സമരമുഖത്തെ തീപ്പൊരി നേതാവ്പാർട്ടിയുടെ അമരക്കാരൻ

എഴുപതുകളുടെ മദ്ധ്യത്തില്‍ വിദ്യാര്‍ത്ഥി സമൂഹത്തെ എ.ഐ.എസ്.എഫ് എന്ന സംഘടനയിലേക്ക് ആകർഷിക്കുന്ന കാന്തിക ശക്തിയായിരുന്ന ബിനോയ്‌ വിശ്വം പ്രസ്ഥാനത്തിന് പുതിയ കരുത്ത് പകരാൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത്. എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, വാഗ്മി എന്നീ നിലകളിലും പ്രാഗത്ഭ്യം തെളിയിച്ച ബിനോയ്‌ വിശ്വം മികച്ച പാര്‍ലമെന്റേറിയനും സംഘാടകനുമാണ്

കേരളത്തിലെ യുവാക്കൾക്ക് എക്കാലവും മറക്കാനാകാത്ത ഒരു മുദ്രാവാക്യമുണ്ട്. ‘തൊഴില്‍ അല്ലെങ്കില്‍ ജയില്‍’ . തൊഴിലില്ലായ്മക്കെതിരെ എ.ഐ.വൈ.എഫിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന പന്ന്യന്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നിന്നും എ.ഐ.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് ബിനോയ്‌വിശ്വത്തിന്റെ നേതൃത്വത്തില്‍ ഇടുക്കിയില്‍ നിന്നും തുടങ്ങിയ രണ്ട് ജാഥകള്‍ തിരുവനന്തപുരത്ത് സംഗമിച്ചതും പിന്നീട് അറസ്റ്റ്‌വരിച്ച് യുവജനങ്ങള്‍ ജയിലഴിക്കുള്ളിലായതും തിളയ്ക്കുന്ന ചരിത്രം.

സംഘടിതമായ പല വിദ്യാര്‍ത്ഥി മുന്നേറ്റങ്ങള്‍ക്കും നേതൃത്വം നൽകിയ ബിനോയ്‌വിശ്വമെന്ന കൗമാരക്കാരൻ ഇന്ന് സിപിഐയെന്ന കരുത്തുറ്റ പ്രസ്ഥാനത്തെ നയിക്കേണ്ട സംസ്ഥാന സെക്രട്ടറിയായി.

മഹാരഥന്മാര്‍ ഇരുന്ന കസേരയില്‍ ഇരിക്കാന്‍ അവരുടെയത്ര യോഗ്യനല്ലെങ്കിലും കഴിവിനൊത്ത് പ്രവര്‍ത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. പാര്‍ട്ടി പുതിയൊരു ഉത്തരവാദിത്വം ഏല്‍പ്പിച്ചു. അത് ഭംഗിയാക്കാന്‍ ശ്രമിക്കും. ഇടതുപക്ഷത്തിന്റെ ആശയങ്ങളെക്കുറിച്ചും അതിന്റെ പാരമ്പര്യത്തെക്കുറിച്ചും ഉത്തമബോദ്ധ്യമുണ്ട്. എല്‍ഡിഎഫ് ഇന്ത്യന്‍ രാഷ്ട്രീയത്തിന് വഴികാട്ടുന്ന കൂട്ടായ്മയാണ്. പലപ്പോഴും അകത്തും പുറത്തും എല്‍.ഡി.എഫിനെ വിമര്‍ശിക്കേണ്ടി വന്നിട്ടുണ്ട്. അതൊന്നും മുന്നണിയെ ദുര്‍ബലപ്പെടുത്താനല്ല, ശക്തിപ്പെടുത്താനായിരുന്നു. എല്‍.ഡി.എഫിന്റേതല്ലാത്ത ഒരു താത്പര്യവും സി.പി.ഐ.ക്കില്ല.”
-ബിനോയ്‌വിശ്വം

മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തും പിന്നീട് എന്‍ജിനീയറിംഗ് അടക്കമുള്ള ഉന്നതവിദ്യാഭ്യാസ രംഗത്തും പ്രവേശന പരീക്ഷ നടപ്പിലാക്കാന്‍ കാരണമായതും മാര്‍ക്ക് തട്ടിപ്പിനെതിരെ എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ സമരപരമ്പരയായിരുന്നു. പൂജ്യം മാര്‍ക്ക് തിരുത്തി മെഡിക്കല്‍ പ്രവേശനത്തിന് ചില വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരവാദപ്പെട്ടവര്‍ ഒത്താശ ചെയ്ത സംഭവം സംസ്ഥാനത്തിന്റെ വിദ്യാഭ്യാസമേഖലയ്ക്ക് തന്നെ വരുത്തിയ കളങ്കം ചെറുതായിരുന്നില്ല. അന്ന് കേരള സര്‍വകലാശാല വളപ്പില്‍ പോലീസിന്റെ കൊടിയ മര്‍ദ്ദനത്തിനാണ് ബിനോയ് ഉള്‍പ്പെടെയുള്ളവര്‍ ഇരയായത്. എഴുപതുകളുടെ മദ്ധ്യത്തില്‍ വിദ്യാര്‍ത്ഥി സമൂഹത്തെ എ.ഐ.എസ്.എഫ് എന്ന സംഘടനയിലേക്ക് ആകർഷിക്കുന്ന കാന്തിക ശക്തിയായിരുന്നു ബിനോയ്‌വിശ്വം. 80കളുടെ മദ്ധ്യത്തില്‍ എ.ഐ.വൈ.എഫിന്റെ നേതൃനിരയിലെത്തിയപ്പോഴും കേരളത്തിലെ ഇടതുരാഷ്ട്രീയത്തിന്റെ പിന്മുറക്കാരിലൊരാളായി ഈ യുവാവ് മാറുമെന്ന് മുതിര്‍ന്ന നേതാക്കള്‍ക്ക് ബോദ്ധ്യമായിരുന്നു.

പി.കെ.വി.ക്കും കാനംരാജേന്ദ്രനും ശേഷം സി.പി.ഐയുടെ അമരത്തേക്ക് വീണ്ടുമൊരു കോട്ടയം സ്വദേശി. എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, വാഗ്മി എന്നീ നിലകളിലും പ്രാഗത്ഭ്യം തെളിയിച്ച ബിനോയ്‌വിശ്വം മികച്ച പാര്‍ലിമെന്റേറിയനും സംഘാടകനുമാണ്.

1955 നവംബര്‍ 25ന് വൈക്കത്ത് പാര്‍ട്ടി കുടുംബത്തിലാണ് ജനനം. വൈക്കം മുന്‍ എം.എല്‍.എ.യും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന സി.കെ. വിശ്വനാഥന്റെയും സി.കെ. ഓമനയുടെയും മകനാണ്.

കോട്ടയം സി.പി.ഐ. ജില്ലാ കൗണ്‍സില്‍ ഓഫീസില്‍ ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ദേശീയ സെക്രട്ടറി ഡി. രാജ, സംസ്ഥാന സെക്രട്ടറിയായി ചുമതല ഏറ്റെടുത്ത ബിനോയ്‌വിശ്വത്തെ അഭിനന്ദിക്കുന്നു.

വൈക്കം ഗവ.ബോയ്‌സ് ഹൈസ്‌കൂളില്‍ എ.ഐ.എസ്.എഫ്. സെക്രട്ടറിയായാണ് രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയത്. ഡിഗ്രിക്ക് ശേഷം എല്‍.എല്‍.ബിയും പൂര്‍ത്തിയാക്കി. എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യ പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എ.ഐ.വൈ.എഫിന്റെ വിവിധ ചുമതലകളും വഹിച്ചു. ജനയുഗത്തിലൂടെ പത്രപ്രവര്‍ത്തകനുമായി. 2001, 2006 വര്‍ഷങ്ങളില്‍ കോഴിക്കോട് നാദാപുരത്ത് നിന്ന് നിയമസഭയിലെത്തി. 2006ലെ വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ വനംവകുപ്പ് മന്ത്രിയായിരുന്നു. 2018 മുതല്‍ രാജ്യസഭാംഗമാണ്.
സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന കൂത്താട്ടുകുളം മേരിയുടെ മകള്‍ ഷൈല പി. ജോര്‍ജ്ജാണ് ഭാര്യ. മക്കള്‍: രശ്മി ബിനോയ് (മാദ്ധ്യമപ്രവര്‍ത്തക), ഹൈക്കോടതി അഭിഭാഷക സൂര്യബിനോയ്.

Author

Scroll to top
Close
Browse Categories