ആദിമഹസ്സിൻ നേരാംവഴികട്ടും ഗുരുതന്നേ ശരണം!

യുഗാന്തത്തിൽ, അടുത്ത യുഗം ആരംഭിയ്ക്കുന്നതുവരെ മഹാവിഷ്ണു മഹാനിദ്രയിലായിരിയ്ക്കും. അതാണ് യോഗനിദ്ര. ആനന്ദമാകുന്ന അമൃതസമുദ്രത്തിന്റെ മദ്ധ്യത്ത് അപരിമേയനായി, മോദസ്ഥിരനായി, യോഗനിദ്രയിലുണർന്നിരിയ്ക്കുന്ന- ശിഥിലമാകാത്ത യോഗബലത്തിലാണ്ടു കഴിയുന്ന, ബഹുജനസമ്പൂജിതനായ, ഭക്തന്മാർക്ക് നരകഭയമില്ലാതാക്കുന്നവനായ, എന്റെ തുരീയാനുഭൂതിയ്ക്കു ശ്രീനിലയമായ ശ്രീനാരായണപരമാചാര്യൻ വിജയിച്ചരുളുന്നു!

ഗുരു,ആശാൻ, പല്പു

“ആധാരബ്രഹ്മമാരാഞ്ഞഖിലമതിലട-
ക്കിക്കളഞ്ഞങ്ങുനില്ക്കും
മേധാവിപ്രൗഢനും തന്നഴിവിലതിരഴി-
ഞ്ഞന്ധനായന്തരിയ്ക്കും;
വേധാവോതുന്ന വേദം മുഴുവനറികിലൂം
വേലചെയ്താലുമെന്തേ?
ബോധാചാര്യക്കഴൽച്ചെങ്കമലമതിനടിയ്-
ക്കാണു നിർവ്വാണലോകം.” 1
പരമമായ സത്യത്തെയാണല്ലോ ബ്രഹ്മം എന്ന ശബ്ദംകൊണ്ട് വ്യവഹരിയ്ക്കുന്നത്. മനുഷ്യന്റെ ധാരണാശക്തിയ്ക്കതീതമായ, ആദിമദ്ധ്യാന്തങ്ങളില്ലാത്ത, സകലചരാചരങ്ങളുടെയും അന്തർദ്ധാരയായി വർത്തിയ്ക്കുന്ന ചൈതന്യമാണിത്. അപ്രകാരമായിരിയ്ക്കുന്ന ബ്രഹ്മത്തെത്തേടി, ബ്രഹ്മാനന്ദം കാമിച്ച്, അതിൽത്തന്നേ നിർവൃതികണ്ട് കഴിയുന്ന പരമജ്ഞാനിയ്ക്കും ജീവൻ വേർപെടുന്ന സന്ദർഭത്തിൽ സ്വായത്തമാക്കിയിട്ടുള്ള ഉൾവെളിച്ചംകെട്ട്, ഒടുങ്ങേണ്ടിവരും. ബ്രഹ്മോപദിഗ്ദ്ധമായ വേദം അപ്പാടേ അറിഞ്ഞുവെച്ചിരിയ്ക്കുന്നവനായാലും വിധിപ്രകാരമുള്ള കർമ്മങ്ങളെല്ലാം ചെയ്തുതീർത്തവനായാൽത്തന്നെയും ഒരു ഫലവുമില്ല. മോക്ഷപദം പരമാചാര്യന്റെ പാദാന്തികമാണല്ലോ! ആദിമഹസ്സിൻനേരാംവഴികട്ടും ഗുരുതന്നേ ശരണം!
“ആനന്ദാരംഭമാകുന്നമൃതകലശവാ-
രാശിമദ്ധ്യത്തനന്ത-
സ്ഥാനത്തിൽ സാന്ദ്രമോദം സതതസരസസ-
ദ്യോഗനിദ്രൻ വിനിദ്രൻ
നാനാലോകാനുരൂപൻ നതജനനരകാ-
രാതി നാരായണാഖ്യൻ
ജ്ഞാനാചാര്യൻ ജയിയ്ക്കുന്നിതു മമ നിജനിർ-
വ്വാണലക്ഷ്മീനിവാസൻ. ” 2

യുഗാന്തത്തിൽ, അടുത്ത യുഗം ആരംഭിയ്ക്കുന്നതുവരെ മഹാവിഷ്ണു മഹാനിദ്രയിലായിരിയ്ക്കും. അതാണ് യോഗനിദ്ര. ആനന്ദമാകുന്ന അമൃതസമുദ്രത്തിന്റെ മദ്ധ്യത്ത് അപരിമേയനായി, മോദസ്ഥിരനായി, യോഗനിദ്രയിലുണർന്നിരിയ്ക്കുന്ന- ശിഥിലമാകാത്ത യോഗബലത്തിലാണ്ടു കഴിയുന്ന, ബഹുജനസമ്പൂജിതനായ, ഭക്തന്മാർക്ക് നരകഭയമില്ലാതാക്കുന്നവനായ, എന്റെ തുരീയാനുഭൂതിയ്ക്കു ശ്രീനിലയമായ ശ്രീനാരായണപരമാചാര്യൻ വിജയിച്ചരുളുന്നു!
തന്റെ പരമഗുരു പേരുകൊണ്ടും പൊരുളുകൊണ്ടും അനന്തശായിത്വംകൊണ്ടും ലക്ഷ്മീനിവാസത്വംകൊണ്ടും മോക്ഷദായിത്വംകൊണ്ടും എല്ലാംങ്കൊണ്ടും മഹാവിഷ്ണുവാണ്, ഈ പരമഭക്തന്.
“മന്ദാരപ്പൂങ്കൊടിക്കൈമലർ മധുരമെടു-
ത്തെന്നെ മാനിച്ചു മായ-
ക്കന്ദാപായം ഭവിയ്ക്കുംപടിയുടൽപുണരും
കൗശലത്തിൽ കലർത്തി,
മന്ദാഭാവാനുകമ്പം മമ മുകളിൽ മുകർ-
ന്നൂറുമദ്വൈതസമ്പത്-
സന്ദാനംചെയ്ത സാരാമൃതലഹരിമൊഴിയ്-
ക്കേതു ഞാനദരിപ്പൂ!” 3

