പഠനം രസകരമാക്കല്‍
ചെമ്പഴന്തിയിലെ ആളൊഴിഞ്ഞ വഴിയിലൂടെ കണ്ണങ്കര എഴുത്തുകളരിയാശാന്‍ മൂത്തപിള്ള നടന്നുപോവുന്നു. പിന്നാലെ രണ്ടു സഹായികളുമുണ്ട്. അത് പതിവാണ്. എവിടെ പോകുമ്പോഴും രണ്ടോ മൂന്നോ പേര്‍ കൂടെ കാണും.
പുല്ലുകള്‍ വളര്‍ന്നു പടര്‍ന്നുകിടക്കുന്ന സ്ഥലം. പശുക്കളും കിടാങ്ങളും നല്ല കൊതിയോടെ പുല്ലുകള്‍ തിന്നു നടക്കുന്നു. വെറുതെ വാലാട്ടി തലയുയര്‍ത്തി മൂത്തപിള്ളയെ നോക്കി. എവിടെനിന്നോ ഓടിവന്ന ഒരു കന്നുകുട്ടി തള്ളപ്പശുവിന്റെ പാല്‍ കുടിക്കുന്നു.
അതുകണ്ടപ്പോള്‍ മൂത്തപിള്ള കൂടെയുള്ള ഒരാളോട് ചോദിച്ചു.
”ആരുടേതാണീ പശുക്കള്‍, അഴിച്ചുവിട്ടിരിക്കുകയാണല്ലോ? പാലു മുഴുവന്‍ കുട്ടി കുടിച്ചുതീര്‍ക്കും.”
ആശാന്‍ പറഞ്ഞത് സമ്മതിച്ചുകൊണ്ട് പശുവിന്റെ ഉടമയുടെ മഠയത്തരമോര്‍ത്തുകൊണ്ട് അവര്‍ ഉറക്കെ ചിരിച്ചു മുന്നോട്ടു നടന്നു.
ഒരു വലിയ മരത്തിന്റെ കീഴിലൂടെ അവര്‍ നടക്കുമ്പോള്‍ മരത്തിനു മുകളിലിരുന്ന് ആരോ ശിവന്റെ പര്യായപദങ്ങള്‍ ശുദ്ധവും മധുരവുമായ സ്വരത്തില്‍ ചൊല്ലിക്കൊണ്ടിരിക്കുന്നു.
കണ്ണങ്കര ആശാന്‍ ഒന്നു നിന്നു. മരത്തിനു മുകളിലിരുന്ന് അമരകോശം ചൊല്ലിപ്പഠിക്കുന്ന വിദ്വാനെ ഒന്നു കാണണമല്ലോ. ആശാന്‍ മരത്തിന്നടുത്തേക്ക് നടന്നുവന്നു മുകളിലേക്ക് നോക്കി. കൂടെയുള്ളവരും വന്നു മരക്കൊമ്പില്‍ നോക്കിനില്പായി.
മരത്തിന്റെ മുകളില്‍നിന്നും ഒരു കുമാരന്‍ ധൃതിയില്‍ താഴോട്ടിറങ്ങിവരുന്നു. ആരാണെന്നു പെട്ടെന്നു മനസ്സിലായില്ല. കുറച്ചു താഴെ ഇറങ്ങിയെത്തിയപ്പോള്‍ ആളെ മനസ്സിലായി.
വയല്‍വാരം വീട്ടിലെ നാണു. മരംകയറ്റക്കാരന്റെ ശ്രദ്ധയോടെ വളരെപ്പെട്ടെന്ന് ചില്ലകളിലൂടെ പിടിച്ചു നടന്നും ഇരുന്നു നിരങ്ങിയും കാലുകള്‍ നീട്ടിവെച്ചും ശാഖകള്‍ മാറിമാറി പിടിച്ചിറങ്ങി താഴെയെത്തി.
”നീയോ?”
മൂത്തപിള്ളയാശാന്‍ അത്ഭുതത്തോടെ ചോദിച്ചു.
ഉത്തരം പറയുന്നതിനുമുമ്പെ നാണു മൂത്തപിള്ളയാശാന്റെ കാലുകള്‍ തൊട്ടു വന്ദിച്ചു. കണ്ണങ്കര ആശാന്‍ നാണുവിന്റെ തലയില്‍ കൈവെച്ചനുഗ്രഹിച്ചു. ചുമല്‍ പിടിച്ചുയര്‍ത്തി മുന്നില്‍ നിര്‍ത്തി.
”കുട്ടിയെന്തിനാണ് മരത്തിനു മുകളില്‍ കയറിയത്?”
