പുത്തൻ മന്ത്രിക്ക്ഇ ബസ് ഷോക്ക്
ഇന്ത്യയിൽ പൊതുഗതാഗതത്തിന്റെ മൂന്നിലൊന്ന് വാഹനങ്ങളെങ്കിലും സി.എൻ.ജി/ ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് മാറണമെന്നാണ് സർക്കാർ നയം. പെട്ടെന്ന് പേരെടുക്കാൻ നോക്കിയെങ്കിലും ഇരിയ്ക്കും മുമ്പെ കാൽ നീട്ടി നടുവൊടിഞ്ഞ ഗണേശ് കുമാറിന് ഇപ്പോൾ മിണ്ടാട്ടം മുട്ടി. കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരെ കണ്ട അദ്ദേഹം നീരസത്തോടെ പറഞ്ഞത് ‘ഇനിയൊന്നുമില്ല പറയാൻ, മതിയായി. ഇനി എന്തെങ്കിലുമുണ്ടെങ്കിൽ ഉദ്യോഗസ്ഥർ പറയും’ എന്നായിരുന്നു. ഇത് പല അഭ്യൂഹങ്ങൾക്കും വഴിവച്ചു. മന്ത്രിസ്ഥാനം രാജിവച്ച് മുന്നണിവിടുമെന്ന് വരെ പ്രചരിക്കുന്നുണ്ടെങ്കിലും അങ്ങനെയൊരു ബുദ്ധിമോശം ഗണേശ് കുമാർ കാട്ടുകയില്ലെന്ന് അദ്ദേഹത്തെ അറിയുന്നവർക്ക് ഉത്തമബോദ്ധ്യമുണ്ടാകും.
കെ.എസ്.ആർ.ടി.സിയിൽ ഒരു ‘സർജിക്കൽ സ്‌ട്രൈക്ക്’ തന്നെ നടത്താൻ തുനിഞ്ഞിറങ്ങിയ കെ.ബി.ഗണേശ് കുമാറെന്ന മന്ത്രി ഇപ്പോൾ നഞ്ച് കടിച്ചതുപോലെയാണ് . കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യെന്ന അവസ്ഥ. സത്യൻ അന്തിക്കാടിന്റെ പഴയൊരു സിനിമയിലെ ഡയലോഗ് പോലെ, ‘പവനായി ശവമായി’ എന്ന മട്ടിലായി.
രണ്ടാം പിണറായി മന്ത്രിസഭയുടെ രണ്ടര വർഷം പൂർത്തിയായപ്പോഴാണ് മന്ത്രിസഭ രൂപീകരണ കാലത്ത് ഇടതുമുന്നണിയിലുണ്ടാക്കിയ ധാരണ പ്രകാരം ആന്റണി രാജുവിന് പകരക്കാരനായി ഗണേശ് കുമാറെത്തിയത്. ഗണേശിനെ മന്ത്രിയാക്കുന്നതിനെതിരെ കോൺഗ്രസ് എതിർപ്പുയർത്തിയെങ്കിലും അതൊന്നും വേണ്ട വിധം ഏശിയില്ല. വെറും വഴിപാട് പോലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചില വാചക കസർത്തുകൾ നടത്തിയതിനപ്പുറം മറ്റൊന്നും സംഭവിച്ചില്ല. മോട്ടോർ വാഹനവകുപ്പ് തന്നെ ഗണേശിന് നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിച്ചു. എന്നാൽ മന്ത്രി സജിചെറിയാന്റെ കൈവശമിരിക്കുന്ന സിനിമ വകുപ്പ് കൂടി വേണമെന്ന് ഗണേശും അദ്ദേഹത്തിന്റെ ‘ഈർക്കിലി’ പാർട്ടിയും സമ്മർദ്ദ തന്ത്രം പ്രയോഗിച്ചെങ്കിലും അതിന് പുല്ല് വിലപോലും ലഭിച്ചില്ല. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും മുമ്പേ തന്നെ ഗണേശന്റെ വീമ്പ് പറച്ചിൽ തുടങ്ങിയിരുന്നു.