വാത്സല്ല്യമധുവൂറുന്ന മന്ദാരപ്പൂങ്കൈകൾകൊണ്ടു താലോലിച്ച്, ഉടൽപുണരുകയാണെന്ന ഭാവേന, എന്റെ മതിബ്ഭ്രമമെല്ലാം പോക്കുമാറ് നിർഭരാനുകമ്പം നിറുകയിൽ ചുംബിച്ച്, അതിലൂടെ കിനിയുന്ന ഒരുമയുടെ സമ്പത്തു സമ്മാനിച്ച, അമൃതസാരലഹരി ചൊരിഞ്ഞ ആ മൊഴികൾക്ക് ഞാൻ ഏതുവിധം ആദരമർപ്പിച്ചാലാണ് മതിവരുക!
1895-ൽ ബാംഗ്ലൂരില്‍വെച്ച് കുമാരനെ ഡോക്ടർ പല്പുവിന്റെ സംരക്ഷയിലാക്കി ഗുരു മടങ്ങുമ്പോഴുണ്ടായ വൈകാരികാനുഭൂതിയുടെ വിലാസമാണ് ഇവിടെ കവിവാക്യത്തിൽ പ്രകടമാകുന്നത്. ഭക്തവിലാപം’തുടങ്ങുന്നതിങ്ങനെയാണ്:
“അണകവിയുന്നഴലാഴിയാഴുമെന്നിൽ
പ്രണയമുദിച്ചൂ കവിഞ്ഞു പാരവശ്യാൽ
അണികരമേകിയണഞ്ഞിടുന്ന നാരാ-
യണഗുരുനായകനെന്റെ ദൈവമല്ലോ.”
അടിയുറച്ച ആ ഭക്തിയുടെ വിലാസമാണ് ഇവിടെക്കാണൂന്നത്.
“മന്ദൻ ഞാനെങ്കിലും മറ്റൊരു മതികരുതാ-
തെന്നെ നീ ഞാനിതെന്നെൻ-
സന്ദേഹം വിട്ടു സാധിച്ചരുളിയൊരു സമാ-
ധാനധാമത്തിലെന്നും
നിന്ദാർഹൻ ഞാനിരുന്നീടിലുമിഹ നിയതം
നിർമ്മലബ്രഹ്മനിത്യാ-
നന്ദകല്പാന്തവെള്ളക്കടലു കരകവി-
ഞ്ഞെന്നെ മുക്കും പരക്കും.” 4

കാര്യഗൗരവം ഏറെയില്ലാതിരുന്ന പ്രായമായിരുന്നെങ്കിലും എന്റെ ആശങ്കകളെല്ലാം അകറ്റി ഇരുവരും ഒന്നെന്ന് മറിച്ചു ചിന്തിയ്ക്കാനിടമില്ലാത്ത വിധം അരുളിച്ചെയ്ത എന്റെ ആ ആശ്വാസനിലയത്തിൽ, എനിയ്ക്ക് നിർമ്മലബ്രഹ്മമായ ആ നിത്യാനന്ദത്തിൽ, ലോകാവസാനമഹാപ്രളയത്തിൽ മുങ്ങിയമരുംവരെ ഞാനെന്നെ ആഴ്ത്തി അങ്ങനെ വാഴും.
അന്യദുർല്ലഭം, അലോകസംഭവം എന്നൊക്കെ ആശാൻ പില്ക്കാലത്ത് കുറിച്ച കേവലസുഖം അന്നു താനനുഭവിച്ച ആ ആശ്ലേഷസുഖാനുഭൂതിയുടെ ഓർമ്മപ്പെടലാവണം. അതെന്തുതന്നെയായാലും പല്ലനയിൽ തന്റെ കല്പാന്തതോയത്തിൽ മുങ്ങിയമരുംവരെ ആ ആശ്രേയാശ്രിതത്വം പൂർണ്ണാഭോഗമായി നിലനിന്നുപോന്നു. സത്യമായതാണല്ലോ നിത്യം.
“ചിദ്വിദ്യാസമ്പ്രദായം ചിരപരിചിതമാ-
ണെങ്കിലും പങ്കജപ്പൂ-
മദ്ധ്യത്തിൽപ്പള്ളികൊള്ളുന്നവനു മതിവരു-
ന്നില്ല തെല്ലും മനോജ്ഞേ,
സദ്യോനിർവ്വാണസൗഖ്യപ്രദമതു സകലം
സങ്ഗ്രഹിച്ചെൻ ഗൃഹത്തി-
ന്നദ്വൈതാനന്ദവാണീ! വരിക ജനനി! വ-
ന്നാടുകന്നാടകം നീ.” 5

വക്കത്തെ വേലായുധൻനടയിൽ ശാന്തിക്കാരനായും ധ്യാനനിരതനായും നന്നേ ചെറുപ്രായത്തിൽ കഴിഞ്ഞിട്ടുണ്ട്, അന്നത്തെ കുമാരു. പുറലോകം അറിയാതെ ദിവസങ്ങളോളം ധ്യാനനിഷ്ഠനായിക്കഴിഞ്ഞ കുമാരുവിനെ ബന്ധുക്കൾ തേടിക്കണ്ടുപിടിച്ച സന്ദർഭവുമുണ്ടായിട്ടുണ്ട്. ധ്യാനമാർഗ്ഗം തനിയ്ക്ക് ഏറെപ്പരിചിതമാണെന്ന് ആശാൻ പറയുന്നത് അക്കാലംമുതലുള്ള ആ ശീലത്തിന്റെ ഉൾക്കരുത്തിലാണ്. സത്യാവസ്ഥ മനസ്സുകൊണ്ടു ഗ്രഹിയ്ക്കുന്ന അല്ലയോ ദേവീ, മുൻപരിചയം ആ മേഖലയിൽ തനിയ്ക്കേറെയുണ്ടായിട്ടും താമരപ്പൂവാസനത്തിൽ തിരുസന്നിധാനംചെയ്യുന്ന ബ്രഹ്മദേവന് അക്കാര്യത്തിൽ ഒട്ടുമേ തൃപ്തിവന്നിട്ടില്ലത്രേ! ഗൃഹം ഗൃഹമാകുന്നത് സകലരാലും ഗ്രഹിയ്ക്കപ്പെടുന്നതുകൊണ്ടാണല്ലോ! എന്റെ യോഗ്യത നന്നായറിയുന്ന ദേവീ! അംബേ! വരുക; വന്നു വിളയാടുക! അനുഭവരസത്തിലാവണമല്ലോ നാടകമാടേണ്ടത്. അനുഭവിച്ചറിഞ്ഞ “ബ്രഹ്മാദിയ്ക്കുമമന്ദസുന്ദരപരാനന്ദൈകസന്ദായിനി”യുടെ മുന്നിലാണ് ഉടനടിവേണ്ട നിർവ്വാണലബ്ധിയ്ക്കായി കവിയുടെ ഈ ഉപര്യാലോചനാഹർജി. സകലാന്യസാഹചര്യങ്ങളും അനുകൂലമാണ്. തന്റെ ഉന്നതാധികാരി അതു സാദ്ധ്യമാക്കിത്തരും എന്ന ഉറച്ച വിശ്വാസം മുൻശ്ലോകത്തിൽ കവി പ്രകടമാക്കിക്കഴിഞ്ഞു. ഇത് ഔപചാരികമായ ഒരു ക്ഷണം മാത്രം : വന്നാടുക!

