ഈഴവരുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷനെ വയ്ക്കണം
ചേര്‍ത്തല: ഈഴവ സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ സര്‍ക്കാര്‍ കമ്മിഷനെ വയ്ക്കണമെന്ന് എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. യോഗം പീരുമേട് യൂണിയന്‍ നേതൃത്വത്തിലുള്ള ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പ് കണിച്ചുകുളങ്ങരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യവ്യവസ്ഥിതിയില്‍ ഈഴവ സമുദായത്തിന് ജനസംഖ്യാനുപാതികമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ഒന്നും ലഭിക്കുന്നില്ല. ഓരോ സമുദായത്തിന്റെയും പിന്നാക്കാവസ്ഥ മനസ്സിലാക്കുന്നതിന് സര്‍ക്കാര്‍ ശ്രമിക്കണം. അധികാരം അധഃസ്ഥിതര്‍ക്ക് ലഭിച്ചേ മതിയാവൂ. കുടികിടപ്പുകാരന്റെയും പിന്നാക്കക്കാരന്റെയും തേങ്ങലുകള്‍ സര്‍ക്കാര്‍ തലത്തില്‍ ആരും കാണുന്നില്ല. രാഷ്ട്രീയക്കാര്‍ അടവുനയത്തിന് പിന്നാലെയാണ്. ആദര്‍ശം പറഞ്ഞ ഈഴവര്‍ക്ക് സാമൂഹ്യനീതി നഷ്ടപ്പെട്ടു. ചിഹ്നം നോക്കി വോട്ട് രേഖപ്പെടുത്തിയതാണ് നമുക്ക് പറ്റിയ പരാജയത്തിന് കാരണം. മറ്റുള്ളവര്‍ പേരു നോക്കി അവരുടെ സമുദായക്കാരെ അധികാരകേന്ദ്രങ്ങളില്‍ എത്തിച്ചു. ആനയ്ക്ക് ആനയുടെ വിലയും വലുപ്പവും അറിയില്ലാത്തതു പോലെ നമുക്ക് നമ്മുടെ വില മനസ്സിലാകുന്നില്ല. സംഘടനയെ സ്‌നേഹിക്കുന്നവരെ നാം തിരിച്ചറിയണം. സ്വഭാവദൂഷ്യം മൂലം സംഘടനയിലെ സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ നേതൃത്വത്തെ ചീത്ത പറഞ്ഞ് നടക്കുന്നവര്‍ ജനകീയ കോടതിയിലാണ് വരേണ്ടത്. തെറ്റായ കാര്യങ്ങള്‍ പറഞ്ഞ് പരത്തുന്നവരാണ് ഈ സംഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഇക്കൂട്ടര്‍ ഏതെങ്കിലും ശാഖയ്‌ക്കോ യൂണിയനുകള്‍ക്കോ വേണ്ടി ഒന്നും ചെയ്തിട്ടില്ല. മോഹഭംഗം വരുന്നവര്‍ക്ക് കയറി നിരങ്ങാന്‍ ഈ സംഘടനയെ വിട്ടുതരില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
പീരുമേട് യൂണിയന്‍ പ്രസിഡന്റ് ചെമ്പന്‍കുളം ഗോപിവൈദ്യര്‍ അദ്ധ്യക്ഷനായിരുന്നു. എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതിനടേശന്‍ ദീപം തെളിച്ചു. പച്ചയില്‍ സന്ദീപ്, പി.എസ്.എന്‍.ബാബു, അഡ്വ. സംഗീതവിശ്വനാഥന്‍, അനീഷ് പുല്ലുവേലില്‍, കെ.കെ. പുരുഷോത്തമന്‍, എന്‍.ജി. സലിംകുമാര്‍, പി.വി. സന്തോഷ്, പി.എസ്. ചന്ദ്രന്‍, കെ.ഗോപി, കെ.ആര്‍. സദന്‍രാജന്‍, വി.പി. ബാബു, വിനോദ് ശിവന്‍, സുധീഷ്, വിശ്വനാഥന്‍, അമ്പിളി സുകുമാരന്‍, ലതമുകുന്ദന്‍, ഷിബു മുതലക്കുഴി, പ്രവീണ്‍ അപ്പു എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ സെക്രട്ടറി ബിനു സ്വാഗതവും പി.കെ. രാജന്‍ നന്ദിയും പറഞ്ഞു.