അവർണരുടെ രാഷ്ട്രീയ അടിമത്തം

എസ്.എന്‍.ഡി.പി.യോഗത്തെ ഒരു സംഘടിതശക്തിയായി ഉയര്‍ത്തുവാനും വളര്‍ത്തുവാനും സാധിച്ചതും ഈഴവസമുദായത്തിന്റെ ജനശക്തിയേക്കാള്‍, വിദ്യാധനമാനാദികള്‍ ആര്‍ജ്ജിച്ചിരുന്ന ചെറുന്യൂനപക്ഷത്തിന്റെ പിന്തുണകൊണ്ടായിരുന്നു. ഡോ.പി.പല്‍പ്പു, കുമാരനാശാന്‍, സി.കൃഷ്ണന്‍, സി.വി.കുഞ്ഞുരാമന്‍, മൂര്‍ക്കോത്ത് കുമാരന്‍, ടി.കെ.മാധവന്‍, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയവര്‍ അതില്‍ പ്രമുഖരാണ്.

കേരളത്തില്‍ ആദ്യമായി വ്യവസ്ഥാപിതമായരീതിയില്‍ സംഘടിച്ചുപ്രവര്‍ത്തിച്ച പ്രസ്ഥാനം നാരായണഗുരുവും കുമാരനാശാനും നേതൃത്വം കൊടുത്ത എസ്.എന്‍.ഡി.പി. യോഗമാണെന്നു സൂചിപ്പിച്ചിരുന്നല്ലോ. ഫ്യൂഡല്‍ – ജാതി – നാടുവാഴിത്തശക്തികളുടെ നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന നിരന്തരമായ അടിച്ചമര്‍ത്തലുകളും ചൂഷണങ്ങളുമുണ്ടായിട്ടും തീരെ അധഃപതിക്കാതെ അതിനെയെല്ലാം അതിജീവിച്ചും പ്രതിരോധിച്ചും പോന്ന പ്രബുദ്ധരായ ഒരു ഈഴവ – തീയ്യവിഭാഗം കേരളത്തിന്റെ പല കോണുകളിലും പാര്‍ത്തിരുന്നു. ഈഴവരുടെചരിത്രം അന്വേഷിക്കുമ്പോള്‍ ആശാന്‍ ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്. അതില്‍ സംസ്‌കൃതപണ്ഡിതന്മാരും ആയുര്‍വേദവൈദ്യന്മാരും ജോത്സ്യന്മാരും മറ്റും ഉണ്ടായിരുന്നു. ബൗദ്ധപാരമ്പര്യത്തിന്റെ അവശേഷിപ്പുകളായിവേണം അവരെ കാണാന്‍. ഈ പാരമ്പര്യശക്തിയാണ് ഗുരുവിന്റെ മഹത്തായ നവോത്ഥാനസംരഭങ്ങള്‍ക്ക് പില്‍ക്കാലത്ത് താങ്ങും തണലുമായിത്തീര്‍ന്നത്.

എസ്.എന്‍.ഡി.പി.യോഗത്തെ ഒരു സംഘടിതശക്തിയായി ഉയര്‍ത്തുവാനും വളര്‍ത്തുവാനും സാധിച്ചതും ഈഴവസമുദായത്തിന്റെ ജനശക്തിയേക്കാള്‍, വിദ്യാധനമാനാദികള്‍ ആര്‍ജ്ജിച്ചിരുന്ന ചെറുന്യൂനപക്ഷത്തിന്റെ പിന്തുണകൊണ്ടായിരുന്നു. ഡോ.പി.പല്‍പ്പു, കുമാരനാശാന്‍, സി.കൃഷ്ണന്‍, സി.വി.കുഞ്ഞുരാമന്‍, മൂര്‍ക്കോത്ത് കുമാരന്‍, ടി.കെ.മാധവന്‍, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയവര്‍ അതില്‍ പ്രമുഖരാണ്.

