അനുകമ്പയുള്ള മനസ്സ്

”നാണുവിന് നാലര വയസ്സ് പ്രായമായി.”
കുട്ടിയമ്മ മാടനാശാനെ ഓര്‍മ്മിപ്പിച്ചു. മാടനാശാന്‍ കുറച്ചു ദിവസമായി അക്കാര്യം തന്നെയാണ് ചിന്തിച്ചിരുന്നത്. മകന്റെ വിദ്യാരംഭം എങ്ങനെ നടത്തണം?
കുട്ടികളെ എഴുത്തും വായനയും പഠിപ്പിക്കുന്ന കുടിപ്പള്ളിക്കൂടത്തിലെ ആശാനായതുകൊണ്ടാണ് നാട്ടുകാരെല്ലാം മാടനാശാന്‍ എന്നു വിളിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പള്ളിക്കൂടത്തില്‍ പോകുന്നില്ല. പല താളിയോല ഗ്രന്ഥങ്ങളും പകര്‍ത്തി എഴുതിനല്‍കാനുണ്ട്. നല്ല വടിവില്‍ അക്ഷരങ്ങള്‍ എഴുതുന്നതുകൊണ്ട് പലരും വരുന്നുണ്ട്. പനയോലയില്‍ എഴുത്താണി ഉപയോഗിച്ചാണ് എഴുത്ത്.
”അച്ഛനോ അമ്മാവനോ എഴുത്തിനിരുത്തിയാല്‍ മതിയല്ലോ?”
കുട്ടിയമ്മ അഭിപ്രായപ്പെട്ടു. രണ്ടുപേരും സംസ്‌കൃതത്തില്‍ നല്ല പാണ്ഡിത്യമുള്ളവരാണ്. പക്ഷെ അതു പോരെന്നു മാടനാശാനു തോന്നി. അമ്മാവനായ കൃഷ്ണന്‍ വൈദ്യരുമായി കൂടിയാലോചിച്ചു. കണ്ണങ്കര മൂത്തപിള്ളയാശാന്റെ പള്ളിക്കൂടത്തില്‍ച്ചേര്‍ത്ത് എഴുത്തിനിരുത്തുവാന്‍ തീരുമാനിച്ചു.
മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്തെ പ്രബലരാണ് എട്ടുവീട്ടില്‍ പിള്ളമാര്‍. അതിലൊന്നായ ചെമ്പഴന്തിപ്പിള്ളയുടെ താവഴിയില്‍പ്പെട്ട ആളാണ് ദേശാധികാരിയായ പാര്‍വത്യകാര്‍ മൂത്തപിള്ളയാശാന്‍. നാട്ടുകാരെല്ലാം ബഹുമാനിക്കുന്ന വ്യക്തി.
നാണുവിനെ മൂത്തപിള്ളയാശാന്റെ പള്ളിക്കൂടത്തില്‍ ചേര്‍ത്തു.
ഒരു ദിവസം മൂത്തപിള്ളയുടെ പള്ളിക്കൂടത്തില്‍നിന്നും തിരിച്ചുവരുമ്പോള്‍ വഴിയില്‍ ഒരു സന്ന്യാസിയെ കണ്ടു. നീണ്ട താടിയും മുടിയും, നെറ്റിയില്‍ ഭസ്മക്കുറി, കഴുത്തില്‍ രുദ്രാക്ഷമാല, കാഷായവസ്ത്രം. സ്വാമിയെ കണ്ടപ്പോള്‍ കൂടെയുള്ള സതീര്‍ത്ഥ്യര്‍ കൂക്കിവിളിച്ച് കൂടെ നടന്നു. കൊച്ചുനാണു തടയാന്‍ ശ്രമിച്ചെങ്കിലും കുട്ടികളുടെ വികൃതിത്തരം കൂടിയതേയുള്ളു.
കുട്ടികളുടെ ദ്രോഹം സഹിക്കാനാവാതെ സ്വാമി വിഷമിക്കുന്നതു കണ്ടപ്പോള്‍ കൊച്ചുനാണു ഉറക്കെ കരഞ്ഞു. കുട്ടികള്‍ സ്വാമിയെ എറിയുന്നതു നിര്‍ത്തി. പരിഹസിച്ചുകൊണ്ടുള്ള കൂക്കിവിളിയും അവസാനിപ്പിച്ചു. നാണുവിനെ തനിച്ചാക്കി കുട്ടികള്‍ ധൃതിയില്‍ നടന്നുപോയി. കരച്ചില്‍ നിര്‍ത്തി കൊച്ചുനാണു പതുക്കെ നടന്നു. കൂട്ടുകാരാരുമില്ലാതെ ഒറ്റയ്ക്ക് നടന്നുപോകുന്ന നാണുവിനെ കണ്ടപ്പോള്‍ സ്വാമി കരുതി കുട്ടിക്ക് വഴിതെറ്റിയാലോ?
”കുട്ടി എവിടുത്തേതാണ്?”
സ്വാമി ചോദിച്ചു.
”വയല്‍വാരം വീട്ടിലെ.”
കൊച്ചുനാണുവിന്റെ ഉത്തരം കേട്ടപ്പോള്‍ സ്വാമി കരുതി. തനിക്കറിയാവുന്ന വീടാണത്. അത്രയും ദൂരം തനിച്ചു നടക്കണമല്ലോ? കുട്ടിയെ ആശ്വസിപ്പിച്ചു. കണ്ണീര്‍ തുടച്ചുകൊടുത്തു. സ്വാമി കൊച്ചുനാണുവിനെ വാരിയെടുത്ത് ചുമലിലിരുത്തി നടന്നു. വയല്‍വാരം വീട്ടിലുള്ളവര്‍ കൊച്ചുനാണുവിനെ സ്വാമി ചുമലിലെടുത്തു വരുന്നതു കണ്ടപ്പോള്‍ വല്ലാതെ ഭയന്നു.
”എന്തു പറ്റി?”
”ഒന്നും പറ്റിയില്ല.”
സ്വാമി ചിരിച്ചുകൊണ്ടു പറഞ്ഞു. പിന്നീട് വഴിയിലുണ്ടായ സംഭവങ്ങളെല്ലാം വിവരിച്ചു. വികൃതിക്കുട്ടികളില്‍ നിന്നും തന്നെ രക്ഷിക്കാന്‍ ഉറക്കെ കരഞ്ഞതുകൂടി കേട്ടപ്പോള്‍ മാടനാശാന് സമാധാനമായി.
കുട്ടികളുമായി വഴക്കൊന്നുമുണ്ടാക്കിയില്ലല്ലോ. വീട്ടില്‍ ഒരിക്കല്‍ പോലും കരയാത്ത കുട്ടിയാണ്. ജനിച്ചുകഴിഞ്ഞ് സാധാരണ കുട്ടികളൊക്കെ കരഞ്ഞു നിലവിളിക്കും. അതും ഉണ്ടായിട്ടില്ല. അങ്ങനെയുള്ള മകനാണ് മറ്റൊരാളെ രക്ഷിക്കാന്‍വേണ്ടി കരഞ്ഞത്. മാടനാശാന്‍ മകനെ ചേര്‍ത്തുപിടിച്ചു.
”അനുകമ്പയുള്ള മനസ്സാണ് കുട്ടിയുടേത്. നന്നായി വരും.”
സ്വാമി കൊച്ചുനാണുവിന്റെ തലയില്‍ കൈവെച്ചനുഗ്രഹിച്ചു. എല്ലാവരോടും യാത്രപറഞ്ഞു പോയി.

Author

Scroll to top
Close
Browse Categories