96 ന്റെ നിറവിൽ വക്കം

മീനമാസത്തിലെ പൂരാടം നക്ഷത്രം. കോൺഗ്രസിലെ തലമുതിർന്ന നേതാവായ വക്കം പുരുഷോത്തമന് അന്ന് പിറന്നാൾ. ഇംഗ്ളീഷ് മാസം കണക്കാക്കിയാൽ ഏപ്രിൽ 12 ന് അദ്ദേഹത്തിന് 96 വയസ്സ് തികഞ്ഞു. 1927 ഏപ്രിൽ 12 ആണ് ജന്മദിനം.

കേരള രാഷ്ട്രീയത്തിൽ ഏഴ് പതിറ്റാണ്ടിലേറെക്കാലം കത്തിജ്വലിച്ച് നിന്ന വക്കത്തിനിത് ജീവിതസായന്തനത്തിലെ വിശ്രമകാലം. വേറിട്ട പന്ഥാവിലൂടെ സഞ്ചരിക്കുകയും സഞ്ചരിച്ച വഴികളെ തന്റേതായ ശൈലിയിൽ കർമ്മനിരതമാക്കുകയും ചെയ്ത ചങ്കൂറ്റമുള്ള നേതാവെന്ന പേരിന് എന്തുകൊണ്ടും അർഹനായി ഒരാളേയുള്ളു കേരള രാഷ്ട്രീയത്തിൽ. അതാണ് വക്കം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വക്കം ബി. പുരുഷോത്തമൻ. തിരുവനന്തപുരം കുമാരപുരത്തെ വസതിയായ ‘ബിന്ദു’ വിൽ വിശ്രമജീവിതം നയിക്കുന്ന വക്കത്തിന്റെ 96-ാം പിറന്നാളാഘോഷം ആർഭാടങ്ങളോ ആഘോഷങ്ങളോ ഇല്ലാതെ കടന്നു പോയി. വക്കത്തെ ധനാഢ്യ കുടുംബമായിരുന്ന ‘കടയിൽവിളാകത്ത്” ഭാനു പണിക്കരുടെയും ഭവാനിയുടെയും 10 മക്കളിൽ ഒന്നാമനായി 1927 ഏപ്രിൽ 12 ന് ജനനം. ഇന്ന് വക്കം ഉൾപ്പെടെ 6 പേരേ ജീവിച്ചിരിപ്പുള്ളു. തിരുവനന്തപുരത്ത് തന്നെയുള്ള സഹോദരങ്ങളും കുടുംബാംഗങ്ങളും ചെറുമക്കളും മാത്രമായി ലളിതമായ ചടങ്ങിൽ പിറന്നാളാഘോഷം. ചില ഉറ്റ സുഹൃത്തുക്കൾ ആശംസകളുമായെത്തി. മറ്റു ചിലർ ഫോണിൽ വിളിച്ച് ആശംസ അർപ്പിച്ചു. അത്രമാത്രം.
കോൺഗ്രസ് രാഷ്ട്രീയം നെഞ്ചോട് ചേർത്ത് പിടിക്കുമ്പോഴും ഒരു രാഷ്ട്രീയക്കാരനോടും അമിതമായ അടുപ്പമോ അകൽച്ചയോ പുലർത്താനാഗ്രഹമില്ല വക്കത്തിന്. ആരെയും വിമർശിക്കാനോ തള്ളാനോ തെല്ലും ആഗ്രഹമില്ല. നാട്ടിലും രാജ്യത്തും അന്നന്ന് നടക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങളെല്ലാം വീട്ടിലിരുന്ന് സസൂക്ഷ്മം നിരീക്ഷിക്കുന്ന അദ്ദേഹത്തിന് പ്രായാധിക്യത്തിലും ഓർമ്മക്കുറവിന്റെ കണികപോലുമില്ല. രാഷ്ട്രീയ സംഭവവികാസങ്ങളിലെ പ്രതികരണവും തികഞ്ഞ കരുതലോടെയാണ്. ആരെയും പിണക്കാൻ ആഗ്രഹമില്ലെന്നതു തന്നെ കാരണം. എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്ന ദിവസമാണ് വക്കത്തെ കാണാൻ അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. അളന്നു തൂക്കിയുള്ള വാക്കുകളിലൊതുക്കിയായിരുന്നു പ്രതികരണം.അനിലിന്റെ മാറ്റത്തിൽ ഞെട്ടൽ പ്രകടിപ്പിച്ച വക്കം പറഞ്ഞു,