പി.കെ.ബാലകൃഷ്ണന്‍ പറയുന്നതുപോലെ ഇവരോരുത്തരും വിഭിന്നമായ ചിന്താസരണിയും വിശ്വാസരീതിയുമുള്ളവരായിരുന്നുവെങ്കിലും തമ്മില്‍ നേരിട്ടുപൊരുതുന്നതിനുപകരം ഈ വൈരുദ്ധ്യങ്ങളെല്ലാം ഒരു കേന്ദ്രത്തെ (നാരായണഗുരുവിനെ) ചൂഴ്ന്നുചുറ്റിക്കറങ്ങി. ഈ അപൂര്‍വ്വമായ കൂടിച്ചേരലാണ് ഗുരുവിന്റെയും യോഗത്തിന്റെയും നവോത്ഥാനമുന്നേറ്റങ്ങളെ സവിശേഷവും വ്യതിരിക്തവുമാക്കിത്തീര്‍ത്തത്. ഇ.എം.എസ്. ഈ മുന്നേറ്റങ്ങളെ ഇങ്ങനെ സംക്ഷേപിക്കുന്നു: ‘അങ്ങനെ അരുവിപ്പുറം ക്ഷേത്രയോഗത്തില്‍ നിന്ന് ഉയര്‍ന്നുവന്ന എസ്.എന്‍.ഡി.പി., ക്ഷേത്രവിശ്വാസികളും അല്ലാത്തവരുമായ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും മിശ്രഭോജനം, മിശ്രവിവാഹം മുതലായവയടക്കമുള്ള വിപ്ലവപ്രവര്‍ത്തനം വഴി പരിപൂര്‍ണ്ണ സാമൂഹ്യഐക്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതും, ഉദ്യോഗം, നിയമസഭാപ്രാതിനിധ്യം, വിദ്യാഭ്യാസം മുതലായ രാഷ്ട്രീയ കാര്യങ്ങളില്‍ സവര്‍ണ്ണകുത്തക പൊളിച്ച് സമുദായനീതി സ്ഥാപിക്കണമെന്ന് വാദിക്കുന്നതുമായ ഒരു സാമൂഹ്യ – രാഷ്ട്രീയസംഘമായിരുന്നു’74.

നാരായണഗുരുവിനെ ഈഴവ ബൂര്‍ഷ്വാസിയായും എസ്.എന്‍.ഡി.പി.യോഗത്തെ ബൂര്‍ഷ്വസംഘടനയായും കണ്ട ഇ.എം.എസ്സിന്റെ ആദ്യകാല നിലപാടില്‍നിന്നും ഭിന്നമാണ് ഈ നിരീക്ഷണം. സമുദായനീതിയും ജാതിമതഭേദമന്യേ പരിപൂര്‍ണ്ണ സാമൂഹ്യഐക്യവും സ്ഥാപിക്കാനുള്ള വിപ്ലവകരമായ പ്രവര്‍ത്തനമായി ഗുരുവിന്റെയും യോഗത്തിന്റെയും കര്‍മ്മപരിപാടികളെ വീക്ഷിക്കാനുള്ള വിശാലമനസ്സ് അതില്‍ പ്രതിഫലിക്കുന്നുണ്ട്. പക്ഷേ, ഈ മനംമാറ്റത്തിന് പി.കെ.ബാലകൃഷ്ണന്റെ ഒരു ‘ഷോക്ട്രീറ്റ്‌മെന്റും’75 നീണ്ട നാല്‍പതുവര്‍ഷക്കാലവും വേണ്ടിവന്നു. ഈഴവസമുദായത്തിന്റെ നവോത്ഥാനപരിശ്രമങ്ങളെ വിവരിക്കുമ്പോള്‍ വിസ്മരിക്കാന്‍ പാടില്ലാത്ത മറ്റുചില പേരുകള്‍ കൂടിയുണ്ട് – ടി.കെ.നാരായണന്‍, എന്‍.കുമാരന്‍, എം.ഗോവിന്ദന്‍, സി.കേശവന്‍, കെ.ആര്‍.നാരായണന്‍, പി.അച്യുതന്‍, ഇ. മാധവന്‍, വി.കെ.വേലായുധന്‍, വാടപ്പുറം ബാവ തുടങ്ങിയവര്‍. ചരിത്രപ്രാധാന്യമുള്ള പല സംഭവങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും അവര്‍ നേതൃത്വം കൊടുത്തിരുന്നു.

