ഈഴവനെന്ന് പറയുന്നതില്‍ അഭിമാനിക്കണം

എസ്.എന്‍.ഡി.പി യോഗം 1184-ാം നമ്പര്‍ വൈക്കം ടൗണ്‍ നോര്‍ത്ത് ശാഖയില്‍ നടന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജാതിയുടെ പേരില്‍ നീതിനിഷേധിക്കപ്പെടുന്ന ഒരു ജനവിഭാഗത്തിന്റെ പ്രതിനിധികള്‍ ജാതി പറയാതെ സ്വന്തം അസ്തിത്വം മറച്ചുവയ്ക്കുന്നത് അപമാനകരമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം 1184ാം നമ്പര്‍ വൈക്കം ടൗണ്‍ നോര്‍ത്ത് ശാഖയുടെ സപ്തതി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈഴവന്‍ ഈഴവനാണെന്ന് പറയുന്നതില്‍ അഭിമാനിക്കണം. എസ്.എന്‍.ഡി.പിയോഗത്തിന്റെ പ്രവര്‍ത്തകരാണ് അതിന് മാതൃകയാവേണ്ടത്. അവിടെയുമില്ല ഇവിടെയുമില്ല എന്ന നിലപാട് രാഷ്ട്രീയക്കാരന്റേതാണ്. അവര്‍ക്ക് അത് ആവശ്യമായിരിക്കാം. പക്ഷേ നമുക്ക് അങ്ങനെയല്ല. ഈഴവനാണെന്ന് പറയാന്‍ മടിക്കുന്നവന്‍ എങ്ങനെ ഈഴവന്റെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടും? ഈഴവത്തി പെറ്റ ഈഴവനാണെന്ന് ഡോ. പല്പു ചങ്കൂറ്റത്തോടെ പറഞ്ഞു. അത് ഈഴവന്റെ നീതി നിഷേധത്തിനെതിരെയുള്ള ഉറച്ച ശബ്ദമായിരുന്നു. ജാതിയുടെ പേരില്‍ വൈക്കത്ത് ഗുരുദേവന്റെ വഴി തടഞ്ഞതാണ് വൈക്കം സത്യഗ്രഹത്തിന് പശ്ചാത്തലമൊരുക്കിയത്.ആ സംഭവത്തെ തുടര്‍ന്നാണ് ടി.കെ. മാധവന്‍ വൈക്കം സത്യഗ്രഹത്തിന്റെ സംഘാടനത്തിന് മുന്നിട്ടിറങ്ങിയത്. പക്ഷേ അയിത്ത ജാതിക്കാരനോടുള്ള നീതിനിഷേധം ആ മഹാസമരത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്നതില്‍ പോലുമുണ്ട്. സവര്‍ണ്ണരായ പുരോഗമനാശയക്കാര്‍ സമരത്തിന്റ മുന്‍നിരയിലുണ്ടായിരുന്നു എന്നത് ശരിയാണ്.

പക്ഷേ വൈക്കം സത്യഗ്രഹം അവര്‍ണ്ണന്റെ അവകാശ പോരാട്ടമായിരുന്നു. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് അദ്ധ്യക്ഷനായിരുന്നു. യൂണിയന്‍ സെക്രട്ടറി എം.പി. സെന്‍ പഠനോപകരണ വിതരണം നടത്തി. ശാഖാ സെക്രട്ടറി ജഗദീഷ് ഡി. അക്ഷര റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

യൂണിയന്‍ വൈസ്‌പ്രസിഡന്റ് കെ.വി. പ്രസന്നന്‍, യോഗം അസിസ്റ്റന്റ്‌സെക്രട്ടറി പി.പി. സന്തോഷ്, നഗരസഭാ കൗണ്‍സിലര്‍മാരായ അശോകന്‍ വെള്ളവേലി, ബിജിമോള്‍, യൂണിയന്‍ കമ്മിറ്റിയംഗം എന്‍.കെ. ശശിധരന്‍, യൂത്ത്മൂവ്‌മെന്റ് യൂണിറ്റ് സെക്രട്ടറി പി.വി. സുധീഷ്, വനിതാസംഘം യൂണിറ്റ് പ്രസിഡന്റ് കുമാരി രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു. ശാഖാ പ്രസിഡന്റ് ബിജു വി. കണ്ണേഴത്ത് സ്വാഗതവും വൈസ്‌പ്രസിഡന്റ് കെ.കെ. നീലാംബരന്‍ നന്ദിയും പറഞ്ഞു.

Author

Scroll to top
Close
Browse Categories