‘ഇന്ത്യയിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ മൂന്നാമനായി നിന്ന ആന്റണിയെപ്പോലെ സമുന്നതനായൊരു നേതാവിന്റെ മകൻ ബി.ജെ.പിയിലേക്ക് പോകുന്നത് മന:പ്രയാസം ഉണ്ടാക്കുന്ന കാര്യമാണ്.

‘ആന്റണിയുടെ മകന്റെ ബി.ജെ.പി പ്രവേശനം തികച്ചും അപ്രതീക്ഷിതമാണ്. കേട്ടപ്പോൾ ഞെട്ടലാണുണ്ടായത്. ‘ഇന്ത്യയിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ മൂന്നാമനായി നിന്ന ആന്റണിയെപ്പോലെ സമുന്നതനായൊരു നേതാവിന്റെ മകൻ ബി.ജെ.പിയിലേക്ക് പോകുന്നത് മനപ്രയാസം ഉണ്ടാക്കുന്ന കാര്യമാണ്. ഞാൻ ഏറെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന നേതാവാണ് ആന്റണി’ ചോദ്യങ്ങൾക്ക് ആലോചിച്ചും അളന്ന് തൂക്കിയുമുള്ള മറുപടി.

കോൺഗ്രസും യു.ഡി.എഫും ഇനി കേരളത്തിൽ പച്ചപിടിക്കുമോ ?

അടുത്ത ഭരണം യു.ഡി.എഫിന്റേതായിരിക്കും. അത് നൂറു ശതമാനം ഉറപ്പാണ്. പിണറായി വിജയൻ ഇനി മുഖ്യമന്ത്രിയാകില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പരാജയപ്പെടും. രണ്ടാം പിണറായി സർക്കാർ അബദ്ധത്തിൽ സംഭവിച്ചതാണ്. കേരളചരിത്രത്തിൽ മുമ്പ് അച്യുതമേനോൻ മന്ത്രിസഭ ഒഴിച്ചാൽ ആർക്കും തുടർഭരണം ലഭിച്ചിട്ടില്ല. ഇ.എം.എസിനെപ്പോലെ ആദർശശാലികളായ കമ്മ്യൂണിസ്റ്റിനു പോലും തുടർഭരണം ലഭിച്ചില്ല. അതിനാൽ അടുത്തത് യു.ഡി.എഫ് ഭരണം തന്നെയായിരിക്കും.

ഞാൻ മൂന്ന് തവണ സംസ്ഥാന മന്ത്രിയായിരുന്നു. രണ്ട് തവണ സ്പീക്കറായി. എം.പി, എം.എൽ.എ എന്നീ നിലകളിലും പ്രവർത്തിച്ചു. മിസോറാം ഗവർണറായും ആന്റമാൻ നിക്കോബാർ ലഫ്റ്റനന്റ് ഗവർണറായും പ്രവർത്തിച്ചു. എല്ലാ മേഖലയിലും മികച്ച പ്രകടനം നടത്താനായി എന്ന് തന്നെയാണ് വിശ്വാസം. ആന്റമാൻ നിക്കോബാർ ലഫ്റ്റനന്റ് ഗവർണറായിരിക്കെ അവിടെ നടപ്പാക്കിയ കാര്യങ്ങൾ പ്രത്യേകം എടുത്ത് പറയേണ്ടതാണ്.

പിണറായിയുടെ ഭരണം പരാജയമോണോ ?

അത് ഞാൻ പറയില്ല. തിരഞ്ഞെടുപ്പ് നടന്നാൽ യു.ഡി.എഫിന് ഭരണം ലഭിക്കും.

