ഗുരു പകർന്ന സിദ്ധ ഔഷധം

നമുക്കെല്ലാവർക്കും കൂടി ഒരേ ഒരു ഭൂമിയേ ഉള്ളൂ, ഒരേ ഒരു ആകാശവും. ഈ രണ്ടിന്റെയും സുസ്ഥിതി ലക്ഷ്യമാക്കുകയും, അതിനായി കഴിവത് പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ആണ് സാമാന്യബുദ്ധിയുള്ള എല്ലാവർക്കും അടിയന്തരമായി ചെയ്യാനുള്ളത് എന്ന് എനിക്ക് തോന്നുന്നു. കുട്ടികൾക്കുപോലും മനസ്സിലാകുന്ന ഭാഷയിൽ ലളിതസുന്ദരമായും ആറ്റിക്കുറുക്കിയും ഗുരു ഈ കാര്യങ്ങൾ പറഞ്ഞു വെച്ചിരിക്കുന്നു.

ശ്രീനാരായണഗുരു മനുഷ്യവംശത്തിനു വേണ്ടി (മലയാളിക്ക് മാത്രമായല്ല) എന്താണ് സംഭാവന ചെയ്തത് എന്ന് അറിയാൻ ഇന്നത്തെ ലോക ഗതി വെറുതെ ഒന്ന് നോക്കിയാൽ മതി. എല്ലാ മതങ്ങളും ദർശനങ്ങളും ഉരുകി ഒന്നായി ‘മനമാകുന്ന കണ്ണതിനും കണ്ണായി’ പരിണമിക്കാനുള്ള സിദ്ധ ഔഷധമാണ് അത്. അത് അനിവാര്യമാണ് എന്ന് തെളിഞ്ഞിരിക്കുന്നു. സാധ്യമാണോ എന്ന് തെളിഞ്ഞ അനുഭവവും മലയാളക്കരയിൽ നേരത്തെ ഉള്ളതല്ലേ? ലോകത്തെ അഞ്ച് പ്രധാന മതങ്ങളിൽ മൂന്നെണ്ണവും അവ പിറന്നു വീണേടങ്ങളിൽ നിന്ന് പുറത്തു കടന്നു ഭൂമിയിൽ മറ്റൊരിടത്ത് ആദ്യമായി ഒരു ആരാധനാലയം പണിയുന്നത് കേരളത്തിൽ ആണല്ലോ. അവയെന്നല്ല മറ്റൊരു ദർശനവും കടന്നുവന്നപ്പോഴും ഇവിടെ മുൻപേ എത്തിയിരുന്നവർ തടഞ്ഞില്ല എന്ന് മാത്രമല്ല സ്വീകരിക്കുകയാണ് ചെയ്തത്. ക്രമത്തിൽ എല്ലാറ്റിനേയും സാത്മീകരിക്കുകയും ചെയ്തു. അതാണ് മലയാണ്മയുടെ മാമലയുയരവും വൻകടലാഴവും!

അനതിവിദൂരകാലത്ത് കേരളം കണ്ട ഏറ്റവും അനുഗൃഹീതനായ കവിയും ദാർശനികനും ഗുരുവും ആയിരുന്നു അദ്ദേഹം. കാലം പോകെ അദ്ദേഹത്തിന്റെ പ്രസക്തി അതിവേഗം വളരുന്നു . മനുഷ്യന് ദുരിതമോചനവും സന്തോഷസമാധാനങ്ങളും ഉണ്ടാകാൻ വേണ്ടി ഓരോ കാലത്ത് ഉദയം ചെയ്തതാണ് മതങ്ങൾ. അവയെ പിന്നീട് അധികാരികളും കച്ചവടക്കാരും സമുദായ ദ്രോഹികളും കുറ്റവാസനയുള്ള വരും ഒക്കെ യഥേഷ്ടം യഥാവസരം കുൽസിത വൃത്തികൾക്ക് ഉപയോഗിക്കുകയായിരുന്നു. അതിന്റെ ഫലങ്ങളാണ് കുരിശുയുദ്ധങ്ങൾ മുതൽ മതങ്ങൾക്ക് അകത്ത് നടന്ന ആഭ്യന്തര യുദ്ധങ്ങൾ വരെ എല്ലാറ്റിനും കാരണം. ഇന്നും മതങ്ങൾ വിദ്വേഷത്തിനും അക്രമത്തിനും ദുരിതത്തിനുമൊക്കെ കാരണമാകുന്നു എങ്കിൽ അതിന് മതങ്ങളെ കുറ്റം പറയരുത്. ചുറ്റും നോക്കിയാൽ കാണാം ആരാണ് മതങ്ങളെ ചീത്തയാക്കി തങ്ങൾക്ക് ആക്കുന്നത് എന്ന്. ശരിയാണ്, മതങ്ങൾ ഒരു കാലത്ത് ശാസ്ത്ര പുരോഗതിക്ക് തടസ്സം നിന്നു എന്ന് നമുക്ക് തോന്നാം. ശാസ്ത്രജ്ഞന്മാരെ ക്രൂരമർദ്ദനങ്ങൾക്ക് വിധേയരാക്കിയിട്ടുണ്ട് എന്നത് നേരാണ്. പക്ഷേ അത് ആരാണ് എന്തിനുവേണ്ടിയാണ് ചെയ്തത്? മതത്തെ രക്ഷിക്കാൻ വേണ്ടി ആയിരുന്നില്ല, മതത്തിന്റെ പേരിൽ നടന്ന അനാചാരങ്ങൾക്ക് കാവൽ നിൽക്കാൻ വേണ്ടിയായിരുന്നു. പിന്നീട് പിന്നീട് എന്തുണ്ടായി എന്ന് നമുക്കറിയാം: മതങ്ങളുടെ ആത്മാവ് എന്തെന്ന് അറിയാത്തവർ അവയെ വ്യാഖ്യാനിച്ച് ശാസ്ത്രത്തിന്റെ മുന്നേറ്റങ്ങൾക്ക് എതിർ നടത്തുന്ന രീതി പിൽക്കാലത്തും അൽപ്പാല്പമായി തുടർന്നു പോന്നിട്ടുണ്ട്. ഇന്നും തുടരുന്നുമുണ്ട്. മതങ്ങൾക്ക് നേതൃത്വം നൽകുന്നവരുടെ യാഥാസ്ഥിതികത്വമാണ്, മതങ്ങളുടെ കോറുകേടല്ല, ഇതിന് കാരണം. മതങ്ങളെ, അവയുടെ രക്ഷകരായി നടിച്ചുകൊണ്ട്, ദുരുപയോഗം ചെയ്യുന്നവരുടെ കയ്യിൽ നിന്ന് അവയെ രക്ഷിക്കുകയാണ് അത്യാവശ്യമായി കരണീയം.

