വേണം നമുക്ക് ,സഹോദരസംഘം എന്ന’ദേശീയ ജാതി ഉച്ചാടന മിഷന്‍’
ചരിത്രപ്രാധാന്യമുള്ള ഒരു മിശ്രവിവാഹനിയമം ഇന്ത്യയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതിലൂടെ സഹോദരന്‍ അയ്യപ്പന്‍ ഗുരുവിന്റെ ആഗ്രഹം പൂര്‍ത്തീകരിക്കുകയായിരുന്നു. ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞ് 1954-ല്‍ ആണ് മിശ്രവിവാഹങ്ങളെ അംഗീകരിക്കുന്ന നിയമം ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയത്. പക്ഷേ ഈ നിയമം കൊണ്ടുമാത്രം പരിഹരിക്കാവുന്നതായിരുന്നില്ല മിശ്രിവാഹിതര്‍ക്കെതിരായ അതിക്രമങ്ങള്‍ .കേരളമൊഴിച്ചുള്ള സംസ്ഥാനങ്ങളില്‍ ‘ജാത്യാഭിമാനക്കൊലപാതകങ്ങള്‍ നടന്നുകൊണ്ടേയിരിക്കുന്നു.
മിശ്രഭോജനം പോലെ മിശ്രവിവാഹവും സഹോദരന്‍ മുന്നോട്ടു വച്ച മറ്റൊരു സാമൂഹിക നവീകരണ പ്രസ്ഥാനമായിരുന്നു. ജാതിഭേദവും മതവിദ്വേഷവും അവസാനിപ്പിക്കുവാന്‍ മിശ്രവിവാഹങ്ങളും അതിന്റെ സാമൂഹിക അംഗീകാരവും അനിവാര്യമാണെന്നു ബോധ്യപ്പെടുത്താനാണല്ലോ ഗുരുദേവന്‍ 1916-ല്‍ ഒരു മിശ്രവിവാഹം സ്വന്തം ആശ്രമത്തില്‍ വച്ചു നടത്തിയത്.
1917-ല്‍ രൂപീകരിച്ച സഹോദരസംഘത്തിന്റെ ഒരു കര്‍മ്മപദ്ധതി മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുകയും മിശ്രവിവാഹിതരെ സംരക്ഷിക്കുകയും ചെയ്യുക എന്നതായിരുന്നു. മിശ്രവിവാഹം എന്ന കാഴ്ചപ്പാടിനെ ബുദ്ധിജീവികളിലേക്കും നിയമനിര്‍മ്മാതാക്കളിലേക്കും സംക്രമിപ്പിക്കുവാന്‍ അയ്യപ്പനു കഴിഞ്ഞു. ജാതിനശീകരണത്തിനുള്ള മിശ്രവിവാഹത്തിന്റെ പ്രസക്തി ഡോ. ബി.ആര്‍. അംബേദ്കര്‍ അവതരിപ്പിക്കുന്നതിനും വളരെ മുമ്പായിരുന്നു സഹോദരപ്രസ്ഥാനം തുടങ്ങിയത്.
മിശ്രവിവാഹങ്ങള്‍ക്കു നിയമസാധുതയും അതുവഴി സാമൂഹിക അംഗീകാരവും ഉറപ്പാക്കിയ കൊച്ചി സിവില്‍ മാര്യേജ് ബില്‍ 1932ല്‍ ശക്തിയുക്തം വാദങ്ങള്‍ അവതരിപ്പിച്ചു പാസ്സാക്കിയെടുത്തത് സഹോദരനായിരുന്നു. ആചാരങ്ങളും കീഴ്‌വഴക്കങ്ങളും ലംഘിക്കുന്ന മിശ്രവിവാഹങ്ങളെ അംഗീകരിക്കുന്ന നിയമങ്ങള്‍ സൃഷ്ടിക്കുവാന്‍ ഇന്ത്യയിലെ നിയമപരിഷ്‌കര്‍ത്താക്കള്‍ തയ്യാറല്ലാത്ത കാലമായിരുന്നത്.
