യോഗം തിരഞ്ഞെടുപ്പ് അട്ടിമറിച്ച്സംഘടനയെ നശിപ്പിക്കാൻ ശ്രമം

എസ്.എന്‍.ഡി.പി യോഗം കണയന്നൂര്‍ യൂണിയന്റെ ദ്വിദിന നേതൃത്വക്യാമ്പ് ‘ഋജുത്വം’ ചിന്നക്കനാല്‍ ആയുര്‍കൗണ്ടി റിസോര്‍ട്ടില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: എസ്.എന്‍.ഡി.പി യോഗം തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരുടെ ലക്ഷ്യംസംഘടനയെ നശിപ്പിക്കലാണെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കണയന്നൂര്‍ യൂണിയന്റെ ദ്വിദിന നേതൃത്വ ക്യാമ്പ് ‘ഋജുത്വം’ ചിന്നക്കനാല്‍ ആയുര്‍ കൗണ്ടി റിസോര്‍ട്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമങ്ങളെ ആദ്യം കോടതിയില്‍ ചോദ്യം ചെയ്തു. കോടതി കമ്മീഷനെ വെച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കേസു നല്‍കി അതും തടസ്സപ്പെടുത്തി. എറണാകുളം കേന്ദ്രീകരിച്ചുള്ള ഗൂഢശക്തികളാണ് ഇതിനെല്ലാം പിന്നില്‍. അവര്‍ യൂണിയന്‍ ഭരിച്ചിരുന്ന കാലത്ത് സമുദായത്തിനുവേണ്ടി ഒന്നും ചെയ്തിട്ടില്ല. കണയന്നൂര്‍ യൂണിയന്‍ ഭരിച്ച കാലത്ത് ഒരു ഓഫീസ് പോലും പണിയാനാകാത്തവരാണ്അവർ. താന്‍ യോഗസാരഥ്യത്തിലെത്തിയ ശേഷമാണ് ഇവിടെ ഓഫീസ് മന്ദിരം പണിതത്.

മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കാനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കേണ്ടത്. അല്ലെങ്കില്‍ രാഷ്ട്രീയ മുതലെടുപ്പിനും കൂടുതല്‍ സംഘര്‍ഷത്തിനും കാരണമാകും.

ഏകസിവില്‍ കോഡിനെ എതിര്‍ക്കുന്നവരുമായി കേന്ദ്രം ചര്‍ച്ചകള്‍ നടത്തണം. അഭിപ്രായ സമന്വയം ഉണ്ടാക്കാന്‍ ശ്രമം വേണം. ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ചര്‍ച്ചകളിലൂടെ കഴിയും. വിശാലമായ കാഴ്ചപ്പാടോടെ, മതത്തിന് അതീതമായി ഏകസിവില്‍കോഡിനെ വിലയിരുത്താന്‍ എതിര്‍ക്കുന്നവര്‍ തയ്യാറാകണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ചടങ്ങില്‍ യൂണിയന്‍ ചെയര്‍മാന്‍ മഹാരാജാ ശിവാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. അഡ് മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ കെ.പി. ശിവദാസ്, കെ.കെ. മാധവന്‍, ടി.എം. വിജയകുമാര്‍, എല്‍. സന്തോഷ് എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ കണ്‍വീനര്‍ എം.ഡി. അഭിലാഷ് സ്വാഗതവും വൈസ് ചെയര്‍മാന്‍ സി.വി. വിജയന്‍ നന്ദിയും പറഞ്ഞു.

Author

Scroll to top
Close
Browse Categories