ഞാന്‍ സന്തോഷിച്ചാല്‍ ദൈവവും സന്തോഷിക്കും
(എഴുത്തുകാരനും
രംഗകലാപ്രവർത്തകനും പ്രഭാഷകനുമായ
ടി.കെ.ഡി മുഴപ്പിലങ്ങാട് രചിച്ച ശ്രീനാരായണഗുരുദേവ കഥകൾ പരമ്പര ആരംഭിക്കുന്നു)
വയല്‍വാരം വീട്ടില്‍ അന്ന് എല്ലാവരും നല്ല തിരക്കിലാണ്. പൂജവെപ്പിനുള്ള ഒരുക്കമാണ്. ഭക്തിപൂര്‍വ്വം ദൈവത്തിനു സമര്‍പ്പിക്കാന്‍ പായസവും വിഭവങ്ങളുമുണ്ട്. പൂക്കളും പഴവും ഇലയില്‍ വെച്ചിരിക്കുന്നു.
നിലവിളക്കുതിരികള്‍ കത്തിച്ചു. പൂജാവിഭവങ്ങളൊക്കെ അതിനുമുന്നില്‍ നിരത്തി. പാചകംചെയ്തു കൊണ്ടുവന്നവ നാക്കിലയില്‍ വിളമ്പിവെച്ചു.
എല്ലാം വേണ്ടപോലെയായപ്പോള്‍ അരിയിട്ട് തൊഴുത് വീട്ടുകാരെല്ലാം പിന്‍വാങ്ങി മാറിനിന്നു.
ദൈവവും പിതൃക്കളും പൂജാവസ്തുക്കള്‍ സ്വീകരിക്കുന്നത് ഈ അവസരത്തിലാണെന്നാണ് വിശ്വാസം. ദൈവത്തിന്റെയും ഗുരുകാരണവന്മാരുടെയും അനുഗ്രഹം തേടിയാണ് വാവുദിവസങ്ങളിലും സംക്രാന്തിക്കും പൂജവെപ്പു നടത്തുന്നത്.
കുടുംബാംഗങ്ങളെല്ലാം പ്രാര്‍ത്ഥനയോടെ പൂജാസ്ഥാനത്തേക്ക് നോക്കാതെ അകലെ മാറിനില്‍ക്കണം. ദൈവമോ പരേതാത്മാക്കളോ അവിടുത്തെ പൂജാദ്രവ്യങ്ങള്‍ ആസ്വദിച്ച് സംതൃപ്തരായി തിരിച്ചുപോയിക്കഴിഞ്ഞിരിക്കും എന്നു കരുതി വീണ്ടും ഒരിക്കല്‍ക്കൂടി തൊഴുത് വന്ദിക്കുന്നതിനുവേണ്ടി മാടനാശാനും കൃഷ്ണന്‍ വൈദ്യരും പൂജാസ്ഥലത്തേക്കു നടന്നു.
”ങ്ങേ!”
കൃഷ്ണന്‍ വൈദ്യര്‍ അറിയാതെ പറഞ്ഞുപോയി. ദൈവത്തിനും പിതൃക്കള്‍ക്കും ഇരിക്കാന്‍വേണ്ടി വെച്ചിരുന്ന പലകകളിലൊന്നില്‍ കൊച്ചുനാണു ഇരിക്കുന്നു. കൈവിരലിലും ചുണ്ടിലും പായസത്തിന്റെ അംശം പറ്റിപ്പിടിച്ചിരിക്കുന്നു.
മാടനാശാന്‍ മകന്റെ അടുത്തുവന്നു ചോദിച്ചു.
”നീ എന്താണീ കാട്ടിയത്?”
”വേണ്ട.”
കൃഷ്ണന്‍ വൈദ്യര്‍ വിളിച്ചുപറഞ്ഞു. അച്ഛന്‍ മകനെ ശകാരിക്കുകയോ കോപത്തോടെ ഇരുന്നേടത്തുനിന്ന് വലിച്ചെഴുന്നേല്‍പ്പിക്കുകയോ ചെയ്യുമെന്ന് അമ്മാവന്‍ ഭയന്നു.
”അവന്‍ ചെറിയ കുട്ടിയല്ലേ?”
അമ്മാവന്റെ വാക്കുകള്‍ അച്ഛന്റെ കോപം തണുപ്പിക്കുന്നത് കണ്ടു.
”എങ്കിലും ദൈവത്തിന് പൂജവെച്ചാല്‍ അതെടുത്ത് തിന്നാമോ?”
അച്ഛന്‍ തന്നോടാണോ അമ്മാവനോടാണോ പറഞ്ഞത്? കൊച്ചു നാണുവിന് സംശയമായി. എങ്കിലും ഒരു കാര്യം തീര്‍ച്ചയാണ്.
ഓം നമോ നാരായണായ നമഃ എന്നാണല്ലോ എല്ലാവരും ജപിക്കുന്നത്. നാരായണനാണ് ദൈവം. അപ്പോള്‍ നാരായണനെന്നു പേ രുള്ള താനും ദൈവം തന്നെ. കൊച്ചുനാണു നിശ്ചയിച്ചു.
”ഇനി….”
മാടനാശാന്‍ എന്തോ പറയാന്‍ തുടങ്ങുകയായിരുന്നു. അപ്പോള്‍ മകന്‍ അച്ഛനോടു പറഞ്ഞു.
”ഞാന്‍ സന്തോഷിച്ചാല്‍ ദൈവവും സന്തോഷിക്കും.”
നിഷ്‌കളങ്കമായി ഒരു ചിരിയോടെ വീണ്ടും നിവേദ്യമെടുത്തു തിന്നു.
അച്ഛനായ മാടനാശാനും അമ്മാവനായ കൃഷ്ണന്‍ വൈദ്യരും ആ വാക്കുകള്‍ കേട്ടു. അവരുടെ നീരസവും ശേഷിച്ചിരുന്ന കോപവും ആ ശൈശവ നിഷ്‌കളങ്കഭാവത്തില്‍ അലിഞ്ഞുതീര്‍ന്നു.
മാടനാശാന്‍ മകനെ വാരിയെടുത്ത് ഒരുമ്മ നല്‍കി പുറത്തേക്കു നടന്നു. കുട്ടിയമ്മ കാര്യമറിഞ്ഞ് പിന്നാലെ ചെന്നു. അമ്മയെ കണ്ടപ്പോള്‍ കൊച്ചുനാണു ഊര്‍ന്നിറങ്ങി അമ്മയുടെ അടുത്തേക്കോടി. കുട്ടിയമ്മ ഒന്നും പറഞ്ഞില്ല. അടുത്തുപിടിച്ച് ചേര്‍ത്തുനിര്‍ത്തി മകന്റെ മുഖത്തുനോക്കി പൂനിലാവുപൊഴിയുന്നതുപോലെ ഒന്നു ചിരിച്ചു.
എല്ലാവരും ആ ചിരിയില്‍ പങ്കുചേര്‍ന്നു.
9446738336