കർമ്മസാരഥ്യത്തിന്റെ 27വർഷങ്ങൾ
‘ഗുരുദേവന്റെ കാരുണ്യമാണ് എന്റെ ശക്തി. 59 വർഷമായി കണിച്ചുകുളങ്ങര ദേവിക്ഷേത്രം പ്രസിഡന്റാണ്. ഗുരുദേവനും കണിച്ചുകുളങ്ങര ദേവിയും നൽകുന്ന ശക്തി. പിന്നെ ജനശക്തി. ദൈവശക്തിയും ജനശക്തിയും ചേരുമ്പോൾ കിട്ടുന്ന മഹാശക്തി. എതിർപ്പുകളെ മുഴുവൻ അതിജീവിക്കാനും പതറാതെ, തളരാതെ നിൽക്കാനുമുള്ള മഹാശക്തി. എതിർപ്പുകൾ ഇല്ലെങ്കിൽ ഞാനില്ല. സത്യം, ധർമ്മം പാലിച്ച് നേരായ വഴിയിലൂടെ പോയാൽ എതിർപ്പുകൾക്കൊന്നും എന്നെ തടയാനാകില്ല.’-യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറയുന്നു
ഗുരുദേവ ചൈതന്യവും കണിച്ചുകുളങ്ങര ദേവീ കടാക്ഷവും ഒന്നിച്ചനുഗ്രഹിച്ച നേതാവാണ് വെള്ളാപ്പള്ളി നടേശൻ. എന്താണീ ദീർഘകാലത്തെ വിജയമന്ത്രം എന്നു ചോദിച്ചാൽ അദ്ദേഹം ഇങ്ങനെ പറയും.
‘ഗുരുദേവന്റെ കാരുണ്യമാണ് എന്റെ ശക്തി. 59 വർഷമായി കണിച്ചുകുളങ്ങര ദേവിക്ഷേത്രം പ്രസിഡന്റാണ്. ഗുരുദേവനും കണിച്ചുകുളങ്ങര ദേവിയും നൽകുന്ന ശക്തി. പിന്നെ ജനശക്തി. ദൈവശക്തിയും ജനശക്തിയും ചേരുമ്പോൾ കിട്ടുന്ന മഹാശക്തി. എതിർപ്പുകളെ മുഴുവൻ അതിജീവിക്കാനും പതറാതെ, തളരാതെ നിൽക്കാനുമുള്ള മഹാശക്തി. എതിർപ്പുകൾ ഇല്ലെങ്കിൽ ഞാനില്ല. സത്യം, ധർമ്മം പാലിച്ച് നേരായ വഴിയിലൂടെ പോയാൽ എതിർപ്പുകൾക്കൊന്നും എന്നെ തടയാനാകില്ല.’
സ്വർണ്ണ വർണ്ണമാർന്ന ഫ്രെയിമുള്ള കണ്ണടയും നെറ്റിയിലെ സിന്ദൂരതിലകവും വിടർന്ന ചിരിയും തിളക്കമേറ്റുന്ന പ്രൗഢിയും ആരെയും കൂസാത്ത തലയെടുപ്പും ചേർന്ന വെള്ളാപ്പള്ളിയുടെ വാക്കുകളിലും പ്രവൃത്തികളിലും ഇച്ഛാശക്തിയുടെ കൈയൊപ്പുണ്ട്. ദീർഘദൃഷ്ടിയും പ്രായോഗികബുദ്ധിയും കൃത്യനിഷ്ഠയുമാർന്ന സവിശേഷതകൾ. ഒരുകാലത്ത് നേതാവില്ലാത്ത സമുദായമെന്ന ആക്ഷേപത്തിന് വിധേയമായെങ്കിൽ ഇന്ന് എസ്.എൻ.ഡി.