‘ആര് ?’ ഇല്ലെന്നും അത് പാടില്ലെന്നും പഠിപ്പിച്ച ഗുരു

കാലഘട്ടത്തിന്റെ ആവശ്യം നിര്‍വഹിക്കുവാന്‍ നിയുക്തനായി വന്ന പരിഷ്‌കര്‍ത്താവ് തന്നെയാണ് ശ്രീനാരായണഗുരു. പരിവര്‍ത്തനത്തിനാവശ്യമായ കീഴ്‌മേല്‍മറിയലുകള്‍ പതിറ്റാണ്ടന്തരത്തില്‍ സംഭവിച്ചു. ലോകത്തെവിടെയും ഉരുത്തിരിഞ്ഞു വന്ന ഒരുന്മേഷം കൂടുതല്‍ ഉത്സാഹിക്കപ്പെട്ടു. അത് മലയാളക്കരയ്ക്ക് വേണ്ടുംമട്ടില്‍ പരുവപ്പടുത്തിയെടുത്ത പരമാചാര്യനാണ് ഗുരു.

ഒരു കാലത്ത് ദന്തഗോപുരങ്ങളിലും ഗര്‍ഭഗൃഹങ്ങളിലും മാത്രം അറിവിന്റെ ‘നിധിഗ്രന്ഥങ്ങള്‍’ പൂഴ്ത്തിവയ്ക്കപ്പെട്ടു. എല്ലാ ജനങ്ങള്‍ക്കും വേണ്ടി അവയെ പ്രയോജനപ്പെടുത്താന്‍ കാലാകാലങ്ങളില്‍ പല സത്യാന്വേഷികളും ആഗ്രഹിച്ചു. എന്നാല്‍ അതില്‍ പ്രയത്‌നിച്ചു മഹാവിജയം വരിച്ച ക്രാന്തദര്‍ശിയാണ് ശ്രീനാരായണഗുരു.

ഇതേ ലക്ഷ്യത്തില്‍ പ്രവര്‍ത്തിച്ചു വിജയിച്ചവര്‍ വേറെയുമുണ്ട്. വരുംകാലത്തിന്റെ ജനാധികാരത്തിന് പലവിധത്തിലും വഴിതെളിച്ചു ശ്രീനാരായണ ഗുരുവിന്റെ ജ്ഞാനപ്രചോദിതമായ കര്‍മ്മമാര്‍ഗങ്ങള്‍. ചിലമഹാന്മാര്‍ ഉപദേശനിര്‍ദ്ദേശങ്ങള്‍ നല്‍കിയപ്പോള്‍ ശ്രീനാരായണഗുരു പറയേണ്ടതെല്ലാം പ്രവര്‍ത്തിച്ചുകൂടി കാണിച്ചുകൊടുത്തു. അതിനു പ്രേരിപ്പിക്കുന്ന സാമൂഹ്യ പശ്ചാത്തലത്തിന്റെ സമ്മര്‍ദ്ദം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ അതേ പശ്ചാത്തലമുള്ളവര്‍ പലരും ജ്ഞാനമാര്‍ഗത്തില്‍ മാത്രം ഉറച്ചുനിന്നു. കര്‍മ്മമാര്‍ഗത്തില്‍ പ്രവര്‍ത്തിക്കാനുറച്ചവര്‍ക്ക് അവരുടെ യാത്ര തുടരാന്‍ കഴിയാതെ പോയി; ഒന്നിലധികം കാരണങ്ങളാല്‍.