ജാതിവ്യവസ്ഥയുടെ ഏറ്റവും പൈശാചികവും നിന്ദ്യവുമായ അനുഭവങ്ങളിലൂടെ കടന്നുപോയവരാണ് കേരളത്തിലെ പുലയരും പറയരും നായാടികളും മറ്റും ഉള്‍പ്പെടുന്ന അധഃകൃതജനത. സവര്‍ണ്ണരില്‍നിന്നു മാത്രമല്ല അവര്‍ണ്ണരിലെ മേല്‍ജാതികളില്‍ നിന്നുപോലും അവര്‍ക്കു പീഡനം ഏല്‍ക്കേണ്ടിവന്നു. ടി.എച്ച്.പി.ചെന്താരശ്ശേരി പറയുന്നതു ശരിയാണെങ്കില്‍, കേരളത്തിലെ അധഃസ്ഥിതവര്‍ഗ്ഗങ്ങളുടെ (ദളിതരുടെ) നവോത്ഥാനപ്രസ്ഥാനങ്ങള്‍ ആരംഭിക്കുന്നത് അയ്യന്‍കാളിയുടെ കാലത്തോടുകൂടിയാണ്76. സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി 1898 – ല്‍ തിരുവനന്തപുരം നഗരവീഥിയിലൂടെ അയ്യന്‍കാളി നടത്തിയ വില്ലുവണ്ടി യാത്രയും, പുലയരുടെ പാഠശാലാപ്രവേശനത്തിനുവേണ്ടി 1907- ല്‍ നടത്തിയ കാര്‍ഷിക പണിമുടക്കും പ്രസിദ്ധമാണ്. ഒരു നായരായ സദാനന്ദസ്വാമി പുലയരെ ചേര്‍ത്തുരൂപീകരിച്ച ബ്രഹ്മനിഷ്ഠാമഠം ചില്‍സഭ (1904) ഉദ്ദേശിച്ചഫലം പ്രദാനംചെയ്യാതിരുന്നതുകൊണ്ടാണ് 1907- ല്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ എല്ലാ അധഃകൃതരെയും പ്രതിനിധീകരിക്കുന്ന ‘സാധുജനപരിപാലനസംഘം’ രൂപീകരിച്ചതെന്ന് ചെന്താരശ്ശേരി പറയുന്നുണ്ട്. പിന്നീട് അതുപുലയരുടെ മാത്രം സംഘടനയായി മാറി. പുലയരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി അനവധി പോരാട്ടങ്ങള്‍ നയിച്ച അയ്യങ്കാളി 1912 മുതല്‍ 28 വര്‍ഷക്കാലം ശ്രീമൂലം പ്രജാസഭാമെമ്പറായി സേവനമനുഷ്ഠിച്ചു.

