സമാധാന അന്തരീക്ഷം ഉണ്ടാക്കാൻ അദ്ധ്യാപക സമൂഹം മുൻകൈയെടുക്കണം
ചേർത്തല: കലാലയങ്ങളിൽ സമാധാന അന്തരീക്ഷം ഉണ്ടാക്കാൻ അദ്ധ്യാപക സമൂഹം മുൻകൈയെടുക്കണമെന്ന് എസ്. എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.വിദ്യാർത്ഥികളുടെ കലാസാംസ്കാരിക പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ വേണ്ട പ്രോത്സാഹനം നൽകണം.അക്രമ രാഷ്ട്രീയത്തിന് അറുതി വരുത്തി വിദ്യാഭ്യാസരംഗത്ത് ഗുണപരമായ മാറ്റത്തിന് കളമൊരുക്കാൻഅദ്ധ്യാപകർക്ക് കഴിയണം.ശ്രീനാരായണ എംപ്ളോയീസ് ഫോറം ഇൻസ്റ്റിറ്റ്യൂഷൻ യൂണിറ്റ് നേതൃത്വ സംഗമം ട്രാവൻകൂർ പാലസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു യോഗം ജനറൽ സെക്രട്ടറി.
കേരളത്തിലെ പ്രബല വിഭാഗമായ നമുക്ക് അംഗബലത്തിന് അനുസൃതമായ നീതി ഉറപ്പാക്കുന്നതിൽ മാറിമാറി വരുന്ന സർക്കാരുകൾ പിന്തിരിപ്പൻ സമീപനമാണ് സ്വീകരിച്ചു പോന്നത്.പിന്നാക്കക്കാരൻ എന്നും പിന്നിലേക്ക് പോകുന്നു എന്നത് പച്ചയായ യാഥാർത്ഥ്യമാണ്. പിന്നാക്കക്കാരൻ സ്വപ്രയത്നത്തിൽ മുന്നേറിയാൽ അവനെ കുപ്രചരണ മഹായുധ പ്രയോഗത്താൽ കുലം തന്നെ നശിപ്പിക്കും വിധം തകർക്കും. ആർ.ശങ്കറിന് ശേഷം വിരലിൽ എണ്ണാനുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രമാണ് ഈഴവ ജനതക്ക് ലഭിച്ചത്. വാർഡ് തലം മുതൽ ദേശീയ തലം വരെയുള്ള തിരഞ്ഞെടുപ്പിൽ ജാതിമത ചിന്തകൾ മറനീക്കിപുറത്തുവരുന്നു. ലത്തീൻ സഹോദരങ്ങൾ സംഘടന ഉണ്ടാക്കിയാലും, ഇസ്ലാം സഹോദരങ്ങൾ അവരുടെ മതത്തിന്റെ പേരിൽ സംഘടിച്ചാലും ജാതീയത കാണാത്തവർ എസ്.എൻ.ഡി.പി.യോഗം വർഗീയ ചേരിതിരിവുകൾ തുറന്നു പറഞ്ഞാൽ അതിന് വർഗീയ മുഖം നൽകി സത്യത്തെ വളച്ചൊടിക്കുന്നു.
ശ്രീനാരായണ എംപ്ലോയീസ് ഫോറം നവോത്ഥാന മൂല്യങ്ങൾ ഉയർത്തി പിടിക്കുന്ന സംഘടനയാണ്. അതു കൊണ്ടാണ് എംപ്ലോയീസ് ഫോറത്തിനെതിരെ പലകോണുകളിൽ നിന്നും എതിർപ്പ് വരുന്നതെന്ന സത്യം അദ്ധ്യാപക സുഹ്യത്തുക്കൾ മനസിലാക്കണം. അവർ നൽകാത്ത സൗകര്യങ്ങൾ എംപ്ലോയീസ് ഫോറം നൽകുമ്പോൾ വിറളി പൂണ്ട് നമ്മെ തകർക്കാൻ ശ്രമം നടത്തുന്നു. നമ്മുടെ സ്ഥാപനങ്ങളെ രാഷ്ട്രീയ പോരാട്ടം നടത്തി തകർക്കുവാൻ ശ്രമിക്കുന്നവർ മറ്റുള്ളവരുടെ സ്ഥാപനങ്ങളിൽ കാവലാളായി നിൽക്കുന്നു. ഇതിനെ ചോദ്യം ചെയ്യാനോ അനീതിക്കെതിരെ ഐക്യപ്പെടാനോ നാം മടിക്കുന്നു. നമുക്ക് ഐക്യമില്ല എന്നത് അവരുടെ വിശ്വാസമാണ്. അത് മാറണം. അതിന് എംപ്ലോയീസ് ഫോറം വേദിയാകണം-വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി പ്രസിഡന്റ് എസ്. അജുലാൽ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി പി യോഗം കൗൺസിലർ പി കെ.പ്രസന്നൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീനാരായണ എംപ്ലോയീസ് ഫോറം കോഓർഡിനേറ്ററും യോഗനാദം ചീഫ് ഓർഗനൈസറുമായ പി.വി.രജിമോൻ സംഘടനാ സന്ദേശം നൽകി. ഡോക്ടറേറ്റ് നേടിയവരും മികവ് തെളിയിച്ചവരുമായ അദ്ധ്യാപകരെആദരിച്ചു. എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി ട്രഷറർ ഡോ. വിഷ്ണു സ്വാഗതവും സെക്രട്ടറി കെ.പി ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.