ഫേസ്‌ബുക്കിലെ ഗാന്ധി

ഗാന്ധിയെ കുറിച്ച്
നാലുവരി കുറിക്കണമെന്ന്
അയാൾക്ക് ഒരുൾവിളിയുണ്ടായി
ചെറുപ്രായത്തിൽ
കൃഷ്ണൻ മാസ്റ്ററുടെ
കസേരക്കപ്പുറത്തെ
ചുമരിൽ കണ്ട ഫോട്ടോ
‘’ ആരുടെ മുത്തച്ഛനാണ്‌’’
എന്ന് സംശയിച്ചതിനു ശേഷം
ഇന്നാണ് ഗാന്ധിയെ ഓർക്കുന്നത്
അല്ലെങ്കിൽ
“ഗാന്ധി ഇന്ത്യയെ എന്താക്കി ?
ഇന്ത്യയെ മാന്തി പുണ്ണാക്കി’’
എന്ന ചോദ്യവും ഉത്തരവും
അന്തരീക്ഷത്തിൽ നിറഞ്ഞു നിന്ന
കുട്ടിക്കാലത്തിനു ശേഷം.

ഇന്ന് ഓർക്കാൻ പറ്റിയ ദിവസമാണ്
ജനുവരി 30
എഫ് ബി യിൽ കുറിപ്പിടാത്തതുകൊണ്ട്
ചേ ഗുവേരയെ
നീ കേട്ടിട്ടില്ലല്ലേ,
നിനക്ക് ചരിത്രബോധമില്ലല്ലേ
എന്ന് പരിഹസിച്ച
ചങ്ങാതിമാരാണ് .
ഇനിയെങ്ങനെ പാടില്ല.

വെടിയേറ്റ് വീണു കിടക്കുന്നത്
സിനിമാച്ചിത്രം പോലെ ഉള്ളിൽ പതിയണം
തോക്കു ചൂണ്ടിയവൻറെ വിറക്കാത്ത
വിരലുകളാണോ
പാതി മറഞ്ഞ മുഖമാണോ
അതോ അയാളുടെ
തോക്കു നീട്ടുന്നതിന് മുമ്പുള്ള
വണക്കമാണോ
കുമ്പിടലാണോ
ക്ലോസപ്പിൽ വരേണ്ടത് ?
തോക്കിൽ നിന്ന് പറന്ന
ബുള്ളറ്റുകൾ…
അതെങ്ങനെ വാക്കുകളിൽ
പറത്തും ?
നെഞ്ചിൽ തറക്കുന്നത്‌
കൂട്ടക്ഷരങ്ങളും ചില്ലക്ഷരങ്ങളും കൊണ്ട്
വരയ്ക്കാൻ പറ്റുമോ ?

ഗാന്ധി
സൗത്താഫ്രിക്കയിൽ പോയതും
അവിടെ വെച്ച് വെള്ളക്കാരൻ സായിപ്പ്
ട്രെയിനിൽ നിന്ന് ഉന്തി പുറത്താക്കിയതും
കഥയായി ‘അമ്മ പറഞ്ഞുതന്നിട്ടുണ്ട്
ഉപ്പുകുറുക്കിയ കഥയും
കേട്ടിട്ടുണ്ട്
മുത്തച്ഛൻ പറയുമ്പോലെ
അതൊക്കെ അവരുടെ കാലം
അവരുടെ കാര്യം

അതെങ്ങനെ മാത്രമല്ലെന്ന്
ഓരോരുത്തർ
പറയുന്നുണ്ട് ,
ആ….ആർക്കറിയാം.

ഒന്നറിയാം
നാളെ ജനുവരി 30 ആണ്
ഗാന്ധിയെ പറ്റി
എഫ് ബി യിൽ ഒന്നും കുറിച്ചില്ലെങ്കിൽ
താൻ മൈക്ക് പിടിച്ചുവരുന്ന
ചാനൽ ചോദ്യക്കാരന്റെ മുന്നിൽ
നെഹ്റു ആരായിരുന്നു
എന്ന ചോദ്യത്തിന്
‘’ പഴയ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ’’ എന്ന്
പറഞ്ഞ സുമേഷിനെ പ്പോലെ ആകും.
അയാൾ മഞ്ഞളിച്ച മുഖവുമായി
തെരുവിലേക്ക് നോക്കി

ആ നേരം
വടി കുത്തിപ്പിടിച്ച്
കവലകളിലും
പല്ലില്ലാത്ത വാ തുറന്നു
നോട്ടുകെട്ടുകളിലുമിരുന്ന്
ഗാന്ധിജി
അയാളെ നോക്കി കണ്ണിറുക്കി
പിന്നെ
‘’ഇവർ ചെയ്യുന്നതെന്തെന്ന്
ഇവരറിയുന്നില്ല’’ എന്ന മട്ടിൽ
‘ഹേ റാം …ഹേ റാം”
എന്നുരുവിട്ടു

Author

Scroll to top
Close
Browse Categories