ബ്രിട്ടീഷ് ഇന്ത്യയില്‍ നിലവില്‍ വന്ന സ്‌പെഷ്യല്‍ മാര്യേജ് ആക്ട് 1872 പ്രകാരം ഹിന്ദുക്കള്‍, മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍, സിക്കുകാര്‍, ബുദ്ധമതക്കാര്‍, ജൈനമതക്കാര്‍, പാര്‍സികള്‍ എന്നീ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ അവരുടെ മതം ഉപേക്ഷിച്ചാല്‍ മാത്രമേ 1872ലെ നിയമപ്രകാരം വിവാഹിതരാകുവാന്‍ കഴിയുമായിരുന്നുള്ളു.
1922-ല്‍ വന്ന ഭേദഗതിപ്രകാരം ഹിന്ദുക്കള്‍, സിക്കുകാര്‍, ബുദ്ധമതക്കാര്‍, ജൈനമതക്കാര്‍ എന്നിവര്‍ക്കു മതം ഉപേക്ഷിക്കാതെ തന്നെ ആ മതങ്ങള്‍ക്കുള്ളില്‍ അന്യോന്യം മിശ്രവിവാഹത്തില്‍ ഏര്‍പ്പെടുവാനുള്ള അവസരം മാത്രമാണു നല്‍കപ്പെട്ടത്.
1932 -ലെ സഹോദരന്റെ സിവില്‍ മാര്യേജ് ആക്ട് ജാതി-മതഭേദമില്ലാതെ നടത്തപ്പെടുന്ന മിശ്രവിവാഹങ്ങള്‍ക്കു നിയമസാധുത്വം നല്‍കുകയും ശിശുവിവാഹം, ബഹുഭാര്യത്വം, ബഹുഭര്‍തൃത്വം എന്നിവയെ നിരോധിക്കുകയും ചെയ്തു. വിധവാ വിവാഹം അംഗീകരിക്കപ്പെട്ടു. അക്കാലത്തെ മറ്റു വ്യക്തിനിയമങ്ങളില്‍ കടന്നുകൂടിയിരുന്ന ‘ആചാരങ്ങളും കീഴ്‌വഴക്കങ്ങളും’ അനുസരിച്ച് വിവാഹം എന്നതു അയ്യപ്പന്റെ ബില്ലില്‍ ഒഴിവാക്കപ്പെട്ടിരുന്നു. ചരിത്രപ്രാധാന്യമുള്ള ഒരു മിശ്രവിവാഹനിയമം ഇന്ത്യയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതിലൂടെ സഹോദരന്‍ അയ്യപ്പന്‍ ഗുരുവിന്റെ ആഗ്രഹം പൂര്‍ത്തീകരിക്കുകയായിരുന്നു. ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞ് 1954-ല്‍ ആണ് മിശ്രവിവാഹങ്ങളെ അംഗീകരിക്കുന്ന നിയമം ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയത്. പക്ഷേ ഈ നിയമം കൊണ്ടുമാത്രം പരിഹരിക്കാവുന്നതായിരുന്നില്ല മിശ്രിവാഹിതര്‍ക്കെതിരായ അതിക്രമങ്ങള്‍ . കേരളമൊഴിച്ചുള്ള സംസ്ഥാനങ്ങളില്‍ ‘ജാത്യാഭിമാനക്കൊലപാതകങ്ങള്‍ നടന്നുകൊണ്ടേയിരിക്കുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിലവിലുള്ള ജാതി-വംശ ഖാപ് പഞ്ചായത്ത് ( khap Panchayat) ) ഭരണഘടനയെയും 1954ലെ ആക്ടിനെയും വെല്ലുവിളിച്ചു കൊണ്ടു ജാതിവിചാരണയും ശിക്ഷയും വിധിച്ചുകൊണ്ടിരിക്കുന്നു. ഖാപ് പഞ്ചായത്തുകള്‍ നിരോധിക്കണമെന്നു സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്. ദേശീയ താല്പര്യങ്ങള്‍ക്കു അനുകൂലമാണു മിശ്രവിവാഹങ്ങള്‍ എന്നു സുപ്രീംകോടതി 2018-ല്‍ പറഞ്ഞു. 2010-ല്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി സംസ്ഥാനങ്ങളോടു മിശ്രവിവാഹിതര്‍ക്കുള്ള സംരക്ഷണ വീടുകള്‍ (Protection Houses) നിര്‍മ്മിക്കണമെന്നു നിര്‍ദ്ദേശിച്ചു. ആയിരക്കണക്കിനു മിശ്രവിവാഹദമ്പതികള്‍ അത്തരം വീടുകളില്‍ അഭയം തേടുന്നുണ്ട്. എല്ലാവര്‍ഷവും ജാത്യാഭിമാനക്കൊലപാതകങ്ങളും ദളിത്-ആദിവാസികള്‍ക്കു നേരെയുള്ള മനുഷ്യവിരുദ്ധമായ പ്രവര്‍ത്തികളും തുടരുന്നു എന്നതു ഭാരതത്തിനു കളങ്കമാണ്.എല്ലാ ഭൗതിക നേട്ടങ്ങള്‍ക്കും മേലെ കരിനിഴല്‍ വീഴ്ത്തുന്നതാണു ജാതിവിവേചനം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനൊപ്പം ജാതിവിവേചന നിര്‍മ്മാര്‍ജ്ജനവും ഉറപ്പുവരുത്തപ്പെടണം. അന്തസ്സോടെ ജീവിക്കുവാന്‍ ജാതിവിവേചനങ്ങള്‍ക്കു വിധേയരാവുന്നവര്‍ക്ക് ഒരിക്കലും സാധിക്കുകയില്ല.
