ന്യൂനപക്ഷ പ്രീണനത്തിന് മത്സരം
തിരുവനന്തപുരം: കേരളത്തില്‍ ന്യൂനപക്ഷ പ്രീണനമാണ് നടക്കുന്നതെന്നും, ഭൂരിപക്ഷങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നീതി നിഷേധിക്കുകയാണെന്നും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യോഗം വെണ്‍പാലവട്ടം ശാഖാ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ പ്രീണനത്തിന് മുന്നണികള്‍ പരസ്പരം മത്സരിച്ചു. ഭൂരിപക്ഷത്തിന്റെ എതിര്‍പ്പ് വോട്ടില്‍ പ്രതിഫലിക്കും. ന്യൂനപക്ഷങ്ങള്‍ വോട്ടു ബാങ്കായതോടെ അവരുടെ തലയെണ്ണുന്നു. ജാതിയും മതവും വര്‍ണവും വര്‍ഗവും നിലനില്‍ക്കുന്ന കാലമാണിത്. എന്നാല്‍ എസ്.എന്‍.ഡി.പി യോഗം ആവശ്യങ്ങളും അവശതകളും പറയുമ്പോള്‍ ഗുരുവിന്റെ പേരു പറഞ്ഞ് വായടപ്പിക്കും. രാഷ്ട്രീയ ഭിക്ഷാംദേഹികളായി കടന്നുകൂടി രാഷ്ട്രീയ നേട്ടത്തിനുള്ള കോണിപ്പടിയായി സംഘടനയെ മാറ്റിയവരാണ് ഇതിന് മുന്നില്‍. ആര്‍. ശങ്കറിന്റെ കാലത്തിന് ശേഷം ഈഴവര്‍ക്ക് കാര്യമായൊന്നും നല്‍കാന്‍ സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല.
അന്ന് ലഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇന്നുമുള്ളത്. കോളേജിനും പ്ലസ്ടു ബാച്ചിനും അപേക്ഷ നല്‍കിയാല്‍ പരിഗണിക്കില്ല. വ്യവസായങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമാണ്.കോട്ടയം ക്രിസ്ത്യാനികളെടുത്തു, മലപ്പുറം മുസ്ലീങ്ങളും. മറ്റുള്ളവന് സ്വന്തമെന്നു പറയാന്‍ എന്തുണ്ട്? സമുദായാംഗങ്ങള്‍ക്ക് ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിലും വിശ്വസിക്കാം പക്ഷേ അര്‍ഹതപ്പെട്ടത് സമുദായത്തിന് ലഭിക്കണം.
തിരഞ്ഞെടുപ്പു കാലത്ത് ബിഷപ്പിനെയും അച്ചന്മാരെയും കപ്യാരെയെങ്കിലും കാണാനുള്ള ഓട്ടത്തിലാണ് നേതാക്കള്‍. എന്നാല്‍ നമ്മളെ ആര് അന്വേഷിക്കുന്നുവെന്ന് ചിന്തിക്കണം. 28 വര്‍ഷമായി യോഗത്തെ നയിക്കുന്നതിന്റെ പേരില്‍ വ്യാജ കേസുകള്‍ നല്‍കി തന്നെ വേട്ടയാടുകയാണ്. എസ്.എന്‍.ഡി.പിയോഗം പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കേസു കൊടുത്തവരുണ്ട്. സത്യത്തിന്റെ പാതയിലാണ് തന്റെ യാത്ര. കോടികള്‍ മൈക്രോഫിനാന്‍സായി നല്‍കി. എന്നാല്‍ ആരില്‍ നിന്നും കട്ടന്‍ ചായ പോലും വാങ്ങി കുടിച്ചിട്ടില്ല- വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.