രണ്ട് മിനിക്കഥകൾ
ഭാഗ്യം
നീണ്ട നാളത്തെ പ്രവാസ ജീവിതത്തിനൊടുവിൽ നാട്ടിലേക്ക് തിരിക്കുമ്പോൾ അയാൾക്ക് ഒറ്റ വിചാരം മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു. എങ്ങിനെയും ഒരു ബിസിനസ് തുടങ്ങണം. അതിനായി തന്റെ തൊഴിൽ മേഖല തന്നെ അയാൾ തെരഞ്ഞെടുത്തു.
നഗരത്തിലെ വാടക കെട്ടിടത്തിൽ പത്തോളം തൊഴിലാളികളെ വെച്ച് അയാൾ സംരംഭം തുടങ്ങി. തൊഴിലാളികളുടെ ആത്മാർത്ഥതയും അർപ്പണ മനോഭാവവും അയാളെ നല്ല രീതിയിൽ സഹായിച്ചു. ആർത്തിമൂത്ത ജീവനക്കാർ ലോട്ടറിയിൽ അഭയം തേടിയപ്പോൾ മുതലാളി അമ്പരന്നു.
തങ്ങളുടെ കഷ്ടപ്പാടിനും ദുരിതത്തിനും പോംവഴിയുണ്ടാക്കണേ എന്ന് തൊഴിലാളികളും, സമർത്ഥരായ തന്റെ തൊഴിലാളികളെ നഷ്ടപ്പെടരുതേഎന്നു മുതലാളിയും ഒരുപോലെ ദൈവത്തോട് പ്രാർത്ഥിച്ചു.
തള്ളാനും കൊള്ളാനുമാകാതെ കുഴങ്ങിയ ദൈവം ഒരു തീരുമാനത്തിലെത്തി.
ലോട്ടറി തന്നെ നിർത്തലാക്കി പ്രശ്നം പരിഹരിച്ചു
അഹങ്കാരം
ചുരത്തുവാൻഎന്നിൽ നിറയെ പാലുണ്ടെന്ന് അറിഞ്ഞിട്ടും നീ എന്തിനാണ് ഇങ്ങനെ കുത്തി നോവിക്കുന്നത്. ആവശ്യത്തിന് പാലു കുടിച്ച് നിന്റെ ശരീരം ഒന്നു പുഷ്ടിപ്പെടുത്തരുതോ.കൊതുകു പോലെഎന്ന ചൊല്ലും മാറിക്കിട്ടും. അകിടിന്റെ വാക്കുകൾ മുഖ വിലക്കെടുക്കാതെ കൊതുക് ഇങ്ങനെ പറഞ്ഞു.
ലോകത്തിലെ ഏത് രാജ്യം വിചാരിച്ചാലും എന്നെ ഉന്മൂലനം ചെയ്യാൻ ആവില്ല. മനുഷ്യരുടെയും ജീവികളുടെയും രക്തമാണ് എന്റെ ഊർജ്ജം. ആതുരാലയങ്ങൾ തടിച്ചുകൊഴുക്കുമ്പോൾ ഞാൻ അല്പം ക്ഷയിക്കുന്നതിൽ എന്താണ് തെറ്റ്. പിന്നെ എന്റെ പേരിന്റെ കാര്യം. അത് ഞാൻ സഹിച്ചു.