 "മണ്ണപ്പും തീ മരുത്തും മുടിയു,മഥമഹാ-
                           ധൂളിയും ധൂളിയായി-
         ക്കണ്ണിൽക്കാണാതെ ശൂന്യക്കരിയിരുൾകബളം
                           കൊണ്ടതും കണ്ടുനില്ക്കും
         എണ്ണിക്കാണുന്ന നേരത്തെരിചുടരെതിരി-
                           ല്ലന്ധകാരത്തരിമ്പീ-
          വണ്ണം വേരറ്റു വിശ്വം നിറയുമൊരു മഹാ-
                           വിദ്യയെക്കൈതൊഴുന്നേൻ. "                         6

ആ മഹാനടനത്തിൽ വായുവും വെള്ളവും മണ്ണുമാകാശവുമെല്ലാം ഒടുങ്ങും. ഈ പ്രപഞ്ചംതന്നെ ഭസ്മമായി പിന്നെ അദൃശ്യമായിത്തീരും. കൂരിരുട്ടാകെ മൂടും. നോക്കിനില്ക്കത്തന്നേ, പൊടുന്നനേ അന്ധകാരത്തിന്റെ തരിമ്പുപോലും അവശേഷിപ്പിയ്ക്കാതെ മഹാജ്ജ്യോതിസ്സായി വിശ്വം നിറയുന്ന ആ മഹാവിദ്യയ്ക്ക് എന്റെ നമസ്ക്കാരം. സകലസജ്ജീകരണങ്ങളോടും തയ്യാറാക്കിയിരിയ്ക്കുന്ന വേദികയിലെത്തി പരാവിദ്യ നടനമാടുകയേ വേണ്ടൂ.
“കാണപ്പെട്ടുള്ളതറ്റക്കണികലരുമരും
കണ്ണുമറ്റെണ്ണമറ്റ-
പ്രാണപ്പറ്ററ്റുപറ്റിപ്പടരുമൊരു പടർ-
പ്പൊക്കെയറ്റുൾക്കുരുന്നിൽ
വാണിപ്രാതീതനൈജപ്രിയ വടിവിൽ വളർ-
ന്നുള്ള വിശ്വപ്രബോധ-
പ്രാണപ്പറ്റാമപാരപ്രകൃതിപതിയെ ഞാൻ
പിന്നെയും കൈതൊഴുന്നേൻ.” 7
പ്രത്യക്ഷാനുഭവത്തിലുള്ളതെല്ലാം അറ്റുപോകും. അവയെ അതുവരെ അനുഭവിപ്പിച്ച ഇന്ദ്രിയങ്ങളും നഷ്ടമാകും. അതോടെ വാസനകളും ഇല്ലാതാവും. ഇനി ഏക ആശ്രയം ശബ്ദവ്യാപാരത്തിനൊക്കെ അതീതമായ, പരമാർത്ഥബോധസ്വരൂപമായ പരബ്രഹ്മസായുജ്യമാണ്.
“എല്ലാം വിഴുങ്ങിയെതിരറ്റിരുന്നൊരു ചൊല്ലെല്ലാമുണ്ട്…”
“തന്നത്താനാദരിയ്ക്കും ധരണിയിലരുമ-
ത്തമ്പുരാൻതന്റെ പാദം
തന്നിൽത്താനുല്ലസിയ്ക്കും തരളതയവിടെ-
ത്തന്നെയും മുന്നിടുമ്പോൾ
തന്നിൽ തത്ത്വം പദം പോയഴിയുമസിയുമറ്റ-
പ്പുറത്താത്മബോധം
തന്നിൽത്താങ്ങറ്റ തത്ത്വത്രിപൂടിമുടിവിനെ-
ത്താണിതാ കൈതൊഴുന്നേൻ.” 8

പല്ലന ആശാൻ സ്മാരകം

ജീവിതകാലത്ത് ആത്മബോധത്തിലുറച്ച് – താൻതന്നെ ബ്രഹ്മം എന്ന സങ്കല്പത്തിൽ മുഴുകി യോഗവൃത്തി ആചരിയ്ക്കേ ആ ധ്യാനധാരയിൽ ജീവാത്മപരമാത്മക്കളുടെ ഏകീഭാവമുണ്ടാകുന്നു. അതോടെ അതുവരെയുണ്ടായിരുന്ന മനഃചാഞ്ചല്ല്യം ഒഴിഞ്ഞുമാറും. തത്ത്വമസി (തത് ത്വം അസി = അത് നീ ആകുന്നു) മാറി, അഹം ബ്രഹ്മാസ്മി എന്ന ആത്മജ്ഞാനം ഉണരും. അവിടെ ത്രിപുടി ഇല്ലാതാവും. ജ്ഞാനം, ജ്ഞാതാവ്, ജ്ഞേയം – അറിവ്, അറിയുന്നവൻ, അറിയേണ്ടത് – ഇവയാണ് തത്ത്വബോധത്തിലെ ത്രിപുടി. പരമാർത്ഥബോധം ഉദിയ്ക്കുന്നതോടെ ഈ വേർതിരിവില്ലാതെയാകും. സിദ്ധിയും സാധകനും സാദ്ധ്യവും എന്ന ഭേദം അസ്ഥാനത്താകും. ആ ഇല്ലാതാവലാണ് ബോധോദയം : നിരാശ്രയത്വം.
“ജ്ഞാനച്ചെന്തീമിഴിക്കോണിളകിയരിപുരം
ചുട്ടു നിർദ്ധൂളിയാക്കിബ്-
ഭാനത്തിന്നന്ധകാരം പറവതു ശരിയ-
ല്ലാതെയില്ലാതെയായീ
മാനംവിട്ടുല്ലസിയ്ക്കും മഹിതതമമഹാ-
മൗനമാകും മഹസ്സിൽ-
ത്താനേ ഞാനെന്നെവെച്ചത്തലവനെയധികം
താണിതാ കുമ്പിടുന്നേൻ.” 9

