ഉദയംപേരൂരിലെ സൂര്യതേജസ്

വിദ്യാര്‍ത്ഥികളെ കൈപിടിച്ചുയര്‍ത്താന്‍ ബദ്ധശ്രദ്ധരാണ് ഉദയംപേരൂർ എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകര്‍. അദ്ധ്യയന സമയത്തില്‍ ഒതുങ്ങുന്നതല്ല ഇവിടത്തെ പഠനം. രാവിലെ ഏഴരക്കും എട്ടരക്കും മാത്രമല്ല രാത്രി എട്ട് വരെ വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍. ഏതു വിഷയത്തിനാണ് വിദ്യാര്‍ത്ഥി പിന്നോക്കം പോകുന്നതെന്ന് കണ്ടെത്തി അദ്ധ്യാപകര്‍ സമയം നോക്കാതെ പ്രത്യേകം വിളിച്ചിരുത്തി പഠിപ്പിക്കും. ശനിയാഴ്ച റഗുലര്‍ ക്ലാസുകള്‍, ഞായറാഴ്ചയും പ്രവൃത്തിദിനം. കുട്ടിക്കും അദ്ധ്യാപകനും രക്ഷിതാവിനും ഒരുപോലെ പങ്കാളിത്തമുള്ള മൈക്രോ യൂണിറ്റ് സംവിധാനം,പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി നടത്തുന്ന നിശാ പഠന ക്ലാസ്സുകൾ, അവധിദിന ക്ലാസുകൾ തുടങ്ങി നിരവധിയായ പ്രവർത്തനങ്ങളിലൂടെയാണ് തുടർച്ചയായിവൻ വിജയം വിദ്യാലയം കരസ്ഥമാക്കുന്നത്. വിദ്യാര്‍ത്ഥികളും, അദ്ധ്യാപക, അദ്ധ്യാപകേതര ജീവനക്കാരും, രക്ഷകര്‍ത്താക്കളും എസ്.എന്‍.ഡി.പി യോഗം ശാഖാ ഭാരവാഹികളും കൈകോര്‍ത്തു നിന്നാണ് സ്കൂളിനെ ഉയരങ്ങളിലേക്ക് നയിക്കുന്നത്.

ശ്രീനാരായണഗുരുദേവന്റെ നാമധേയത്തിൽ 1951ൽ സ്ഥാപിതമായ വിദ്യാലയമാണ് ഉദയംപേരൂർ എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂൾ. ക്ഷേത്ര പരിസരങ്ങളിൽ വിദ്യാലയങ്ങൾ സ്ഥാപിക്കുക എന്ന ഗുരുദേവ സങ്കല്പമാണ് ക്ഷേത്രാങ്കണത്തിലുള്ള ഈ വിദ്യാലയത്തിന്റെ സ്ഥാപനത്തിലൂടെ നടപ്പിലായിട്ടുള്ളത്.

50 കുട്ടികളുമായി തുടങ്ങിയ ഈ വിദ്യാലയ ത്തിൽ ഇന്ന് 3300 കുട്ടികൾ പഠിക്കുന്ന, എറണാകുളം ജില്ലയിലെ ഏറ്റവും അധികം കുട്ടികളുള്ള വിദ്യാഭ്യാസ സ്ഥാപനമായി വളർന്ന് ഒരു ഗ്രാമത്തിന്റെ സൂര്യ തേജസായി ശോഭിക്കുന്നു. ഏറ്റവും കൂടുതൽ കുട്ടികൾ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ എഴുതുകയും തുടർച്ചയായി നൂറിലധികം എ പ്ലസ് കരസ്ഥമാക്കുകയും ചെയ്യുന്ന വിദ്യാലയമാണ് ഇത്. ഏറ്റവും ഉയർന്ന വിജയശതമാനം നേടുന്ന സ്കൂൾ എന്ന ബഹുമതി കൊണ്ട് മാത്രമല്ല ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി.എച്ച്.എസ്.എസിൽ അഡ്‌മിഷന്‍ നേടാൻ ജില്ലയിൽ അങ്ങോളമിങ്ങോളവും ജില്ലയ്ക്ക് പുറത്ത് നിന്നുമുള്ളവിദ്യാർത്ഥികൾആഗ്രഹിക്കുന്നത്. നവീന ലോകത്ത് . ഉന്നതവിദ്യാഭ്യാസത്തിലൂടെ ശോഭനമായ ഭാവി ഉറപ്പാക്കുന്നതിനുള്ള അടിസ്ഥാനം ഈസരസ്വതീ ക്ഷേത്രത്തിൽ നിന്ന് ലഭിക്കുമെന്ന വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും ഉറച്ച വിശ്വാസം കൊണ്ടുകൂടിയാണ് വിദ്യാർത്ഥികളുടെ ഈ ഒഴുക്ക്.