എന്തിനേറെ, നമ്മുടെ നാട്ടിലെ കഥ തന്നെ നോക്കൂ: പ്രവാചകന്മാർ ഉദ്ദേശിച്ച, പറഞ്ഞ, കാര്യങ്ങൾക്ക് വേണ്ടിയാണോ മതങ്ങൾ നിലനിൽക്കുന്നത്? ധനവും അധികാരവും അല്ലേ മിക്കവരുടെയും ലക്ഷ്യം? ദൈവവിശ്വാസമാണോ സ്ഥാപനവൽകൃതമായ അടിമത്വമാണോ അവർ ലാക്കാക്കുന്നത്? വിശ്വാസത്തിന്റെ പേരിൽ വോട്ട് നേടുന്നവർ അങ്ങനെ കിട്ടുന്ന അധികാരം എന്തിനൊക്കെയാണ് ഉപയോഗിക്കുന്നത് എന്ന് നോക്കൂ. അവരുടെ ആ പ്രവർത്തി കൊണ്ട് സമൂഹം എന്തുമാത്രം വിദ്വേഷ കലുഷിതമാകുന്നു എന്നു കൂടി നോക്കൂ.
എനിക്ക് ഒരു സംശയവുമില്ല: കാലംകൊണ്ട് എല്ലാ മതങ്ങളിലെയും അടിസ്ഥാനപരമായ അന്ത:സത്ത മനോഹരമായ ഒരു ഏകകമായി രൂപാന്തരപ്പെടുകയും അത് ഒരു പുതിയ ലോകത്തിന്റെയും മനുഷ്യന്റെയും കാലത്തേക്ക് നയിക്കുകയും ചെയ്യും. കാരണം, നമുക്കെല്ലാവർക്കും കൂടി ഒരേ ഒരു ഭൂമിയേ ഉള്ളൂ, ഒരേ ഒരു ആകാശവും. ഈ രണ്ടിന്റെയും സുസ്ഥിതി ലക്ഷ്യമാക്കുകയും, അതിനായി കഴിവത് പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ആണ് സാമാന്യബുദ്ധിയുള്ള എല്ലാവർക്കും അടിയന്തരമായി ചെയ്യാനുള്ളത് എന്ന് എനിക്ക് തോന്നുന്നു. ഏതു കൊച്ചു കുട്ടിക്കും മനസ്സിലാവുന്നതല്ലേ ഉള്ളൂ ഇത്?

കുട്ടികൾക്കുപോലും മനസ്സിലാകുന്ന ഭാഷയിൽ ലളിതസുന്ദരമായും ആറ്റിക്കുറുക്കിയും ഗുരു ഈ കാര്യങ്ങൾ പറഞ്ഞു വെച്ചിരിക്കുന്നു.
അല്ല, വേറെ ആരെയെങ്കിലും ഒക്കെ വെറുതെ പഴി പറഞ്ഞു കാലം കഴിക്കാൻ ആണ് ഇനിയും ഭാവമെങ്കിൽ, നമുക്കു ഹാ കഷ്ടം!

Author

Scroll to top
Close
Browse Categories