”ഭാരതമെന്ന പേര്‍ കേട്ടാല്‍ അഭിമാനപൂരിതമാകണം അന്ത:രംഗം” എന്നതു യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ജാതിവിവേചനത്തിന്റെ സര്‍വനാശമുണ്ടാകണം
സഹോദരസംഘത്തിന്റെ
വാര്‍ഷിക സമ്മേളനം
സഹോദരസംഘത്തിന്റെ വാര്‍ഷിക സമ്മേളനം 1921 മെയ് 15-ാം തീയതി ആലുവ അദ്വൈതാശ്രമ പരിസരത്തു വച്ചു നടത്തി. അതിനെ സംബന്ധിച്ച പോലീസ് റിപ്പോര്‍ട്ടുകള്‍ സഹോദരസംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ സവര്‍ണഭരണകൂടം എത്രമാത്രം കരുതലോടെ കണ്ടിരുന്നു എന്നു സൂചിപ്പിക്കുന്നു.
ആലുവ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് തിരുവിതാംകൂര്‍ കമ്മീഷണര്‍ ഓഫ് പോലീസിനു നല്‍കിയ റിപ്പോര്‍ട്ടാണു ആദ്യത്തേത്.
പള്ളിപ്പുറം സഹോദരസംഘത്തിന്റെ (Brother Sangham) ആഭിമുഖ്യത്തില്‍ 1096 ഇടവം രണ്ടാംതീയതി, 1921 മേയ് 15-ാം തീയതി ആലുവ അദ്വൈതാശ്രമ സംസ്‌കൃത സ്‌കൂളിന്റെ പരിസരത്ത് അഖില കേരള സഹോദരസംഘം വാര്‍ഷിക സമ്മേളനം നടത്തുകയുണ്ടായി.
വലിയൊരു ബഹുജന സമ്മേളനമായിരുന്ന അതിന് ആദ്യം ശ്രീനാരായണഗുരുസ്വാമിയും പിന്നീട് കൊച്ചിയിലെ ഒരു മുന്‍സിഫ് ആയ മിസ്റ്റര്‍ ഇയ്യാക്കുട്ടിയും അദ്ധ്യക്ഷം വഹിച്ചു.
സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ കൂടുതലും തിരുവിതാകൂര്‍, കൊച്ചി, മലബാര്‍ ഭാഗത്തു നിന്നുമുള്ള ഈഴവരായിരുന്നു. കൂടാതെ നായന്മാര്‍, മൊഹമ്മദീയര്‍, ക്രിസ്ത്യാനികള്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവരും ഉണ്ടായിരുന്നു. ഈഴവ സ്ത്രീകളും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. പ്രാസംഗികരില്‍ തലവടി അയ്യപ്പന്‍പിള്ള, കേരളകൗമുദി പത്രത്തിന്റെ എഡിറ്റര്‍ സി.വി. കുഞ്ഞുരാമന്‍, മൈസൂരിലെ ഡോ. പല്പുവിന്റെ മകന്‍ നടരാജന്‍, ദേശാഭിമാനി പത്രത്തിന്റെ മാനേജര്‍ കെ. പത്മനാഭന്‍, എറണാകുളത്തെ വക്കീലായ എം.കെ. രാമന്‍, വടകര രുഗ്മിണി എന്ന സ്ത്രീയും ഉണ്ടായിരുന്നു.