ആശാന്‍ ചോദിച്ചു. പരമശാന്തനായി പാഠശാലയില്‍ ഒതുങ്ങിയിരിക്കുന്ന കുട്ടി ഇത്രത്തോളം ധൈര്യമുള്ളവനും മിടുക്കനുമാണെന്ന് ആദ്യമായി മനസ്സിലാക്കുകയാണ്. ആശാന്‍ മരത്തിനു മുകളില്‍ നോക്കി. നാണു ഇരുന്നിരുന്ന കൊമ്പ് വളരെ ഉയരത്തിലുള്ളതാണ്.
”എന്തിനാണ് മരത്തില്‍ കയറിയത്?”
”മുകളിലിരുന്നാല്‍ പശുക്കളൊക്കെ എവിടെയാണുള്ളത്, എന്തു ചെയ്യുകയാണെന്നൊക്കെ വേഗം കണ്ടുപിടിക്കാം.”
”അപ്പോള്‍ ഈ പശുക്കളൊക്കെ കുട്ടിയുടെ വീട്ടിലേതാണോ?”
ആശാന്റെ കൂടെയുള്ള ആള്‍ ചോദിച്ചു.
”അതെ. കളരിയില്ലാത്ത ദിവസങ്ങളില്‍ ഞാനാണ് ഇവയെ മേയ്ക്കാന്‍ കൊണ്ടുവരിക.”
നാണു പറഞ്ഞു.
”പശുവിനെയും കന്നിനെയും ഒന്നായി അഴിച്ചുവിട്ടാല്‍ കറന്നെടുക്കാന്‍ പാലുണ്ടാവില്ലല്ലോ കുട്ടി”
മറ്റൊരാള്‍ തള്ളയുടെ അകിടില്‍ പാലുകുടിക്കുന്ന കന്നിനെ ചൂണ്ടിക്കാട്ടി.
”കന്നിനു കുടിക്കാനല്ലേ പാല്. കന്നു കുടിച്ച് ബാക്കിയായത് മാത്രം കറന്നെടുക്കട്ടെ.”
നാണു ചിരിച്ചുകൊണ്ടു പറഞ്ഞു.
നാണുവിന്റെ മറുപടി ആശാന് ഇഷ്ടമായി. ചെറുപുഞ്ചിരിയോടു കൂടി നോക്കി അഭിനന്ദിച്ചു. എന്നിട്ടു മറ്റുള്ളവരെ നോക്കി പറഞ്ഞു.
”നാണു പറഞ്ഞതാണ് ശരി. അങ്ങനെയാണ് പശുവിനെ വളര്‍ത്തേണ്ടത്.”
അപ്പോഴും ആശാന്റെ മനസ്സില്‍ ഒരു സംശയം ബാക്കിയിരുന്നു. അതുകൂടി ചോദിച്ചു.
”നാണു എന്തിനാണ് മരത്തിനു മുകളില്‍ കയറിയിരുന്നു അമരം ചൊല്ലിയത്?”
”പഠിക്കാനാണ്. പശുവിനെ മേയ്ക്കലും പഠിപ്പും ഒന്നിച്ചു നടക്കും. മരത്തിനു മുകളിലാവുമ്പോള്‍ ആരും ശല്യപ്പെടുത്തുകയുമില്ല.”
നാണുവിന്റെ മറുപടി ആശാനെ തൃപ്തിപ്പെടുത്തി.
”നാണു എന്തിനാണ് മരത്തിനു മുകളില്‍ കയറിയിരുന്നു അമരം ചൊല്ലിയത്?”
”പഠിക്കാനാണ്. പശുവിനെ മേയ്ക്കലും പഠിപ്പും ഒന്നിച്ചു നടക്കും. മരത്തിനു മുകളിലാവുമ്പോള്‍ ആരും ശല്യപ്പെടുത്തുകയുമില്ല.”
നാണുവിന്റെ മറുപടി ആശാനെ തൃപ്തിപ്പെടുത്തി. ഇനിയൊന്നും ചോദിക്കാനില്ല. എങ്കിലും ഗുരു ഉപദേശിച്ചു.
”എപ്പോഴും നല്ല ശ്രദ്ധ വേണം. മരത്തിനു മുകളില്‍ കയറാതിരിക്കുന്നതാണ് നല്ലത്. ഒഴിവുവേളകളൊക്കെ ഇതുപോലെ പ്രയോജനപ്പെടുത്തണം. നന്നായ് വരും.”
ആശാന്‍ ഒരിക്കല്‍ക്കൂടി ശിഷ്യനെ അനുഗ്രഹിച്ചു. നാണു തൊഴുതുനിന്നു തലകുനിച്ചു. ആ സ്‌നേഹവാത്സല്യം മുഴുവന്‍ ഏറ്റുവാങ്ങി.
94004 32008