യു.ഡി.എഫ് വന്നാൽ കോൺഗ്രസിൽ നിന്ന് ആരാകും മുഖ്യമന്ത്രി ?
അതും ഞാൻ പറയുന്നില്ല. കഴിവുള്ളവർ കോൺഗ്രസിലുണ്ട്.

കോൺഗ്രസ് നേതാക്കൾ പല തട്ടിലാണല്ലോ ?
അതങ്ങനെയാണ്. കോൺഗ്രസ് മറ്റു പാർട്ടികളെപ്പോലെയല്ല. നേതാക്കളെല്ലാം അഭിപ്രായം തുറന്നു പറയും.എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അവരെല്ലാം ഒന്നിച്ചു നിൽക്കും.

രാഹുൽ ഗാന്ധി പ്രതീക്ഷ നൽകുമോ ?
രാഹുലിന്റെ പ്രവർത്തനം മികച്ചതാണ്. ഇപ്പോൾ ദേശീയതലത്തിൽ വളരെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഭാരത് ജോഡോ യാത്രയാണ് രാഹുലിനെ ദേശീയതലത്തിൽ ഇത്രയും ശ്രദ്ധേയനായ നേതാവാക്കിയത്. ഇനിയും കൂടുതൽ ശ്രദ്ധിക്കപ്പെടുമെന്നാണ് കരുതുന്നത്. ജനങ്ങൾ നൽകുന്ന അംഗീകാരമാണ് രാഹുലിന്റെ വിജയം.

വക്കം പുരുഷോത്തമന്‍

ബി.ജെ.പിയുടെ സാദ്ധ്യതകൾ ?
കേരളത്തിൽ ബി.ജെ.പിക്ക് കാര്യമായ സ്വാധീനം ഉണ്ടാക്കാനായിട്ടില്ല. എന്നാൽ ഇന്ത്യ ഒരു ഹിന്ദുഭൂരിപക്ഷ രാഷ്ട്രമായതിനാൽ ദേശീയതലത്തിൽ ബി.ജെ.പി നേട്ടമുണ്ടാക്കുന്നത് സ്വാഭാവികം. ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയമാണ് അവർക്ക് തുണയാകുന്നത്. എന്നാൽ കേരളത്തിൽ ന്യൂനപക്ഷങ്ങളുടെ സ്വാധീനമാണ് ബി.ജെ.പിയുടെ മുന്നേറ്റത്തെ തടയുന്നത്.

മുൻ ആരോഗ്യമന്ത്രിയെന്ന നിലയിൽ കേരളത്തിലെ ആരോഗ്യവകുപ്പിന്റെ സ്ഥിതി ?
ആരോഗ്യവകുപ്പിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് പ്രത്യേകിച്ചൊന്നും പറയുന്നില്ല. ഞാൻ ആരോഗ്യമന്ത്രിയായിരുന്നപ്പോൾ ആരോഗ്യമേഖലയിലെ ഡോക്ടർമാർക്കടക്കം പേടിയായിരുന്നു. ഞാൻ ആശുപത്രി സന്ദർശിച്ചാൽ അവിടത്തെ ബാത്ത്റൂം വരെ കയറി നോക്കും. എന്തെങ്കിലും വീഴ്ച കണ്ടാൽ ബന്ധപ്പെട്ടവർക്കെതിരെ ഉടൻ സസ്പെൻഷനടക്കം ശിക്ഷാനടപടി സ്വീകരിക്കും. അതുകൊണ്ട് ആരോഗ്യമേഖലയിൽ നല്ല കാര്യക്ഷമതയുണ്ടായിരുന്നു. ഏതെങ്കിലും ചടങ്ങിന് മെഡിക്കൽ കോളേജിലോ ആശുപത്രികളിലോ ചെന്നാൽ അവിടത്തെ ഡോക്ടർമാർ പറയുമായിരുന്നു, മന്ത്രി എത്തുന്ന സമയം നോക്കി വാച്ച് കറക്ട് ചെയ്യാമെന്ന്. 3.30 ന് ചെല്ലുമെന്ന് പറഞ്ഞാൽ 3.29 ഓ 3.31 ഓ ആകില്ല. അത്ര കൃത്യമായിരുന്നു. ജീവനക്കാർക്ക് പേടിയുണ്ടായിരുന്നെങ്കിലും അനാവശ്യമായി ആരെയും ഞാൻ ഉപദ്രവിച്ചിട്ടില്ല.

