പി.വി. ഗംഗാധരന്‍: സ്നേഹത്തിന്റെ മുഖം

സിനിമയുടെ പൂര്‍ണതയ്ക്കായി കഥാപാത്രങ്ങളുടെ ആഭരണങ്ങള്‍ പോലും തനി സ്വര്‍ണ്ണമാക്കിയ നിർമ്മാതാവാണ് താനെന്ന് ‘ഒരു വടക്കന്‍വീരഗാഥ’യുടെ 25 വര്‍ഷങ്ങള്‍ ‘എന്ന പുസ്തകത്തില്‍ പി.വി.ഗംഗാധരന്‍ എഴുതിയിട്ടുണ്ട്.വാണിജ്യവിജയമാവില്ലെന്ന് അറിയാമായിരുന്നിട്ടും കൊലപാതക രാഷ്ട്രീയത്തിനെതിരെ വിരല്‍ ചൂണ്ടുന്ന പ്രമേയമായതിനാലാണ് ‘ശാന്തം’ നിര്‍മ്മിച്ചത്.
“പി.വി.ഗംഗാധരന് ഒരുമുഖം മാത്രമേ ഉണ്ടായിരുന്നുള്ളു .സൂപ്പർ താരങ്ങളോടും ചായകൊണ്ടുവരുന്ന പയ്യനോടും ഒരേ മനസോടെ പെരുമാറുന്ന സ്നേഹത്തിന്റെ മുഖം.”-സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞു.
കൈവെച്ച മേഖലകളൊക്കെ പൊന്നാക്കി മാറ്റിയ അപൂര്‍വ പ്രതിഭയായിരുന്നു അടുത്തകാലത്ത് വിടപറഞ്ഞ മാതൃഭൂമി ഡയറക്ടറും സിനിമാ നിർമ്മാതാവും വ്യവസായിയുമായ പി.വി. ഗംഗാധരൻ. കേരളത്തിലെ സാംസ്‌കാരിക മേഖലയില്‍ വിലപ്പെട്ട സംഭാവനകള്‍ ചെയ്ത് തന്റേതായ സ്ഥാനം അരക്കിട്ടുറപ്പിച്ച വ്യക്തി. മലയാള സിനിമയില്‍ ചരിത്രം കുറിച്ച, ഒട്ടേറെ ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ അമരക്കാരൻ.ഗൃഹലക്ഷ്മി നിർമ്മിക്കുന്ന ചിത്രങ്ങൾക്ക് ഒരു സംസ്കാരമുണ്ടായിരുന്നു. നല്ല കുടുംബസിനിമകൾ മാത്രം ഗൃഹലക്ഷ്മിയിൽ നിന്ന് പുറത്ത് വന്നു.
ഗൃഹലക്ഷ്മി
പ്രൊഡക്ഷന്‍സ്
ആദ്യ ചിത്രം : സുജാത (1977)
മറ്റു പ്രധാനചിത്രങ്ങള്‍: മനസാവാചാകര്‍മ്മണ, അങ്ങാടി, അഹിംസ, ചിരിയോചിരി, കാറ്റത്തെ കിളിക്കൂട്, വാര്‍ത്ത, ഒരു വടക്കന്‍വീരഗാഥ, അദ്വൈതം, ഏകലവ്യന്‍, കൊച്ചുകൊച്ചു സന്തോഷങ്ങള്‍, ജാനകിജാനേ.
