ശ്രദ്ധയും ഏകാഗ്രതയും

ധ്യാനിക്കേണ്ടതിനെക്കുറിച്ച് ഗുരുവിനോടു ചോദിച്ചപ്പോള്‍ ഗുരു പറഞ്ഞത് ഇങ്ങനെയാണ്: ധ്യാനിക്കുന്നത് നല്ലതുതന്നെ. എന്നാല്‍ ജീവിതത്തെ ധ്യാനാത്മകമാക്കുന്നതാണ് ഉത്തമം. ചിന്തയിലും വാക്കിലും പ്രവര്‍ത്തിയിലുമുള്ള ശ്രദ്ധയാണ് ആ ധ്യാനം. അങ്ങനെ ഒരു ശ്രദ്ധ സംഭവിക്കാനുള്ള അന്തരീക്ഷമൊരുക്കാന്‍ വല്ലപ്പോഴും കണ്ണടച്ച് ശാന്തമായിരിക്കുന്നത് ഗുണകരമാണ്. എന്നാല്‍ ധ്യാനമെന്നത് അതല്ല. അത് ജീവിതത്തിലെ ഓരോ നിമിഷവും പ്രതിഫലിക്കേണ്ട ശ്രദ്ധയും കരുതലും സ്‌നേഹവുമൊക്കെയാണ്.

ഒരിക്കല്‍ ഒരു സുഹൃത്ത് എന്നോടു ചോദിച്ചു: ശ്രദ്ധയും ഏകാഗ്രതയും തമ്മിലുള്ള വ്യത്യാസമെന്താണ്?
ഞാന്‍ പറഞ്ഞു: ഏകാഗ്രത ഒരു പരിശീലനമാണെങ്കില്‍ ശ്രദ്ധ സ്വാഭാവികമായി വന്നു ഭവിക്കേണ്ട ബോധാവസ്ഥയാണ്.
അദ്ദേഹം അത് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തുടര്‍ന്ന് ഇങ്ങനെ പറഞ്ഞു: നാം ഒരു വിഷയത്തിലേക്ക് ഏകാഗ്രമാകുമ്പോള്‍ മറ്റു പലതിനെയും അറിയുന്നില്ല. അതുകൊണ്ടുതന്നെ അത് ഭാഗികമാണ്. എന്നാള്‍ ശ്രദ്ധ നമ്മില്‍ സംഭവിക്കുമ്പോള്‍ അവിടെ മറഞ്ഞിരിക്കുന്നതുപോലും തെളിഞ്ഞേക്കാം.
അറ്റന്‍ഷനും അവയര്‍നെസ്സും എന്നതിന്റെ മലയാളമാണ് ഏകാഗ്രതയും ശ്രദ്ധയും. അറ്റന്‍ഷനില്‍ ഒരു ടെന്‍ഷനുണ്ട്. അവയര്‍നെസ്സ് ഒരു അനായാസതയാണ്. ഒന്ന് ബുദ്ധിയുടെ ഏര്‍പ്പാടാണെങ്കില്‍ മറ്റേത് സ്‌നേഹത്തിന്റെ സ്വാഭാവിക പ്രതിഫലനമാണ്. രണ്ടും ജീവിതത്തിന് ആവശ്യമാണ്. എന്നാല്‍ ശ്രദ്ധയില്‍നിന്ന് ഏകാഗ്രത സംഭവിച്ചാല്‍ അതിന് മാധുര്യമേറും. അത് കുറച്ചുകൂടി അനായാസമാകും.
ഒരു അമ്മ അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴും പുറത്തു കളിക്കുന്ന തന്റെ കുഞ്ഞില്‍ ശ്രദ്ധാലുവാണ്. പൊടുന്നനെ പാത്രം ഒരിടത്തുവെച്ച് നേരെ ഉമ്മറത്തേക്ക് ഓടിച്ചെല്ലുമ്പോഴാണ് കുഞ്ഞ് പടിയില്‍നിന്ന് വീഴാനായി പോകുന്നതു കാണുന്നത്. എങ്ങനെ അതറിയുന്നുവെന്നു ചോദിച്ചാല്‍ സ്‌നേഹം അത്രമാത്രം നിറവാര്‍ന്ന് ഹൃദയത്തെ ആശ്ലേഷിച്ചിരിക്കുന്നതുകൊണ്ടുതന്നെ. ശ്രദ്ധയുടെ സൂക്ഷ്മമായ ഒരു പ്രതിഫലനം എടുത്തു കാണിക്കാന്‍ എഴുതിയതാണ് ഈ ഉദാഹരണം. സ്‌നേഹമുള്ള എല്ലാവര്‍ക്കും ഈ അനുഭവമുണ്ടാകണമെന്നില്ല. എന്നാല്‍ ഈ അനുഭവമുണ്ടാകുന്നത് സ്‌നേഹത്തിന്റെ ആഴത്തില്‍നിന്നുള്ള ശ്രദ്ധയാലാണെന്നുമാത്രം.
