എസ്.എന്‍. ട്രസ്റ്റിന് 148 കോടിയുടെ ബഡ്ജറ്റ്
ആശുപത്രികള്‍ മെച്ചപ്പെടുത്താന്‍ 55 കോടി
ചേര്‍ത്തല: എസ്.എന്‍. ട്രസ്റ്റിന് 2023-24ല്‍ 148,17,79,500 രൂപയുടെ ബഡ്ജറ്റിന് വാര്‍ഷിക പൊതുയോഗം അംഗീകാരം നല്കി. ആശുപത്രികളുടെ പശ്ചാത്തല വികസനത്തിന് 45 കോടിയും നവീകരണത്തിന് 10 കോടിയും വകയിരുത്തി.
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുതിയ നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി 12 കോടിയും എയ് ഡഡ് കോളേജുകളില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ 7 കോടിയും സ്വാശ്രയ മേഖലയിലെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ക്ക് മൂന്നു കോടിയും എയ് ഡഡ് കോളേജുകള്‍ക്ക് രണ്ട് കോടിയും നാക് അംഗീകാരത്തിന് ഒരുകോടിയും സെന്‍ട്രല്‍ സ്കൂളിന് ഒരു കോടിയും വകയിരുത്തി.
ചേര്‍ത്തല ശ്രീനാരായണ കോളേജ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശന് റിപ്പോര്‍ട്ടും കണക്കും ബഡ്ജറ്റും അവതരിപ്പിച്ചു. ചെയര്മാന് ഡോ. എം.എന്‍. സോമന് അദ്ധ്യക്ഷനായി. ട്രഷറര്‍ ഡോ. ജി. ജയദേവന്, അസി.സെക്രട്ടറി തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ സംസാരിച്ചു. ഓഡിറ്റര്‍ അബ്ദുള്‍റഹിം, എക്സിക്യൂട്ടീവ് അംഗങ്ങളായ സന്തോഷ് അരയാക്കണ്ടി, എ.ആര്. ഗോപിനാഥ്, എ. സോമരാജന്, സി.ബി. രാജേന്ദ്രന്, മോഹന്‍ ശങ്കര്‍, കെ. പത്മകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.