അക്ഷരോദകം

ദാര്‍ശനികഗ്രന്ഥങ്ങളോട്, വിശേഷിച്ച് നടരാജഗുരു, നിത്യചൈതന്യയതി എന്നിവരുടെ കൃതികളോട് കനകരാജ് പുലര്‍ത്തിയിരുന്ന തീവ്രമായ താത്പര്യം അറിയാന്‍ കഴിഞ്ഞപ്പോള്‍ ആ അനുഭവങ്ങള്‍ ഒരു ലേഖനമായെഴുതാന്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഗുരു നിത്യചൈതന്യയതി വിവിധ പത്രമാസികകളില്‍ എഴുതിയതും ഇതുവരെ പുസ്തകരൂപത്തില്‍ സമാഹരിക്കപ്പെട്ടിട്ടില്ലാത്തതുമായ ഏതാനും ലേഖനങ്ങളുടെയും കത്തുകളുടെയും സമാഹാരമാണ് ‘ജീവിതം മരണം സൗന്ദര്യം വിമുക്തി’ എന്ന ഈ പുസ്തകം. അറിവിന്റെയും ആത്മജ്ഞാനത്തിന്റെയും ആള്‍രൂപമായിരുന്ന ഗുരു നിത്യ ചൈതന്യയതിയെക്കുറിച്ചുള്ള തുടര്‍പഠനങ്ങള്‍ക്കും പുനര്‍വായനകള്‍ക്കും അദ്ദേഹത്തിന്റെ ജൻമശതാബ്ദി ആഘോഷിക്കുന്ന ഈ വേളയില്‍ വലിയ സഹായകമാകുമെന്ന് പ്രതീക്ഷയിലാണ് ഇത് പ്രസിദ്ധീകരിക്കുന്നത്.

പാലക്കാട് മങ്കര സ്വദേശി കെ. കനകരാജ് എന്ന അക്ഷരസ്‌നേഹിയുടെ ഉത്സാഹം ഒന്നുകൊണ്ടു മാത്രമാണ് ഇങ്ങിനെയൊരു സമാഹാരം സാധ്യമായത്.
2021 ഏപ്രിലില്‍ കോവിഡ് ബാധിച്ച് കിടപ്പിലായിരുന്ന ദിവസങ്ങളിലൊന്നില്‍ ഒരു ഫോണ്‍കോളിലൂടെയാണ് കനകരാജ് എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. ആ വര്‍ഷം ജനുവരിയില്‍് മീഡീയാ ഹൗസ് പ്രസിദ്ധീകരിച്ച ശ്രീ നാരായണഗുരുവും വിമതസംന്യാസവും എന്ന എന്റെ ലേഖനസമാഹാരം വായിച്ചതിന്റെ അനുഭവം എന്നെ നേരിട്ട് അറിയിക്കുന്നതിനും അഭിനന്ദിക്കുന്നതിനുമായിരുന്നു കനകരാജ് വിളിച്ചത്. കൂട്ടത്തില്‍, അദ്ദേഹം സമാഹരിച്ച് കൈരളി ബുക്‌സ്, കണ്ണൂര്‍ പ്രസിദ്ധീകരിച്ച ഗുരു നിത്യയുടെ അതുവരെ സമാഹരിക്കപ്പെട്ടിട്ടില്ലാത്ത ഏതാനും ലേഖനങ്ങളുടെ സമാഹാരമായ വിഷയാനന്ദം മുതല്‍ പരമാനന്ദം വരെ എന്ന പുസ്തകത്തിന്റെ കോപ്പി എനിക്ക് സമ്മാനമായി അയച്ചുതരുന്നതിന് എന്റെ മേല്‍വിലാസവും അറിയണമായിരുന്നു. അദ്ദേഹം ഒരു കാര്യം കൂടി പറഞ്ഞു. ഗുരു നിത്യ വിവിധ ആനുകാലികങ്ങളില്‍ എഴുതിയതും ഇനിയും പുസ്തകരൂപത്തില്‍ സമാഹരിക്കപ്പെട്ടിട്ടില്ലാത്തതുമായ ഏതാനും ലേഖനങ്ങള്‍കുടി അദ്ദേഹത്തിന്റെ കൈവശമുണ്ടെന്നും അവ സമാഹരിച്ച് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും അതിന് ഞാന്‍ അവതാരിക എഴുതണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അക്കാര്യം പരിഗണിക്കാമെന്നു സമ്മതിച്ചു. എന്റെ കൈവശമുണ്ടായിരുന്ന ഗുരു നിത്യയുടെ അതുവരെ സമാഹരിക്കപ്പെട്ടിട്ടില്ലാത്ത ഏതാനും ലേഖനങ്ങളുടെ കോപ്പി ഞാന്‍ അദ്ദേഹത്തിന് അയച്ചുകൊടുത്തു.

ദാര്‍ശനികഗ്രന്ഥങ്ങളോട്, വിശേഷിച്ച് നടരാജഗുരു, നിത്യചൈതന്യയതി എന്നിവരുടെ കൃതികളോട് കനകരാജ് പുലര്‍ത്തിയിരുന്ന തീവ്രമായ താത്പര്യം അറിയാന്‍ കഴിഞ്ഞപ്പോള്‍ ആ അനുഭവങ്ങള്‍ ഒരു ലേഖനമായെഴുതാന്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു.