ആത്മജ്ഞാനിയ്ക്ക് ഉടൽ കേവലം ബാഹ്യവസ്തുവാണ്. “ഉടലോർക്കുക ബാഹ്യം”. പ്രകാശത്തിനുമുന്നിൽ അന്ധകാരത്തിന് കുടിയിരിയ്ക്കാനാവില്ലല്ലോ. അതുപോലെ ആത്മാവാണ് സത്യം എന്ന ബോധം നശ്വരമായ ശരീരത്തെ ചുട്ട് ഭസ്മമാക്കും. സങ്കല്പശക്തിയ്ക്കൊക്കെ അപ്പുറം ഉയർന്നു ലസിയ്ക്കുന്ന പരമശ്രേയസ്ക്കരമായ മഹാമൗനത്തിന്റെ തേജസ്സിൽ സ്വയം അർപ്പിച്ച് ആ പരമ്പൊരുളിനെ താണുവീണു കുമ്പിടുകതന്നേ! “ദേഹം നിജമല്ല…”
“ഭാനം ഭാനം പ്രപഞ്ചപ്രകൃതി സകലവും
ഭാനുമദ്ഭാനുവിങ്കൽ
കാനൽക്കേണീപ്രവാഹം കളവു കളവുതാ-
നെന്നുതാനൊന്നറിഞ്ഞാൽ
സ്ഥാനം മറ്റില്ല താനില്ലവിടെയൊരു തട-
സ്സങ്ങളില്ലെന്നുമല്ലാ-
താനന്ദാകാരമായ് നിന്നരുളുമതിശയം-
തന്നെയാണെന്റെ ദൈവം.” 10
“ഇക്കാണുന്ന സഹസ്രരശ്മിയെ ഇരുട്ടാക്കും പ്രഭാസാരമാ”ണ് ബ്രഹ്മം എന്നറിഞ്ഞാൽ, പ്രപഞ്ചപ്രകൃതിപ്രതിഭാസങ്ങളെല്ലാം മൃഗതൃഷ്ണപോലെ വെറുംതോന്നലാണെന്നും അറിയും. മറ്റൊന്നല്ല, ആനന്ദാകാരമായ് നിന്നരുളുന്ന അഭ്ഭുതംതന്നെയാണ് ദൈവം. കഴിഞ്ഞുപോയത്- ഭവിച്ചത് ഭൂതം, നിലവിൽ തുടർന്നുകൊണ്ടിരിയ്ക്കന്നത് വർത്തമാനം- ഭവത്, ഇനി സംഭവിയ്ക്കാനിരിയ്ക്കുന്നത് ഭാവി- ഭവിഷ്യത്. ഇവയിൽ ഭവിഷ്യത്തിനെപ്പറ്റി ആർക്കും ഒരുറപ്പുമില്ല. സംഭവിച്ചുകൊണ്ടിരിയ്ക്കുന്നതും- വർത്തമാനവും- നിമിഷാർദ്ധംകൊണ്ട് ഭൂതമാകും. അനുഭവിച്ചുകൊണ്ടിരിയ്ക്കുന്നതും അനുഭവിച്ചുകഴിഞ്ഞതും ഒന്നും ശാശ്വതമായില്ല, ആവില്ല. വരാനിരിയ്ക്കുന്നതും മറിച്ചാവില്ല. ഇവയൊക്കെ ഇങ്ങനെ ആക്കിയും അഴിച്ചും പ്രതിഭാസിയ്ക്കുന്ന അഭ്ഭുതമാണ്, അതുമാത്രമാണ് ഈശ്വരൻ. അതെനിയ്ക്കു ബോദ്ധ്യമാക്കിത്തരുന്ന ഗുരുവാണ് എനിയ്ക്ക് ദൈവം.
“ഓമെന്നോതുന്നതുംപോയൊലിയുമൊഴിയുമ-
ങ്ങുള്ളിനുള്ളായിനില്ക്കും
നാമം വേരറ്റു നാനാനരസുരനരക-
സ്ഥാദികൾക്കേകമായി
പ്രേമാവാസപ്രബോധപ്രഥിതവടിവൊടും
നിന്നു സർവ്വം ഭരിയ്ക്കും
സീമാതീതാനുകമ്പാമൃതമഴ പൊഴിയും
സദ്ഘനം സാധുദൈവം!” 11

മന്ത്രിച്ചുകൊണ്ടിരുന്ന ഓങ്കാരത്തിന്റെ ധ്വനിയും ക്രമേണ ശോഷിച്ച് അതിനുള്ളിന്നുമുള്ളിലടങ്ങുന്ന നാമവും അറ്റുപോകും. ഭൂസ്വർഗ്ഗപാതാളങ്ങളിലുമുള്ള സമസ്തർക്കും ഏകജ്ഞാനസ്വരൂപമായി -ചിത്സ്വരൂപമായി- നിന്ന് നിയന്ത്രിച്ച് അളവില്ലാത്തത്ര കാരുണ്യാമൃതം പെയ്യുന്ന സന്മേഘമാണ് ഈശ്വരൻ.
സവികല്പദ്ധ്യാനത്തിൽനിന്ന് നിർവ്വികല്പദ്ധ്യാനത്തിലേക്കും അവിടെനിന്ന് ധാരണാദ്ധ്യാനത്തിലേക്കും എത്തിയതിനുശേഷമാണ് സമാധിദ്ധ്യാനത്തിലെത്താനാവുക. ആ തലത്തിലെത്തി അനുഭവിയ്ക്കാനാവുന്ന ആനന്ദമാണ് ചിദാനന്ദം. അതു സാദ്ധ്യമാക്കിത്തരുന്ന, അതിനുള്ള നേരാംവഴി കാട്ടുന്ന സദ്ഗുരുവാണ് ദൈവം. “പാരിങ്കൽനിന്നു പെരുവെളിയെന്നല്ല പാരാദി തോന്നി”ടും.
“ഓങ്കാരത്തിന്നുമൊറ്റത്തരിയുടയ മുഴ-
ക്കത്തിനും ലക്ഷ്യമെങ്കിൽ
ഭാങ്കാരത്തിന്നുമേവം പലതിനുമിതുപോ-
ലാകുമെന്നാകുമെന്യേ
ഞാൻകാണുന്നില്ല ചൊല്ലുന്നതിനൊരുപദവും
നാദബിന്ദുക്കളറ്റ-
ത്തേൻ കാരുണ്യപ്രവാഹം ത്രിഭുവനവടിവായ്
നിന്നൊരൊന്നാണു ദൈവം.” 12