അയ്യങ്കാളി
സഹോദരൻ അയ്യപ്പൻ
കുമാരനാശാൻ,

നാരായണഗുരുവിന്റെയും ‘യോഗ’ത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ അയ്യങ്കാളിയെ ആകര്‍ഷിക്കുകയും സ്വാധീനിക്കുകയും ചെയ്തിരുന്നു. ഗുരുവിന്റെ അരുവിപ്പുറം ശിവലിംഗപ്രതിഷ്ഠാച്ചടങ്ങില്‍ അയ്യങ്കാളി പങ്കെടുത്തതും77 സംഘടനയുടെ പേരിലുള്ള സാദൃശ്യവും അതിനുദൃഷ്ടാന്തമാണ്. നാരായണഗുരുവിന്റെയും കുമാരനാശാന്റെയും ഉപദേശവും സഹായവും തേടി പലതവണ സമീപിച്ചിരുന്നു. 1916 ഫെബ്രുവരി 28ാം തിയ്യതി പ്രജാസഭയില്‍ അയ്യങ്കാളി നടത്തിയ ഒരു പ്രസംഗത്തെ ആധാരമാക്കി ചെന്താരശ്ശേരി എഴുതുന്നതുകൂടി വായിക്കുക: ‘തന്റെ പ്രസംഗത്തിനിടയ്ക്ക് അയ്യങ്കാളി ഒരു നഗ്നസത്യം വെട്ടിത്തുറന്നു പറഞ്ഞു. അക്കാലത്ത് തീണ്ടലും തൊടീലും കല്‍പ്പിക്കപ്പെട്ടിരുന്ന ഈഴവസമുദായത്തിന്റെ മുന്‍നിരയിലുള്ള നേതാക്കന്മാര്‍ അയിത്തവര്‍ഗ്ഗക്കാരോട് സഹാനുഭൂതിയുള്ളവരും അവരുടെ ഉയര്‍ച്ചയ്ക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രയത്‌നിച്ചിട്ടുള്ളവരുമാണ്. ശ്രീനാരായണഗുരുസ്വാമി, സി.വി.കുഞ്ഞുരാമന്‍, മൂലൂര്‍ പത്മനാഭപ്പണിക്കര്‍, കെ.അയ്യപ്പന്‍, മിതവാദി സി.കൃഷ്ണന്‍ മുതലായവര്‍ അവരുടെ മുന്‍പന്തിയിലുണ്ടായിരുന്നു’78. ഇന്നത്തെ പല ദളിത് പ്രവര്‍ത്തകരും എഴുത്തുകാരും ഈ വസ്തുതകള്‍ മറച്ചുപിടിക്കാറുണ്ടെന്നത് വേറെകാര്യം. സാധുജനപരിപാലനസംഘത്തിന്റെ മാതൃകയില്‍ പി.സി.ചാഞ്ചന്‍ സെക്രട്ടറിയായി ‘കൊച്ചി പുലയജനസഭ'(1913)യും കെ.പി.കറുപ്പന്റെ നേതൃത്വത്തില്‍ ‘വാലസമുദായ പരിഷ്‌കരണിസഭ'(1910)യും സ്ഥാപിതമായി. എന്‍.കെ.ജോസ് പ്രസ്താവിക്കുന്നതുപോലെ പുലയര്‍ക്ക് താരതമ്യേന കൂടുതല്‍ പ്രവര്‍ത്തനസ്വാതന്ത്ര്യമുണ്ടായിരുന്ന മലബാറില്‍ കുറച്ചുവൈകി 1929 -ലാണ് ‘ആദികേരളീയസംഘം’ എന്ന പേരില്‍ ഒരു സംഘടന ഉണ്ടാകുന്നത്. നവോത്ഥാനകാലത്ത് കീഴാളവിഭാഗങ്ങളുടെ ജാതിവിരുദ്ധപ്പോരാട്ടങ്ങള്‍ക്കും പരിഷ്‌കാരങ്ങള്‍ക്കും നേതൃത്വം കൊടുത്ത നേതാക്കളില്‍ ചിലരാണ് കൃഷ്ണാതി ആശാന്‍, കെ.പി.വള്ളോന്‍, ചോതി ചാത്തന്‍, ടി.ടി.കേശവശാസ്ത്രി, കാളി ചോതി കറുപ്പന്‍, ടി.സി.കുട്ടന്‍, കണ്ടന്‍കുമരന്‍, പാമ്പാടി എന്‍.ജോണ്‍ ജോസഫ് തുടങ്ങിയവര്‍. അധഃകൃതപിന്നോക്കവിഭാഗങ്ങള്‍ നേതൃത്വം കൊടുത്ത നവോത്ഥാനപ്രസ്ഥാനം, തിരുവിതാംകൂറില്‍ അതിന്റെ മൂര്‍ദ്ധന്യത്തിലെത്തുന്നത് 1932- ലെ നിവര്‍ത്തനപ്രക്ഷോഭകാലത്തോടെയാണ്. മഹാരാജാവിന്റെ ഭരണപരിഷ്‌കാരപ്രഖ്യാപനം അയിത്തജാതികളെ മാത്രമല്ല, ക്രിസ്ത്യന്‍ – മുസ്ലീം വിഭാഗങ്ങളെയും പ്രകോപിതരാക്കി. അവരുടെ ന്യാമായ ആവശ്യങ്ങളെ പരിരക്ഷിക്കുന്നതായിരുന്നില്ല ഭരണപരിഷ്‌കാരത്തിലെ നിര്‍ദേശങ്ങള്‍. അതിനാല്‍ ഭരണപരിഷ്‌കാരപ്രകാരം നടത്തിയ തിരഞ്ഞെടുപ്പുകള്‍, സംയുക്തരാഷ്ട്രീയസമിതി എന്ന പേരില്‍ അറിയപ്പെട്ട സഖ്യം ബഹിഷ്‌കരിച്ചു. വര്‍ഷങ്ങള്‍ നീണ്ടുനിന്ന അതിശക്തമായ സമരത്തിനുമുമ്പില്‍ കീഴടങ്ങിയ സര്‍ക്കാര്‍ 1936 -ല്‍ പ്രക്ഷോഭകര്‍ ഉന്നയിച്ച സാമുദായികവും രാഷ്ട്രീയവുമായ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചുകൊടുത്തു.