ഹിന്ദുമതത്തെ സംബന്ധിച്ചും അവശ വിഭാഗങ്ങളുടെ ഉന്നമനത്തെക്കുറിച്ചും, മിശ്രഭോജനം, മിശ്രവിവാഹം എന്നിവയെക്കുറിച്ചും പ്രസംഗിച്ചതു കൂടാതെ ജാതി നിയമങ്ങള്‍ ലംഘിക്കണമെന്ന ആഹ്വാനവുമുണ്ടായി.
3-10-1096 ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ്
ആലുവ
1921 മേയ് മാസം 24-ാം തീയതി കോട്ടയം ഡിസ്ട്രിക്ട് പോലീസ് സൂപ്രണ്ട് തിരുവിതാംകൂര്‍ പോലീസ് കമ്മീഷണര്‍ക്കു അയച്ച കത്ത് സഹോദരസംഘത്തിന്റെ ജനകീയ പിന്തുണയും അതു ഉയര്‍ത്തിയേക്കാവുന്ന വിപത്തുകളെയും സൂചിപ്പിക്കുന്നതായിരുന്നു.
കമ്മീഷണര്‍ക്ക്,
1921 മെയ് 15-ാം തീയതി ആലുവ അദ്വൈതാശ്രമത്തിന്റെ പരിസരത്ത് നടന്ന വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു സമ്മേളനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണിത്.
മീറ്റിംഗിനു അദ്ധ്യക്ഷം വഹിച്ചത് ഈഴവരുടെ മതനേതാവായ ശ്രീനാരായണഗുരുവായിരുന്നു. വളരെ പ്രാധാന്യമുള്ള ചില പ്രഖ്യാപനങ്ങള്‍ അദ്ദേഹം നടത്തി. ഒരു പുതിയ സിദ്ധാന്തം അവതരിപ്പിച്ചു.
”മനുഷ്യരെല്ലാം ഒരു ജാതിയാണെന്നും അവര്‍ അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിനു യാതൊരു ദോഷവുമില്ല” എന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം ‘മഹാസന്ദേശം’ എന്ന പേരില്‍ ഗുരുവിന്റെ ഒപ്പോടുകൂടിയുള്ള ലഘുലേഖയും ഗുരുവിന്റെ പടമുള്ള ഒരു ചെറുപുസ്തകവും മീറ്റിംഗില്‍ പങ്കെടുത്തവര്‍ക്കു നല്‍കി. ഈ പുതിയ സിദ്ധാന്തം ഹിന്ദു സാമൂഹിക വ്യവസ്ഥിതിയുടെ പ്രാഥമിക തത്വങ്ങള്‍ക്കെതിരാണ്. ഹിന്ദു സാമൂഹിക വ്യവസ്ഥിതി തകര്‍ക്കുവാനായി വളരെ സംഘടിതമായ സമരം ഈഴവര്‍ ആരംഭിക്കുമെന്നതിന്റെ സൂചനയാണിത്. പുതിയ സിദ്ധാന്തം താമസിയാതെ ചെറുതും വലുതുമായ ഈഴവ സമ്മേളനങ്ങളില്‍ പ്രചരിപ്പിക്കപ്പെടും. ചേര്‍ത്തല, വൈക്കം താലൂക്കുകളില്‍ എല്ലാ ഞായറാഴ്ചകളിലും അവര്‍ ഒത്തുകൂടുന്നു. കൂടാതെ ക്ലസ്റ്റര്‍ മീറ്റിംഗുകളും നടക്കുന്നുണ്ട്. അതിനെക്കുറിച്ചു മാത്രമേ ഞങ്ങള്‍ക്ക് റിപ്പോര്‍ട്ട് കിട്ടാറുള്ളു. അജ്ഞാനികളായ ഈഴവരുടെ ഇടയില്‍ ഈ ആശയം പ്രചാരം നേടിക്കൊണ്ടിരിക്കുന്നു. അവരെ ചിന്തിക്കുവാനും ഉയര്‍ന്ന ജാതി സ്ത്രീകളെ വിവാഹം കഴിക്കുവാനുള്ള അവകാശം അവര്‍ക്കുണ്ടെന്നും ബോധ്യപ്പെടുത്തുന്നു. യഥാര്‍ത്ഥത്തില്‍ ക്ഷേത്രപ്രവേശനത്തിനു വേണ്ടിയുള്ള സമരങ്ങള്‍ ശക്തമാക്കുവാനും, ഉന്നതജാതി സ്ഥാനം ലഭിക്കുവാനും, ഉന്നതജാതിക്കാരുമായി ഇടകലരാനും വേണ്ടിയുള്ള ശ്രമങ്ങളാണ്.