ഹിന്ദുമതം മാത്രമാണ് മതങ്ങള്‍(അഭിപ്രായങ്ങള്‍) ഒന്നൊന്നായിച്ചേര്‍ന്നുണ്ടായത് എന്നൊരു അഭിപ്രായമുണ്ട്. മതങ്ങളെന്നു വിളിക്കപ്പെടുന്ന ബാക്കിയുള്ളവയെല്ലാം ഓരോരോ ദര്‍ശനങ്ങളില്‍ നിന്നും ഉത്ഭവിച്ചതാണെന്നുള്ള വാദവും പലപ്പോഴും കേട്ടിട്ടുണ്ട്. ആലോചിച്ചാല്‍ ഇതു ശരിയാണല്ലോ എന്നു തോന്നും. ഒറ്റയിതള്‍പ്പൂവിനു പകരം ആയിരം ഇതളുള്ള പൂവിനെ ഒന്നു ശ്രദ്ധിക്കൂ. ഓരോ ഇതളിന്റെയും രൂപഭാവങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. എന്നാല്‍ പൂവ് എന്ന സമഗ്രതയില്‍ ഓരോ ഇതളും സമ്പൂര്‍ണ്ണമായിരിക്കുന്നു. ‘ഒരുകോടി ദിവാകരര്‍ ഒത്തുയരുംപടി’ ഉരുവപ്പെട്ടതാണ് ഹിന്ദു മതം. ഉണ്ടെന്നും ഇല്ലെന്നും പറയുന്നവര്‍ മഹര്‍ഷിമാരായിട്ടാരാധിക്കപ്പെടുന്ന മതം. ശരീരത്തിന് വിലകല്പിക്കാത്തവരും ശരീരംകൊണ്ട് ഉത്സവം നടത്തിയവരും അവരവരുടെ ഇടങ്ങളില്‍ സ്വീകരിക്കപ്പെടുന്ന മതം. അടുത്തുനിര്‍ത്താനും ആട്ടിപ്പായിക്കാനും പറഞ്ഞവര്‍ അവരുടെ മതം(അഭിപ്രായം)പറഞ്ഞ് തര്‍ക്കിച്ചു കൊണ്ടേയിരുന്നു. ആരും ആഗ്രഹിക്കാത്ത രീതിയിലുള്ള പല ധാരണകളും പാറയില്‍ പണിഞ്ഞുവച്ചു. നൂറ്റാണ്ടുകളോളം അതിനെ മായ്ക്കാനോ മറയ്ക്കാനോ കണ്ണീരും ചോരയും പൊടിഞ്ഞു വീശിയ ഒരു കാറ്റിനും കഴിഞ്ഞില്ല.

കൊടുങ്കാറ്റാവുന്നതിനും മുമ്പേ അവയെല്ലാം അടങ്ങിപ്പോയി.
പരമാവധിയിലുള്ള പാണ്ഡിത്യവും ലക്ഷ്യമെന്ന ബിന്ദുവില്‍ മാത്രം മിഴിയുറപ്പിച്ചുള്ള ദീര്‍ഘദീര്‍ഘങ്ങളായ ധ്യാനമനനങ്ങളും അന്നുണ്ടായിരുന്ന കൊലമരങ്ങളുടെ അടിവേരിളക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചിലരെ പ്രാപ്തരാക്കി. ആശയങ്ങള്‍കൊണ്ടും ആയുധങ്ങള്‍കൊണ്ടും സമരം നയിച്ചവര്‍ ഉയര്‍ന്നുവന്നു. ചരിത്രം പ്രത്യേകിച്ചും ഈ അഭിപ്രായത്തിന് അടിവരയിടുന്നു. ആയുധമെടുത്തവര്‍ പോരാളികളായപ്പോള്‍ ആശയങ്ങളുപയോഗിച്ചവര്‍ ഗുരുക്കന്മാരായി എന്നു പൊതുവില്‍ പറയാം. ഈ അഭിപ്രായത്തിനും കാലഘട്ടത്തിന്റെ ആവശ്യം നിര്‍വഹിക്കുവാന്‍ നിയുക്തനായി വന്ന പരിഷ്‌കര്‍ത്താവ് തന്നെയാണ് ശ്രീനാരായണഗുരു. അദ്ദേഹം പരിഷ്‌കരിച്ചു. പരിവര്‍ത്തനത്തിനാവശ്യമായ കീഴ്‌മേല്‍മറിയലുകള്‍ പതിറ്റാണ്ടന്തരത്തില്‍ സംഭവിച്ചു. ലോകത്തെവിടെയും ഉരുത്തിരിഞ്ഞു വന്ന ഒരുന്മേഷം കൂടുതല്‍ ഉത്സാഹിക്കപ്പെട്ടു. അത് മലയാളക്കരയ്ക്ക് വേണ്ടുംമട്ടില്‍ പരുവപ്പടുത്തിയെടുത്ത പരമാചാര്യനാണ് ഗുരു. ഹിന്ദുമതത്തില്‍ ഉണ്ടായി വന്ന ‘മതങ്ങളെ’ ലക്ഷ്യനിര്‍വഹണപ്രയുക്തമായി ക്രോഡീകരിച്ചും കാലാനുകൂലമായി വ്യാഖ്യാനിച്ചും അദ്ദേഹം മറ്റഭിപ്രായങ്ങളെയെല്ലാം നിരാധാരങ്ങളാക്കി. ‘ജനംനിനയ്ക്കുമൊക്കെയും ജയിക്കു’മെന്ന ചിന്തയ്ക്ക് ആക്കംകൂട്ടി. സന്ദര്‍ഭത്തില്‍ നിന്നും സൂചിതാര്‍ത്ഥങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്താലും ഗുരുവചനങ്ങള്‍ പുതിയ സാഹചര്യത്തിനിണങ്ങി അര്‍ത്ഥനവോത്ഥാനം കൈവരിക്കുന്നത് നമുക്ക് കാണാന്‍ കഴിയും. മഹാകവിത്വം കൂടി ഉള്‍ച്ചേര്‍ന്നിരുന്ന ആ വ്യക്തിത്വം പുതിയൊരു യുഗാരംഭത്തോടിണങ്ങി ഗുരുപദത്തിലേയ്ക്ക് അവരോധിക്കപ്പെട്ടു. പിന്‍തുടര്‍ന്നുവന്ന അധികാരപരിതസ്ഥിതീഭേദങ്ങള്‍ക്ക് ആദ്യമേ അസ്തിവാരം ഉറപ്പിക്കാന്‍ അദ്ദേഹം തെരഞ്ഞെടുത്ത ഹിന്ദുമതത്തിലെ ‘മത’ങ്ങള്‍ ശക്തങ്ങളായി.

