതുപോലെ എനിക്ക് തോന്നുന്നുണ്ട്. അദ്ദേഹത്തിന് ഒരു ജീവിതാനുഭവവും വ്യര്‍ത്ഥമായി തോന്നിയിട്ടില്ല.
അറിവിലേക്ക് നാം ഉണരുമ്പോള്‍, ജീവിതത്തിന്റെ സ്വാഭാവികമായ അവബോധത്തിലേക്ക് തെളിയുമ്പോള്‍ ബോദ്ധ്യമാകുന്ന ഒരു കാര്യമുണ്ട്. കടന്നുവന്ന വഴികളില്‍ ശരിതെറ്റുകള്‍ ഒന്നുമില്ലായിരുന്നു. കടന്നുവന്നതൊക്കെ ഇങ്ങനെയൊക്കെ കടന്നുവരേണ്ടതുതന്നെ ആയിരുന്നു. എവിടെയും തങ്ങിനില്‍ക്കാന്‍ നമുക്കാവുമായിരുന്നില്ല. മാറ്റങ്ങളുടെ സഞ്ചാരപഥങ്ങളിലൂടെ നാം മുന്നോട്ടു നടന്നേ മതിയാകുമായിരുന്നുള്ളൂ.
നിരന്തരമായ സമരങ്ങളുടെയും സഹകരണങ്ങളുടെയും ചരിത്രമാണ് ആകെ ജീവിതം. അവയ്‌ക്കൊപ്പം പ്രപഞ്ചത്തെ മുഴുവന്‍ ഏകോപിപ്പിച്ചു നിര്‍ത്തുന്ന, ഒഴുക്കിക്കൊണ്ടു പോകുന്ന ഒരു അവബോധം എല്ലാറ്റിനും അധിഷ്ഠാനമായി വര്‍ത്തിക്കുന്നുണ്ട്. അതറിയല്‍ ഒരു വെളിച്ചമാണ്. എന്റെ ജീവിതത്തിന് അധിപനായിരിക്കുന്നത് ഞാനാണെന്നു പറയുന്ന ധാര്‍ഷ്ട്യം അഴിഞ്ഞുവീഴുന്ന നിമിഷം. ആ അറിവില്‍ നാം സ്വയം മന്ദഹസിക്കും. ഒരിക്കലെങ്കിലും അങ്ങനെ ജീവിതത്തിലേക്ക് നോക്കി ചിരിച്ചുകൊണ്ട് സ്വയം അറിയാന്‍ നമുക്കേവര്‍ക്കും സാദ്ധ്യമായെങ്കില്‍ അതെത്ര ഹൃദ്യമായിരിക്കും!
ജീവിതത്തിലെ പ്രതിസന്ധികളില്‍ നിന്ന്, ഇനിയൊരിക്കലും കരകയറില്ലെന്നു വിചാരിച്ച എത്രയോ നിമിഷങ്ങളില്‍ നിന്ന്, ഒരു വഴിയും ഇനി തെളിയില്ലെന്നു കരുതിയിരുന്ന എത്രയോ ജീവിത സന്ദര്‍ഭങ്ങളില്‍ നിന്നെല്ലാം ഏതോ കാരണത്താല്‍ നാം ഉണര്‍ന്നെഴുന്നേറ്റ് വന്നിട്ടുണ്ട്. ഇനി എനിക്കൊന്നും സംഭവിക്കാനില്ല, ഇനി എന്റെ ജീവിതം എപ്പോഴും പ്രശാന്തമായി ഒഴുകുമെന്ന് ഉറപ്പിച്ചിരുന്ന സന്ദര്‍ഭങ്ങളില്‍ നിന്ന്, ചിന്തിക്കാനാകാത്ത ഇരുട്ടിലേക്ക് നമ്മള്‍ വീണുപോയിട്ടുമുണ്ട്. ആ ഇരുള്‍ക്കയത്തില്‍ നിന്ന് നമ്മെ പിടിച്ചെഴുന്നേല്‍പിച്ച് ഉണര്‍ത്തി കൊണ്ടുവന്ന സാഹചര്യം എങ്ങനെയുണ്ടായി എന്നു ചോദിച്ചാല്‍ പലപ്പോഴും നമുക്കറിയില്ല എന്നുത്തരം പറയേണ്ടി വരും. അറിയാവുന്നതും അറിയാനാവാത്തതുമായ പല ചേരുവകകളുടെ കൂടിച്ചേരലാണ് അതിന് കാരണമെന്നേ പറയാനാകൂ. നമ്മുടെ മുമ്പില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ക്കു പിന്നില്‍ നമുക്ക് കണ്ടെത്താന്‍ കഴിയുന്ന ഒരു കാരണം ഉള്ളതുപോലെ കണ്ടെത്താന്‍ കഴിയാത്ത കാരണങ്ങള്‍ കൂടി ചേര്‍ന്നിട്ടാണ് അത് നിലനില്‍ക്കുന്നതെന്നു കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്.





