ദുഃഖവും ദുരിതവും അവസാനിപ്പിക്കാന്‍ നന്മ ചെയ്യണം

ചേപ്പാട് യൂണിയന്‍ 202-ാം നമ്പര്‍ ഏവൂര്‍ വടക്ക് ശാഖയിലെ ക്ഷേത്രസമര്‍പ്പണ സമ്മേളനം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിക്കുന്നു.

ഹരിപ്പാട്: ജനങ്ങളുടെ ദുഃഖവും ദുരിതവും അവസാനിപ്പിക്കാന്‍ നന്മ ചെയ്യണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കൊവിഡ് കാലത്ത് രണ്ടുകോടി രൂപയാണ് കണിച്ചുകുളങ്ങരയില്‍ ജനങ്ങളുടെ കണ്ണീരൊപ്പാന്‍ വിവിധ സ്‌കീമുകളിലായി നല്‍കിയത്. മാനവസേവ മാധവ സേവയാണ്.

ജനങ്ങളുടെ ദുഃഖവും ദുരിതവും അവസാനിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളെ ദേവി ഇഷ്ടപ്പെട്ടതു കൊണ്ടാണ് വീണ്ടും ക്ഷേത്രഭരണസമിതി സെക്രട്ടറി സ്ഥാനത്തേക്ക് താന്‍ തിരഞ്ഞെടുക്കപ്പെട്ടതെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു. യോഗം ചേപ്പാട് യൂണിയനിലെ ഏവൂര്‍ വടക്ക് 202-ാം നമ്പര്‍ ശാഖയിലെ ശ്രീനാരായണ ഗുരുക്ഷേത്രത്തിന്റെയും പ്രാര്‍ത്ഥനാ ഹാളിന്റെയും സമര്‍പ്പണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരുടെ വിശപ്പടക്കാനുള്ള പ്രവര്‍ത്തികള്‍ ചെയ്യുക. അതാണ് ദൈവത്തിന് നല്‍കുന്ന യഥാര്‍ത്ഥ പൂജ. അവിടെ അതാണ് നടക്കുന്നത്. നമ്മള്‍ നന്മ ചെയ്താല്‍ മതി. അത്തരം ജീവിതാനുഭവങ്ങള്‍ ധാരാളമുണ്ട്. സമുദായത്തിന്റെ സാമ്പത്തിക പിന്നാക്ക അവസ്ഥ തരണം ചെയ്യാനാണ് മൈക്രോഫിനാന്‍സ് പദ്ധതി ആവിഷ്‌കരിച്ചത്.
ധനലക്ഷ്മി ബാങ്കിലെ ഡയറക്ടര്‍ ഹൈദരാബാദുകാരന്‍ റാവുവാണ് ആശയവുമായി തന്നെ സമീപിച്ചത്. അവിടേക്ക് കൊണ്ടുപോയി രണ്ട് ദിവസത്തെ പരിശീലനം നല്‍കിയ ശേഷമാണ് തിരിച്ചയച്ചത്. നൂറ് കോടിയാണ് തന്നത്. സാമ്പത്തിക വിപ്ലവം തന്നെ നമുക്ക് നടത്താന്‍ സാധിച്ചു.മാറ്റങ്ങള്‍ക്ക് വേണ്ടി ശ്രമിച്ചപ്പോള്‍ കുമാരനാശാനെ കൂടെ നിന്നവര്‍ ചതിച്ച പോലെ തന്നെയും ചതിക്കുകയായിരുന്നില്ലേ. എത്ര കേസാണ് കൊടുത്തത്. ലിക്വിഡേറ്റ് ചെയ്യുമെന്നാ പറഞ്ഞത്. അഞ്ചുകൊല്ലം കേസ് നടത്തിയില്ലേ. നമ്മുടെ ശത്രു നമ്മള്‍ തന്നെയാണ്.

യൂണിയന്‍ പ്രസിഡന്റ് സലിംകുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി എന്‍. അശോകന്‍, പ്രൊഫ. വി. പ്രസാദ്, എം.കെ. വേണുകുമാര്‍, ഡി. കാശിനാഥന്‍, എം.കെ. ശ്രീനിവാസന്‍, ഡി. ധര്‍മ്മരാജന്‍, രഘുനാഥ്, എന്‍. സഹദേവന്‍, ഭാനുക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു.

Author

Scroll to top
Close
Browse Categories