‘വിദ്യ കൊണ്ട് പ്രബുദ്ധരാകുക’ എന്ന ശ്രീനാരായണഗുരുവിന്റെ സന്ദേശം അക്ഷരാർത്ഥത്തിൽ നെഞ്ചിലേറ്റുകയാണ് എസ്.എന്‍.ഡി.പി യോഗം ഉദയംപേരൂര്‍ 1084-ാം നമ്പർ ശാഖാപ്രവർത്തകർ
പിന്നാക്ക ജനവിഭാഗങ്ങളിലെ കുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ട് ഉദയംപേരൂര്‍ 1084-ാം നമ്പർ ശാഖായോഗം മുന്‍കൈയെടുത്തു 1951ലാണ് ഉദയംപേരൂര്‍ സ്‌കൂള്‍ തുടങ്ങുന്നത്.തുടക്കത്തില്‍ നാലാം ക്ലാസ് വരെ മാത്രം. 1954ല്‍ ആദ്യ എസ്.എസ്.എല്‍.സി. ബാച്ച്.എസ്.എസ്.എല്‍.സി. വിജയശതമാനം എങ്ങനെ ഉയര്‍ത്താമെന്ന ചിന്തയാണ് ‘നിശാ പാഠശാല’ എന്ന നവീന ആശയത്തിന് തുടക്കമിട്ടത്. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ മുന്നോട്ട് കൊണ്ടുവരാന്‍ നിശ്ചിത ടൈംടേബിളോടെ നടത്തുന്ന രാത്രി ക്ലാസുകള്‍ക്ക് കഴിഞ്ഞു പിന്നീട് പിന്നോട്ടു പോയിട്ടില്ല ഉദയംപേരൂര്‍ സ്‌കൂള്‍.

1991 സെപ്തംബര്‍ മൂന്നിന് ഹയര്‍സെക്കന്ററി സ്‌കൂളായി ഉയര്‍ത്തപ്പെട്ടു. 60 പേരുള്ള സയന്‍സ് ബാച്ചാണ് അനുവദിക്കപ്പെട്ടത്. നാല് സയന്‍സ് ബാച്ചുകളും രണ്ട് കോമേഴ്‌സ്, രണ്ട് ഹ്യൂമാനിറ്റിസ് ബാച്ചുകളും ജേര്‍ണലിസം ഉള്‍പ്പെടുന്ന ഹ്യുമാനിറ്റിസ് ബാച്ചും ആരംഭിച്ചു.

മുന്‍നിയമ സെക്രട്ടറി പി.എസ്. ഗോപിനാഥന്‍, അമേരിക്കയിലെ വിഖ്യാത ശാസ്ത്രജ്ഞന്‍ ആര്യന്‍ നമ്പൂതിരി, പ്രശസ്ത ഡോക്ടര്‍ ആര്‍. സുഷമ തുടങ്ങി പ്രഗത്ഭരായ പൂര്‍വവിദ്യാര്‍ത്ഥികളുടെ ഒരു നിര തന്നെ സ്‌കൂളിന് അഭിമാനം പകരുന്നു. പതിനായിരത്തിലേറെ ബുക്കുകളുണ്ട് ലൈബ്രറിയില്‍.