വർഷങ്ങളായി ജീവനക്കാർക്ക് കൃത്യമായി ശമ്പളമോ വിരമിച്ചവർക്ക് പെൻഷനോ ലഭിക്കാത്ത കെ.എസ്.ആർ.ടി.സി യിൽ താൻ മന്ത്രിയായി എത്തുന്നതോടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വികസന പദ്ധതികളെക്കുറിച്ചൊക്കെ മാധ്യമങ്ങൾക്ക് മുന്നിൽ അദ്ദേഹം വാചാലനായി. ആരും തന്റെ മുന്നിൽ ശുപാർശകളുമായി എത്തരുതെന്നും എത്തിയാൽ നല്ല സ്വീകരണമാകില്ല ലഭിക്കുകയെന്നുമൊക്കെ വച്ചുകാച്ചി. കൂട്ടത്തിൽ തന്റെ മുൻഗാമിയായ ആന്റണി രാജുവിനിട്ടൊരു താങ്ങ് കൊടുക്കാനും മറന്നില്ല. അതോടെ ആന്റണിരാജുവും കലിപ്പിലായി. കെ.എസ്.ആർ.ടി.സിയിൽ അഴിമതിയും വരുമാന ചോർച്ചയും ഉണ്ടെന്ന ഗണേശിന്റെ പ്രസ്താവന ആന്റണിരാജുവിനെ മാത്രമല്ല, മറ്റു പലരുടെയും നെറ്റി ചുളിപ്പിച്ചു. ഗണേശ് കുമാർ മന്ത്രിയായാൽ പിണറായി മന്ത്രിസഭയിലെ ഏറ്റവും കരുത്തനും കാര്യശേഷിയുമുള്ളൊരു മന്ത്രിയെയാകും ലഭിക്കാൻ പോകുന്നതെന്ന് ചില മാധ്യമങ്ങളും സ്തുതിപാഠകരും തട്ടിവിട്ടു. മന്ത്രിയെന്ന നിലയിൽ ഗണേശ് കുമാർ ഒരു സംഭവമാകുമെന്ന പ്രതീതി സൃഷ്ടിക്കാൻ ചിലരുടെ പി.ആർ.വർക്ക് കൂടിയായതോടെ ജനം ഉറ്റുനോക്കുകയായിരുന്നു. കെ.എസ്.ആർ.ടി.സി യിൽ എന്തെങ്കിലും നല്ലകാര്യം നടപ്പാക്കിയാൽ അത് തങ്ങൾക്ക് ഉപകാരമാകുമല്ലോ എന്ന് നാട്ടിലെ ജനങ്ങളോടൊപ്പം കോർപ്പറേഷനിലെ ജീവനക്കാരും പ്രതീക്ഷിച്ചു. ഇക്കഴിഞ്ഞ ഡിസംബർ 29 ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഗണേശ് കുമാർ ആദ്യം പ്രഖ്യാപിച്ചത് കേരളത്തിലെ ഡ്രൈവിംഗ് ടെസ്റ്റ് അടിമുടി പരിഷ്ക്കരിക്കുമെന്നാണ്. ഇപ്പോഴത്തെ രീതിയനുസരിച്ച് ഇരുചക്ര വാഹന ലൈസൻസ് ലഭിക്കാൻ എട്ട് (8) എടുക്കുന്നതും മറ്റു വാഹനങ്ങളുടെ ലൈസൻസ് ലഭിക്കാൻ എച്ച് (H) എടുക്കുന്ന രീതിയും അവസാനിപ്പിച്ച് വളവും തിരിവും കയറ്റവും ഉള്ള റോഡുകളിലൂടെ വാഹനം ഓടിച്ചാൽ മാത്രം ലൈസൻസ് നൽകുന്ന രീതി നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. അതുപോലെ ലേണേഴ്‌സ് ലൈസൻസ് നൽകുന്ന പതിവ് രീതിക്ക് മാറ്റം വരുത്തുമെന്നും പറഞ്ഞു.
