നാക് എ പ്ലസ് ഗ്രേഡ് കൊല്ലംഎസ്.എൻ കോളേജിന് പൊന്നിൻ തിളക്കം
കൊല്ലം: കൊല്ലം എസ്.എൻ കോളേജിന് നാക് എ പ്ലസ് ഗ്രേഡ് അംഗീകാരം. കഴിഞ്ഞമാസം 25, 26 തീയതികളിൽ നാക് വിദഗ്ദ്ധ സംഘം കോളേജിലെത്തി നടത്തിയ പരിശോധനയിലാണ് കോളേജിന് പൊന്നിൻ തിളക്കമുള്ള അംഗീകാരം ലഭിച്ചത്.
കഴിഞ്ഞ അഞ്ചുവർഷത്തെ കോളേജിന്റെ പ്രവർത്തനങ്ങളാണ് നാക് സംഘം വിലയിരുത്തിയത്. 3.45 പോയിന്റോടെയാണ് കോളേജ് നാക് എ പ്ലസ് ഗ്രേഡ് സ്വന്തമാക്കിയത്. 0.05 പോയിന്റ് കൂടി ലഭിച്ചിരുന്നെങ്കിൽ എ പ്ലസ് പ്ലസ് ഗ്രേഡ് ലഭിക്കുമായിരുന്നു. കഴിഞ്ഞ തവണ 3.01 പോയിന്റ് നേടി എ ഗ്രേഡ് ലഭിച്ചിരുന്നു. അതിൽ നിന്നാണ് എ പ്ലസ് ഗ്രേഡിലേക്ക് ഇപ്പോൾ ഉയർന്നത്.
ഏഴ് ഘടകങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു നാക് സംഘത്തിന്റെ പരിശോധന. അതിൽ കരിക്കുലം വീക്ഷണം, വിദ്യാർത്ഥികൾക്കുള്ള പിന്തുണ, പുരോഗതി എന്നീ രണ്ട് വിഭാഗങ്ങളിൽ നാലിൽ നാല് മാർക്കും കോളേജിന് ലഭിച്ചു.
കോളേജിലെ പാഠ്യേതര പ്രവർത്തനങ്ങളും കാമ്പസ് റിക്രൂട്ട്മെന്റിലൂടെ അവസാന വർഷ വിദ്യാർത്ഥികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കിയതും മുഴുവൻ മാർക്കും കിട്ടാൻ സഹായകരമായി. ഗവേഷണ പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, കോളേജ് ഭരണം, പുതിയ മാതൃക തീർക്കൽ എന്നീ ഘടകങ്ങളിലും കോളേജിന് മികച്ച പോയിന്റ് ലഭിച്ചു. കോളേജിലെ അത്യാധുനിക ലാബ് സൗകര്യം, പതിനായിരക്കണക്കിന് പുസ്തകങ്ങളുള്ള ലൈബ്രറികൾ, പി.എച്ച്.ഡിയുള്ള തൊണ്ണൂറോളം അദ്ധ്യാപകർ, മികച്ച അടിസ്ഥാന സൗകര്യം, മെച്ചപ്പെട്ട അക്കാഡമിക നിലവാരം എന്നിവയും നേട്ടത്തിന് സഹായകരമായി.