ജാതി പറയുന്നത് അപമാനമല്ല, അഭിമാനമാകണം
കുട്ടനാട്: സംവരണ നിയമപ്രകാരം ജാതിയും മതവും വര്‍ണ്ണവും വര്‍ഗ്ഗവും ഇവിടെ നിലനില്‍ക്കുമ്പോള്‍ ജാതി പറയുന്നത് അപമാനമല്ല, അഭിമാനമാണെന്ന ചിന്തയാണ് നമുക്ക് വേണ്ടതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
യോഗം കുട്ടനാട് സൗത്ത് യൂണിയന്‍ വൈശ്യംഭാഗം 3466-ാം നമ്പര്‍ ശാഖയിലെ ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയും ക്ഷേത്ര നടപ്പന്തല്‍ സമര്‍പ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടുബാങ്കായ സമുദായങ്ങളെ പ്രീണിപ്പിക്കാന്‍ അധികാരികള്‍ പരസ്പരം മത്സരിക്കുകയാണ്. ഉള്ളവന് പിന്നെയും വാരിക്കൊടുക്കുകയാണ്. ഇതുമാറണമെങ്കില്‍ നമ്മളാരാണെന്ന് സ്വയം മനസ്സിലാക്കി ഒന്നായി നില്‍ക്കാന്‍ പഠിക്കണം.
അതുകൊണ്ടാണ് നമ്മളൊന്നായാലേ നന്നാകൂ എന്ന് ഞാന്‍ പറയുന്നത്.
ഒരു തുള്ളി സ്‌നേഹം കൊടുത്താല്‍ അത് ഒരു കുടമായി തിരിച്ചു തരുന്നവരാണ് കുട്ടനാട്ടുകാര്‍. വൈകാരികമായൊരു ബന്ധം കുട്ടനാടുമായി ഉണ്ട്. അതുകൊണ്ട് അവര്‍ക്ക് വേണ്ടി ചെയ്യാവുന്നതെല്ലാം യോഗം ചെയ്യുമെന്നും അദ്ദേഹംപറഞ്ഞു.
ശാഖാ പ്രസിഡന്റ് എം.ബി. ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷനായി. യൂണിയന്‍ കണ്‍വീനര്‍ അഡ്വ. പി. സുപ്രമോദം മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ കൗണ്‍സിലര്‍ ഉമേഷ് കൊപ്പാറയില്‍, യൂണിയന്‍ വനിതാസംഘം പ്രസിഡന്റ് സി.പി. ശാന്ത, വനിതാസംഘം സെക്രട്ടറി സിമ്മിജിജി, നെടുമുടി പഞ്ചായത്ത് പ്രസിഡന്റ് മിനി മന്മഥന്‍നായര്‍, കഞ്ഞിപ്പാടം ശാഖാ പ്രസിഡന്റ് പി.എസ്. ബിജു, നെടുമുടി ശാഖാ സെക്രട്ടറി കെ.ജി. മധുസൂദനന്‍, ചെമ്പുപുറം ശാഖാ പ്രസിഡന്റ് എന്‍. എസ്. കുഞ്ഞുമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി എം.സി. റിജു മോന്‍ സ്വാഗതവും വൈസ്‌പ്രസിഡന്റ് പി.പി. രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു.