പുഴയെക്കുറിച്ചു ചില പരമാർത്ഥങ്ങൾ
പുഴയെക്കുറിച്ച് ഞാൻ ഇതുവരെ നിർത്താതെ ചൊല്ലിയതൊക്കെയും കളവാണ് കൂട്ടരേ!
പുഴ മഹാകാരുണ്യ ശാലിയെന്നും പുഴയോർമ്മകൾക്കില്ല മങ്ങലെന്നും
കുളിരിൽ പൊതിയും വിശുദ്ധിയെന്നും
പ്രാർത്ഥന ചൊല്ലുന്നൊരമ്മയെന്നും
നിസ്വാർത്ഥത തൻ മറുനാമമെന്നും
കടലിനെ പുണരുന്ന പ്രണയമെന്നും
കരകളെ തഴുകുന്ന സഹനമെന്നും
സകലരും അമ്മയ്ക്ക് തനയരെന്നും
സമഭാവനയുടെ നന്മയെന്നും
ഇതുവരെ ഇതുവരെ വർണ്ണിച്ചതൊക്കെയും കളവാണ് കൂട്ടരേ !
പുഴയൊഴുകുന്നു പുഴയ്ക്ക് വേണ്ടി
കരയിലിരിക്കുന്ന നമ്മളെ കാണാതെ അന്ധമായൊഴുകുന്നു സ്വാർത്ഥമായി.
മറ്റൊരാൾക്കുതകാത്ത
നീരൊഴുക്കായ്
…..
തകരുവാൻ ഇനിയൊരു സ്വപ്നമില്ല
സാന്ത്വന സ്പർശനം ബാക്കിയില്ല.
ഒരു കൊച്ചു മലയുടെ അകിടിൽ നിന്നും
ഒരു പുഴ വീണ്ടും ജനിക്കയല്ലേ?
പിറവിക്കകമ്പടിത്താളമില്ല,
കാഴ്ച ദ്രവ്യങ്ങൾ നിരന്നതില്ല.
നക്ഷത്രമേതുമുദിച്ചതില്ല.
മാലാഖമാർ വന്നു പാടിയില്ല.
പുതിയ പുഴയ്ക്കായി കാത്തിരിക്കാം
പുഴ നമ്മെക്കാണുമെന്നാശ്വസിക്കാം.
കാത്തിരിപ്പിന്റെ മുഴക്കുഴലിൽ
കാലത്തിൻ കാൽപ്പാട് തെളിയുമല്ലോ!