വിവരസാങ്കേതിക വിദ്യയുടെ യുഗത്തിലേക്ക് കുട്ടികളെ നയിക്കാന്‍ പര്യാപ്തമായ കമ്പ്യൂട്ടര്‍ലാബുകള്‍സ്കൂളിന്റെ പ്രത്യേകതയാണ്. , കുട്ടികള്‍ക്ക് പരിശീലനത്തിന് ഒരുക്കിയിരിക്കുന്നത് അമ്പതിലേറെ കമ്പ്യൂട്ടറുകള്‍ . വിദ്യാര്‍ത്ഥികള്‍ക്ക് ഓരോരുത്തര്‍ക്കും വെവ്വേറെ പരീക്ഷണങ്ങൾ നടത്താൻ പര്യാപ്തമായ അത്യാധുനിക കെമിസ്ട്രി, ബയോളജി, ഫിസിക്‌സ് ലാബുകള്‍.

മാർഗദർശിയായി
പ്രിൻസിപ്പൽ


സ്‌കൂളിന്റെ വന്‍ നേട്ടങ്ങള്‍ക്ക് പിന്നില്‍ പ്രിന്‍സിപ്പല്‍ ഇ.ജി. ബാബുവിന്റെ ചടുലവും ഊര്‍ജസ്വലവുമായ പ്രവര്‍ത്തനമുണ്ട്. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് സ്‌കൂളിന്റെ തിളക്കമാര്‍ന്ന നേട്ടത്തിന്ഒരു കാരണം. അദ്ധ്യാപന രംഗത്ത് 33 വര്‍ഷത്തെ പരിചയമുള്ള ഇ.ജി.ബാബു ഈവര്‍ഷം വിരമിക്കുകയാണ്.
സ്‌കൂളില്‍ നിന്നും ഈ വര്‍ഷം വിരമിക്കുന്ന പ്രിന്‍സിപ്പല്‍ ഇ.ജി. ബാബു, അദ്ധ്യാപകരായ ഡി. സജി, എസ്. സുലേഖ, എന്‍. സുജാത, എന്‍.കെ ലീന, വി.ജെ. ശ്രീനിവാസന്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. എസ്.എന്‍.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. കണയന്നൂര്‍ യൂണിയന്‍ ചെയര്‍മാന്‍ മഹാരാജാ ശിവാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.ബാബു എം.എല്‍.എ., എസ്.എന്‍.ഡി.പി യോഗം വിദ്യാഭ്യാസ സെക്രട്ടറി സി.പി. സുദര്‍ശനന്‍, മുഖത്തല ശ്രീകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായര്‍, പഞ്ചായത്ത് പ്രസിഡണ്ട് സജിതമുരളി, എസ്.എന്‍.ഡി.പി യോഗം കണയന്നൂര്‍ യൂണിയന്‍ കണ്‍വീനര്‍ എം.ഡി. അഭിലാഷ്, എസ്.എന്‍.ഡി.പി യോഗം ശാഖാ പ്രസിഡണ്ട് എല്‍. സന്തോഷ്, പ്രധാന അദ്ധ്യാപിക എം.പി. നടാഷ, ശാഖാ സെക്രട്ടറി ഡി. ജിനുരാജ്, പി.ടി.എ. പ്രസിഡന്റ്‌കെ.ആര്‍. ബൈജു, ഐഷപുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.