എപ്പോഴും ഓര്‍ക്കുന്ന കബീര്‍ദാസിന്റെ ഒരു വചനമുണ്ട്: ”നിങ്ങള്‍ സജീവരായിരിക്കുമ്പോള്‍ ജീവിതത്തിന്റെ സത്തയിലേക്ക് ഒഴുകുക. വീണ്ടും കണ്ടുമുട്ടാന്‍ സാദ്ധ്യതയുള്ള അതിഥിയല്ല ജീവിതം.”
ജീവിതം എന്നത് അനുഗൃഹീതമായ ഒരു സാദ്ധ്യതയാണെന്നും ഓരോ നിമിഷവും വിലപ്പെട്ടതാണെന്നും അറിയുന്ന ബോധത്തിന് പിന്നെ ജീവിതത്തെ സ്‌നേഹിക്കാതിരിക്കാനാവില്ല. എന്തിനോടെങ്കിലും പ്രത്യേകമായുള്ള സ്‌നേഹത്തെക്കുറിച്ചല്ല പറയുന്നത്. ജീവിതത്തോടുള്ള സ്‌നേഹത്തെക്കുറിച്ചാണ്. ആ സ്‌നേഹത്തില്‍നിന്നായിരിക്കണം എല്ലാറ്റിലേക്കുമുള്ള ശ്രദ്ധ ഉണര്‍ന്നു വരേണ്ടത്. അതിനെയാണ് നാം അവയര്‍നെസ്സ് എന്നുപറഞ്ഞത്. മൈന്റ്ഫുള്‍നെസ്സ് എന്നു പറയുന്നതും അതുതന്നെ. മുഴുവനായും മനസ്സ് ജീവിതത്തില്‍ നിറഞ്ഞു നില്ക്കുന്ന അവസ്ഥയാണത്.
ധ്യാനിക്കേണ്ടതിനെക്കുറിച്ച് ഗുരുവിനോടു ചോദിച്ചപ്പോള്‍ ഗുരു പറഞ്ഞത് ഇങ്ങനെയാണ്: ധ്യാനിക്കുന്നത് നല്ലതുതന്നെ. എന്നാല്‍ ജീവിതത്തെ ധ്യാനാത്മകമാക്കുന്നതാണ് ഉത്തമം. ചിന്തയിലും വാക്കിലും പ്രവര്‍ത്തിയിലുമുള്ള ശ്രദ്ധയാണ് ആ ധ്യാനം. അങ്ങനെ ഒരു ശ്രദ്ധ സംഭവിക്കാനുള്ള അന്തരീക്ഷമൊരുക്കാന്‍ വല്ലപ്പോഴും കണ്ണടച്ച് ശാന്തമായിരിക്കുന്നത് ഗുണകരമാണ്. എന്നാല്‍ ധ്യാനമെന്നത് അതല്ല. അത് ജീവിതത്തിലെ ഓരോ നിമിഷവും പ്രതിഫലിക്കേണ്ട ശ്രദ്ധയും കരുതലും സ്‌നേഹവുമൊക്കെയാണ്.
മൈന്റ്ഫുള്‍നെസ്സ് എന്നാല്‍ ജീവിതത്തെ പ്രസാദാത്മകമാക്കാനുള്ള ശ്രദ്ധയ്ക്ക് ഊന്നല്‍ കൊടുക്കുകയെന്നാണ്. ജീവിത യാഥാര്‍ത്ഥ്യങ്ങളോട് ചേര്‍ന്നുനിന്നുള്ള ശ്രദ്ധ. എളുപ്പവഴിയോ കഠിനവഴിയോ അതു മുന്നോട്ടു വയ്ക്കുന്നില്ല. കൊള്ളാവുന്ന ഒരു വഴി ചൂണ്ടിക്കാണിക്കുക മാത്രമെ ചെയ്യുന്നുള്ളൂ. അതുകൊണ്ടുതന്നെ അത് സത്യസന്ധമാണ്. വിട്ടുവീഴ്ചയില്ലാത്ത ജീവിതമാണ്.
