കണിച്ചുകുളങ്ങര ദേവസ്വം സ്‌കൂളിന് 100 വയസ്സ്
ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിലെ കളിത്തട്ടിലില്‍ പിറന്ന വിദ്യാലയത്തിന് 100 വയസ്സ് .1924 മേയ് 19 (1099 ഇടവം 6) നായിരുന്നു കണിച്ചുകുളങ്ങരയിലെ സ്‌കൂളിന്റെ പിറവി. 12 കുട്ടികളുമായി ക്ഷേത്ര കളിത്തട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനം ഇന്ന് നാടിനാകെ അഭിമാനമായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയമായി മാറി. പുളിയംകോട്ട് ചെറുപറമ്പത്ത് പി.കെ. പരമേശ്വരക്കുറപ്പായിരുന്നു ആദ്യ അദ്ധ്യാപകന്‍. ചേര്‍ത്തല തെക്ക് മഠത്തി പറമ്പില്‍ എം.ടി. ദിവാകരന്‍ ആദ്യ വിദ്യാര്‍ത്ഥിയായി അഡ് മിഷന്‍ എടുത്തു. 12 കുട്ടികളില്‍ രണ്ട്‌പേര്‍ പെണ്‍കുട്ടികളായിരുന്നു. കെ.കെ. ജാനകി മറ്റത്തില്‍, വി.എം. ഭാനുമതി ചെത്തുവെളി എന്നിവരായിരുന്നു വിദ്യാര്‍ത്ഥിനികള്‍. കുട്ടികള്‍ക്ക് ഇരിക്കാന്‍ ഡെസ്‌കും ബെഞ്ചും ഇല്ലാതിരുന്നതിനെ തുടര്‍ന്ന് കോഴി അന്നത്തിന്റെ രഥചക്രങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. 1947ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തി. കുട്ടികളുടെ ആധിക്യം കാരണം 1974ല്‍ ബോയ്‌സ്, ഗേള്‍സ് എന്നിങ്ങനെ തിരിച്ചു സ്‌കൂളുകളായി. നിലവില്‍ ഹയര്‍സെക്കന്‍ഡറിയും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയും ഉള്‍പ്പെടെ കണിച്ചുകുളങ്ങര ദേവസ്വത്തിന് കീഴില്‍ നാല് സ്‌കൂളുകളിലായി 1500 ലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്ക് ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ ദീപം തെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. 12 കുട്ടികളുമായി പ്രവര്‍ത്തനം ആരംഭിച്ചതിന്റെ ഓര്‍മ്മ പുതുക്കലിന്റെ ഭാഗമായി സ്‌കൂളിലെ മുതിര്‍ന്ന പ്രഥമാദ്ധ്യാപകനായ സി.പി. സുദര്‍ശന്‍ 12 കുട്ടികള്‍ക്ക് പ്രതീകാത്മകമായി ക്ലാസെടുത്തു.