ഉദയംപേരൂര്‍ സ്‌കൂളിലെ കൂട്ടായ്മ മാതൃക

ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ നവീകരിച്ച സ്‌കൂള്‍ ക്യാമ്പസ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ നവീകരിച്ച സ്‌കൂള്‍ ക്യാമ്പസ് അദ്ധ്യാപക-അനദ്ധ്യാപക -രക്ഷാകര്‍തൃ കൂട്ടായ്മയുടെ ഉദാത്ത മാതൃകയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സ്‌കൂള്‍ കെട്ടിടം നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒന്നായി നിന്നാല്‍ നന്നാകാനാകുമെന്നതിന്റെ സാക്ഷ്യമാണ് ഈ സ്‌കൂള്‍. സംസ്ഥാനത്തെ മികച്ച വിദ്യാലയമായി മാറാന്‍ എസ്.എന്‍.ഡി.പി സ്‌കൂളിന് കഴിഞ്ഞതും കൂട്ടായ്മ കൊണ്ടാണ്. അദ്ധ്യാപകര രക്ഷാകര്‍തൃ സംഘടനകളുടെ പ്രവര്‍ത്തനം പോലെ തന്നെ നേതൃത്വം നല്‍കാന്‍ ഇ.ജി. ബാബുവെന്ന പ്രധാനഅദ്ധ്യാപകനുമുണ്ടായിരുന്നു.ഓരോരുത്തരും അവരുടെ ജോലികള്‍ ഭംഗിയായി പൂര്‍ത്തീകരിച്ചപ്പോഴാണ് നവീകരണം ഇത്ര മികച്ചതായതെന്നും അദ്ദേഹം പറഞ്ഞു.

പി.ടി.എ. പ്രസിഡന്റ് കെ.ആര്‍. ബൈജു അദ്ധ്യക്ഷത വഹിച്ചു. എസ്.എന്‍.ഡി.പി യോഗം വിദ്യാഭ്യാസ സെക്രട്ടറി സി.പി. സുദര്‍ശനന്‍ മുഖ്യപ്രഭാഷണം നടത്തി. യോഗം കണയന്നൂര്‍ യൂണിയന്‍ ചെയര്‍മാന്‍ മഹാരാജാ ശിവാനന്ദന്‍ , കണ്‍വീനര്‍ എം.ഡി. അഭിലാഷ്, ഉദയംപേരൂര്‍ ശാഖാ പ്രസിഡന്റ് എല്‍. സന്തോഷ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇ.ജി. ബാബു, ശാഖാ സെക്രട്ടറി ഡി. ജിനുരാജ്, കൊച്ചുറാണി മാത്യു, ഹെഡ് മിസ്ട്രസ് എം.പി. നടാഷ, ടി. സര്‍ജു എന്നിവര്‍ സംസാരിച്ചു.

സ്‌കൂളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തിയ കോണ്‍ട്രാക്ടര്‍ ജോര്‍ജ്ജ് തോമസ്, ഉദയംപേരൂര്‍ പഞ്ചായത്ത് അംഗം ടി. ഗഗാറിന്‍ എന്നിവരെ യോഗം ജനറല്‍ സെക്രട്ടറി ആദരിച്ചു.

Author

Scroll to top
Close
Browse Categories