ഇലക്‌ട്രിക് ബസിൽ തൊട്ടു,
ഷോക്കേറ്റു
മന്ത്രിയായിചുമതലയേറ്റതിനു പിന്നാലെ ആരോടും ആലോചിക്കുകപോലും ചെയ്യാതെ തന്നിഷ്ടപ്രകാരം അദ്ദേഹം ഒരു പ്രസ്താവനയങ്ങ് നടത്തി. പ്രവർത്തന ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ഇലക്‌ട്രിക് ബസുകൾ ഇനി വാങ്ങില്ലെന്നും ഡീസൽ ബസുകളല്ലോ ലാഭകരം എന്നുമായിരുന്നു പ്രഖ്യാപനം. ഇടതുമുന്നണിയെയും സി.പി.എമ്മിനെയും മാത്രമല്ല, തലസ്ഥാനത്ത് ഇലക്ട്രിക് ബസുകളുടെ മേന്മയും ലാഭവും അനുഭവിച്ചുകൊണ്ടിരിക്കുന്ന പൊതുജനത്തെയും അമ്പരപ്പിക്കുന്നതായിപ്രഖ്യാപനം. ഒരു ഇലക്ട്രിക് ബസ് വാങ്ങുന്ന തുകയ്ക്ക് 4 ഡീസൽ ബസുകൾ വാങ്ങാമെന്ന് പറഞ്ഞ മന്ത്രി, ഇലക്ട്രിക് ബസുകൾ വിജയകരമായി ഉപയോഗിച്ചതിന് തെളിവില്ലെന്നും പറഞ്ഞു. ഇലക്ട്രിക് ബസിന്റെ പ്രയോജനകാലം കുറവാണ്. തിരുവനന്തപുരത്ത് 10 രൂപ നിരക്കിൽ ഓടുന്ന ഇലക്ട്രിക് ബസുകൾ വരുമാനം നേടുന്നുവെങ്കിലും ലാഭമുണ്ടാക്കാത്തതിനാൽ നിരക്ക് കൂട്ടുമെന്നും പറഞ്ഞതോടെ കുറഞ്ഞചിലവിൽ യാത്രചെയ്തുകൊണ്ടിരുന്ന ജനം മനസ്സിൽ പറഞ്ഞു, ഇതധികകാലം ഓടില്ലെന്ന്.
ഇതിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തന്നെ ആദ്യം രംഗത്തെത്തി. തൊട്ടുപിന്നാലെ തിരുവനന്തപുരം മേയർ ആര്യരാജേന്ദ്രനും വട്ടിയൂർക്കാവ് എം.എൽ.എ വി.കെ പ്രശാന്തും രംഗത്തെത്തിയതോടെ സംഗതി ‘ജഗപൊക’യായി. മന്ത്രിയെ തള്ളിയ എം.വി ഗോവിന്ദൻ, ഇലക്ട്രിക് ബസുകൾ നിറുത്തലാക്കില്ലെന്നും ഇത്തരം തീരുമാനങ്ങൾ സർക്കാരിന്റെ നയപരമായ കാര്യമായതിനാൽ മന്ത്രിസഭയുടേതായാണ് വരേണ്ടതെന്നും പറഞ്ഞു. ഇലക്ട്രിക് ബസുകളെ ജനം സ്വാഗതം ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞതിനു പിന്നാലെയാണ് ഇലക്ട്രിക് ബസ് സർവീസിനെ അനുകൂലിച്ച് മേയർ ആര്യ രാജേന്ദ്രനും വി.