ഇത്തരത്തിലുള്ള സന്ദേശത്തിനു പൊതുസമാധാനം തകര്‍ക്കാന്‍, പ്രത്യേകിച്ചും ചേര്‍ത്തല, വൈക്കം താലൂക്കുകളില്‍ കഴിയും. ഇപ്പോള്‍ മഴക്കാലമായതിനാല്‍ അധികം മീറ്റിംഗുകള്‍ നടക്കുവാന്‍ സാധ്യതയില്ല. പക്ഷേ മഴ കഴിഞ്ഞാല്‍ ഇവരുടെ സമരം അപകടകരമായ സ്ഥിതി കൈവരിക്കും. സമരം തുടരുകയാണെങ്കില്‍ തക്കതായ നടപടികള്‍ സ്വീകരിക്കേണ്ടി വരും. മീറ്റിംഗ് നിരോധിക്കുക എന്നതു പ്രായോഗികമല്ല, കാരണം, താലൂക്കുകളില്‍ നടക്കുന്ന വാരാന്ത്യമീറ്റിംഗ് തടയുക പ്രായോഗികമല്ല. ഇത്തരം സമരങ്ങള്‍ തുടരുകയാണെങ്കില്‍ ശക്തമായ ഒരു പ്രതിരോധ പോലീസ് സൈന്യത്തെ അതു നേരിടുവാനായി രണ്ടു താലുക്കുകളിലും വിന്യസിക്കണം അതിന്റെ ചെലവിനായി എല്ലാവിഭാഗങ്ങളില്‍ നിന്നും ചാര്‍ജ്ജ് ഈടാക്കണം. ലഘുലേഖയുടെയും, ചെറിയ ബുക്കിന്റെയും കോപ്പി ഉള്ളടക്കം ചെയ്തിരിക്കുന്നു.
ഡിസ്ട്രിക്ട് സൂപ്രണ്ട് ഓഫ് പോലീസ്,
കോട്ടയം 24-05-1921.
ജാതി-മതഭേദമില്ലാതെ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രദേശങ്ങളിലെ ബൗദ്ധികകൂട്ടം സഹോദരസംഘത്തേയും മിശ്രഭോജനത്തെയും സ്വീകരിച്ചു ജനങ്ങളുടെ ഇടയില്‍ കര്‍മ്മപദ്ധതിയാക്കി. കേരളീയരുടെ മനസ്സിന്റെ മാലിന്യമായിരുന്ന ജാതിവിവേചനത്തിന്റെ ചങ്ങലക്കണ്ണികള്‍ ഒന്നൊന്നായി അതുപൊട്ടിച്ചെറിഞ്ഞു. ആധുനിക കേരളത്തിന്റെ സൃഷ്ടിയായിരുന്നു അത്.
സഹോദരസംഘം;
ദേശീയ ‘ജാതി ഉച്ചാടന മിഷന്‍’
ഭാരതസര്‍ക്കാര്‍ 60-ല്‍പരം ജനക്ഷേമപദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി വരുന്നു. ഇന്ദിര ആവാസ് യോജന, പ്രധാനമന്ത്രി ആവാസ് യോജന, അന്ത്യോദയ അന്നയോജന, സ്വാഭിമാന്‍, ദേശീയ ഭക്ഷ്യസുരക്ഷാ മിഷന്‍, സ്വച്ഛ്ഭാരത് അഭിയാന്‍, പ്രധാനമന്ത്രി ഉജ്ജ്വലയോജന തുടങ്ങിയവ അവയില്‍ ചിലത് മാത്രം.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉദ്ഗതിക്കുവേണ്ടിയുള്ള നിരവധി മിഷനുകളും പ്രവര്‍ത്തിക്കുന്നു.