ഏകാക്ഷരമായ ഓങ്കാരം മുഴക്കുന്നതിന്റെ ലക്ഷ്യം സായുജ്യമാണെങ്കിൽ പ്രകാശാർത്ഥകമായ ഭാം എന്ന ഒറ്റയക്ഷരമായ ഭാങ്കാരത്തിന്റെയും ഉദ്ദേശ്യം മറ്റൊന്നാവേണ്ടതില്ലല്ലോ. മറ്റുപലതിന്റെയും ലക്ഷ്യം അതുപോലെ ആവാം. ആകയാൽ മന്ത്രിയ്ക്കാന്‍ വിശേഷിച്ച് ഒരു പദവും ഞാനന്വേഷിയ്ക്കുന്നില്ല. മുപ്പാരും നിറഞ്ഞു നല്ക്കുന്ന കാരുണ്യത്തേനൊഴുക്കാണ് – അൻപാർന്നവനാണ്- എനിയ്ക്കു ദൈവം.
“കാണും ദ്രവ്യങ്ങളാകും ഘനപടമഖിലം
കാല്ക്ഷണം കാലതത്ത്വ-
ന്നൂണിന്നാമുമ്പർകോനും തൃണവുമൊരുകണ-
ക്കാകുമെന്നാകിലപ്പോൾ
കാണാനില്ലെങ്കിലില്ലക്കലനമതു മഹാ-
കാളരാത്രിക്കരത്തിൽ
പ്രാണാപായം ഭവിയ്ക്കുന്നതിനുമതിനുമ-
ങ്ങപ്പുറത്തെന്റെ ദൈവം.” 13

ഇക്കാണായ സമസ്തവും, മണ്ണും വിണ്ണും എല്ലാം, കാല്ക്ഷണംകൊണ്ട് കാലപ്രമാണത്തിന്നിരയാകാം. അക്കാര്യത്തിൽ ദേവേന്ദ്രനെന്നോ പുല്ക്കൊടിയെന്നോ ഭേദമില്ല. നിത്യമായും കാണാവുന്നതായി ഈ ലോകത്ത് ഒന്നുമില്ല. അത്,ഇത്, ഇന്ന്, നാളെ, മറ്റന്നാൾ എന്ന കണക്കുകൂട്ടലുകളൊക്കെ ഒരുനാളില്ലാതെയാവും. പ്രാപഞ്ചികജീവിതത്തിൽ അനുഭവവേദ്യങ്ങളാകുന്ന ദൃശ്യപ്രതിഭാസങ്ങളൊക്കെ വെറും മായയാണ്, അയഥാർത്ഥമാണ്. ഒക്കയും ഒരിയ്ക്കൽ നശിയ്ക്കും. എന്നാൽ മായയ്ക്കും അപ്പുറമായ, ഒരിയ്ക്കലും അഴിവില്ലാത്ത, സങ്കല്പത്തിനും അതീതമായ ശക്തിയാണ് ഈശ്വരൻ. “ചേർന്നു നില്ക്കും പൊരുളെല്ലാം ചെന്താരൊടു ചേർന്നുപോം…”
“സ്ഥൂലം സൂക്ഷ്മത്തഴപ്പാണിതു സുദൃഢമുടൻ
സൂക്ഷ്മവും സൂക്ഷ്മമാകും
മൂലം മൂടുന്ന മോഹാവലിയുടെ മുളയാ-
ണെന്നു കാണുന്നശേഷം
നാലാമൻതന്റെ കണ്ണിൻനടുവി,ലതുമുദി-
ച്ചസ്തമിച്ചേകബോധം
മേലായ് മേലായ് വളർന്നമ്മധുരമഴ പൊഴി-
ക്കുന്നതാണെന്റെ ദൈവം.” 14

സ്ഥുലമായി നമുക്ക് അനുഭവപ്പെടുന്നവയൊക്കെ യഥാർത്ഥത്തിൽ സുക്ഷ്മത്തിന്റെ പെരുക്കങ്ങളാണ്. സ്ഥൂലരൂപവത്തായി നമുക്കു കാണാനാവുന്നതൊക്കെ സത്യത്തിൽ ആ സൂക്ഷ്മരൂപപ്രകൃതിയുടെ മായാനിർമ്മിതിയാണ്. മേൽ പ്രസ്താവിച്ച, ധ്യാനത്തിന്റെ നാലാമവസ്ഥയിൽ – നിർവ്വികല്പസമാധിയുടെ ഉദയത്തിൽ ആ മായാനിർമ്മിതികളൊക്കെ പൊളിഞ്ഞ് “ഏകൈവ മൂർത്തിർബിഭിദേ ത്രിധാ സാ” എന്ന് മൂർത്തിത്ത്രയത്തിലെ വ്യസ്തഭാവം പോലും അസ്തമിച്ച് ഏകബോധം മേന്മേൽ പെരുക്കി ഉള്ളിൽ ആനന്ദത്തേൻമഴ പൊഴിയ്ക്കുന്ന എന്റെ ദേശികനാണ് എനിയ്ക്കീശ്വരൻ!
“എണ്ണം നാണിച്ചുനില്ക്കുന്നിരവി മതി തുടർ-
ന്നുള്ള ഗോളങ്ങളെല്ലാ-
മുണ്ണിക്കൈകൊണ്ടുരുട്ടുന്നൊരുവിധമരുമ-
ക്കന്ദുകക്രീഡയാടി
വിണ്ണുംവിണ്ണെന്നു ചൊല്ലുംപടി വിരവിൽ വളർ-
ന്നുള്ള വിശ്വപ്രപഞ്ച-
ക്കണ്ണിൽക്കാണായ കാന്തക്കതിരൊളിയതിനും
കാതലാണെന്റെ ദൈവം.” 15