കെ പ്രശാന്തും രംഗത്തെത്തിയത്. ‘പുത്തനച്ചിയുടെ പുരപ്പുറം തൂപ്പായി’ പലരും മന്ത്രിയുടെ നീക്കത്തെ പരിഹസിക്കുകകൂടി ചെയ്തതോടെ ഗണേശ് കുമാർ ഇടതുമുന്നണിയിൽ ഒറ്റപ്പെട്ടു. മന്ത്രിയായി ചുമതലയേറ്റ് മൂന്നാഴ്ചയ്ക്കിടെ ഗതാഗത വകുപ്പിൽ തന്റെ മുൻഗാമിയായിരുന്ന ആന്റണി രാജു ചെയ്തതെല്ലാം തെറ്റാണെന്ന് ധ്വനിപ്പിക്കുന്ന വിധത്തിൽ നടത്തിയ പ്രസ്താവനകളും ഇടതുമുന്നണിയിൽ അതൃപ്തി പടർത്തുന്നതായി. ഒരു മന്ത്രിസഭ മാറി പുതിയ മന്ത്രിസഭ വരുമ്പോഴാണ് തന്റെ മുൻഗാമികൾ ചെയ്തതെല്ലാം കുഴപ്പങ്ങളാണെന്ന് മന്ത്രിമാർ പറയാറുള്ളത്. എന്നാൽ അതിനു വിരുദ്ധമായി ഒരേ മന്ത്രിസഭയിലെ ഒരു വകുപ്പിന്റെ പിൻഗാമിയായെത്തുന്നയാൾ തന്റെ മുൻഗാമിയുടെ ഭരണനടപടികളെ വിമർശിക്കുന്നതും കേട്ടുകേഴ്വിയില്ലാത്തതായി.
നീക്കം തടഞ്ഞ്
സർക്കാർ
ലോകമാകെ ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കെ അത് നഷ്ടമെന്ന കണക്ക് നിരത്തി വീണ്ടും വൻതോതിൽ ഡീസൽ ബസുകൾ വാങ്ങാനുള്ള മന്ത്രിയുടെ നീക്കത്തിനാണ് സർക്കാർ തടയിട്ടത്. 950 ഇ ബസുകൾ കേന്ദ്രത്തിൽ നിന്ന് സൗജന്യമായി ലഭിക്കുമെന്നിരിക്കെ അതുപോലും നേടിയെടുക്കാൻ ശ്രമിക്കാതെ കെ.എസ്.ആർ.ടി.സിക്ക് വേണ്ടി പുതിയ ഇലക്ട്രിക് ബസുകൾ വാങ്ങാനുള്ള എല്ലാ ടെണ്ടറുകളും മന്ത്രിയുടെ എതിർപ്പിനെ തുടർന്ന് റദ്ദാക്കുകയും ചെയ്തിരുന്നു. കേന്ദ്രത്തിൽ നിന്ന് സൗജന്യമായി 950 ബസുകൾ നേടിയെടുക്കാനുള്ള നടപടികളും മരവിപ്പിച്ചു. തിരുവനന്തപുരം നഗരസഭയുടെ സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം 13 ബസുകൾ, കൊച്ചി സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം 20 ബസുകൾ, കിഫ്ബി ഫണ്ടുപയോഗിച്ച് 50 ഡീസൽ ബസുകൾ എന്നിവ വാങ്ങാനുള്ള ടെണ്ടറുകളും റദ്ദാക്കി. സംസ്ഥാനത്തെ നഗരങ്ങളിൽ സർവീസ് നടത്താൻ പ്രധാനമന്ത്രി ഇ ബസ് സേവ പദ്ധതി പ്രകാരം കേന്ദ്രം അനുവദിച്ച 950 ഇ ബസുകൾ സ്വീകരിക്കാൻ സമ്മതം അറിയിച്ച് ഗതാഗത വകുപ്പ് കഴിഞ്ഞ ഒക്ടോബർ 4 ന് കത്തയച്ചിരുന്നു. ധനവകുപ്പ് തുടർനടപടികൾ സ്വീകരിച്ചാൽ ബസുകൾ ലഭിക്കും. എന്നാൽ പുതിയ മന്ത്രിയുടെ തീരുമാനം വരുംവരെ ഈ നടപടികൾ നിറുത്തിവയ്ക്കാനാണ് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് തീരുമാനിച്ചത്. ഇതിനായുള്ള നടപടിക്രമങ്ങൾ പാലിച്ച മറ്റു സംസ്ഥാനങ്ങൾ 3975 ബസുകൾ നേടിയെടുത്തിരുന്നു.