അന്നവസ്ത്രാദി മുട്ടാതെ തന്നുരക്ഷിക്കുന്നവര്‍ ആ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണെന്നും തൊഴില്‍ ചെയ്യാനുള്ള സന്നദ്ധത തന്നയാണ് ആരാധിക്കപ്പെടേണ്ടതെന്നും വ്യാഖ്യാനിക്കാന്‍ കഴിയുംവിധം ഇരുപതാംനൂറ്റാണ്ടിന്റെ കര്‍മപഥങ്ങള്‍ മാറി. ചിന്താശീലങ്ങള്‍ മാറി. സ്വപ്‌നങ്ങളും സത്യങ്ങളും മാറി. ‘ദൈവമേ, നീയും ഞാനും ഒന്നാണ്’എന്ന സത്യം എനിക്ക് എത്രയും പെട്ടെന്ന് തന്നെ ബോദ്ധ്യപ്പെടണം എന്നാണ് അവഗണിതജനതയ്ക്ക് വേണ്ടിയുള്ള ഗുരുവിന്റെ പ്രാര്‍ത്ഥന. ഇതില്‍പ്പരം വേറൊരു വിപ്‌ളവമുണ്ടോ? ആരാധനയില്‍ നിന്നും അംഗീകാരങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തപ്പെടുന്നവര്‍ വേറൊരുകാലത്ത് ഇതിനൊക്കെ അധികാരികളായിരുന്നു. ഇന്നും വിലപിടിപ്പുള്ളതിനെമാത്രമേ ആരും കരസ്ഥമാക്കുന്നുള്ളു. പൂഴ്ത്തിവയ്ക്കപ്പെട്ട വിജ്ഞാനനിധികള്‍ എല്ലാവര്‍ക്കും വിതരണം ചെയ്തു കൊണ്ടാണ് ഒരു വ്യക്തി ഗുരുപ്രഭാവത്തിലേയ്ക്കുയരുന്നത്.
മഹാതിശയം! തിരുവനന്തപുരത്തുനിന്നും ആലുവയിലേയ്ക്കുള്ള യാത്രക്കിടയില്‍ ട്രെയിനില്‍ വച്ചാണ് ഞാനിത് എഴുതിക്കൊണ്ടിരിക്കുന്നത്. ശിവഗിരിയെത്തി. ട്രെയിന്‍ നിന്നു. സഞ്ചാരികള്‍ ഇറങ്ങുകയും കയറുകയും ചെയ്യുന്നു. നൂറ്റാണ്ടുകളോളം കുഴിയിലാണ്ടുകിടന്നവര്‍ വെളിച്ചത്തിന്റെ കുന്ന്കയറുവാന്‍ പ്രാപ്തിനേടിയത് ചിലര്‍മാത്രം സ്വന്തമാക്കി വച്ചിരുന്ന വിജ്ഞാനത്തിന്റെ പ്രയോഗശക്തികൊണ്ടുതന്നെയാണ്. ഞാന്‍ ആര്? എന്ന സ്വയം ചോദ്യത്തിന് ഞാന്‍ ‘നാം’ ആണ് എന്ന് നേരാംവണ്ണം ബോദ്ധ്യപ്പെടാന്‍ ‘ഞാന്‍ ആരോ ആണ്’ എന്ന അഹങ്കാരം ഒട്ടുമേ ഇല്ലാതാകണം. എന്നാല്‍ സ്വയം ശൂന്യനാകാനും പാടില്ല. ആയിരം അവധൂതന്മാരെ കണ്ടാലും അവരുടെ അഴുക്കും വിഴുക്കും തിന്നാലും ആര്‍ക്കും അവധൂതന്മാവാന്‍ പറ്റില്ലല്ലോ. ഒരുപാടു വിടുവായന്മാര്‍ കൊതിച്ചുപോവും വിധം വിലോഭനീയമാണ് ‘ഗുരു’പഥം.