പുരസ്‌കാരങ്ങള്‍ നേടിയ
ചിത്രങ്ങള്‍
കാണാക്കിനാവ്, ഒരു വടക്കന്‍വീരഗാഥ, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, അച്ചുവിന്റെ അമ്മ, നോട്ട്ബുക്ക്, തൂവൽക്കൊട്ടാരം,
പദവികള്‍
ഇന്റര്‍നാഷണല്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വൈസ്‌പ്രസിഡന്റ്
കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍
കേരള ഫിലിം ചേംബര്‍ പ്രസിഡന്റ്
ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ്
ഗൃഹലക്ഷ്മിയുടെ ചിത്രങ്ങള്‍
സൂപ്പര്‍സ്റ്റാറുകള്‍ക്ക് വഴിത്തിരിവ്
ഒരു വടക്കന്‍വീരഗാഥ, വാര്‍ത്ത – മമ്മൂട്ടി
കാറ്റത്തെകിളിക്കൂട്- മോഹന്‍ലാല്‍
ഏകലവ്യന്‍ – സുരേഷ്‌ഗോപി
വേറിട്ട പരീക്ഷണങ്ങള്‍
എന്ന് സ്വന്തം ജാനകിക്കുട്ടി
ശാന്തം
കാണാക്കിനാവ്
കെ.എസ്.യുവിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെത്തിയ പി.വി. ഗംഗാധരന്‍ എ.ഐ.സി.സി. അംഗമായിരുന്നു. ഗാന്ധിയന്‍ മൂല്യങ്ങളും നെഹ്‌റുവിയന്‍ ചിന്തകളുമാണ് പി.വി. ഗംഗാധരനെ കോണ്‍ഗ്രസുമായി അടുപ്പിച്ചത്. ഒരുവട്ടം കോഴിക്കോട് നോര്‍ത്തില്‍ നിന്ന് മത്സരിച്ചു. കോഴിക്കോട്ടെ എല്ലാ സാമൂഹിക സദസ്സിലും നിറസാന്നിദ്ധ്യം.മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റെ പ്രസിഡന്റായിരുന്ന കാലത്ത് കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തിന് വേണ്ടി ശക്തമായി പ്രവര്‍ത്തിച്ചു.
പ്രമുഖ വ്യവസായിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന പിതാവ് പി.വി.സാമി പടുത്തുയര്‍ത്തിയ കെ.ടി.സി. ഗ്രൂപ്പിന്റെ വളര്‍ച്ചയില്‍ ജ്യേഷ്ഠസഹോദരൻ പി.വി. ചന്ദ്രനൊപ്പം വലിയ പങ്കുവഹിച്ചു. ഉത്തരകേരളത്തിലെ വ്യവസായികളുടെ സംഘടനയായ മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റെ അമരത്ത് മൂന്നുതവണ പ്രവര്‍ത്തിച്ചു.ജനസേവനം പി.വി. ഗംഗാധരന്‍ ജീവിതചര്യയാക്കി. ദരിദ്രരും അര്‍ഹരുമായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുന്നതില്‍ അദ്ദേഹം പ്രത്യേക ശ്രദ്ധ പുലര്‍ത്തി.
പിവിഎസ് ആശുപത്രി ഡയറക്ടര്‍, പി.വി.എസ്. നഴ്‌സിംഗ് സ്‌കൂള്‍ ഡയറക്ടര്‍, പി.വി.എസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് ഡയറക്ടര്‍, പി.വി.എസ്. ഹൈസ്‌കൂള്‍ ഡയറക്ടര്‍, പന്തീരങ്കാവ് എഡ്യൂക്കേഷന്‍ സൊസൈറ്റി പ്രസിഡന്റ്, ശ്രീകണ്‌ഠേശ്വരം ക്ഷേത്രയോഗം ഡയറക്ടര്‍ തുടങ്ങിയ നിലകളില്‍ മികച്ച സേവനമാണ് പി.വി. ഗംഗാധരന്‍ കാഴ്ചവെച്ചത്.
1977 മുതലുള്ള മൂന്നു പതിറ്റാണ്ടുകാലം കലാമൂല്യമുള്ള ചിത്രങ്ങള്‍ നിര്‍മ്മിച്ച് മുഖ്യധാര സിനിമയ്ക്ക് പുതിയ പുതിയ മാതൃക സമ്മാനിച്ചു പി.വി. ഗംഗാധരന്‍.1976ല്‍ സുഹൃത്തുക്കള്‍ക്കൊപ്പം മദ്രാസില്‍ പോയി നിര്‍മ്മിച്ച ‘സംഗമം’ നിരവധി പ്രതിബന്ധങ്ങള്‍ നേരിട്ട ശേഷമായിരുന്നു റിലീസ് ചെയ്തത്. പിന്നീടാണ് 1977ല്‍ സുജാതയുമായി ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ രംഗപ്രവേശം. ആശാബോസ്‌ലെ ഈ ചിത്രത്തില്‍ ആദ്യമായി മലയാളത്തില്‍ പാടി. ജന്മനാ അന്ധനായ രവീന്ദ്ര ജയിനായിരുന്നു സംഗീത സംവിധാനം.