തുറന്ന മലമൂത്ര വിസര്‍ജ്ജനം അവസാനിപ്പിക്കുവാനും മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനും വേണ്ടി ആരംഭിച്ച സ്വച്ഛ്ഭാരത് മിഷന്‍ ശ്രദ്ധേയമാണ്. തുറന്ന മലമൂത്രവിസര്‍ജ്ജന സാഹചര്യങ്ങളില്‍ നിന്നും അരികുവല്‍ക്കരിക്കപ്പെട്ടവരെ മോചിപ്പിക്കുന്നതു അവരുടെ അന്തസ്സ് ഒരു തലത്തില്‍ ഉറപ്പാക്കുന്നു. ദാരിദ്ര്യം കുറക്കുവാനും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങള്‍ അനുഭവിക്കുവാനും വേണ്ടി നിരവധി മിഷനുകളും പ്രവര്‍ത്തിക്കുന്നു.
ജാതിവിവേചനത്തിനും, ജാത്യാഭിമാനക്കൊലപാതകങ്ങള്‍ക്കും മന്ത്രവാദിനി വേട്ടക്കും മറ്റും ഇരകളാകാതെ, ആത്മാഭിമാനത്തോടെ ജീവിക്കുന്ന ജീവിതാവസ്ഥ ഭൗതിക പുരോഗതി കൊണ്ടു മാത്രം നേടുവാന്‍ കഴിയില്ല.
”മനുഷ്യജന്മം നേടി പുഴുവോ പോത്തോ പോലെ
നിറച്ചു തിന്നു ചാത്താലെന്തൊരു ഫലമുണ്ട്?”
എന്ന സഹോദരന്റെ വാക്കുകള്‍ അര്‍ത്ഥവത്താണ്. ചുറ്റുപാടുകളിലുള്ള മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനായി സ്വച്ഛഭാരതമിഷന്‍ നമുക്കുണ്ട്. പക്ഷേ മനുഷ്യമനസ്സുകളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ജാതിവിവേചനമാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുവാനായി ഭാരതത്തില്‍ ഒരു മിഷനുമില്ല.
” സഹോദരസംഘം; ദേശീയ ജാതി ഉച്ചാടന മിഷന്‍” എന്ന കർമ്മ പദ്ധതി ഭാരതത്തിന്റെ അനിവാര്യതയാണ്. പുരോഗതിക്കുവേണ്ടിയുള്ള മറ്റെല്ലാ പദ്ധതികളും പുര്‍ണമാകുവാന്‍ മൂല്യബോധനിര്‍മ്മിതിയും ആവശ്യമാണ്. അതിനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കേണ്ടുന്നത് നിയമസഭാ സാമാജികരുടെയും ഉദ്യോഗസ്ഥരുടെയും ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്.
5000ത്തില്‍പരം നിയമസഭാ സമാജികരും 750ല്‍പരം പാര്‍ലമെന്റ് അംഗങ്ങളും, ജില്ലാ ഭരണകൂടങ്ങളും പഞ്ചായത്തുകളും ഒത്തുചേര്‍ന്നു നടപ്പാക്കേണ്ടുന്ന ഒരു മിഷന്‍ ആയിരിക്കണം അത്. ഗ്രാമങ്ങളിലും നഗരങ്ങളിലും സഹോദരസംഘങ്ങള്‍ സ്ഥാപിച്ച് മിശ്രഭോജനം വ്യാപകമായി നടത്തി മനുഷ്യമനസ്സിലെ ജാതിവെറുപ്പും, ജാതിക്കുശുമ്പും ഇല്ലാതാക്കുവാന്‍ വേണ്ടിയാകണം അത്. മിശ്രവിവാഹിതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ മനുഷ്യവിരുദ്ധമാണെന്നും സംഘങ്ങള്‍ വഴി പ്രചരിപ്പിക്കപ്പെടണം.
ദേശീയ ജാതി ഉച്ചാടന മിഷനുവേണ്ടി (സഹോദരസംഘം) ലോക്‌സഭാ ചട്ടങ്ങളിലെ റൂള്‍ 193, രാജ്യസഭാ ചട്ടങ്ങളിലെ റൂള്‍ 176 എന്നിവ പ്രകാരം ഒരു ഹ്രസ്വകാല ചര്‍ച്ച ആവശ്യപ്പെടുന്ന പ്രമേയം കേരളത്തില്‍ നിന്നുള്ള പ്രബുദ്ധരും, മാനവികതയുടെ പ്രചാരകരുമായ പാര്‍ലമെന്റ് അംഗങ്ങള്‍ അവതരിപ്പിക്കുമെന്നു നമുക്കു പ്രതീക്ഷിക്കാം