ഇന്ന് വ്യാമോഹികളായ പലരും അതിനുവേണ്ടി പല മറിമായങ്ങളും കാട്ടുന്നു. ജനകോടികള്‍ക്ക് ഏതൊന്നാണോ ആഗ്രഹം അതിനെച്ചൊല്ലി അദ്വൈതത്തെയും ആത്മീയതയെയും ഇക്കൂട്ടര്‍ വാചകത്തില്‍ മാത്രമൊതുക്കുന്നു. കരുണയില്ലാത്ത ഈ കശ്മലന്മാരെ കരുതി ഇരിക്കണമെന്ന് ശ്രീനാരായണഗുരുദേവന്‍ പലപ്പോഴും പറയാതെ പറഞ്ഞിട്ടുണ്ട്. ഒന്നിനുവേണ്ടി വേറൊന്നില്‍ച്ചാടി അലയാതെയും വലയാതെയുമിരിക്കാനുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ഗുരുവാക്യങ്ങളില്‍ വേണ്ടുവോളമുണ്ട്. ‘ചതിചെയ്യുമിരുട്ടൊരുജാതിവിടുന്നതിനു’വേണ്ടി; എപ്പോഴും ചതിക്കുന്ന ഒരുജാതി ഇരുട്ടിനെതിരെയുള്ള കരുതല്‍ശക്തിയായി ‘ആസ്തികബോധത്തെ’ പരിവര്‍ത്തനപ്പെടുത്തി പ്രയോഗിച്ചുകൊണ്ട് എന്റെ ഗുരു എന്നും വിരാജിക്കുന്നു. ആര്? എന്ന ചോദ്യത്തിന് ‘എല്ലാരും’ എന്നാണുത്തരം. നേരാംവണ്ണം മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുന്നവരാണ് ജനാധിപത്യത്തെ മഹാവിജയത്തിലേയ്ക്ക് എത്തിക്കുന്നതെന്ന് അരുളിച്ചെയ്ത ഈ ഗുരു തന്നെയാണ് ‘എന്റെ ഗുരു’. ‘പ്രവര്‍ത്തിയാരാണെന്ന് കേട്ടല്ലോ?’എന്ന കുശലാന്വേഷണത്തിന് ‘പ്രവര്‍ത്തി’യുണ്ട്, ‘ആര്’ ഇല്ല എന്ന് അദ്വൈതാത്മാവില്‍ തൊടുന്ന മറുപടി പറയുവാനുള്ള സ്വപ്രത്യയസ്ഥൈര്യത്തില്‍ ഗുരു എത്തിച്ചേര്‍ന്നിരുന്നു. കണ്ടാലറിയില്ലെങ്കില്‍ എങ്ങനെ കേട്ടാലറിയുമെന്നും അമ്മയുടെ പാലുകുടിച്ചെങ്കിലും അവരുടെ മാംസം തിന്നില്ലല്ലോ എന്നുംചോദിച്ച് വലിയ സംശയങ്ങള്‍ തീര്‍ത്തുകൊടുത്തു. മനുഷ്യജാതിയിലെ എല്ലാവരും ഒരുപോലെയാണെന്നും ഒരുമരത്തിലെ ഇലകള്‍ക്ക് രൂപഭേദം ഉണ്ടെങ്കിലും അവയുടെയെല്ലാം രസരുചി ഒന്നുപോലെയാണെന്നും ഗുരു ഓര്‍മ്മിപ്പിച്ചു. ജനാധിപത്യത്തോട് ഏറ്റവും ഇണങ്ങിനില്‍ക്കുംവിധം തെരഞ്ഞെടുക്കപ്പെട്ട മഹത്തായ സന്ദേശങ്ങള്‍ തിരുവരുളുകളില്‍ ഇനിയും വേണ്ടുവോളമുണ്ട്. ഗുരുവചനം ശരണം.

Author

Scroll to top
Close
Browse Categories