വടകരയില്‍ ആക്രമണം ആവര്‍ത്തിക്കാന്‍ കാരണം പൊലീസിന്റെ പിടിപ്പുകേട്
വടകര: വടകരയില്‍ എസ്.എന്‍.ഡി.പി യോഗം യൂണിയന് നേതാക്കള്‍ക്കു നേരെ ആവര്‍ത്തിച്ചുനടക്കുന്ന ആക്രമണങ്ങള്‍ക്ക് കാരണം പൊലീസ് അനാസ്ഥയും ചില ഉദ്യോഗസ്ഥരുടെ പക്ഷപാതിത്വവുമാണെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
യൂണിയന് ഭാരവാഹികള്‍ക്ക് നേരെ തുടര്‍ച്ചയായി ഏതാനും വര്‍ഷങ്ങളായി വടകരയില്‍ മാത്രം ആക്രമണവും ഭീഷണിയും ഉണ്ടാവുന്നു. തെളിവു സഹിതം പരാതി നല്‍കിയിട്ടും പൊലീസ് നിഷ്ക്രിയത്വം പാലിക്കുന്നു. യൂണിയന് സെക്രട്ടറി പി.എം. രവീന്ദ്രന്റെ വീടിനു നേരെ രണ്ട് പ്രാവശ്യം അക്രമം നടന്നു. യൂണിയന് പ്രസിഡന്റ് എം.എം. ദാമോദരനു നേരെ പ്രായം പരിഗണിക്കാതെയാണ് പട്ടാപ്പകല്‍ റോഡില്‍ വച്ച് കൈയേറ്റം നടന്നത്. വൈസ്പ്രസിഡന്റ് ഹരിമോഹനന്റെ വീടിനു നേരെ കല്ലേറുണ്ടായി. പി.എം. രവീന്ദ്രന്റെ മകന്റെ ഭാര്യവീടിനു നേരെ ഇത് രണ്ടാം തവണയാണ് അതിക്രമം. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് രാത്രിയില്‍ കല്ലേറുണ്ടായി. ഇപ്പോള്‍ റീത്തും ഭീഷണിയും. സി.സി.ടി.വി ദൃശ്യങ്ങളും ഫോട്ടോയും സഹിതം പരാതി നല്‍കിയിട്ടും യാതൊരു നടപടിയും പൊലീസ് കൈക്കൊണ്ടിട്ടില്ല. ചിലരുടെ പണം പറ്റിയാണ് പൊലീസ് ആക്രമണങ്ങള്‍ക്ക് കൂട്ടു നില്‍ക്കുന്നതെന്ന് സംശയിക്കേണ്ടി വരും. യൂണിയന് തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നവരാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് സംശയമുണ്ട്. മുഖ്യമന്ത്രിയെയും ഉന്നത പോലീസ് അധികാരികളെയും വടകരയിലെ സാഹചര്യം ബോദ്ധ്യപ്പെടുത്തുമെന്നും യോഗം ജനറല്‍ സെക്രട്ടറി പറഞ്ഞു.
എസ്.എന്‍.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് , വടകര യൂണിയന് സെക്രട്ടറി പി.എം. രവീന്ദ്രന്, പ്രസിഡന്റ് എം.എം. ദാമോദരന്‍ എന്നിവരും പങ്കെടുത്തു.
തളിപ്പറമ്പ്, പയ്യന്നൂര്‍ യൂണിയനുകളുടെ
പ്രവര്‍ത്തക സംഗമം
തളിപ്പറമ്പ്: ജനാധിപത്യത്തെ മതാധിപത്യം കീഴ്പ്പെടുത്തുകയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ആദര്‍ശം പറഞ്ഞു നിന്ന നമ്മള് കടവത്തു കെട്ടിയ തോണി പോലെ ഒരു സ്ഥലത്തു തന്നെ നില്ക്കുമ്പോള് ന്യൂനപക്ഷമായി നിന്നവര്‍ വോട്ട്ബാങ്കായി ആനുകൂല്യങ്ങള്‍ നേടിയെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരഭവന് ഓഡിറ്റോറിയത്തില്‍ എസ്.എന്‍.ഡി.പി യോഗം തളിപ്പറമ്പ്, പയ്യന്നൂര്‍ യൂണിയനുകളുടെ പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. എസ്.എന്‍. ട്രസ്റ്റ് ഡയറക്ടര്‍ പ്രീതിനടേശന്‍ ഭദ്രദീപം കൊളുത്തി. ശിവഗിരിമഠം സ്വാമി പ്രേമാനന്ദ പ്രാര്‍ത്ഥന നടത്തി.