മന്ത്രിയുടെ അജ്ഞതയോ ?
ഇലക്ട്രിക് ബസുകൾ നഷ്ടമാണെന്ന മന്ത്രിയുടെ കണ്ടെത്തൽ ഇടതുമുന്നണിയും സർക്കാരും തള്ളിയതോടെ ഇലക്ട്രിക് ബസുകളുടെ പ്രവർത്തനലാഭത്തെക്കുറിച്ച് കണക്കെടുക്കാൻ മന്ത്രി നിർദ്ദേശിച്ചു. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ തലസ്ഥാനത്തെ നിരത്തിലെത്തിയ ഇലക്ട്രിക് ബസുകൾ ഡിസംബർ മാസം വരെ 288. 91 ലക്ഷം രൂപ ലാഭമുണ്ടാക്കിയെന്ന കെ. എസ്. ആർ. ടി. സിയുടെ കണക്ക് വാർഷിക റിപ്പോർട്ടായി പുറത്തുവന്നത് ഇലക്ട്രിക് ബസിനെ തള്ളിപ്പറഞ്ഞ് വിമർശനമേറ്റുവാങ്ങിയ മന്ത്രിക്ക് വീണ്ടും തിരിച്ചടിയായി. കെ. എസ്. ആർ. ടി. സി യുടെ വാർഷിക റിപ്പോർട്ട് പുറത്തുവന്നതോടെ, ഇലക്ട്രിക് ബസ് ലാഭകരമല്ലെന്ന മന്ത്രിയുടെ വാദം മൊത്തത്തിൽ പൊളിയുകയായിരുന്നു. ഇലക്ട്രിക് ബസിന്റെ ഡിസംബർ മാസം വരെയുള്ള സർവീസുകളുടെ എണ്ണവും അതിലൂടെ ഉണ്ടായ ലാഭവും പൂർണമായും വ്യക്തമാക്കുന്ന കെ. എസ്. ആർ.ടി.സി യുടെ വാർഷിക റിപ്പോർട്ട് മന്ത്രിയുടെ പക്കൽ എത്തും മുമ്പെ മാധ്യമങ്ങൾക്ക് ലഭിച്ചതും മന്ത്രിക്ക് നാണക്കേടായി. ഇതിന്റെ പേരിൽ ഉദ്യോഗസ്ഥരെ ചാടിക്കുകയും ചെയ്തു. കെ.എസ്.ആർ.ടി.സി യിലെ ഇടത് യൂണിയനും മുൻ മന്ത്രി ആന്റണി രാജുവുമാണ് ഇതിനുപിന്നിലെന്ന് ഗണേശ് കുമാർ തെറ്റിദ്ധരിച്ചത് സ്വാഭാവികം.
പത്തനാപുരം മുതൽ
പത്തനാപുരം വരെ….