നിത്യചൈതന്യയതി

അദ്ദേഹത്തെ നേരില്‍ കാണണമെന്ന് കരുതി പല തവണ ഫോണ്‍ ചെയ്‌തെങ്കിലും എന്തുകൊണ്ടോ അത് നടന്നില്ല. 2022 മെയ് 7-ന് ഫോണ്‍ വിളിച്ചപ്പോള്‍, അന്ന് രാവിലെ ഹാര്‍ട്ട് അറ്റാക്ക് വന്ന് അദ്ദേഹം മരിച്ചുപോയെന്ന വിവരം അദ്ദേഹത്തിന്റെ ഭാര്യ എന്നെ അറിയിച്ചു. . രണ്ടാഴ്ച കഴിഞ്ഞ് അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ച ഞാന്‍ അമ്പരന്നുപോയി. ചുടാത്ത മണ്‍കട്ട കൊണ്ടു പണിത്, മുന്‍ഭാഗം മാത്രം പ്ലാസ്റ്റര്‍ ചെയ്ത, ഒരു കൊച്ചുവീട്. കിടപ്പുമുറിയായി ഉപയോഗിക്കുന്ന ഒരു മുറിയൊഴികെ മറ്റിടമെല്ലാം വീഞ്ഞപ്പലകകൊണ്ടു സ്വയം നിര്‍മ്മിച്ച പുസ്തക ഷെല്‍ഫുകള്‍കൊണ്ടു നിറഞ്ഞിരിക്കുന്നു. പുസ്തകങ്ങളുടെ നടുവില്‍ അദ്ദേഹം ഇരിക്കാറുണ്ടായിരുന്ന കസേരയും മേശയും. അദ്ദേഹത്തിന്റെ സൗകര്യമനുസരിച്ച് പ്രത്യേകരീതിയിലാണ് പുസ്തകങ്ങള്‍ അടുക്കിവെച്ചിട്ടുള്ളത്. ഓരോ പ്രത്യേക ചരിത്രസന്ദര്‍ഭങ്ങളില്‍ ഇറങ്ങിയ പത്രമാസികകള്‍ ശേഖരിച്ച് കെട്ടുകെട്ടായി വെച്ചിട്ടുമുണ്ട്. അപൂര്‍വ്വമായി അദ്ദേഹം എഴുതിയ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച ആനുകാലികങ്ങളും ആ ലേഖനങ്ങളുടെ കൈയ്യെഴുത്തുപ്രതികളും ഭംഗിയായി അടുക്കിവെച്ചിരിക്കുന്നു. പത്താം ക്ലാസ് വിദ്യാഭ്യാസയോഗ്യത മാത്രമുള്ള, ദേഹണ്ഡപ്പണിചെയ്തും ക്ഷേത്രത്തില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ ചില്ലറ ജോലികള്‍ ചെയ്തും നിത്യവൃത്തി കഴിച്ചിരുന്ന ഈ 48-കാരന്റെ ഗ്രന്ഥശേഖരം ഷൗക്കത്ത് ഏതാനും സുഹൃത്തുക്കളുടെ സഹായത്തോടെ ന്യായമായ ഒരു തുക കൊടുത്ത് ഏറ്റെടുക്കുകയും അദ്ദേഹത്തിന്റെ കുടുബത്തിന് നല്ലൊരു വീട് നിര്‍മ്മിച്ചു നല്‍കുകയും ചെയ്തു.

വായനാശീലത്തിന്റെ കാര്യത്തില്‍ ഇത്രയും ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്ന ഈ ജ്ഞാനോപാസകന്‍, കോവിഡ് ബാധയെത്തുടര്‍ന്ന് ഉപജീവനോപാധികളെല്ലാം മിക്കവാറും മുട്ടിയ നിലയില്‍ കഴിഞ്ഞിരുന്ന നാളുകളിലാണല്ലോ എന്റെ പുസ്തകത്തെക്കുറിച്ച് ഭാഷാപോഷിണിയില്‍ വന്ന അറിയിപ്പ് ശ്രദ്ധിച്ചതും അത് വിലകൊടുത്തു വാങ്ങി വായിച്ചതെന്നുമുള്ള അറിവ് എന്നെ ഒരുപാട് മഥിച്ചു. അദ്ദേഹം തേടിവെച്ചിരുന്ന ഗുരു നിത്യയുടെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കുന്നതായിരിക്കും അദ്ദേഹത്തോട് കാണിക്കാവുന്ന ഏറ്റവും വലിയ ആദരവ് എന്ന ചിന്തയാണ് ആ കടലാസുകെട്ട് ഏറ്റെടുക്കാനും അദ്ദേഹം നിറുത്തിയേടത്തുനിന്ന് ബാക്കി ജോലി തുടങ്ങാനും എന്നെ പ്രേരിപ്പിച്ചത്. സ്‌നേഹാദരങ്ങളോടെ അദ്ദേഹത്തിനുള്ള അക്ഷരോദകമായി ഈ പുസ്തകം സമര്‍പ്പിക്കുന്നു.
9288137485

Author

Scroll to top
Close
Browse Categories