പ്രതിപക്ഷത്തോടുള്ള സ്പീക്കറിന്റെ സമീപനം തുടക്കത്തിൽ തെറ്റ് പറയാൻ കഴിയാത്തതായിരുന്നു എന്നാൽ പിന്നീട് പ്രതിപക്ഷ എം.എൽ.എ യുടെ പ്രസംഗം ഏതാനും ദിവസത്തിനു ശേഷം സഭാരേഖകളിൽ നിന്ന് നീക്കം ചെയ്തു

നിയമസഭാ സ്പീക്കറുടെ ചില വിവാദ നടപടികളെക്കുറിച്ച് ?
സ്പീക്കർ എ.എൻ ഷംസീറിന്റെ നിയമസഭയിലെ വിവാദ തീരുമാനങ്ങളെക്കുറിച്ച് ഞാൻ കൂടുതൽ അഭിപ്രായം പറയുന്നില്ല. പ്രതിപക്ഷത്തോടുള്ള സ്പീക്കറിന്റെ സമീപനം തുടക്കത്തിൽ തെറ്റ് പറയാൻ കഴിയാത്തതായിരുന്നു. എന്നാൽ പിന്നീട് പ്രതിപക്ഷ എം.എൽ.എ യുടെ പ്രസംഗം ഏതാനും ദിവസത്തിനു ശേഷം സഭാരേഖകളിൽ നിന്ന് നീക്കം ചെയ്തു. പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫാക്കി. ഷംസീർ ‘ആരുടെയോ’ പ്രേരണയിലാകാം അങ്ങനെ ചെയ്തത്. പ്രേരണ നൽകിയത് ആരെന്ന് ഞാൻ പറയുന്നില്ല. ഞാൻ സ്പീക്കറായിരുന്നപ്പോൾ ഒരിയ്ക്കൽപോലും അങ്ങനെ ചെയ്തിട്ടില്ല. സ്പീക്കർക്ക് സ്വതന്ത്ര നിലപാടെടുക്കാനുള്ള അവകാശമുണ്ട്. എന്നോട് അന്നത്തെ മുഖ്യമന്ത്രി എന്തെങ്കിലും നിയമവിരുദ്ധമായി ചെയ്യാൻ പറഞ്ഞാൽ ഞാൻ ഉറപ്പായും വഴങ്ങില്ല. എന്നോട് മുഖ്യമന്ത്രി അങ്ങനെ പറയുകയില്ലെന്നത് വേറെ കാര്യം. പ്രതിപക്ഷ എം.എൽ.എ പ്രസംഗിച്ചു കൊണ്ട് നിൽക്കുമ്പോൾ സ്പീക്കർക്ക് വേണമെങ്കിൽ വിലക്കാം. എന്നാൽ ദിവസങ്ങൾ കഴിഞ്ഞ് പ്രസംഗം സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യുന്നത് ശരിയായ കീഴ്‌വഴക്കമല്ല. ഞാൻ സ്പീക്കറായിരുന്നപ്പോൾ എം.എൽ.എ മാരുടെ അനാവശ്യ ഇടപപെടലുകളും ബഹളവും അനുവദിക്കുമായിരുന്നില്ല. ഓരോ അംഗത്തിനും നൽകിയിട്ടുള്ള സമയപരിധിയിൽ നിന്ന് പ്രസംഗിക്കാനേ അനുവദിക്കുമായിരുന്നുള്ളു. അതിനാൽ സഭാ നടപടികൾ അനാവശ്യമായി നീണ്ടുപോകില്ലായിരുന്നു. കൃത്യസമയത്തിന് സഭ പിരിയുമായിരുന്നു.