വിവിധ രംഗങ്ങളിൽ റിക്കാര്‍ഡുകളുടെ പരമ്പരയുണ്ട് സ്കൂളിന്..പഠിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ മുതല്‍ ഉയര്‍ന്ന മാര്‍ക്കു നേടി റാങ്കുകള്‍ നേടുന്നത് വരെ ഒട്ടേറെ നേട്ടങ്ങളുമായിതിളങ്ങി നിൽക്കുകയാണ് ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി.എച്ച്.എസ്.എസ്.
പഠനനിലവാരം വിലയിരുത്തുന്നതിൽ കുട്ടിക്കും അദ്ധ്യാപകനും രക്ഷിതാവിനും ഒരുപോലെ പങ്കാളിത്തമുള്ള മൈക്രോ യൂണിറ്റ് സംവിധാനം,പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി നടത്തുന്ന നിശാ പഠന ക്ലാസ്സുകൾ, അവധിദിന ക്ലാസുകൾ തുടങ്ങി നിരവധിയായ പ്രവർത്തനങ്ങളിലൂടെയാണ് തുടർച്ചയായി ഇത്തരത്തിലുള്ള വിജയം വിദ്യാലയം കരസ്ഥമാക്കുന്നത്.

പ്രത്യേക ട്യൂഷൻ സ്കൂളിൽ തന്നെ

ഉയര്‍ന്ന ഫീസ് കൊടുത്ത് പഠിക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികളെ കൈപിടിച്ചുയര്‍ത്താന്‍ ബദ്ധശ്രദ്ധരാണ് അദ്ധ്യാപകര്‍. അദ്ധ്യയന സമയത്തില്‍ ഒതുങ്ങുന്നതല്ല ഇവിടത്തെ പഠനം. രാവിലെ ഏഴരക്കും എട്ടരക്കും മാത്രമല്ല രാത്രി എട്ട് വരെ വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ നല്‍കാന്‍ തയ്യാറായ അദ്ധ്യാപകര്‍. പ്രത്യേകം ഫീസ് കൊടുത്ത് ട്യൂഷന്‍ അദ്ധ്യാപകരെ തേടിപ്പോകേണ്ട അവസ്ഥ വിദ്യാര്‍ത്ഥികള്‍ക്കില്ല. ഏതു വിഷയത്തിനാണ് വിദ്യാര്‍ത്ഥി പിന്നോക്കം പോകുന്നതെന്ന് കണ്ടെത്തി അദ്ധ്യാപകര്‍ സമയം നോക്കാതെ പ്രത്യേകം വിളിച്ചിരുത്തി പഠിപ്പിക്കും.പാഠഭാഗങ്ങള്‍ തീരാന്‍ മാര്‍ച്ച് വരെ കാത്തിരിക്കാറില്ല. ഡിസംബറോടുകൂടി എല്ലാം പഠിപ്പിച്ചു തീര്‍ക്കും. പിന്നെ റിവിഷന്‍.ശനിയാഴ്ച റഗുലര്‍ ക്ലാസുകള്‍, ഞായറാഴ്ചയും പ്രവൃത്തിദിനം
പഠിക്കാൻ ബുദ്ധിമുട്ടുള്ള വിഷയങ്ങൾ വിദ്യാർത്ഥിയെ പ്രത്യേകമിരുത്തി ഈ ദിവസങ്ങളില്‍ ഹൃദിസ്ഥമാക്കിക്കൊടുക്കും
എക്കാലവും സ്‌കൂള്‍ മികച്ച റിസള്‍ട്ട് നിലനിര്‍ത്തുന്നതിന് പിന്നിൽ ആസൂത്രിതമായ ഈയൊരു കഠിനാദ്ധ്വാനത്തിന്റെ വഴിയുണ്ട്.

യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പകരുന്ന പ്രോത്സാഹനവും കരുത്തുമാണ് അഭിനന്ദനാര്‍ഹമായ നിലയിലേക്ക് സ്‌കൂൾ ഉയരാൻ കാരണം. 45ലേറെ മുറികളുള്ള എ.എസ് പ്രതാപ് സിംഗ് മെമ്മോറിയൽ ബിൽഡിംഗ് യോഗം ജനറല്‍ സെക്രട്ടറി മുന്‍കൈയെടുത്ത് നിര്‍മ്മിച്ചതാണ്.ഭൗതിക സൗകര്യങ്ങളിൽ വലിയ കുതിച്ചു ചാട്ടമാണ് യോഗം ജനറല്‍ സെക്രട്ടറിയുടെ പ്രത്യേക താത്പര്യം മൂലം സ്കൂളിനുണ്ടായത്. 2011ന് ശേഷം മൂന്നരകോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കിയത്. 24പുതിയ ക്ളാസ് മുറികൾ പണിതു.യോഗം ജനറൽ സെക്രട്ടറിയുടെ താത്പര്യ പ്രകാരമാണ് 50 ക്ളാസുകൾ സ്മാർട്ട് ക്ളാസുകളാക്കി മാറ്റിയത്. പ്ളസ് ടുവിനും യു.പി വിഭാഗത്തിനും പ്രത്യേക ബ്ളോക്കുകൾ ഉൾപ്പെടെ സ്കൂളിൽ യോഗം ജനറല്‍ സെക്രട്ടറി നടപ്പാക്കിയ നിരവധി വികസന പ്രവർത്തനങ്ങൾ ഇതിന് പുറമേയാണ്.

അദ്ധ്യാപകരുടെ ഭവന സന്ദര്‍ശനം

കുട്ടികളുടെ വീട്ടില്‍ ചെല്ലുന്ന അദ്ധ്യാപകര്‍ കുട്ടികളുടെ പഠനത്തിന് വിഘാതമാകുന്ന സാഹചര്യങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കും. പരിഹാരം കാണും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വസ്ത്രവും പാഠപുസ്തകവും നല്‍കും.

പ്രധാന അദ്ധ്യാപിക
എം.പി. നടാഷ

വിദ്യാര്‍ത്ഥികള്‍ക്ക് വീട്

വീടില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീട് വെച്ചു കൊടുക്കുന്ന ഭവനപദ്ധതി ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി.എച്ച്.എസ്.എസില്‍ നടപ്പാക്കിയിട്ടുണ്ട്. ഇങ്ങനെ ഏഴുവീടുകള്‍ ശാഖയുടെയും വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപക, അദ്ധ്യാപകേതര ജീവനക്കാരുടെയും മറ്റ് സുമനസുകളുടെയുംസഹകരണത്തോടെ നൽകി.
വിദ്യാര്‍ത്ഥികളില്‍ 10 ശതമാനംപേര്‍ അതിദരിദ്രവിഭാഗത്തില്‍പ്പെട്ടവരാണ്. ഇവര്‍ക്ക് എല്ലാ സഹായവും എത്തിക്കാന്‍ സ്‌കൂള്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.അദ്ധ്യാപക-രക്ഷാകര്‍തൃ സമിതി വളരെ ശക്തം. കുട്ടികള്‍ക്ക് മാത്രമല്ല രക്ഷാകര്‍ത്താക്കള്‍ക്കുമുണ്ട് ബോധവത്കരണ ക്ലാസ്.
ഉല്ലല, ചക്കരപ്പറമ്പ്, തലയാഴം, എടയ്ക്കാട്ടുവയല്‍ തുടങ്ങി ദൂര സ്ഥലങ്ങളില്‍ നിന്നുവരെ വിദ്യാര്‍ത്ഥികള്‍ എത്തുന്നുവെന്നത് പഠനരംഗത്ത് സ്കൂളിന്റെ കരുത്ത് കാണിക്കുന്നു.

വിരമിച്ച അദ്ധ്യാപകരെ യോഗം , യൂണിയൻ ഭാരവാഹികൾ ആദരിച്ചപ്പോൾ

കൈവിടാതെ കലോത്സവ കിരീടം

സബ് ജില്ലാ സംസ്ഥാന കലോത്സവങ്ങളിൽ നിരവധി കുട്ടികളെ എല്ലാവർഷങ്ങളിലും പങ്കെടുപ്പിക്കുന്ന വിദ്യാലയമാണ് ഇത്‌. 13 വർഷങ്ങളിൽ തുടർച്ചയായി തൃപ്പൂണിത്തുറ ഉപജില്ല കലോത്സവ കിരീടം ഈ വിദ്യാലയം നേടിവരുന്നു. കായിക മത്സരങ്ങളിൽ സംസ്ഥാന ദേശീയതലങ്ങളിൽ കുട്ടികൾ പങ്കെടുത്തു വരുന്നു. ഫുട്ബോൾ, ക്രിക്കറ്റ് ,ബാസ്ക്കറ്റ്ബോൾ, തായ്ക്വണ്ടാ, കരാട്ടെ തുടങ്ങി നിരവധി കായിക ഇനങ്ങൾ വിദ്യാർത്ഥികൾ പരിശീലിച്ചുവരുന്നു.

