അഭിമാനം, ഈ പുരസ്കാരം
മാന്നാര്‍: ഏറെ വെല്ലുവിളികള്‍ അതിജീവിച്ച് ഇന്‍ക്വസ്റ്റ് ഫോട്ടോഗ്രാഫിയില്‍ രണ്ടുപതിറ്റാണ്ടു പിന്നിടുകയാണ് ചെന്നിത്തല ചെറുകോല്‍ ചെറുമണ്ണാത്ത് ഷൈജ തമ്പി.
ആത്മഹത്യയും കൊലപാതകവും അപകടമരണവുമൊക്കെയായി മോര്‍ച്ചറിയിലെത്തിയ 300 ലധികം മൃതദേഹങ്ങളെ ഇതിനകം ഈ യുവതി ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.
നൂറനാട് പണയില്‍ സ്വദേശി വിക്രമന്‍ തമ്പിയുടെയും ശാന്തയുടെയും മകളായ ഷൈജ, നിരവധി സ്റ്റുഡിയോകളില്‍ ജോലി ചെയ്ത ശേഷം ഭര്‍തൃഗൃഹത്തിന് സമീപം ചെന്നിത്തല ചെറുകോലില്‍ എ.എസ്.ജി. സെന്റര്‍ എന്ന പേരില്‍ സ്റ്റുഡിയോ നടത്തിവരികയാണ്. കരാര്‍ അടിസ്ഥാനത്തില്‍ പി.ആര്‍.ഡി. ഫോട്ടോഗ്രാഫറായും ജോലി ചെയ്യുന്നുണ്ട്.
ഏറെ കഷ്ടപ്പാടുകള്‍ സഹിച്ച് അജ്ഞാത മൃതദേഹങ്ങളുടെ ചിത്രമെടുത്ത് നല്‍കിയിട്ട് പ്രതിഫലത്തിനായി ഓഫീസുകള്‍ കയറി ഇറങ്ങുന്നതാണ് വലിയ ദുരിതമെന്ന് ഷൈജതമ്പി പറയുന്നു. എന്നിട്ടും ക്യാമറയെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന ഈ യുവതിക്ക് കരുത്തുപകരാന്‍ ഡ്രൈവറായ ഭര്‍ത്താവ് അനില്‍കുമാറിനൊപ്പം ഭര്‍ത്തൃമാതാവ് ജഗദമ്മയും ചെറുകുന്നം എസ്.എന്‍. സെന്‍ട്രല്‍ സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയുയായ മകന്‍ ഗുരുദാസുമുണ്ട്.
സമര്‍പ്പിത സേവനത്തിന് പുരസ്‌കാരങ്ങള്‍ ഏറെ ലഭിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ മാസം എസ്എന്‍ഡിപി യോഗം മാന്നാര്‍ യൂണിയന്റെ ആദരവ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനില്‍ നിന്ന് ഏറ്റുവാങ്ങാന്‍ കഴിഞ്ഞതാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമെന്ന് ഷൈജതമ്പി അഭിമാനത്തോടെ പറയുന്നു.