പഠിക്കലും പഠിപ്പിക്കലും
എഴുത്തുകളരിയില്‍ ജാതിഭേദമനുസരിച്ചാണ് കുട്ടികള്‍ ഇരിക്കുക. ജാതിയില്‍ ഉയര്‍ന്നവര്‍ എന്നഭിമാനിക്കുന്നവര്‍ക്ക് ഇരിപ്പുപലക. അതില്‍ താഴെയുള്ളവര്‍ക്ക് പുല്ലുപായ. അതിലും താഴെയുള്ളവര്‍ക്ക് ഓലക്കീറ്.
നാണു വന്നതോടുകൂടി അതിനൊരു മാറ്റം വന്നു. ആദ്യത്തെ ദിവ സം പലകയിലിരുന്ന നാണുവിനെ ജാതിപറഞ്ഞ് മാറ്റിയിരുത്തിയത് മറന്നിട്ടില്ല. എന്നാല്‍ അതിനൊരു മാറ്റമുണ്ടാക്കണമെന്നു നാണു നിശ്ചയിച്ചിരുന്നു.
ഒരുദിവസം നാണു കുമ്മമ്പള്ളി രാമന്‍പിള്ള ആശാനോടു ചോദിച്ചു.
”ഒരു ആശാന്റെ കീഴില്‍ ഞങ്ങള്‍ പഠിക്കുന്നു. ഒരേ പാഠഭാഗങ്ങള്‍ പഠിക്കുന്നു. ശിഷ്യരെന്ന നിലയില്‍ എല്ലാവരും ആശാന്റെ മുന്നിലിരിക്കുന്നു. അപ്പോള്‍ പിന്നെ ജാതി നോക്കി ഇരിപ്പിടത്തിന് ഭേദം വേ ണോ?”
ആരും ചോദിച്ചിട്ടില്ലാത്ത ചോദ്യം! രാമന്‍പിള്ള ആശാന്‍ നാണുവിന്റെ മുഖത്തു നോക്കിനിന്നു. കാര്യം ശരിയാണ്, ശിഷ്യരെന്നനിലയില്‍ ആരോടും ഭേദം കാണിക്കാനാവില്ല.
”ഉത്തരം പറയാന്‍…ഇപ്പോള്‍…”
രാമന്‍പിള്ള മുഴുവന്‍ പറഞ്ഞില്ല. ബ്രാഹ്മണക്കുട്ടികളെയും നായര്‍ ക്കുട്ടികളെയും ഈഴവക്കുട്ടികളെയും ഒരേ കളരിയിലിരുത്തിയാണ് പഠിപ്പിക്കുന്നത്. അതുകൊണ്ട് നാണുവിന്റെ ചോദ്യം ന്യായമാണ്. പക്ഷെ നാട്ടിലെ മേല്‍ജാതിക്കാരെ വെറുപ്പിക്കുന്നതെങ്ങനെ?
ആശാന്റെ പ്രയാസം മനസ്സിലായപ്പോള്‍ നാണു വിനയത്തോടെ വീണ്ടും ചോദിച്ചു.
”ബ്രാഹ്മണനായ സുദാമാവിനെയും യാദവനായ കൃഷ്ണനെയും സാന്ദീപനി മഹര്‍ഷിയാണ് ഗുരുകുലത്തില്‍ പഠിപ്പിച്ചത്. അവിടെ സുദാമാവിനും കൃഷ്ണനും വ്യത്യാസമുള്ള ഇരിപ്പിടങ്ങള്‍ കൊടുത്തിരിക്കുമോ?”
”ഇല്ല. അങ്ങനെയുണ്ടാവില്ല.”
രാമന്‍പിള്ള ആശാന്‍ പറഞ്ഞു.
”എന്നാല്‍ സാന്ദീപനിയുടെ പാരമ്പര്യമുള്ള എന്റെ ഗുരുനാഥന്‍ എല്ലാവരെയും ഒന്നിച്ചിരുത്തണം.”
നാണു പതുങ്ങിയ ശബ്ദത്തില്‍ വിനയത്തോടെ പറഞ്ഞു. ന്യായമായ ആവശ്യം. രാമന്‍പിള്ള ആശാന്‍ എല്ലാ ശിഷ്യന്മാരെയും അടുത്തുവിളിച്ചു ചോദിച്ചു.
”സാന്ദീപനി മഹര്‍ഷിയെപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ?”
ചിലര്‍ കേട്ടിട്ടുണ്ടെന്നു പറഞ്ഞു. ചിലര്‍ അങ്ങനെയൊരു പേര് ആദ്യമായി കേള്‍ക്കുകയാണ്.
”ശ്രീകൃഷ്ണ ഭഗവാന്റെയും കുചേലബ്രാഹ്മണന്റെയും ഗുരുവാണ് സാന്ദീപനി മഹര്‍ഷി. കുചേലന്റെ യഥാര്‍ത്ഥ പേരെന്താണെന്നറിയാമോ?”
ആരും മിണ്ടിയില്ല. നാണുവും മൗനംപൂണ്ടു നിന്നു. രാമന്‍പിള്ള ആശാന്‍ പറഞ്ഞു.
”സുദാമാവ് ബ്രാഹ്മണക്കുട്ടിയാണ്. ശ്രീകൃഷ്ണനോ? കൃഷ്ണന്‍ യാദവകുലത്തിലാണ് വളര്‍ന്നത്. പക്ഷെ രണ്ടുപേരും മഹര്‍ഷിയുടെ മുന്നില്‍ ഒരുമിച്ചിരുന്നാണ് പഠിച്ചത്. ഇരിപ്പിടത്തില്‍ ഭേദമില്ലാതെ എന്നാണ് നാണന്‍ പറയുന്നത്.”
നാണു പറയുന്നത് ശരിയായിരിക്കും. പുരാണങ്ങളിലൊക്കെ അത്ര അറിവുണ്ട്. അതുകൊണ്ട് ബ്രാഹ്മണക്കുട്ടികളും എതിര്‍ത്തൊന്നും പറഞ്ഞില്ല. രാമന്‍പിള്ള ആശാന്‍ മറ്റൊന്നാണ് ആലോചിച്ചത്. ഈ നാണന്‍ കളരിയില്‍ വന്നത് തന്നില്‍ നിന്ന് പാഠം പഠിക്കാനോ, തന്നെ പാഠം പഠിപ്പിക്കാനോ?
വിശാലഹൃദയനായ കുമ്മമ്പള്ളി രാമന്‍പിള്ള ആശാന്റെ മനസ്സില്‍ അല്പം ജാതിചിന്തയുണ്ടായിരുന്നു. നാണുവിന്റെ ചോദ്യം ഒരു പ്രകാശനാളമായിമാറി. എഴുത്തുകളരിയില്‍ പിറ്റെന്നു മുതല്‍ എല്ലാ വിദ്യാര്‍ ത്ഥികള്‍ക്കും പുല്ലുപായയാണ് ഇരിക്കാന്‍ ഒരുക്കിയത്. സമത്വചിന്തയുടെ ബാലപാഠം നാണു അവിടെ എല്ലാവരെയും പഠിപ്പിച്ചു.