സംവാദത്തിന് സാഹിത്യപ്രമുഖർ

വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി പുസ്തകം ഉടുപ്പ്, സാഹിത്യദർപ്പണം,അമ്മ മലയാളം, എഴുത്തു വീടുകൾ, പുസ്തകോത്സവം തുടങ്ങി നിരവധി പരിപാടികൾ വിദ്യാലയം സംഘടിപ്പിച്ചു വരുന്നു . എം.ലീലാവതി ടീച്ചർ,വൈശാഖൻ, സേതു,ജോൺപോൾ,കെ എൽ മോഹനവർമ്മ,എൻ എസ് മാധവൻ, ശ്രീകുമാർ മുഖത്തല, കെ ജയകുമാർ ഐ എ എസ്, പെരുമ്പടവം ശ്രീധരൻ, റഫീഖ് അഹമ്മദ്, കുരീപ്പുഴ ശ്രീകുമാർ, സന്തോഷ്‌ ഏച്ചിക്കാനം, ബെന്യാമിൻ തുടങ്ങി മലയാള സാഹിത്യ ലോകത്തെ മഹാരഥന്മാരായ നിരവധി സാഹിത്യകാരന്മാർ വിദ്യാലയത്തിൽ എത്തുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് കാലത്ത് അംബികാസുതൻ മാങ്ങാട്, സുസ്മേഷ് ചന്ദ്രോത്ത്, മോഹൻകുമാർ ഐ എ എസ്, ശ്രീകുമാർ മുഖത്തല, അലക്സാണ്ടർ ജേക്കബ് തുടങ്ങി നിരവധി സാഹിത്യകാരന്മാർ ഓൺലൈൻ മാധ്യമങ്ങളിലൂടെ കുട്ടികളുമായി സംവദിക്കുകയുണ്ടായി.

മൾട്ടിമീഡിയ ലൈബ്രറി

10000 ത്തിൽ അധികം പുസ്തകങ്ങൾ ഉള്ള ഗുരുവർഷം 150 മൾട്ടിമീഡിയ ലൈബ്രറി കുട്ടികൾ പ്രയോജന പ്പെടുത്തുന്നു.

‘ജീവാമൃതം

22 വോളിയങ്ങളിലായി കുട്ടികൾ രചിച്ച 7500 പേജുകൾ ഉള്ള ‘ജീവാമൃതം’ എന്ന സസ്യശാസ്ത്ര പരിസ്ഥിതി പഠന ഗ്രന്ഥം വിദ്യാലയത്തിന് ലിംക ബുക്ക് ഓഫ് റെക്കോർഡ് സിൽ ഇടം നേടിക്കൊടുത്തു. കൃഷി, പരിസ്ഥിതി സംരക്ഷണം ഭൂമിക്കൊരു നന്മ അമ്മയ്ക്കൊരു നന്മ, സ്നേഹവീട്, സ്നേഹവൃക്ഷം,എന്റെ മരം, നന്മ മരം തുടങ്ങി കൃഷി, പരിസ്ഥിതി സംരക്ഷണം ,ഊർജ്ജ സംരക്ഷണം, മാലിന്യനിർമാർജനം തുടങ്ങിയ മേഖലകളിൽ വിദ്യാലയം നിരവധിയായ പരിപാടികൾ നടത്തി വരുന്നു.

