അവകാശങ്ങൾ പിടിച്ചുവാങ്ങാൻ ഒറ്റക്കെട്ടായി നിൽക്കണം

കൊല്ലം യൂണിയന്റെ നേതൃത്വ പരിശീലന ക്യാമ്പ് മൂന്നാറിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: അവകാശങ്ങൾ പിടിച്ചുവാങ്ങാൻ ഈഴവർ ഒറ്റക്കെട്ടായി നിൽക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കൊല്ലം യൂണിയന്റെ നേതൃത്വ പരിശീലന ക്യാമ്പ് മൂന്നാറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈഴവരെ ഹിന്ദുവായി പോലും കണക്കാക്കാത്ത സ്ഥിതിയുണ്ട്. അയിത്തം ഇപ്പോഴും നിലനിൽക്കുന്നു. ഇടതുപക്ഷവും വലതുപക്ഷവും മതേതരത്വം പറഞ്ഞ് നമ്മളെ അധികാര സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കുകയാണ്. കിറ്റും പെൻഷനും കൊണ്ട് ജീവിക്കാനാകില്ല. അധികാരത്തിലെ പങ്കാളിത്തമാണ് ആവശ്യം. രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ ന്യൂനപക്ഷങ്ങളിലേക്ക് പോവുകയാണ്. വ്യവസായവും പ്രധാനപ്പെട്ട ഉദ്യോഗങ്ങളും അവരുടെ പക്കലാണ്. കേന്ദ്ര സർക്കാർ പോലും വൻതുക ന്യൂനപക്ഷങ്ങൾക്കായി ചെലവഴിക്കുന്നു. ദേശീയതലത്തിൽ കണക്കെടുക്കുമ്പോഴാണ് ഈ ന്യൂനപക്ഷങ്ങളുണ്ടാകുന്നത്. സംസ്ഥാനതലത്തിൽ കണക്കെടുത്താൽ കേരളത്തിൽ ന്യൂനപക്ഷങ്ങളുണ്ടാകില്ല.

ഈഴവരിൽ വലിയൊരു വിഭാഗം തൊഴിലുറപ്പിന് പോയാണ് ജീവിതം പുലർത്തുന്നത്. തൊഴിൽ ഇല്ലാത്തത് കൊണ്ടാണ് തൊഴിലുറപ്പിന് പോകേണ്ടി വന്നത്. സംവരണം ഉണ്ടായിട്ടും സർക്കാർ ഉദ്യോഗങ്ങളിൽ എത്തിപ്പെടാൻ ഈഴവർക്ക് കഴിയുന്നില്ല. അധികാര കേന്ദ്രങ്ങളിൽ നമുക്ക് വേണ്ടി ശബ്ദിക്കാൻ ആളില്ലാത്ത അവസ്ഥയാണ്. ഈഴവ പ്രാതിനിദ്ധ്യത്തിൽ സീറ്റ് കിട്ടി വിജയിച്ചവർ പോലും നമുക്ക് വേണ്ടി ശബ്ദിക്കാത്ത അവസ്ഥയാണ്. ആർ.ശങ്കർ അധികാരത്തിൽ ഇരുന്നത് കൊണ്ടാണ് നമുക്ക് കുറച്ചധികം വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടായത്. അതിനുശേഷം നമുക്ക് എന്ത് കിട്ടിയെന്ന് ചിന്തിക്കണം. കോഴ്സുകളുടെ കാര്യത്തിൽ നമ്മുടെ നാല് കോളേജുകൾ ചേർന്നാലെ ഇതര സമുദായക്കാരുടെ ഒരു കോളേജിന് തുല്യമാകുള്ളു. ന്യൂനപക്ഷങ്ങൾ വോട്ട് ബാങ്കായി നിന്ന് അർഹതയില്ലാത്തതും വാങ്ങിയെടുക്കുകയാണ്. നമുക്ക് അർഹതപ്പെട്ടത് ലഭിക്കാൻ യോജിച്ച പോരാട്ടം ഉണ്ടാകണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഗുരുദേവന്റെ ഛായാ ചിത്രത്തിന് മുന്നിൽ ദീപം തെളിച്ചു. കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ അദ്ധ്യക്ഷനായി. സെക്രട്ടറി എൻ.രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. യോഗം കൗൺസിലർ പി.സുന്ദരൻ ആശംസ നേർന്നു. തുടർന്ന് എസ്.എൻ.ഡി.പി യോഗ ചരിത്രം ആസ്പദമാക്കി യോഗം കൗൺസിലർ പി.ടി. മന്മഥൻ ക്ലാസ് നയിച്ചു.

Author

Scroll to top
Close
Browse Categories