സമൂഹത്തിന്റെ നന്മയ്ക്ക് കുടുംബകൂട്ടായ്മകള്‍ അനിവാര്യം

എസ്.എന്‍.ഡി.പി യോഗം പൂഞ്ഞാര്‍ ശാഖാ ആഡിറ്റോറിയത്തില്‍ നടന്ന വേലംപറമ്പില്‍ കുടുംബയോഗത്തിന്റെ പ്രഥമ പൊതുസമ്മേളനം എസ്.എന്‍.ഡി.പിയോഗം വൈസ്‌ പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു.

പൂഞ്ഞാര്‍: സമൂഹത്തിന്റെ നന്മയ്ക്ക് കുടുംബ കൂട്ടായ്മകള്‍ അനിവാര്യമാണെന്ന് എസ്.എന്‍.ഡി.പി യോഗം വൈസ്‌പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. പൂഞ്ഞാര്‍ വേലംപറമ്പില്‍ കുടുംബയോഗത്തിന്റെ പ്രഥമ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഴയ കാലത്തേതു പോലുള്ള കുടുംബബന്ധങ്ങളുടെ ദൃഢതയും കെട്ടുറപ്പും ആധുനിക കാലഘട്ടത്തില്‍ കൈമോശം വന്നിരിക്കുകയാണ്.

പരസ്പരമുള്ള കൂട്ടായ്മകളിലൂടെ സഹായിക്കാനും ഒരു കുടുംബമായി കണ്ട് മുന്നേറാനും കുടുംബയോഗ സമ്മേളനങ്ങള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുടുംബയോഗം ചെയര്‍പേഴ്‌സണ്‍ മിനര്‍വാ മോഹന്‍ അദ്ധ്യക്ഷത വഹിച്ചു. കുടുംബയോഗ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് ഉപദേഷ്ടാവ് ജ്യോതിസ് മോഹന്‍ ഐ.ആര്‍.എസും, ഘടനയെക്കുറിച്ച് ഉപദേഷ്ടാവും ലീഗല്‍ അഡ്‌വൈസറുമായ ബിജിമോന്‍ കെ.ആറും സംസാരിച്ചു.

മങ്കുഴി ക്ഷേത്ര പുനരുദ്ധാരണത്തിനുള്ള കിംസ് ഹോസ്പിറ്റലിന്റെ സംഭാവനയായ പത്തുലക്ഷം രൂപയുടെ ചെക്ക് തുഷാര്‍ വെള്ളാപ്പള്ളി സ്വീകരിച്ചു. ഗുരു ക്ഷേത്രത്തിനുള്ള സംഭാവനയായി തൃശൂര്‍ എലൈറ്റ് ഹോസ്പിറ്റല്‍ മാനേജിംഗ് പാർട് ണർ ഡോ. കെ.സി. പ്രകാശന്‍ ഒരു ലക്ഷം രൂപയും, പാർട് ണർ ഡോ. കെ.സി. പ്യാരിലാല്‍ അമ്പതിനായിരം രൂപയും ക്ലാസിക് ഗ്രൂപ്പ് ചെയര്‍മാന്‍ മുരളി ഒരു ലക്ഷം രൂപയും നല്‍കി. മാണി സി. കാപ്പന്‍ എം.എല്‍.എ., മുന്‍ എം.എല്‍.എ. പി.സി. ജോര്‍ജ്ജ്, സ്വാതന്ത്ര്യസമര സേനാനി രവീന്ദ്രന്‍ വൈദ്യര്‍, എസ്.എന്‍.ഡി.പി യോഗം മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍, കണ്‍വീനര്‍ എം.ആര്‍. ഉല്ലാസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ പി. ആര്‍. അനുപമ, ഷോണ്‍ ജോര്‍ജ്ജ്, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് അത്യാലില്‍, വൈസ്‌പ്രസിഡന്റ് റെജി ഷാജി, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. അക്ഷയ്ഹരി, സി.പി.എം. ജില്ലാ സെക്രട്ടേറിയ റ്റ് അംഗം ജോയ്‌ജോര്‍ജ്ജ്, തൃശൂര്‍ ആയൂര്‍ജാക്ക്ഫാം ഉടമ വറുഗീസ് തരകന്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. കുടുംബയോഗത്തിന് കേരള കൗമുദി കോട്ടയം യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് ചീഫ് ആര്‍.ബാബുരാജ് സമര്‍പ്പിച്ചു. സ്വാതന്ത്ര്യ സമര സേനാനി രവീന്ദ്രന്‍വൈദ്യര്‍ ഭദ്രദീപം തെളിച്ചു. കുടുംബയോഗം കണ്‍വീനര്‍ വി.എസ്. വിനു സ്വാഗതവും, എക്‌സിക്യൂട്ടീവ് മെമ്പര്‍ ബിന്ദുബിജി മോന്‍ നന്ദിയും പറഞ്ഞു.

Author

Scroll to top
Close
Browse Categories