ജനസംഖ്യാനുപാതിക പ്രാതിനിധ്യം എല്ലാ മേഖലയിലും വേണം

എസ്.എന്‍.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ വടക്കന്‍ മേഖലാ സമ്മേളനത്തില്‍ വച്ച് യൂണിയന്‍ പ്രസിഡന്റ് വി.കെ. നാരായണനും സെക്രട്ടറി അഡ്വ. എ.കെ. അനില്‍കുമാറും മറ്റു ഭാരവാഹികളും ചേര്‍ന്ന് യോഗം ജനറൽ സെക്രട്ടറി
വെള്ളാപ്പള്ളി നടേശനെ ആദരിക്കുന്നു.

മൂവാറ്റുപുഴ: ജനസംഖ്യാനുപാതികമായി എല്ലാ മേഖലയിലും ഈഴവ സമുദായത്തിന് പ്രാതിനിധ്യവും അവകാശവും വേണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മൂവാറ്റുപുഴ യൂണിയന്റെ വടക്കന്‍ മേഖലാ മഹാസമ്മേളനം യൂണിയന്‍ ആസ്ഥാനത്തെ ശ്രാവണിക ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഞാന്‍ ഈഴവനാണെന്ന് പറയുന്നതില്‍ ഓരോ ഈഴവന്റെയും അന്തരംഗം അഭിമാനപൂരിതമാകണം’മാധവ സേവ, മാനവ സേവ’ എന്നതായിരിക്കണം സാമുദായിക പ്രവര്‍ത്തനത്തിന്റെ മാര്‍ഗരേഖ. ഈഴവരാദി പിന്നാക്ക സമുദായാംഗങ്ങളുടെ പണം വേണം, പക്ഷെ അവര്‍ അധികാര സ്ഥാനത്തു വരാന്‍ പാടില്ലെന്ന് നിലപാട് സാമൂഹ്യനീതിയുടെ ലംഘനമാണ്. വിദ്യാഭ്യാസ രംഗത്ത് ഈഴവ സമുദായത്തെ തഴയുന്നത് അംഗീകരിക്കാനാവില്ല.

എസ്.എന്‍.ഡി.പി യൂണിയന്റെ കീഴിലുള്ള മൂവാറ്റുപുഴയിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് അഡീഷണല്‍ ബാച്ച് ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ലെന്ന് മാത്രമല്ല മറ്റുള്ളവര്‍ക്ക് നല്‍കുകയും ചെയ്ത നീതികേടിനെ എതിര്‍ക്കുക തന്നെ ചെയ്യുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
മൂവാറ്റുപുഴ യൂണിയന്‍ പ്രസിഡന്റ് വി.കെ. നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗണ്‍സിലര്‍ എം.പി. മന്മഥന്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ സെക്രട്ടറി അഡ്വ. എം.കെ. അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു.

എസ്.എന്‍. ട്രസ്റ്റ് സെക്രട്ടറിയായി തുടര്‍ച്ചയായി പത്താംതവണയും മഹാവിജയം നേടിയ വെള്ളാപ്പള്ളി നടേശന് ഉജ്ജ്വലസ്വീകരണമാണ് നല്‍കിയത്. യൂണിയന്‍ വൈസ്‌പ്രസിഡന്റ് പി.എന്‍.പ്രഭ, യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ അഡ്വ. എന്‍. രമേശ്, യൂണിയന്‍ കൗണ്‍സിലര്‍മാരായ പി.ആര്‍. രാജു, എം. ആര്‍. നാരായണന്‍, ടി.വി. മോഹനന്‍, കെ.പി. അനില്‍, യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ എം.എസ്. വിത്സന്‍, എന്‍.ആര്‍. ശ്രീനിവാസന്‍, യൂണിയന്‍ യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി പി.എസ്. ശ്രീജിത്ത്, വനിതാസംഘം ഭാരവാഹി ഷീല അനിരുദ്ധന്‍ എന്നിവര്‍ സംസാരിച്ചു. യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ പ്രമോദ് കെ. തമ്പാന്‍ നന്ദി പറഞ്ഞു.

Author

Scroll to top
Close
Browse Categories