സര്‍വ മത സമ്മേളനം മതമൈത്രിയുടെ മഹാമന്ത്രം

എസ്.എന്‍.ഡി.പി യോഗത്തിന്റെയും കേരള കൗമുദിയുടെയും സംയുക്താഭിമുഖ്യത്തില്‍ ആലുവ സര്‍വമത സമ്മേളനം ശതാബ്ദി ആഘോഷം യോഗം ആസ്ഥാനത്തെ ധ്യാനമന്ദിരത്തില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലം: മതവിദ്വേഷത്തിനും മതസംഘര്‍ഷങ്ങള്‍ക്കുമെതിരായ സ്‌നേഹത്തിന്റെ മഹാമന്ത്രമായിരുന്നു ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആലുവ സര്‍വമത സമ്മേളനമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യോഗത്തിന്റെയും കേരള കൗമുദിയുടെയും സംയുക്താഭിമുഖ്യത്തില്‍ കൊല്ലത്തെ യോഗം ആസ്ഥാനത്ത് സംഘടിപ്പിച്ച ആലുവ സര്‍വ മത സമ്മേളന ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതസംഘര്‍ഷവും മതപരിവര്‍ത്ത നവും ശക്തമായ കാലഘട്ടത്തിലാണ് ഗുരു ആലുവ സര്‍വമത സമ്മേളനം സംഘടിപ്പിച്ചത്. നിരവധി പേര്‍ കൊല്ലപ്പെടുകയും, നിര്‍ബന്ധിച്ച് മതപരിവര്‍ത്തനത്തിന് വിധേയരാക്കപ്പെടുകയും ചെയ്ത മലബാര്‍ കലാപം ഗുരുവിന്റെ മനസ്സില്‍ വല്ലാത്ത വേദന സൃഷ്ടിച്ചു. ചാതുര്‍വര്‍ണ്യത്തിന്റെ കിരാത നിയമങ്ങള്‍ സഹിക്കാനാകാതെ ഒരു വിഭാഗം ഹിന്ദുമതം ഉപേക്ഷിച്ചു .മിഷണനറി പ്രവര്‍ത്തനത്തിന്റെ ഭാഗമായും വ്യാപകമായി മതപരിവര്‍ത്തനം നടന്നു. ഈ സാഹചര്യത്തില്‍ ആലുവ സര്‍വമത സമ്മേളനത്തിലൂടെ എല്ലാ മതങ്ങളുടെയും അന്ത:സത്ത ഒന്നാണെന്ന് ഗുരു ബോധ്യപ്പെടുത്തി. മറ്റ് പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായ മതേതര മാനവികത കേരളത്തില്‍ രൂപപ്പെട്ടതിന് പിന്നിലും ആലുവ സര്‍വമത സമ്മേളനത്തിന് നിര്‍ണായക സ്ഥാനമുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. മേയര്‍ പ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷയായി. എസ്.എന്‍.ട്രസ്റ്റ് ട്രഷറര്‍ ഡോ. ജി. ജയദേവന്‍,യോഗം കൗണ്‍സിലര്‍ പി.സുന്ദരന്‍, എസ്.എന്‍.ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ മോഹന്‍ശങ്കര്‍, എ. സോമരാജന്‍, എന്‍. രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ചവര്‍ക്കുള്ള കേരള കൗമുദിയുടെ ആദരം ചടങ്ങില്‍ സമ്മാനിച്ചു. കേരള കൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണന്‍ സ്വാഗതവും കൊല്ലം ബ്യൂറോ ചീഫ് ബി. ഉണ്ണിക്കണ്ണന്‍ നന്ദിയും പറഞ്ഞു.

Author

Scroll to top
Close
Browse Categories