സൂര്യൻ, ചന്ദ്രൻ, എണ്ണിയാൽത്തീരാത്തത്ര മറ്റു ഗോളങ്ങൾ ഇവയെയെല്ലാം കുഞ്ഞിക്കൈയിലിട്ട് പന്താടി രസിയ്ക്കുന്ന, ഇക്കാണാകുന്ന ആകാശത്തിനുപോലും അതിനുമപ്പുറമായുള്ള ആകാശമെന്ന തോന്നലുളവാക്കുന്ന വിധത്തിൽ വ്യാപിച്ചുകിടക്കുന്ന ഈ വിശ്വപ്രപഞ്ചത്തിനും കാതലാണ് എനിയ്ക്ക് എന്റെ ദൈവം.
“കാണപ്പെട്ടില്ല, കാണുന്തിറമൊടതിനു ക-
ണ്ണില്ല,കൈയില്ല, കാലി-
ല്ലാണ,ല്ലല്ലാതെ മറ്റ,ല്ലണുവുമളവുമി-
ല്ലാദിയില്ലന്തമില്ല;
സ്ഥൂണപ്രായം ജഡത്വം ചെറുതു പറയുവാ-
നില്ല മറ്റൊന്നുമല്ലി-
ക്കാണും ബ്രഹ്മാണ്ഡകോടീകപടനടകലാ-
ശാലിയാണെന്റെ ദൈവം.” 16

ഇതുവരെ നേരിൽക്കാണാനായിട്ടില്ല. ഒന്നും വ്യക്തമായിക്കാണാൻ അതിന് കണ്ണില്ല, കേൾക്കാൻ ചെവിയുമില്ല, കൈയോ കാലോ ഇല്ല. വലുപ്പം എങ്ങനെയെന്നതോ തെല്ലുപോലും വ്യക്തമല്ല. തൂണുപോലെ അനങ്ങാനാവത്തവസ്ഥയാണോ എന്നതുംഅറിയില്ല. ഒരുപക്ഷേ ജീവൻതന്നേ ഇല്ലായിരിയ്ക്കാം. ഇങ്ങനെയൊക്കെയാണോ ദൈവം! ഉണ്ടെന്നു നാം കരുതുന്ന അണ്ഡകടാഹംമുഴുവൻ വ്യാപിച്ചുനിന്ന് മായാനാടകമാടുന്ന മഹാനട്ടുവനാണോ എന്റെ സങ്കല്പത്തിലെ ദൈവം! ഒക്കയിലും മുൻപായി നിനച്ച് ഞങ്ങൾ ഭജിയ്ക്കുന്ന ദൈവം കാണപ്പെട്ടതാണ്, കണ്ണുംകാതുമുള്ളതാണ്, രൂപവും ഭാവവും ഒക്കെയുള്ളതാണ്.
“ഭൂ,തോയം,ജാതവേദ,സ്സനില,നമരഭൂ,-
വബ്ജ,നാദിത്യനേഴും
ഹോതാവും ചേർന്ന രൂപത്തിനുമമലമഹ-
സ്സാമരൂപസ്ഥിതിയ്ക്കും
ധ്യാതാവിൻ വൃത്തിമദ്ധ്യത്തുയരുമുഭയരൂ-
പത്തിലോരോന്നിയറ്റും
ധാതാവാദിയ്ക്കുമുള്ളായ് വിലസുമൊരു മഹാ-
ധാമമാണെന്റെ ദൈവം.” 17

ഭൂമി, ജലം, അഗ്നി, വായു, ആകാശം, ചന്ദ്രൻ, സൂര്യൻ, ഹോതാവ് എന്നീ അഷ്ടമൂർത്തികളോടുകൂടിയവനാണ് പരമശിവൻ. അപ്രകാരമുള്ള മഹേശ്വരനും നിർമ്മലജ്ജ്യോതിസ്വരൂപമായിരിയ്ക്കുന്ന അരൂപിയായ ശക്തിയ്ക്കും സാധകന് ധ്യാനത്തിനിടയിൽ ഉള്ളിലുദിയ്ക്കുന്ന ബ്രഹ്മാവാദികളായ ദേവീദേവന്മാർക്കുമുള്ളിൽ വിളയാടുന്ന മഹിതഭൂവാണത്രേ ഈശ്വരൻ. ശ്രീനാരായണഗുരുവിനെപ്പോലെ മറ്റൊരു ഹോതാവിനെയും കുമാരനാശാന് സങ്കല്പിയ്ക്കാനുണ്ടാവില്ല. “സന്ന്യാസികളില്ലിങ്ങനെ, ഇല്ലില്ലമിയന്നോർ, വന്യാശ്രമമേലുന്നവരും”. ആ ഗുരുവാണ് കുമാരന്റെ മൂർത്തിമാനായ ദൈവം.
“വേദം നാലിൻ മുടിയ്ക്കും വിരവിൽ വിവിധമാ-
മാഗമങ്ങൾക്കുമോരോ
ഭേദം പറ്റിപ്പിണഞ്ഞും പലപല സമയ-
ങ്ങൾക്കുമുൾക്കാതലായി
വാദം പോകും വഴിയ്ക്കിന്നധികമകലയായ്
വാസ്തവം കണ്ട കണ്ണിൻ-
ഖേദക്കണ്ണീർ തുടച്ചക്കനിമഴ പൊഴിയും
കൊണ്ടലാണെന്റെ ദൈവം.” 18

