ശ്രീനാരായണ ധർമ്മം സാർത്ഥകമാകുന്നത് മനുഷ്യത്വത്തെ നെഞ്ചേറ്റുമ്പോൾ
വൈക്കം : ഉത്തമമായ സാമൂഹ്യ ബോധത്തെ, മനുഷ്യത്വത്തെ ഒരു ജനത നെഞ്ചേറ്റുമ്പോഴാണ് ശ്രീനാരായണ ധർമ്മം സാർത്ഥകമാകുന്നതെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. വൈക്കം യൂണിയന്റെ നേതൃത്വത്തിൽ നടന്ന ചതയദിന സമ്മേളനവും മഹാകവി കുമാരനാശാന്റെ 150-ാമത് ജന്മവാർഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഗുരുജയന്തിയുടെ പ്രസക്തിയും പ്രാധാന്യവും ഉൾക്കൊണ്ടുകൊണ്ട് തന്നെ ആഘോഷങ്ങളും ആർഭാടങ്ങളും ഒഴിവാക്കി അതിന്റെ ചെലവുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനുള്ള തീരുമാനം മാതൃകാപരമാണ്. 74 ലക്ഷം രൂപ ഇതിനോടകം എസ്.എൻ.ഡി.പി യോഗം നൽകിയിട്ടുണ്ട്. യൂണിയനുകളിൽ 15 ലക്ഷം നൽകി വൈക്കം യൂണിയൻ ഇവിടെയും മാതൃകയായി. ഗുരുവിന്റെ ചിന്തകൾ പിന്തുടർന്ന മഹാകവി കുമാരനാശാൻ ഭ്രഷ്ടരായ ഒരു ജനസമൂഹത്തിന്റെ മോചനത്തിനായി തൂലിക പടവാളാക്കി. ആശാൻ്റെ ചിന്താ വിഷ്ടയായ സീത സ്ത്രീ വിമോചനത്തിന്റെ ആദ്യ രൂപമായിരുന്നു. ചരിത്രമുള്ള കാലത്തോളം കുമാരനാശാൻ മഹാകവിയായി ജനമനസുകളിൽ നിലനിൽക്കുമെന്നും വി.എൻ. വാസവൻ പറഞ്ഞു.
ലോക നവോത്ഥാന പാതയിൽ വെളിച്ചം വിതറിയ ഗുരുദർശനങ്ങളോട് ചരിത്രം കടപ്പെട്ടിരിക്കുന്നുവെന്ന് വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ ഉദ്ഘാടനവും ചതയദിന സന്ദേശവും നൽകിയ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം പറഞ്ഞു.
യൂണിയൻ പ്രസിഡന്റ് പി.വി. ബിനേഷ് അദ്ധ്യക്ഷനായിരുന്നു. മെരിറ്റ് അവാർഡ് വിതരണം ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ നിർവഹിച്ചു. യൂണിയൻ സെക്രട്ടറി എം.പി.സെൻ സ്വാഗതം പറഞ്ഞു. വൈസ്‌പ്രസിഡന്റ് കെ.വി. പ്രസന്നൻ, യോഗം അസി.സെക്രട്ടറി പി.പി.സന്തോഷ്, യോഗം ഡയറക്ടർ രാജേഷ് മോഹൻ, ബിജു കൂട്ടുങ്കൽ,ബിജു തുരുത്തുമ്മ, മധു ചെമ്മനത്തുകര, രമേഷ് പി. ദാസ്, ടി.എസ്.സെൻ സുഗുണൻ, എം.എസ്.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
പി.വി.വിവേക്, വി.വേലായുധൻ, കെ.ആർ.പ്രസന്നൻ, മനു, ഷീജ സാബു, മഹേഷ് ശാന്തി, ഇ.പി. ബീന, കെ.എസ്. സിന്ധു, പി.ആർ.ബിജി, പി.ടി. ജിനീഷ്, വൈ. ബിന്ദു, റെജി എസ്.നായർ എന്നിവർ സന്നിഹിതരായിരുന്നു.