ഇപ്പോൾ കൊല്ലം ജില്ലയിലെ പത്തനാപുരം മുതൽ പത്തനാപുരം വരെയുള്ള പാർട്ടിയായ കേരളകോൺഗ്രസ് (ബി) യുടെ ചെയർമാൻ കൂടിയായ ഗണേശ് കുമാർ പിതാവ് ആർ.ബാലകൃഷ്ണപിള്ളയുടെ പാത പിന്തുടർന്നാണ് രാഷ്ട്രീയത്തിലെത്തിയത്. സിനിമ, സീരിയൽ നടനായിരുന്ന ഗണേശ്, 2001 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പത്തനാപുരത്ത് നിന്ന് നിയമസഭാംഗമായി. പിന്നീട് തുടർച്ചയായി അഞ്ച് തവണ പത്തനാപുരത്ത് നിന്ന് ജയിച്ച് നിയമസഭാംഗമായി തുടരുന്ന ഗണേശ് കുമാർ മുമ്പ് രണ്ട് തവണ മന്ത്രിയായതും പിതാവിന്റെ ലേബലിലാണ്. 2001ൽ എ.കെ. ആന്റണി നയിച്ച യു.ഡി.എഫ് മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായ ഗണേശ്, 2003 ൽ പിതാവ് ആർ. ബാലകൃഷ്ണ പിള്ളയ്ക്ക് മന്ത്രിയാകാൻ വേണ്ടി രാജി വച്ചു. 2011 ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വനം, പരിസ്ഥിതി മന്ത്രിയായിരുന്നു. ആദ്യ ഭാര്യ ഡോ. യാമിനിയുമായുള്ള വിവാഹ മോചന തർക്കത്തെ തുടർന്ന് 2013 ൽ രാജിവയ്ക്കേണ്ടി വന്നു. വിവാദമായ സോളാർ കേസിലെ വിവാദനായികയുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്നപ്പോൾ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ഉമ്മൻചാണ്ടി തയ്യാറായില്ല. അതോടെയാണ് യു.ഡി.എഫുമായി തെറ്റി, അച്ഛനും മകനും എൽ.ഡി.എഫിൽ ചേക്കേറിയത്. ഇടമലയാർ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ കോടതി ശിക്ഷിച്ച് ജയിലിലേക്കയച്ച കേരളത്തിലെ ഏക രാഷ്ട്രീയ നേതാവാണ് ആർ.ബാലകൃഷ്ണപിള്ള. ജയിലിൽ കിടന്ന പിള്ളയെ കാലാവധി തീരും മുമ്പെ തന്റെ എല്ലാ അധികാരവും ഉപയോഗിച്ച് ഉമ്മൻചാണ്ടി മോചിപ്പിച്ചെങ്കിലും അധികം വൈകാതെ യു.ഡി.എഫ് പാളയം വിട്ട പിള്ളയെ എൽ.ഡി.എഫിലേക്ക് വിളിച്ചുകയറ്റിയപ്പോൾ പിള്ളയ്ക്ക് ജയിൽ ശിക്ഷ നേടിക്കൊടുക്കാൻ നിയമയുദ്ധം നടത്തിയ ആദർശധീരനായ വി.എസ് അച്യുതാനന്ദൻ പോലും ഞെട്ടിയത് ചരിത്രം. സോളാർ കേസ് കത്തിപ്പടർന്നപ്പോൾ യു.ഡി.എഫ് മന്ത്രിസഭയും ഉമ്മൻചാണ്ടിയും ആരോപണത്തിന്റെ മുൾമുനയിലായപ്പോഴെല്ലാം തങ്ങളെ എക്കാലത്തും സഹായിച്ച കോൺഗ്രസിനെയും യു.ഡി.എഫിനെയും കുതികാൽവെട്ടുന്ന സമീപനമായിരുന്നു ആർ.ബാലകൃഷ്ണപിള്ളയും ഗണേശ് കുമാറും സ്വീകരിച്ചത്. രാഷ്ട്രീയത്തിൽ സ്ഥിരമായ ബന്ധുക്കളും ശത്രുക്കളും ഇല്ലെന്ന ന്യായവാദം പറയുമ്പോഴും രാഷ്ട്രീയ സത്യസന്ധതയുടെയും ധാർമ്മികതയുടെയും കണികപോലും തൊട്ടുതീണ്ടാത്ത നേതാവെന്ന വിശേഷണത്തിന് കൂടി അർഹനായ നേതാവാണ് ഗണേശ് കുമാറെന്നത് അതിശയോക്തിയല്ല. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യടേമിൽ തന്നെ മന്ത്രിയാകേണ്ടിയിരുന്ന ഗണേശ് കുമാറിനെ അന്ന് പാരവച്ചത് സ്വത്ത് വീതംവയ്ക്കുന്നതിലെ തർക്കം ഉന്നയിച്ച സഹോദരി തന്നെയായിരുന്നു. അങ്ങനെയാണ് ആദ്യ ടേമിൽ ആന്റണിരാജുവിന് നറുക്ക് വീണത്. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പിതാവിനെ തള്ളി ഗണേശ് മന്ത്രിയായപ്പോൾ മകനെ തള്ളിപ്പറഞ്ഞതും പിതാവ് തന്നെയായിരുന്നു. ഗണേശിനെ രാഷ്ട്രീയത്തിൽ കൊണ്ടുവന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമെന്നാണ് ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ പിള്ള തുറന്നടിച്ചത്.