വേദങ്ങൾ നാലിനും കാതലായും നൂറ്റിയെട്ടായി പിരിയുന്ന ഉപനിഷത്തുകളെയൊക്കെ കോർത്തിണക്കുന്ന തന്തുവായും വിവിധങ്ങളായ സിദ്ധാന്തങ്ങൾക്ക് അന്തർദ്ധാരയായും മറുചോദ്യത്തിനൊന്നും ഇടമില്ലാത്തവിധം കൺമുന്നിൽത്തെളിഞ്ഞ പരമാർത്ഥമായും നിന്ന് എന്റെ സങ്കടങ്ങളെല്ലാം പോക്കി കനിവിന്റെ കുളിർമഴ പൊഴിയ്ക്കുന്ന മേഘമാണ് എനിയ്ക്ക് ദൈവം. മോഹാകുലരായവരെ സ്നേഹക്കയറുകൊണ്ടു കെട്ടിവലിച്ച് തന്നോടടുപ്പിയ്ക്കുന്ന കരുതലാണ് എനിയ്ക്കു നിത്യാനുഭവമായി കൺമുന്നിൽ കാണാവുന്ന എന്റെ ദൈവം.
“അല്ലല്ലെന്നോതിയന്ത്യത്തമരമൊഴി മടു-
ത്തന്തരിച്ചാദരിയ്ക്കും
ചൊല്ലെത്താതൊന്നു ചൂണ്ടിത്തരുമരിയ ചിദാ-
കാശദേശാന്തരത്തിൽ
ഉല്ലോലാനന്ദബാഷ്പാമൃതമധുവൊഴുകും
യോഗിചിത്താംബുജത്തി-
ന്നല്ലില്ലാതുള്ളഹസ്സിന്നനിശശരണമാ-
മംശുമാനെന്റെ ദൈവം.” 19
ദൈവം ഇതാണെന്ന് വ്യക്തമായി ചൂണ്ടിക്കാണിച്ചു തരാൻ ആരുമില്ല. അതല്ലങ്ങനെയല്ലെന്നൊക്കെ- നേതി നേതി എന്ന സംസ്ക്കൃതമൊഴി കേട്ട് മടുത്ത് അദ്ഭുതപരതന്ത്രനായിനിന്ന് അതിനെ വല്ലപ്രകാരത്തിലും അങ്ഗീകരിച്ചുപോകും. വാക്കുകളെക്കൊണ്ടൊന്നും പറഞ്ഞു ബോദ്ധ്യപ്പെടുത്താനാവാത്ത അനുഭൂതിയെ ചൂണ്ടിക്കാണിച്ചുതരുന്ന ചിദാകാശം ചൂഴുന്ന അന്ന്യലോകത്തിൽ ആലോലമിളകി ആനന്ദകണ്ണീരമൃതത്തേനൊഴുക്കുന്ന യോഗീഹൃദയത്താമരയ്ക്ക് അറുതിയില്ലാതെ നിലകൊള്ളുന്ന പകലിന് താങ്ങായിനില്ക്കുന്ന സദാനന്ദാര്യസൂര്യനാണ് എനിയ്ക്ക് ദൈവം. സൂര്യൻ ജ്വലിച്ചുനില്ക്കുമ്പൾ അന്ധകാരസാന്നിദ്ധ്യം അസാദ്ധ്യമാണല്ലോ. ഇരുളെത്തിയില്ലങ്കിൽ താമരയ്ക്ക് കൂമ്പേണ്ടതായും വരില്ല. യോഗീഹൃദയം താമരയാണെങ്കിൽ ആ താമരയെ വിരിയിയ്ക്കുന്ന സൂര്യനാണ് ഈശ്വരൻ. അസ്തമിയ്ക്കാത്ത സൂര്യനും അതു വിരിയിച്ചുകൊണ്ടേനില്ക്കുന്ന താമരയും യഥാക്രമം പരമാത്മാവും ജീവാത്മാവുമാണ്.

   "സത്താസാമാന്യസാക്ഷാത്കരണസരണിയിൽ
                          സാന്ദ്രസൗഭാഗ്യമായി-
           ച്ചിത്തായിച്ചേതനാചേതനജഡനിചയം
                          ചെയ്ത ചൈതന്യമായി
           മുത്തായ് മാണിക്യമായ് വന്മരതകമലയായ്
                          മോഹികൾക്കും മുനിയ്ക്കും
           സത്തായ് സാനന്ദതേജോമയമഹിതമതായ്
                     നിന്നൊരൊന്നാണു ദൈവം."                               20