പല്പു,
ടി​.കെ മാധവൻ

1938 -ല്‍ സംയുക്തരാഷ്ട്രീയസമിതി തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സായി പരിണമിച്ചതോടെ കേരളനവോത്ഥാനത്തിന് തിരുവിതാംകൂറില്‍ തിരശ്ശീലവീഴാന്‍ തുടങ്ങി. പിന്നീട് തിരുവിതാംകൂറും കൊച്ചിയും മലബാറും രാഷ്ട്രീയപ്രക്ഷോഭണങ്ങളുടെ പാതയിലൂടെ സഞ്ചരിക്കുകയായിരുന്നു. സമുദായനേതൃത്വങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികളിലേക്ക് ചുവടുമാറ്റിചവിട്ടിയതോടെ നവോത്ഥാനപ്രസ്ഥാനം മുന്നോട്ടുവച്ച ലക്ഷ്യങ്ങളും ആദര്‍ശങ്ങളും തിരസ്‌കൃതമായി. ഈ അവസ്ഥാവിശേഷത്തെക്കുറിച്ച് പി.കെ.ഗോപാലകൃഷ്ണന്‍ എഴുതുന്നത് ശ്രദ്ധിക്കുക: ‘സാമൂഹ്യപരിഷ്‌കരണപ്രസ്ഥാനം മുന്നോട്ടുവച്ച കടമകള്‍ പൂര്‍ത്തീകരിക്കപ്പെട്ടില്ല. അയിത്തം തുടങ്ങിയ ചില അനാചാരങ്ങള്‍ ദൂരീകരിക്കുവാനും നൂറ്റാണ്ടുകളായി ജാതി എന്ന മര്‍ദ്ദനോപാദിയുടെ സഹായത്തോടെ ചൂഷണത്തിനും മര്‍ദ്ദനത്തിനും വിധേയമാക്കപ്പെട്ടിരുന്ന അവശസമുദായങ്ങളെ തെല്ലൊന്നുയര്‍ത്തുവാനും സാമൂഹ്യപരിഷ്‌കരണപ്രസ്ഥാനത്തിന് കഴിയുകയുണ്ടായി. എന്നാല്‍ ജാതിവ്യവസ്ഥ ഇന്നും ശക്തമായിത്തുടരുന്നു. സാമൂഹ്യജീവിതത്തിന്റെ അടിസ്ഥാനഘടകമായ കുടുംബജീവിതം ജാതിയുടെ അടിസ്ഥാനത്തിലുള്ളതായി തുടരുന്നിടത്തോളം കാലം ജാതിവ്യവസ്ഥയില്‍ പടുത്തുയര്‍ത്തിയ ഒരു സാമൂഹ്യജീവിതം ഇവിടെ അചഞ്ചലമായി തുടരുകത്തന്നെ ചെയ്യും. പ്രബലമായ ജാതിചിന്ത ഇന്ന് നമ്മുടെ സാമൂഹ്യ- സാംസ്‌കാരിക – രാഷ്ട്രീയജീവിതത്തില്‍ ബോധപൂര്‍വ്വമായോ അബോധപൂര്‍വ്വമായോ സ്വാധീനം ചെലുത്തുന്നുണ്ട്. സാര്‍വ്വത്രികമായി ജാതീയമായ സ്വജനപക്ഷപാതം പ്രവര്‍ത്തനരംഗത്ത് വരുമ്പോള്‍ നൂറ്റാണ്ടുകളായി ജാതിവ്യവസ്ഥയുടെ മര്‍ദ്ദനം അനുഭവിച്ചവര്‍, അത് തുടര്‍ന്നനുഭവിക്കുവാന്‍ ഇടവരുന്നു. ഇതിനെതിരായി ബോധപൂര്‍വ്വമായ ഒരു പ്രസ്ഥാനം നയിച്ചാല്‍ മാത്രമേ മര്‍ദ്ദിതജനതയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ തൊഴിലാളിവര്‍ഗ്ഗപ്രസ്ഥാനം ഈ സാമൂഹ്യയാഥാര്‍ത്ഥ്യത്തിന്റെ നേരെ കണ്ണടയ്ക്കുകയാണ് ചെയ്തത്’76. ഈ വിലയിരുത്തല്‍ എത്രയോ ശരിയാണ്. വാസ്തവത്തില്‍ ഈ അപചയത്തിന് പ്രധാനകാരണം, നവോത്ഥാനപ്രസ്ഥാനത്തെ നയിച്ച പില്‍ക്കാല അവര്‍ണ്ണനേതൃത്വം, സവര്‍ണ്ണര്‍ നായകത്വം വഹിച്ചതോ ഹൈജാക്ക് ചെയ്തതോ ആയ രാഷ്ട്രീയപാര്‍ട്ടികളില്‍ വിലയംപ്രാപിച്ചതാണ്. ‘ദേശീയം’ പറഞ്ഞും തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം ഘോഷിച്ചും സ്ഥിതിസമത്വം വാഗ്ദാനം ചെയ്തും, ഫ്യൂഡല്‍ മനസ്‌കരായ വരേണ്യവര്‍ഗ്ഗം കീഴാളജാതികളെ കബളിപ്പിക്കുകയായിരുന്നു. അതിന്റെ പിന്നിലെ ചതി തിരിച്ചറിയാന്‍ അവര്‍ണ്ണജാതികളിലെ നേതൃനിരകളില്‍ ചിലര്‍ക്ക് കഴിഞ്ഞിരുന്നുവെങ്കിലും, രാജഭരണത്തില്‍നിന്നും ജനാധിപത്യവ്യവസ്ഥയിലേക്കുള്ള സംക്രമണഘട്ടത്തില്‍ തലവെച്ചുകൊടുക്കുകയല്ലാതെ മറ്റുമാര്‍ഗ്ഗങ്ങള്‍ അവര്‍ക്കില്ലായിരുന്നു. ജനാധിപത്യരാഷ്ട്രീയസംവിധാനത്തില്‍, ജാതിമതരഹിതമായൊരു കാഴ്ചപ്പാടും പ്രവര്‍ത്തനപഥവും അനിവാര്യമായി കണ്ട് അവര്‍ണ്ണജാതികള്‍ ആദര്‍ശപരമായി നീങ്ങിയപ്പോള്‍, സവര്‍ണ്ണപക്ഷം നിഗൂഢമായി സ്വന്തം അജണ്ടകള്‍ രാഷ്ട്രീയപ്രക്രിയയിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുകയായിരുന്നു. കോണ്‍ഗ്രസ്സെന്നോ കമ്മ്യൂണിസ്റ്റെന്നോ പക്ഷഭേദമില്ലാതെ ആ പ്രക്രിയ ഇന്നും തുടര്‍ന്നുപോരുന്നു. കേരളത്തിന്റെ രാഷ്ട്രീയ – സാമൂഹിക – സാംസ്‌കാരിക – സാമ്പത്തികരംഗങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും. രാജഭരണകാലത്തെ സാമൂഹിക അടിമകള്‍ ജനാധിപത്യകാലത്ത് രാഷ്ട്രീയഅടിമകളായി മാറിയെന്നു മാത്രം. അവര്‍ണ്ണനേതാക്കളില്‍ ചിലര്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിലൂടെയും മറ്റു ചിലര്‍ സ്വന്തം അദ്ധ്വാനത്തിലൂടെയും ഏതാനും മേഖലകളില്‍ ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും, ബഹുഭൂരിപക്ഷത്തിനും സവര്‍ണ്ണഹിന്ദുക്കളെപ്പോലെയോ മതന്യൂനപക്ഷങ്ങളെപ്പോലെയോ വളരുവാനായില്ല. അവര്‍ണ്ണജാതികളുടെ രാഷ്ട്രീയ അടിമത്തം എന്ന് അവസാനിക്കുന്നുവോ, തിരസ്‌കൃതമായ നവോത്ഥാനമൂല്യങ്ങള്‍ വീണ്ടെടുത്ത് സംഘടിതമായി മുന്നേറുവാന്‍ അവര്‍ എന്ന് സന്നദ്ധരാവുന്നുവോ; അന്നേ കേരളീയസമൂഹത്തിന്റെ മുഖ്യധാരയില്‍ അവര്‍ക്ക് എത്തിച്ചേരാനാവുകയുള്ളൂ. (തുടരും)

കുറിപ്പുകൾ

  1. കേരളചരിത്രം മാര്‍ക്‌സിസ്റ്റ് വീക്ഷണത്തില്‍, പുറം. 179.
  2. ഇ.എം.എസ്സിന്റെ മാര്‍ക്‌സിയന്‍ ചരിത്രവീക്ഷണത്തിലെ വികലതകളെ അനാവരണം ചെയ്തുകൊണ്ട് ഒരു ലേഖനപരമ്പര പി.കെ.ബാലകൃഷ്ണന്‍ 1956 ലെ ‘കൗമുദി’ വാരികയില്‍ എഴുതിയിരുന്നു. ‘ഒരു വീരപുളകത്തിന്റെ കഥ’ എന്ന ഗ്രന്ഥത്തില്‍ ആ ലേഖനങ്ങള്‍ സമാഹരിച്ചിട്ടുണ്ട്.
  3. അയ്യന്‍കാളി, പുറം. 110.

Author

Scroll to top
Close
Browse Categories