എം.ടി. വാസുദേവന്‍നായര്‍, ഐ. വി. ശശി, ടി. ദാമോദരന്‍ എന്നിവരുമായി ആത്മബന്ധം. എം.ടിയുമായുള്ള സൗഹൃദമാണ് ‘വടക്കന്‍വീരഗാഥ’യ്ക്ക് പിന്നില്‍. ജയന്‍ നായകനായ സൂപ്പര്‍ഹിറ്റ് ആക്ഷന്‍ ചിത്രം അങ്ങാടിയും ക്ലാസിക് ചിത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച വടക്കന്‍വീരഗാഥയും ഗൃഹലക്ഷ്മിയുടെ ബാനറില്‍ തന്നെ പുറത്തുവന്നുവെന്നതാണ് പ്രത്യേകത.
സിനിമയുടെ പൂര്‍ണതയ്ക്കായി കഥാപാത്രങ്ങളുടെ ആഭരണങ്ങള്‍ പോലും തനി സ്വര്‍ണ്ണമാക്കിയ നിർമ്മാതാവാണ് താനെന്ന് ‘ഒരു വടക്കന്‍വീരഗാഥ’യുടെ 25 വര്‍ഷങ്ങള്‍ ‘എന്ന പുസ്തകത്തില്‍ പി.വി.ഗംഗാധരന്‍ എഴുതിയിട്ടുണ്ട്.വാണിജ്യവിജയമാവില്ലെന്ന് അറിയാമായിരുന്നിട്ടും കൊലപാതക രാഷ്ട്രീയത്തിനെതിരെ വിരല്‍ ചൂണ്ടുന്ന പ്രമേയമായതിനാലാണ് ‘ശാന്തം’ നിര്‍മ്മിച്ചത്.
പി.വി. സാമിയുടേയും മാധവി സാമിയുടെയും മകനായി 1943ല്‍ കോഴിക്കോടായിരുന്നു ജനനം.മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ ജ്യേഷ്ഠസഹോദരനാണ്. പ്രമുഖ അഭിഭാഷകനും അഡ്വക്കേറ്റ് ജനറലുമായിരുന്ന അഡ്വ. എം. രത്‌നസിംഗിന്റെ മകള്‍ ഷെറിനാണ് പി.വി. ഗംഗാധരന്റെ സഹധര്‍മ്മിണി. ചലച്ചിത്ര നിര്‍മ്മാണ കമ്പനി എസ്. ക്യൂബിന്റെ സാരഥികളായ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ മക്കള്‍. മരുമക്കള്‍: ഡോ. ജയതിലക് (അമൃതആശുപത്രി കൊച്ചി), ഡോ. ബിജില്‍രാഹുല്‍ , ഡോ. സന്ദീപ് ശ്രീധരന്‍ (മലബാര്‍ മെഡിക്കല്‍ കോളേജ് കോഴിക്കോട്). കോഴിക്കോട് പിവിഎസ് ആശുപത്രി മുന്‍ എം.ഡി. പരേതനായ ടി.കെ. ജയരാജിന്റെ ഭാര്യ കുമാരി ജയരാജ് സഹോദരിയാണ്.
മലയാള സിനിമയുടെ കരുത്തും മലബാർ വികസനത്തിന്റെ മുന്നണിപോരാളിയുമായ പി.വി. ഗംഗാധരന്റെ വിയോഗം മൂലമുണ്ടായ നഷ്ടം ഉടനെയൊന്നും നികത്താനാവില്ലയെന്നതാണ് യാഥാർത്ഥ്യം.