ദൈവം

തേന്‍കണികയില്‍ പുഷ്പജനിതകരേഖ-
യൊളിപ്പിക്കും സ്വര്‍ഗ്ഗവിരലുകള്‍ പോലെ
സുഗന്ധിയാണ്.
ജന്മാന്തരങ്ങളില്‍ സ്‌നേഹഗരിമയായ്
ഭാവസ്ഥിരമാം നക്ഷത്രഗണിതമാണ്.
സാന്ധ്യപരാഗങ്ങള്‍പോലെ
പകലിനെയുള്ളില്‍ നിറച്ചതാണ്.
വഴിവിളക്കായ് ദൂരങ്ങള്‍
മിനുക്കിയും മായ്‌ച്ചും തിരുത്തിയും
കൂടെ വരുന്നതാണ്.

ഭയമൊഴിഞ്ഞുവോ നിലയില്ലാത്തൊരീ
വിജനകാന്താരസ്ഥലിയില്‍ നീയുഴ-
ന്നൊഴുകിയീ ദീപ്തകദനത്തില്‍ എന്നു
കൊഴിയുന്തോറും ചെന്തളിരായ് ജീവനില്‍
പൊടിച്ചും, മഞ്ഞയെ തരളമാം പട്ടു-
പുതപ്പായ് ചാര്‍ത്തിയുമനന്തമായ് തണല്‍
തരുന്നതാണ്.
അതിരില്ലാനോവിന്‍ തുരങ്കങ്ങള്‍ തോറും
രജതവൃത്തമായ് തെളിയും
വാഴ്‌വിന്റെ വിളിയാണ്.

Author

Scroll to top
Close
Browse Categories