ഇതാ കുറഞ്ഞ സമയംകൊണ്ട് നിങ്ങള്‍ക്ക് സമാധാനം എന്നൊന്ന് അവിടെയില്ല. എങ്കിലോ, സമാധാനമെന്നത് കിട്ടാക്കനിയാണെന്നു കരുതുന്നുമില്ല. ആ ഒരു മനോഭാവമാണ് നമുക്കാവശ്യം. അത് സമാധാനപ്രദമാണ്. വലിയ പ്രതീക്ഷയോ നിരാശയോ നൽകാതെ സൗമ്യമായ ഒരു മനസ്സിലാക്കല്‍. ആ മനസ്സിലാക്കല്‍ നൽകുന്ന ശ്രദ്ധ.
ജീവിക്കുന്ന നിമിഷങ്ങളോടുള്ള കരുണാര്‍ദ്രമായ ഉത്തരവാദിത്തം തന്നെയാണ് ഏറ്റവും മഹത്തായ വഴി. ഒരു സങ്കീര്‍ണ്ണ ജീവിയെന്ന നിലയില്‍ ആ വഴിയിലേക്ക് സ്വാഭാവികമായി പ്രവേശിക്കുക പ്രയാസംതന്നെയാണ്. ചില പ്രചോദനങ്ങളും പ്രോത്സാഹനങ്ങളും അത്യാവശ്യമാണ്. ഒപ്പം വ്യവസ്ഥയുള്ള ചില നിര്‍ദ്ദേശങ്ങളും. വ്യവസ്ഥയുള്ളിടത്തേ സ്വസ്ഥതയുള്ളൂ എന്ന ഗുരുവിന്റെ വാക്കുകളാണ് ഓര്‍മ്മയില്‍ തെളിയുന്നത്.
ശരീരവും മനസ്സും ബുദ്ധിയും അതതിന്റെ വഴിക്ക് സഞ്ചരിക്കുമ്പോള്‍ അവയ്ക്കിടയില്‍ ഒരു പാരസ്പര്യമുണ്ടാകുക എന്നത് പ്രധാനമാണ്. ആ പാരസ്പര്യത്തിലാണ് സമാധാനത്തിന്റെ വഴി നിറവാര്‍ന്നിരിക്കുന്നത്. ആ വ്യവസ്ഥയാണ് നമ്മില്‍ സംഭവിക്കേണ്ടത്. സ്വസ്ഥതയിലേക്കു നയിക്കുന്ന ആ വഴിയാണ് നമ്മില്‍ തെളിഞ്ഞു വരേണ്ടത്. അത് സംഭവിക്കേണ്ടത് നമ്മുടെ ജീവിതപരിസരത്തുനിന്നു തന്നെയാണ്. ആയിരിക്കണം. എങ്കിലേ, അതിന് സൗന്ദര്യവും സൗരഭ്യവുമുണ്ടാകൂ.
നാരായണഗുരു പറയും: അവന്‍, ഇവന്‍, ഞങ്ങള്‍, നിങ്ങള്‍ എന്നൊക്കെ നാം വ്യവഹരിക്കുന്നത് സൂക്ഷ്മമായി ഒന്നാലോചിച്ചു നോക്കിയാല്‍ ആദിമമായ ഒരാത്മരൂപമാണ് എല്ലാമെന്ന് അറിയാനാകും. ആ അറിവിനെ അവനവന് സമാധാനം നല്കുന്ന തരത്തില്‍ പ്രവൃത്തിപഥത്തിലേക്ക് കൊണ്ടുവരണം. മാത്രമല്ല നമുക്കുണ്ടാകുന്ന സമാധാനത്തെ മറ്റുള്ളവര്‍ക്കു കൂടി പകര്‍ന്നു കൊടുക്കണം. ഈ മൂന്നു തലങ്ങളെയും സ്പര്‍ശിക്കുന്നിടത്തേ ജീവിതം സാര്‍ത്ഥകമാകൂ. ഹൃദ്യമാകൂ. അതിനുള്ള മൈന്റ്ഫുള്‍നെസ്സാണ് നമുക്കുണ്ടാകേണ്ടത്.
