ഗുരുദേവ വിഗ്രഹം ഉയര്‍ത്തുന്നത് ലോകശാന്തി ദര്‍ശനം

കൊല്ലം എസ്.എന്‍. കോളേജില്‍ സ്ഥാപിച്ച ഗുരുമന്ദിരത്തിന്റെ സമര്‍പ്പണം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഭദ്രദീപം തെളിച്ച് നിര്‍വഹിക്കുന്നു. എസ്.എന്‍. ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രീതിനടേശന്‍, എസ്.എന്‍.ട്രസ്റ്റ് ട്രഷറര്‍ ഡോ. ജി. ജയദേവന്‍ തുടങ്ങിയവരെ കാണാം

കൊല്ലം: ഓരോ ഗുരുദേവ വിഗ്രഹം കാണുമ്പോഴും മനസില്‍ നിറയുന്നത് ശ്രീനാരായണ ഗുരുദേവന്‍ മുന്നോട്ടു വച്ച ലോകശാന്തിയുടെ മഹാദര്‍ശനമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കൊല്ലം എസ്.എന്‍. കോളേജില്‍ സ്ഥാപിച്ച ഗുരുമന്ദിരത്തിന്റെ സമര്‍പ്പണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

28 വര്‍ഷം മുമ്പ് താന്‍ എസ്.എന്‍.ട്രസ്റ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്ക പ്പെട്ടപ്പോള്‍ കൊല്ലം എസ്.എന്‍. കോളേജില്‍ ദൈവദശകം പ്രാര്‍ത്ഥനയാക്കണമെന്ന് നിര്‍ദ്ദേശിച്ചു. പക്ഷെ തനിക്കെതിരെ ഒരു വിഭാഗം പന്തല്‍ കെട്ടി സമരം ആരംഭിച്ചു. ഈഴവ സമുദായത്തിന്റെ മാത്രം പ്രാര്‍ത്ഥന എല്ലാ വിഭാഗക്കാരും പഠിക്കുന്ന കോളേജില്‍ അടിച്ചേല്‍പ്പിക്കുന്നുവെന്നായിരുന്നു സമരക്കാരുടെ വാദം. ദൈവദശകം വായിക്കുകയും ശരിയായി മനസ്സിലാക്കുകയും ചെയ്യാത്തവരാണ് അന്ന് സമരം നടത്തിയത്. എന്നാല്‍ ഇന്ന് സംസ്ഥാന സര്‍ക്കാര്‍ തന്നെ ദൈവദശകം പ്രാര്‍ത്ഥനാഗീതമായി അംഗീകരിക്കുന്ന സ്ഥിതിയുണ്ടായി. എല്ലാ മതവിശ്വാസികള്‍ക്കും അവര്‍ ആരാധിക്കുന്ന ദൈവത്തെ മനസില്‍ ധ്യാനിച്ച് ചൊല്ലാവുന്ന പ്രാര്‍ത്ഥനയാണ് ദൈവദശകം.

ദൈവദശകം ചൊല്ലണമെന്ന സര്‍ക്കുലറിനെതിരെ സമരം നടന്ന കോളേജില്‍ ഇപ്പോള്‍ ഗുരുദേവന്റെ അതിമനോഹരമായ പഞ്ചലോഹ വിഗ്രഹമുണ്ടായിരിക്കുന്നു. ഇത് പ്രിന്‍സിപ്പല്‍ അടക്കമുള്ള അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും കൂട്ടായ്മയുടെ വിജയമാണ്. ഗുരുദേവ വിഗ്രഹത്തിലൂടെ കോളേജില്‍ വിദ്യയുടെ മഹാവെളിച്ചമാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതിനടേശന്‍ ഭദ്രദീപം തെളിച്ചു. എസ്.എന്‍.ട്രസ്റ്റ് ട്രഷറര്‍ ഡോ. ജി. ജയദേവന്‍ അദ്ധ്യക്ഷനായി. എസ്.എന്‍.ഡി.പി യോഗം കൊല്ലം യൂണിയന്‍ പ്രസിഡന്റ് മോഹന്‍ശങ്കര്‍, സെക്രട്ടറി എന്‍. രാജേന്ദ്രന്‍, യോഗം കൗണ്‍സിലറും എസ്.എന്‍. ട്രസ്റ്റ് എക്‌സി.അംഗവുമായ പി. സുന്ദരന്‍, എസ്.എന്‍.ട്രസ്റ്റ് സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. നിഷ. ജെ തറയില്‍, സ്റ്റാഫ് അസോ.സെക്രട്ടറി ഡോ. ഗിരീഷ് ഗോപാലകൃഷ്ണന്‍, ഓഫീസ് സൂപ്രണ്ട് പി. അജിത്ത്, എസ്.എന്‍.ഇ.എഫ് കൊല്ലം എസ്.എന്‍. കോളേജ് ചെയര്‍പേഴ്‌സണ്‍ ഡോ. എസ്. ഷീബ, പി.ടി.എ. വൈസ്‌പ്രസിഡന്റ് എ. ജസ്റ്റസ്, എസ്.എന്‍.ട്രസ്റ്റ് എന്‍ജിനീയര്‍ ആര്‍. രാജേഷ് എന്നിവര്‍ സംസാരിച്ചു. ഡോ. ബി. അഞ്ജലി ഈശ്വരപ്രാര്‍ത്ഥന ചൊല്ലി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എസ്.വി. മനോജ് സ്വാഗതവും സെക്രട്ടറി യു. അധീശ് നന്ദിയും പറഞ്ഞു.

Author

Scroll to top
Close
Browse Categories