മന്ത്രിസ്ഥാനം
തുലാസിലാക്കിയ കേസ്
സോളാർ കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പീഡന കേസിൽ കുടുക്കാൻ വ്യാജരേഖ ചമച്ച് ഗൂഢാലോചന നടത്തിയെന്ന് കൊട്ടാരക്കര ഒന്നാംക്ളാസ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ നിവിലുള്ള കേസ് റദ്ദാക്കമെന്നാവശ്യപ്പെട്ട് ഗണേശ് കുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളുകയും വിചാരണ നേരിടണമെന്ന് ഉത്തരവിട്ടതും മന്ത്രിസഭാ പ്രവേശനത്തിന് വിലങ്ങ്തടിയാകുമെന്ന് കരുതിയിരുന്നു. ഇങ്ങനെയുള്ള ആളിനെ മന്ത്രിയാക്കിയാൽ അത് സർക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുമെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം ഉയർത്തിക്കാട്ടിയാണ് ഗണേശിന് മന്ത്രിസ്ഥാനം നൽകരുതെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടത്. സോളാർ കേസിലെ പ്രതിയായ വനിത പത്തനംതിട്ട ജയിലിൽ കഴിയുമ്പോൾ അഭിഭാഷകൻ മുഖേന കോടതിയിൽ സമർപ്പിച്ച 25 പേജുള്ള കത്തിൽ കുട്ടിച്ചേർക്കലുകൾ നടത്തുകയും ഉമ്മൻചാണ്ടിയുടെ അടക്കം പേരുകൾ എഴുതിചേർത്തുവെന്നുമാണ് കോൺഗ്രസ് നേതാവായ അഡ്വ. സുധീർ ജേക്കബ്, ഗണേശിനെതിരെ കൊട്ടാരക്കര ഒന്നാംക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ കേസിൽ പറയുന്നത്. മന്ത്രിസഭയിൽ ഉൾപ്പെടുത്താതിരുന്നതിൽ ഗണേശിന് അതൃപ്തി ഉണ്ടായിരുന്നുവെന്ന് ഉമ്മൻചാണ്ടിയും സോളാർ കമ്മിഷന് മുന്നിൽ മൊഴി നൽകിയിരുന്നു. കേസിൽ ഗണേശ് കുമാർ നേരിട്ട് ഹാജരാകണമെന്ന് കൊട്ടാരക്കര കോടതി ഉത്തരവിട്ടിരുന്നു. ഈ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ആദ്യം അംഗീകരിച്ച കോടതി പിന്നീട് സ്റ്റേ പിൻവലിച്ചെങ്കിലും കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഗണേശിനെ ഒഴിവാക്കി. ഇതിനിടെ നായർ സർവീസ് സൊസൈറ്റി (എൻ.എസ്.എസ്) ഡയറക്ടർ ബോർഡംഗമായി മാറിയ ഗണേശ്, ജി.