ഗുരു ഹിന്ദുമതത്തെ ശുദ്ധീകരിച്ചു
പൂഞ്ഞാര്‍: അനാചാരങ്ങള്‍ അവസാനിപ്പിച്ച് ഹിന്ദുമതത്തെ ഗുരു ശുദ്ധീകരിച്ചെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പുന:പ്രതിഷ്ഠ നടന്ന യോഗം പൂഞ്ഞാര്‍ ശാഖയുടെ മങ്കുഴി ആകല്‍പാന്ത പ്രശോഭിനി ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രസമർപ്പണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷേത്രത്തില്‍ പ്രവേശിക്കാനും പ്രാര്‍ത്ഥിക്കാനും അവസരമില്ലാതിരുന്ന പിന്നാക്ക വിഭാഗങ്ങള്‍ക്കായി ക്ഷേത്രം പിടിച്ചെടുക്കുകയോ കലാപമുണ്ടാക്കുകയോ അല്ല ഗുരു ചെയ്തത്. പകരം ക്ഷേത്രങ്ങള്‍ പ്രതിഷ്ഠിക്കുകയായിരുന്നു. മൃഗബലി ഉള്‍പ്പെടെയുള്ള ദുരാചാരങ്ങള്‍ ഇല്ലാതാക്കി ആചാരങ്ങള്‍ നടപ്പാക്കി. അവ നവോത്ഥാന ചരിത്രത്തില്‍ നാഴികക്കല്ലായി മാറി. അധഃസ്ഥിതന് അധികാരം വേണമെന്ന് പറയുന്നവരെ ജാതിവാദികളാക്കി മാറ്റുന്നു. സാമൂഹ്യനീതി നടപ്പാക്കാനാണ് താന്‍ ജാതി പറയുന്നത്. അധികാരം ഇപ്പോള്‍ ജാതിയില്‍ അധിഷ്ഠിതമാണ്. സംഘടിതശക്തികള്‍ അധികാരം പങ്കിട്ടെടുക്കുന്നു. വോട്ടില്‍ കൂട്ടായ്മയില്ലാത്തവരെ ചൂഷണം ചെയ്യുന്നു. സാമുദായിക ശക്തി സമാഹരണത്തിലൂടെ മാത്രമേ നീതി ലഭിക്കൂ. വോട്ടിന് വിലയുണ്ടാവണം. ഇത് മുന്നില്‍ക്കണ്ടാണ് സംഘടിച്ച് ശക്തരാകാന്‍ ഗുരു ആഹ്വാനം ചെയ്തതെന്നും യോഗം ജനറല്‍ സെക്രട്ടറി പറഞ്ഞു.
ഗുരു പേരിട്ട സുശീലാമ്മയും സ്വാതന്ത്ര്യസമര സേനാനി എം.കെ. രവീന്ദ്രന്‍ വൈദ്യരും ചേര്‍ന്ന് ഭദ്രദീപം പ്രകാശിപ്പിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ എം.ആര്‍.ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു. തന്ത്രി രഞ്ചു അനന്തഭദ്രത് അനുഗ്രഹപ്രഭാഷണം നടത്തി. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ., മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ ഒ.എം. സുരേഷ് ഇട്ടിക്കുന്നേല്‍, പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് മാത്യു അത്യാലില്‍, ജ്യോതിസ് മോഹന്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം മനോജ് ബി. നായര്‍, കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആര്‍. ബാബുരാജ്, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. അക്ഷയ്ഹരി, വേലംപറമ്പില്‍ കുടുംബയോഗം ചെയര്‍പേഴ്‌സണ്‍ മിനര്‍വ മോഹന്‍, മീനച്ചില്‍ യൂണിയന്‍ വൈസ്‌ചെയര്‍മാന്‍ സജീവ്‌വയല, പഞ്ചായത്തംഗം സജി സിബി, മുത്തൂറ്റ് ഗ്രൂപ്പ് എക്‌സി.ഡയറക്ടര്‍ കെ.ആര്‍. ബിജിമോന്‍, അരുണ്‍ കുളമ്പള്ളില്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ വി.എസ്. വിനു സ്വാഗതവും വൈസ്‌ചെയര്‍മാന്‍ വി. ഹരിദാസ് നന്ദിയും പറഞ്ഞു.