മന്ത്രി, എം.പി,എം.എൽ.എ, ഗവർണർ, ലഫ്.ഗവർണർ എന്നീ നിലകളിലെ പ്രവർത്തനം ?
ഞാൻ മൂന്ന് തവണ സംസ്ഥാന മന്ത്രിയായിരുന്നു. രണ്ട് തവണ സ്പീക്കറായി. എം.പി, എം.എൽ.എ എന്നീ നിലകളിലും പ്രവർത്തിച്ചു. മിസോറാം ഗവർണറായും ആന്റമാൻ നിക്കോബാർ ലഫ്റ്റനന്റ് ഗവർണറായും പ്രവർത്തിച്ചു. എല്ലാ മേഖലയിലും മികച്ച പ്രകടനം നടത്താനായി എന്ന് തന്നെയാണ് വിശ്വാസം. ആന്റമാൻ നിക്കോബാർ ലഫ്റ്റനന്റ് ഗവർണറായിരിക്കെ അവിടെ നടപ്പാക്കിയ കാര്യങ്ങൾ പ്രത്യേകം എടുത്ത് പറയേണ്ടതാണ്. അവിടെ മുഖ്യമന്ത്രിയോ ഗവർണറോ ഇല്ല, എല്ലാം അധികാരവും ലഫ്റ്റനന്റ് ഗവർണർക്കായിരുന്നു. അതിനാൽ ഒരുപാട് നല്ല കാര്യങ്ങൾ അവിടെ ചെയ്യാനായി. ആൻഡമാൻ നിക്കോബർ ദ്വീപസമൂഹങ്ങളുടെ ലഫ്റ്റനന്റ് ഗവർണറായി നിയമിതനാകുന്നത് 1993 മാർച്ചിലാണ്. ഒരു വികസനവുമില്ലാതെ കിടന്ന ദ്വീപിൽ ഇന്ന് കാണുന്ന വികസനം മുഴുവൻ നടപ്പാക്കിയത് ഞാൻ അവിടെയുണ്ടായിരുന്ന മൂന്ന് വർഷക്കാലം കൊണ്ടാണ്. ഇക്കാര്യം ഇന്നും അവിടത്തെ മലയാളികളടക്കമുള്ള ജനങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. തലസ്ഥാനമായ പോർട്ട് ബ്ളെയറിലെ ഭരണ ആസ്ഥാനമായ സെക്രട്ടേറിയറ്റ് ഞാൻ അവിടെ എത്തുന്ന കാലത്ത് വെറും ഓലയും പുല്ലും മേഞ്ഞ പഴയ കെട്ടിടമായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് അവിടെ ബഹുനില മന്ദിരം നിർമ്മിച്ചു. റോഡുകളും സർക്കാരാഫീസുകളുമെല്ലാം ആധുനികവത്ക്കരിച്ചു. വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലമായി ദ്വീപിനെ മാറ്റിയത് വക്കത്തിന്റെ ശ്രമഫലമായാണ്. പന്നികൾ അലഞ്ഞു നടന്ന നഗരത്തെ ശുചിത്വമുള്ള നഗരമാക്കി മാറ്റിയതും എന്റെ ശ്രമഫലമായാണ്.

ഇത്രയുമായപ്പോഴേക്കും ടിവി യിൽ എ.കെ ആന്റണി എത്തി. മകൻ അനിൽ ആന്റണിയുടെ ബി.ജെ.പി പ്രവേശനത്തിൽ മാധ്യമങ്ങളെ കാണാനാണ് ആന്റണി എത്തിയത്. എന്താണ് ആന്റണി പറയുന്നതെന്നറിയാൻ വക്കത്തിനും ആകാംക്ഷയായി. അഭിമുഖം അവസാനിപ്പിച്ച് അദ്ദേഹം അകത്തേക്ക് പോയി.
ലേഖകന്റെ ഫോൺ: 944656474

Author

Scroll to top
Close
Browse Categories