നാം സ്‌നേഹിക്കുന്നതു നമ്മെത്തന്നെയാണ്. നമ്മെത്തന്നെയാണ് നാം സ്‌നേഹിക്കേണ്ടതും. എന്നാല്‍ ഞാന്‍ എന്നു പറയുന്നത് ഒരു ഏകകമെല്ലെന്നും ഈ സമൂഹത്തിന്റെ, പ്രപഞ്ചത്തിന്റെ ഒരു ഭാഗം മാത്രമാണെന്നും അറിയുന്നിടത്താണ് ഗുരു പറയുന്ന വാക്കുകള്‍ നമുക്ക് ബോദ്ധ്യമാകുക. അപ്പോഴാണ് തൊട്ടടുത്തിരിക്കുന്നവരിലേക്ക്, തൊട്ടടുത്തിരിക്കുന്നതിലേക്ക് നമ്മുടെ ഉത്തരവാദിത്തം വികസിച്ചു ചെല്ലേണ്ടതിന്റെ പ്രാധാന്യം, അനിവാര്യത നാം അറിയുക. കാരണം, അവരുടെകൂടി സമാധാനത്തിലാണ് നമ്മുടെ സമാധാനമിരിക്കുന്നത്. അവരവരിലേക്കു തിരിയുകയെന്നാല്‍ എല്ലാറ്റിലേക്കും തിരിയുകയാണെന്നാണ് മനസ്സിലാക്കേണ്ടത്. ആ തിരിയലിലാണ് ജീവിതത്തെ ജീവസ്സുറ്റതാക്കുന്ന വഴി മഹത്താര്‍ന്നിരിക്കുന്നത്. ആ ഉത്തരവാദിത്തം ഇല്ലാതെ പോകുന്നതിനാലാണ് എല്ലാമുണ്ടായിട്ടും സമാധാനമില്ലാത്തവരായി നമുക്കു കഴിയേണ്ടിവരുന്നത്.
ഏറ്റവും ചുരുങ്ങിയത് നമ്മോട് ഏറ്റവും അടുത്തിരിക്കുന്ന, പ്രിയപ്പെട്ടവരായിരിക്കുന്ന മനുഷ്യരിലേക്കെങ്കിലും ആ ഉത്തരവാദിത്തവും കരുതലും ശ്രദ്ധയോടെ വികസിപ്പിക്കാനെങ്കിലും നാം ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാവരും എന്റെ താല്പര്യങ്ങള്‍ക്കൊപ്പം നില്ക്കണമെന്ന സ്വാഭാവികപ്രവണതയില്‍നിന്നും സ്വയം ഒന്നുണര്‍ന്ന് അവരുടെ താല്പര്യങ്ങളെകൂടി മാനിക്കുന്ന ബോധാവസ്ഥയിലേക്ക് ഉദ്ബുദ്ധരാവുകയെന്നതാണ് നാം ആദ്യപടിയെന്ന നിലയില്‍ ചെയ്യേണ്ടത്. അതിനു നാം തയ്യാറാകുമ്പോഴാണ് അതുപോലും എത്ര പ്രയാസകരമാണെന്ന് മനസ്സിലാകുക.
അതെ. പ്രയാസംതന്നെയാണ്. എന്നാല്‍ ആ പ്രയാസത്തെ അതിജീവിക്കാനുള്ള ഹൃദയമുള്ളിടത്താണ് നാം പറയുന്ന ശ്രദ്ധ പ്രസക്തമാകുന്നത്. ഏകാഗ്രത അത്യാവശ്യമാകുന്നത്. അദ്ധ്വാനത്തിലൂടെ ആര്‍ജ്ജിക്കുന്നതിലേ ഹൃദ്യതയുള്ളൂ. എന്നാല്‍ ആ അദ്ധ്വാനം അനായാസമാകുന്നത് അറിവിലൂടെയാണ്. ഞാന്‍ എനിക്കു വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെന്ന അറിവ്. ഞാന്‍ തന്നെയാണ് തൊട്ടടുത്തിരിക്കുന്നതെന്ന അറിവ്. സ്വന്തമെന്നും അന്യമെന്നും കരുതുന്നതെല്ലാം എന്റെതന്നെ ഉണ്മയാണെന്ന അറിവ്. അതെത്ര നന്മയുള്ള അറിവാണ്. വിശാലമായ അറിവാണ്. ആ അറിവുതന്നെയാണ് ശ്രദ്ധയായും ഏകാഗ്രതയായും വിരിഞ്ഞു വരുന്നത്.

Author

66 Views
Scroll to top
Close
Browse Categories