കാരുണ്യ പദ്ധതി

ഭവന പദ്ധതിയിലൂടെ വിദ്യാലയത്തിലെ ഭവനരഹിതരായ കുട്ടികൾക്ക് വീടുവച്ച് നൽകി വരുന്നു. കാരുണ്യ പദ്ധതിയിലൂടെ വിദ്യാലയത്തിന്റെ സമീപത്തുള്ള ഭിന്നശേഷി കുട്ടികൾ പഠിക്കുന്ന വിദ്യാലയവുമായി ചേർന്നുകൊണ്ട് അവിടുത്തെ കുട്ടികളെ വിദ്യാലയത്തിലേക്ക് കൊണ്ടുവരികയും നമ്മുടെ വിദ്യാലയത്തിലെ കുട്ടികളുമായി ഇടപഴകി കലാമേളകൾ അവതരിപ്പിക്കുന്നതിനുള്ള അവസരങ്ങളും നൽകിവരുന്നു.

കൊളത്തുപുഴ സംരക്ഷണം

കൊളത്തുപുഴ സംരക്ഷണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ നടത്തിയിട്ടുള്ള നിരവധിയായ പ്രവർത്തനങ്ങൾ സംരക്ഷണത്തിന്റെ ആവശ്യകത സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടു വരുന്നതിന് സഹായകമായി.

സന്നദ്ധ
പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട്& ഗൈഡ്,എൻഎസ്എസ്, റെഡ് ക്രോസ് തുടങ്ങിയവയുടെ സജീവ പ്രവർത്തനം വിദ്യാലയത്തിൽ നടന്നുവരുന്നു. സൈബർ സുരക്ഷയെ കുറിച്ചുള്ള അവബോധ ക്ലാസുകൾ അമ്മമാർക്ക് വലിയതോതിൽ സഹായകമായ പ്രവർത്തനമായി മാറി. ഗൈഡ്സ്
എൻഎസ്എസ് തുടങ്ങിയവയുടെ നേതൃത്വത്തിൽ നിരവധി സന്നദ്ധപ്രവർത്തനങ്ങൾ വിദ്യാർത്ഥികൾ നടത്തിവരുന്നു

പുരസ്കാരങ്ങൾ ഏറെ

വിദ്യാലയത്തിന് നിരവധിയായ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2018 ൽ കേരള ഗവൺമെന്റ് നടപ്പിലാക്കിയ ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിലെ ഒന്നാം സ്ഥാനം, സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പിടിഎ ക്കുള്ള പുരസ്കാരം, മാതൃഭൂമി സീഡ് പുരസ്കാരം, മലയാള മനോരമ നല്ല പാഠം പുരസ്കാരം, അക്കാദമിക മികവുകൾക്കായി എല്ലാ വർഷവും നൽകി വരുന്ന കെ. ജെ. ബർളി കെ ജെ.ഹർഷൽ പുരസ്കാരംതുടങ്ങിയവ ഇവയിൽ ചിലത് മാത്രമാണ്.
കോവിഡ്ക്കാലത്ത് നിർധനരായ 200 അദ്ധ്യാപകരുടെ ശമ്പളത്തിൽ നിന്ന് 2000 രൂപ വീതം നൽകി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 51 ലക്ഷത്തി അമ്പതിനായിരം രൂപ സംഭാവന ഈ വിദ്യാലയത്തിലെ ജീവനക്കാർ നൽകി വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും വീട് അദ്ധ്യാപകർ സന്ദർശിക്കുന്ന രീതി വർഷങ്ങളായി ഈ വിദ്യാലയത്തിൽ നടപ്പിൽ വരുത്തിവരുന്നു. ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി ഒരു ലക്ഷത്തിലധികം ആളുകൾ പങ്കെടുത്ത 3500 കുടുംബ സദസ്സുകൾ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും 25000 രൂപ ഇൻഷ്വറൻസ് ലഭിക്കത്തക്ക വിധത്തിലുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി വിദ്യാലയം നടപ്പിൽ വരുത്തി.

Author

Scroll to top
Close
Browse Categories