കലാരംഗത്ത് ശോഭിക്കുവാനും യുവതലമുറയ്ക്ക് സാധിക്കണം

യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തിരുവല്ല യൂണിയൻ ഭരണസമിതിയുടെ നേതൃത്വത്തിൽ ആയിരം റോസാപ്പൂക്കൾ കൊണ്ടുള്ള മാലയിട്ട് ആദരിച്ചപ്പോൾ

തിരുവല്ല:പഠനത്തോടൊപ്പം കലാരംഗത്ത് ശോഭിക്കാനും യുവതലമുറയ്ക്ക് സാധിക്കണമെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ ആഞ്ഞിലിത്താനം പാദുക പ്രതിഷ്ഠാ ക്ഷേത്രനഗറിൽ സംഘടിപ്പിച്ച ഗുരു അരങ്ങ് ശ്രീനാരായണ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു യോഗം ജനറൽ സെക്രട്ടറി. കലാവാസന വളർത്തുന്നതിലൂടെ ആരോഗ്യവും ബുദ്ധിവികാസവും ഓർമ്മശക്തിയും ശരീരത്തിന് ആയാസവുമൊക്കെ കൈവരും. കലാസൃഷ്ടികൾക്കൊപ്പം പഠനത്തിൽ നല്ല മികവ് പുലർത്താനും സാധിക്കും. കലാകാരന്മാരെ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം കലോത്സവങ്ങൾ സംഘടിപ്പിക്കുന്നത്. സംഘടനയിലൂടെ ശക്തിപ്രാപിക്കണമെന്ന ഗുരുസന്ദേശം പ്രാവർത്തികമാക്കണം. ആത്മീയതയ്‌ക്കൊപ്പം ഭൗതികവളർച്ച കൈവരിച്ച് ജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഗുരുദേവന്റെ ദർശനങ്ങൾ സമൂഹം ഉൾക്കൊണ്ടതുകൊണ്ടാണ് ഇത്തരം കലോത്സവങ്ങൾ സംഘടിപ്പിക്കാനും പങ്കെടുക്കാനും ജാതിമതഭേദമെന്യേ എല്ലാ വിഭാഗങ്ങൾക്കും സാധിക്കുന്നതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. പണ്ടുകാലത്ത് ഇത്തരം കലകൾ ആസ്വദിക്കാൻ സാധിച്ചിരുന്നത് ചില വിഭാഗങ്ങൾക്ക് മാത്രമായിരുന്നു. ഇന്നത്തെ വലിയ മാറ്റങ്ങൾക്ക് പ്രേരകമായ ഗുരുവിന്റെ സന്ദേശങ്ങൾ വിസ്മരിക്കരുതെന്നും മന്ത്രി പറഞ്ഞു.

എസ്.എൻ.ട്രസ്റ്റ് സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്ത വെള്ളാപ്പള്ളി നടേശനെ തിരുവല്ല യൂണിയൻ ഭരണസമിതിയുടെ നേതൃത്വത്തിൽ ആയിരം റോസാപ്പൂക്കൾ കൊണ്ടുള്ള മാലയിട്ട് ആദരിച്ചു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ സ്വാഗതം പറഞ്ഞു. സ്വാമി ശിവബോധാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. എസ്.എൻ.ഡി.പിയോഗം അസി.സെക്രട്ടറി പി.എസ്. വിജയൻ സംഘടനാ സന്ദേശം നൽകി. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി. ബിജു, കൗൺസിലർമാരായ ബിജു മേത്താനം, രാജേഷ് മേപ്രാൽ, അനിൽ ചക്രപാണി, മനോജ് ഗോപാൽ, പ്രസന്നകുമാർ, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.കെ.രവി, കെ.എൻ.രവീന്ദ്രൻ, വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ, സെക്രട്ടറി മണിയമ്മ സോമശേഖരൻ, കുമാരിസംഘം കോർഡിനേറ്റർ ശോഭാ ശശിധരൻ, ആഞ്ഞിലിത്താനം ശാഖാ പ്രസിഡന്റ് എം.പി. ബിനുമോൻ, സെക്രട്ടറി ശശിധരൻ എന്നിവർ പ്രസംഗിച്ചു. സമൂഹത്തിന്റെ നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ സമ്മേളനത്തിൽ ആദരിച്ചു.

Author

Scroll to top
Close
Browse Categories