നന്മയുടെ സാക്ഷാത്കാരത്തിന് പൊതുവേ സ്വീകാര്യമായ മാർഗ്ഗത്തിൽ ഉറഞ്ഞുകൂടിയ സുഭഗത്വമായും വിശേഷജ്ഞാനകാരണമായും സകലചേതനാചേതനങ്ങളും സഞ്ചയിച്ചുവച്ചിരിയ്ക്കുന്ന ഈശ്വരസ്പർശമായും വിലപേറാത്ത സമ്പത്തായും അജ്ഞാനാന്ധകാരത്തിൽപ്പെട്ടവർക്കും ജ്ഞാനമാർഗ്ഗസഞ്ചാരികൾക്കും ഒരുപോലെ, ശിഥിലപ്പെട്ടുപോവാത്ത ആനന്ദതേജോമയമഹിമയായി നിന്നരുളുന്നത് യാതൊന്നാണോ അതാണ് ദൈവം.
‘മനുഷ്യപ്രവൃത്തിയുടെയെല്ലാം ലക്ഷ്യം സുഖാനുഭവമാണ്. പ്രകൃതിയെ സ്വന്തം ഇച്ഛയ്ക്കൊത്തു നിയന്ത്രിയ്ക്കാൻ കഴിഞ്ഞാൽ സുഖാനുഭവമായി എന്നാണവൻ കരുതിയിരുന്നത്. അത് അസാദ്ധ്യമാണെന്ന് പിന്നീടവനു മനസ്സിലായിത്തുടങ്ങി. ദുഃഖത്തിന്റെ കലർപ്പില്ലാത്ത സുഖം അനുഭവിയ്ക്കാൻ ഈ ലോകജീവിതത്തിൽ സാദ്ധ്യമല്ലെന്ന തിരിച്ചറിവിൽനിന്നാണ് സ്വർഗ്ഗസങ്കല്പം ഉടലെടുത്തത്- കല്പവൃക്ഷവും കാമധേനുവുമൊക്കെയുള്ള, ജരാമരണാദികളൊന്നുമില്ലാത്ത ഒരു ലോകം! യാഗാദികർമ്മങ്ങൾകൊണ്ട് ദേവപ്രീതിനേടി സ്വർഗ്ഗത്തിൽപ്പോയാലും അത് നിത്ത്യവും നിരതിശയവുമായ സുഖാനുഭവത്തിന് അപര്യാപ്തമാണെന്നുള്ള ചിന്ത, കർമ്മഫലം അനുഭവിയ്ക്കുന്നതിനനുസരിച്ച് ക്ഷയിച്ചുവരുമെന്ന ബോധത്തിനു കീഴടങ്ങി. കർമ്മപുണ്ണ്യഫലം അനുഭവിച്ചുതീർന്നുകഴിഞ്ഞാൽ ഭൂമിയിലേക്കുതന്നേ മടങ്ങിവരേണ്ടി വരുന്നു. അതുകൊണ്ട് സ്വർഗ്ഗത്തേക്കാൾ ഉത്ക്കൃഷ്ടമായ ഒരു സ്ഥാനം അന്വേഷിച്ച് മനുഷ്യമനസ്സ് പുരോഗമിച്ചപ്പോളാണ് ഈശ്വരോപാസനയിൽ അതെത്തിച്ചേർന്നത്. സഗുണാകാരരൂപിയായ ഈശ്വരനെ ഉപാസിച്ച് സാക്ഷാത്കരിച്ച് ആനന്ദസ്വരൂപനായ സർവ്വേശ്വരന്റെ സാമീപ്പ്യസാരൂപ്പ്യാദികളനുഭവിയ്ക്കുക എന്നത് ജീവിതലക്ഷ്യമായിക്കരുതി ആ നിലയ്ക്കുള്ള പരിശ്രമത്തിലാണ് മനുഷ്യമനസ്സ് പിന്നീടു വ്യാപരിച്ചത്. പ്രപഞ്ചത്തെ നിയന്ത്രിയ്ക്കുന്ന ഒരീശ്വരനുണ്ടെന്നും ആ ഈശ്വരന്റെ ഇച്ഛയ്ക്കുകീഴ്പ്പെട്ടാണ് ഈ ലോകത്തിൽ എല്ലാം നടക്കുന്നതെന്നും അവൻ വിശ്വസിച്ചു. പക്ഷേ, അവിടെയും ദ്വൈതചിന്ത ഭയകാരണമായി ബാക്കിനിന്നു. ദുഃഖത്തിനിടം നല്കാത്ത നിത്ത്യമായ ആനന്ദാനുഭവത്തിനുള്ള മാർഗ്ഗം ആദ്ധ്യാത്മികമാണെന്ന തിരിച്ചറിവുണ്ടായി. പരബ്രഹ്മസായുജ്ജ്യത്തിന് ഉത്തമോപാധി ധ്യാനമാർഗ്ഗമാണെന്ന് ചിന്തയിൽ ജീവാത്മപരമാത്മൈക്യം അതിലൂടെ സാദ്ധ്യമാക്കാനുള്ള തപസ്സ്യയിൽ മുഴുകി. സായുജ്ജ്യത്തിന് കലിയുഗം വിധിയ്ക്കുന്നത് ഈശ്വരനാമസങ്കീർത്തനമാണ്.’
കൈവല്ല്യം, തുരീയം, നിർവ്വാണം, മുക്തി, മോക്ഷം, സായുജ്ജ്യം എന്നിങ്ങനെ പല പേരുകളും ജീവന്മുക്തിയെ പ്രതിപാദിയ്ക്കാൻ പ്രയോഗത്തിലുണ്ട്. ജീവൻ – ആത്മാവ്- നശിയ്ക്കുന്നതല്ലെന്നും സകലചരാചരങ്ങളിലും അന്തര്യാമിയായി വർത്തിയ്ക്കുന്ന പരമാത്മാവാണ് ആത്മാവായി സകലതിനെയും നിലനിറുത്തുന്ന ശക്തിയെന്നുമാണ് വിശ്വാസം. പരമാത്മാവിൽ ആത്മാവ് പാരാവാരത്തിൽ ജലകണം പോലെ ഇഴുകി ഒന്നായിച്ചേരുമ്പോഴുള്ള ആനന്ദമാണ് പരമാനന്ദം എന്ന നിജാനന്ദം. ആ ആനന്ദാനുഭൂതി ആര് എങ്ങനെ അന്ന്യന് അനുഭവപ്പെടുത്തും. അഥവാ, തുരീയാവസ്ഥയിൽ അന്ന്യം എന്നൊന്നില്ലല്ലോ!
മോക്ഷം തരണേ എന്ന് ഉപാസനാമൂർത്തിയോട് യാചിയ്ക്കുക മാത്രമേ സാദ്ധ്യമാകൂ! ആശാൻ ചെയ്തിരിയ്ക്കുന്നതും അതാണ്. ആശാന് സകലതിനും ആശ്രയം നാരായണമൂർത്തിയായ പരമാചാര്യനാണ്. “വിഷ്ണുപാദത്തിലർപ്പിച്ച പുഷ്പങ്ങളൊന്നൊഴിയാതെ ശിവമൗലിയിൽ”ക്കണ്ടതായി എഴുത്തച്ഛൻ എഴുതിയിട്ടുണ്ടല്ലോ! ഏതു രൂപത്തിലും പേരിലും ആവാം, ഈശ്വരോപാസന.
പുരാണമുനിമാർ പറഞ്ഞുറപ്പിച്ചുവെച്ചിട്ടുള്ള വഴിയിലൂടെയുള്ള സഞ്ചരണമാണ് അഭികാമ്യം എന്ന സദാചാരബോധം നേരായ വഴിയേ പോകാൻ ബലം നല്കും. ഈ പറഞ്ഞുവെച്ചിട്ടുള്ള നിർദ്ദേശങ്ങളുടെയൊക്കെ ലക്ഷ്യവും അതാണ്. പുരാണകഥാസന്ദർഭങ്ങളൊക്കെ ഈ ലക്ഷ്യത്തിൽ പിറവികൊണ്ടവയാണെന്നാണല്ലോ ഭാഗവതം പറയുന്നത്:

"കഥാ ഇമാസ്തേ കഥിതാ മഹീയസാം
         വിതായ ലോകേഷു യശഃപരായുഷാം
         വിജ്ഞാനവൈരാഗ്ഗ്യവിവക്ഷയാ, വിഭോ,
         വചോവിഭൂതിർന്ന തു പാരമാർത്ഥ്യം".

(അവസാനിച്ചു)

Author

114 Views
Scroll to top
Close
Browse Categories