അര്‍ഹതപ്പെട്ടത് ചോദിച്ചു വാങ്ങുന്നത് അഭിമാനമായി കാണണം:വെള്ളാപ്പള്ളി നടേശൻ

ചേര്‍ത്തല: തദ്ദേശ തിരഞ്ഞെടുപ്പില്‍ അര്‍ഹതപ്പെട്ട സ്ഥാനങ്ങള്‍ സമുദായാംഗങ്ങള്‍ ചോദിച്ചു വാങ്ങണമെന്നും അത് അഭിമാനമായി കാണണമെന്നും എസ്.എന്‍.ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ചേര്‍ത്തല എസ്.എന്‍. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന എസ്.എന്‍.ട്രസ്റ്റ് വാര്‍ഷിക പൊതുയോഗത്തില്‍ സ്വാഗതം ആശംസിച്ചും, റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലഘട്ടം മനസ്സിലാക്കി സ്ഥാനങ്ങള്‍ പിടിച്ചുവാങ്ങാനുള്ള ഇച്ഛാശക്തി കാണിക്കണം. മതേതര വാദികള്‍ എവിടെ കിടക്കുന്നു, മതം പറയുന്നവര്‍ എവിടെ കിടക്കുന്നു എന്ന് ചിന്തിക്കണം. ഒരു മുന്നണിയും ഈഴവന് പ്രാമുഖ്യം നല്‍കിയിട്ടില്ല. ഈഴവര്‍ ധാരാളമുള്ള മലപ്പുറത്ത് സമുദായത്തിന് ഒരു കുടിപ്പള്ളിക്കൂടം പോലുമില്ല. സമുദായത്തിന്റെ ഇല്ലായ്മയും സത്യങ്ങളും തുറന്നു പറയുന്ന തന്നെ വര്‍ഗീയവാദിയാക്കി ചിത്രീകരിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

എസ്.എന്‍.ട്രസ്റ്റിന് 143.79 കോടിയുടെ ബഡ്ജറ്റ്
ചേര്‍ത്തല: ശ്രീനാരായണ ട്രസ്റ്റിന് 2025-26 വര്‍ഷത്തില്‍ 143.79 കോടിയുടെ (143,79,89,000) ബഡ്ജറ്റിന് 72-ാമത് വാര്‍ഷിക പൊതുയോഗം അംഗീകാരം നല്‍കി. ആശുപത്രികളുടെ ആധുനികവത്കരണത്തിനും നവീകരണത്തിനുമായി 43.5 കോടി വകയിരുത്തി. എയ് ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് 14കോടിയും, കോളേജുകള്‍ക്ക് 8.5 കോടിയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പൊതുയോഗത്തില്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. ചെയര്‍മാന്‍ ഡോ.എം.എന്‍. സോമന്‍ അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഡോ. ജയദേവന്‍, ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഡോ. എ.വി. ആനന്ദരാജ്, മോഹന്‍ശങ്കര്‍, എ. സോമരാജന്‍, കെ.പത്മകുമാര്‍, അശോകപ്പണിക്കര്‍, പി.എന്‍. നടരാജന്‍, ബിനീഷ് പ്ലാത്താനത്ത്, പി. സുന്ദരന്‍, ഗോപിനാഥ് പാലക്കാട്, സി.ബി. രാജേന്ദ്രന്‍, അജി എസ്.ആര്‍. എം, സംഗീതവിശ്വനാഥന്‍, ലീഗല്‍ അഡ്വൈസർ അഡ്വ. എ.എന്‍. രാജന്‍ബാബു, ഓഡിറ്റര്‍ അബ്ദുള്‍ റഹീം എന്നിവര്‍ പങ്കെടുത്തു.

Author

89 Views
Scroll to top
Close
Browse Categories