സുകുമാരൻ നായരുടെ അടുത്ത ആളായി മാറി. ഇപ്പോൾ ഗണേശ് പറയുന്നത് തനിക്ക് പിതൃതുല്യനാണ് സുകുമാരൻ നായരെന്നാണ്. മന്ത്രിയായി സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗണേശ് കുമാർ ആദ്യമെത്തിയത് പെരുന്നയിലാണ്. വ്യക്തമായൊരു സന്ദേശമാണ് ഇതൊക്കെ നൽകുന്നത്. എതിർപ്പുകളുയർന്നിട്ടും പിണറായി മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ നിർബ്ബന്ധിതമായതിനു പിന്നിൽ എൻ.എസ്.എസുമായുള്ള ബന്ധമാണെന്നാണ് വിലയിരുത്തൽ. സി.പി.എമ്മിലെ തലമുതിർന്ന നേതാവും പരിണിത പ്രജ്ഞനുമായ വി.എസ് അച്യുതാനന്ദനെ ഒരിയ്ക്കൽ ഞരമ്പ് രോഗിയെന്നും കാമഭ്രാന്തനെന്നും പരസ്യമായി അധിക്ഷേപിച്ച ഗണേശിനെ മന്തിയാക്കിയതിൽ സി.പി.എമ്മിലെ വി.എസ് അനുകൂലികൾക്കും കടുത്ത പ്രതിഷേധമുള്ളതായാണ് സൂചന.
അഭിനയം ജീവിതത്തിലും
ഗണേശ് കുമാർ നല്ലൊരു അഭിനേതാവാണെങ്കിലും ജീവിതത്തിലും തിമിർത്തഭിനയിക്കാൻ മിടുക്കനെന്ന് പലവുരു തെളിയിച്ച ആളാണ്. പത്തനാപുരത്തല്ലാതെ മറ്റൊരിടത്തും ജയസാദ്ധ്യതയില്ലാത്ത ഗണേശിന്റെ നടപ്പിലും സംസാരത്തിലുമെല്ലാം നിറഞ്ഞുനിൽക്കുന്നത് ഈ അഭിനയമാണെന്ന് എതിരാളികൾ മാത്രമല്ല പറയുന്നത്. ആദ്യഭാര്യ ഡോ. യാമിനി തന്നെ മർദ്ദിച്ചതായി ആരോപിച്ച് ദേഹത്തും മുഖത്തുമൊക്കെ ചായംതേച്ച് നടത്തിയ പത്രസമ്മേളനം ജീവിതത്തിലും അദ്ദേഹം നല്ലൊരു അഭിനേതാവാണെന്ന് കേരളീയ സമൂഹത്തിന് മുന്നിൽ തെളിയിച്ചു. ആ ബന്ധം പിന്നീട് വിവാഹമോചനത്തിലാണ് കലാശിച്ചത്. സോളാർ നായികയുമായുള്ള വഴിവിട്ട ബന്ധത്തെക്കുറിച്ച് സി.ബി.ഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ അക്കമിട്ട് നിരത്തിയിട്ടുണ്ട്. അന്തരിച്ച പ്രശസ്ത നടി ശ്രീവിദ്യയുടെ അവസാനകാലത്ത് രക്ഷകനായെത്തിയ ഗണേശ്, അവരുടെ സ്വത്തുക്കളുടെ ചുമതല ഏറ്റെടുത്ത് അവരുടെ മരണശേഷം ട്രസ്റ്റ് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അതിന് പിന്നെന്ത് സംഭവിച്ചുവെന്നത് ആർക്കുമറിയില്ല. ഇതുസംബന്ധിച്ച് അന്വേഷണം നടത്തമമെന്നാവശ്യപ്പെട്ട് ശ്രീവിദ്യയുടെ സഹോദരഭാര്യ ഈയിടെ രംഗത്ത് വന്നിരുന്നു.ലേഖകന്റെ ഫോൺ: 9446564749