ആര്‍. ശങ്കറിനെ തകര്‍ത്ത പ്രേതങ്ങള്‍ ഇപ്പോഴും

എസ്.എന്‍. ട്രസ്റ്റിന്റെ 70-ാമത് വാര്‍ഷിക പൊതുയോഗത്തിന് തുടക്കം കുറിച്ച് ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തിരി തെളിക്കുന്നു

ചേര്‍ത്തല : ആര്‍. ശങ്കറിനെ തകര്‍ത്ത പ്രേതങ്ങള്‍ മറ്റൊരു രൂപത്തില്‍ ഇപ്പോഴും എസ്.എന്‍.ഡി.പി യോഗത്തെയും ട്രസ്റ്റിനെയും തകര്‍ക്കാന്‍ ശ്രമിക്കുന്നതായി എസ്.എന്‍.ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. ചേര്‍ത്തല എസ്.എന്‍. കോളേജില്‍ എസ്.എന്‍. ട്രസ്റ്റിന്റെ 70-ാം വാര്‍ഷിക പൊതുയോഗത്തിന്റെ സ്വാഗതപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായി എസ്.എന്‍.ഡി.പി യോഗം ലോകമാകെ അംഗീകരിക്കപ്പെട്ടതില്‍ വിഷണ്ണരായവര്‍, മറ്റ് ചിലരുടെ പ്രേരണയില്‍ യോഗത്തിനെതിരെ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട് കമ്മീഷന്‍ വന്നപ്പോള്‍ റിസീവര്‍ ഭരണം വരുമെന്ന് കണക്കു കൂട്ടിയ അവര്‍, കണ്‍വീനറും ചെയര്‍മാനുമൊക്കെയാകാന്‍ ലിസ്റ്റുവരെ തയ്യാറാക്കി. ഒരു എല്‍.എല്‍.ബി. ഉണ്ടെന്ന് പേരില്‍ ആരും കൈയ്യേറ്റം ചെയ്യില്ലെന്ന വിചാരത്തില്‍ എന്തും പറയാമെന്ന മനോഭാവമാണ് ഇവരോടൊപ്പമുള്ള വക്കീലിനുള്ളത്.

ട്രസ്റ്റ് തിരഞ്ഞെടുപ്പിന്റെ നടപടികള്‍ പൂര്‍ത്തിയാക്കി മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നടത്തി.സമയപരിധിക്കുള്ളില്‍ പണം അടച്ചവരെയെല്ലാം സ്വീകരിച്ചിട്ടു പോലും അടുത്ത കേസിന് മുന്നോടിയായി കഴിഞ്ഞ ദിവസം നോട്ടീസ് എത്തി. പ്രാതിനിധ്യ സ്വഭാവമുള്ള വോട്ടിംഗ് രീതി എസ്.എന്‍.ഡി.പി യോഗത്തില്‍ ഞാന്‍ കൊണ്ടുവന്നതല്ല. പൂര്‍വികര്‍ നടപ്പിലാക്കിയതാണ്. ഇന്ന് കേസിന് നേതൃത്വം കൊടുക്കുന്ന വിദ്യാസാഗര്‍ ഉള്‍പ്പെടെ 200 ന് ഒരാള്‍ക്ക് വീതം പ്രാതിനിധ്യം വേണമെന്ന ആവശ്യം ഉന്നയിച്ച് യോഗത്തിന്റെ വാര്‍ഷിക പൊതുയോഗങ്ങളില്‍ അജണ്ട വച്ച് തീരുമാനം കൈക്കൊള്ളുകയായിരുന്നു.

അങ്ങനെയാണ് ഇരുപത് കൊല്ലമായി യോഗം തിരഞ്ഞെടുപ്പ് നടന്നുവരുന്നത്. വിദ്യാസാഗര്‍ മകനെ മുന്നില്‍ നിര്‍ത്തി ആ നിയമം തെറ്റാണെന്ന് വ്യാഖ്യാനിച്ച് ചില സമ്പന്നരെയും കൂട്ടുപിടിച്ച് യോഗത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ഈ തന്ത്രം തന്നെയാണ് പ്രാതിനിധ്യ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍.എസ്.എസിനെതിരെയും സ്വീകരിച്ചിരിക്കുന്നത്. വിദ്യാസാഗര്‍ എന്റെ കൂടെയാണെന്നും ഞാനാണ് അവര്‍ക്കെതിരെ കേസ് കൊടുത്തിരിക്കുന്നതെന്നും എന്‍.എസ്.എസ്. തെറ്റിദ്ധരിച്ചിരിക്കുകയാണ്. എന്‍.എസ്.എസിനെയും എസ്.എന്‍.ഡി.പി യോഗത്തെയും ഒരുപോലെ തകര്‍ക്കാനാണ് ഇവരുടെ ശ്രമം.
വികസനത്തിനെതിരെ പ്രതിഷേധമുണ്ടായിട്ടും ശങ്കറിന്റെ സ്മരണ നിലനിറുത്താനായി ശങ്കേഴ്‌സ് ആശുപത്രി ഇപ്പോഴും നടത്തിക്കൊണ്ടു പോകുകയാണ്.

കോളേജുകളെല്ലാം സ്റ്റാര്‍ പദവിയില്‍ ഉയര്‍ന്ന് മുന്നോട്ടു പോകുന്നതിനിടെ വികസനത്തെയെല്ലാം തകര്‍ക്കാനാണ് ശ്രമം. മുന്‍സിഫ് കോടതി മുതല്‍ സുപ്രിംകോടതി വരെ നൂറുകണക്കിന് കേസുകള്‍ നടത്തുന്നതിനുള്ള പണം ഇവര്‍ക്ക് ആരാണ് കൊടുക്കുന്നത്. ധര്‍മ്മവേദിയെന്നും അധര്‍മ്മവേദിയെന്നും പറഞ്ഞ് നടക്കുന്നവര്‍ ഒരു ധര്‍മ്മവും ചെയ്യാത്തവരാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ചെയര്‍മാന്‍ ഡോ. എം.എന്‍. സോമന്‍ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി തുഷാര്‍ വെള്ളാപ്പള്ളി, ട്രഷറര്‍ ഡോ. ജി. ജയദേവന്‍ എന്നിവര്‍ സംസാരിച്ചു

Author

Scroll to top
Close
Browse Categories