ഉപേക്ഷിച്ച അനാചാരങ്ങള്‍ തിരികെ കൊണ്ടുവരുന്നു
ചേര്‍ത്തല: സമൂഹം ഉപേക്ഷിച്ച അനാചാരങ്ങള്‍ തിരികെക്കൊണ്ടുവരാന്‍ ശ്രമം നടക്കുന്നതായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയും കേരള നവോത്ഥാന സമിതി സംസ്ഥാന പ്രസിഡന്റുമായ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കേരള നവോത്ഥാന സമിതിയുടെ സംസ്ഥാന നേതൃത്വക്യാമ്പ് കണിച്ചുകുളങ്ങരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുമ്പ് കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ പടയണിയെന്ന ദുരാചാരത്തെ ഇല്ലാതാക്കാന്‍ നടത്തിയ ശ്രമത്തില്‍ തനിക്ക് മൂന്നുമാസം ആശുപത്രി വാസം നേരിടേണ്ടി വന്ന കാര്യവും യോഗം ജനറല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടി.
ചരിത്രം വളച്ചൊടിക്കുന്ന ചരിത്രകാരന്മാരുണ്ട്. വൈക്കം സത്യഗ്രഹത്തിന്റെ മുന്നണിപ്പോരാളിയായ ടി.കെ. മാധവനെ തഴഞ്ഞു. സത്യഗ്രഹത്തിലെ രക്തസാക്ഷികളായ പിന്നാക്കക്കാരെയും പട്ടികജാതി-പട്ടികവര്‍ഗക്കാരെയും വിസ്മരിക്കുന്നതും കേരളം കണ്ടു. പോരാളികളെ കൊന്ന് കുഴിച്ചുമൂടിയ കുളത്തിന് അവര്‍ ദളവാക്കുളമെന്ന് പേര് നല്‍കി. മണ്ണില്‍ മൂടപ്പെട്ട പിന്നാക്കക്കാര്‍ ഇന്നും വിസ്മൃതിയിലാണ്. സംസ്ഥാന വൈസ്‌പ്രസിഡന്റ് ഡോ. ഹുസൈന്‍മടവൂര്‍ അദ്ധ്യക്ഷത വഹിച്ചു. നവോത്ഥാന സമിതി ജനറല്‍ സെക്രട്ടറി പി.രാമഭദ്രന്‍, സംസ്ഥാന ട്രഷറര്‍ അഡ്വ. കെ.സോമപ്രസാദ്, ഡോ. എ. നീലലോഹിതദാസന്‍ നാടാര്‍, എസ്.പി. നമ്പൂതിരി, അഡ്വ. കെ. ശാന്തകുമാരി, പി.എം. വിനോദ്, കെ. അജിത്, അഡ്വ. ടി.ആര്‍. രാജു, വിനീത വിജയന്‍, കല്ലറ പ്രശാന്ത്,വണ്ടിത്തടം മധു,കെ.പി. നടരാജന്‍, കെ. രവികുമാര്‍, രാമചന്ദ്രന്‍ മുല്ലശ്ശേരി, ഒ.കെ. ഗോകുല്‍ദാസ്, കെ.എസ്. ദാസ്, ടി.ബി. ജയകുമാര്‍, ബി. സുഭാഷ് ബോസ് തുടങ്ങിയവര്‍ പങ്കെടുത്തു.