പി യോഗം എന്ന മഹത്തായ സംഘടനയ്ക്കും ശ്രീനാരായണീയ സമുദായത്തിനും കരുത്തുപകരാനും ഉന്നതിയിലേക്ക് നയിക്കാനും ശക്തനായൊരു നേതാവുണ്ട്. ആത്മീയതയിൽ ഊന്നിയുള്ള ഭൗതിക പുരോഗതിയാണ് ശ്രീനാരായണ ധർമ്മത്തിന്റെ അടിത്തറയെന്ന ധർമ്മരഹസ്യം ഉൾക്കൊണ്ട് ജാതി, മത വിവേചനങ്ങൾക്കും അസമത്വങ്ങൾക്കും എതിരെ പുതിയ പോർമുഖങ്ങൾ തുറക്കാൻ കരുത്തുള്ളൊരു നേതാവ്. ജാതിയും മതവും പറയേണ്ടിടത്ത് പറയേണ്ട അനുപാതത്തിൽ പറയുമ്പോൾ അത് കൊള്ളേണ്ടിടത്ത് ചെന്ന് തറയ്ക്കും. തനിയ്ക്ക് ശരിയെന്ന് തോന്നുന്ന അപ്രിയ സത്യങ്ങൾ മുഖം നോക്കാതെ വിളിച്ചുപറയുന്ന ആ ചങ്കൂറ്റം അനുയായികളെക്കാളേറെ ശത്രുക്കളെയും സൃഷ്ടിച്ചിട്ടുണ്ട്. പൊതുസമൂഹത്തിൽ വെള്ളാപ്പള്ളി നടേശനെ ഒരു സമുദായ നേതാവെന്നതിനപ്പുറം അദ്ദേഹത്തിന്റെ വാക്കുകൾക്ക് രാഷ്ട്രീയ കേരളവും കാതുകൂർപ്പിക്കുകയാണ്. ചാട്ടുളി പോലെ കുറിയ്ക്ക് കൊള്ളുന്നതാകും അളന്നു കുറിച്ച ആ മറുപടികൾ. പരസ്യമായി വിയോജിക്കുന്നവർ പോലും വെള്ളാപ്പള്ളിയെ നേരിൽ കണ്ടാൽ വിയോജിപ്പുകളെല്ലാം മറന്ന് സൗഹൃദ കൂട്ടായ്മയ്ക്ക് വഴിമാറും.
ഒരുദാഹരണം ഇതാ. ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസും മറ്റു ഭാരവാഹികളും കണിച്ചുകുളങ്ങരയിലെ വസതിയിൽ വെള്ളാപ്പള്ളിയുമായി സൗഹൃദം പങ്കിടാനെത്തി.
‘നിങ്ങളുടെ പത്രത്തിലും ചാനലിലും എന്നെപ്പറ്റി അത്ര നല്ലകാര്യങ്ങളല്ലല്ലോ വരുന്നത്. ഞങ്ങളുടെ (എസ്.എൻ.ഡി.പി യോഗം) നല്ല കാര്യങ്ങളൊന്നും കാണാറുമില്ല.’ അബ്ദുൽ അസീസും കൂട്ടരും ചിരിച്ചുകൊണ്ടു നിന്നപ്പോൾ വെള്ളാപ്പള്ളിയുടെ അടുത്ത കമന്റെത്തി. ‘ഞങ്ങൾക്ക് ജാതിയും മതവും ഒന്നുമില്ല’. അല്പനേരത്തെ സൗഹൃദ ഭാഷണം. പിന്നെ എല്ലാവരും ചേർന്നൊരു ഫോട്ടോയെടുത്ത് സന്തോഷത്തോടെ അവരെ യാത്രയാക്കി. ഈയിടെ കോൺഗ്രസ് നേതാവ് ശശി തരൂരിനെ ‘ആനമണ്ടനെ’ന്നാണ് അദ്ദേഹം പരസ്യമായി വിമർശിച്ചത്. ഒരു പട്ടിക ജാതിക്കാരനായ മല്ലികാർജുന ഖാർഗെയ്ക്കെതിരെ കോൺഗ്രസ് പ്രസിഡന്റാകാൻ മത്സരിച്ച ശശി തരൂർ തികഞ്ഞ പിന്നാക്ക വിരുദ്ധനാണെന്നും വെള്ളാപ്പള്ളി ആഞ്ഞടിച്ചതോടെ തറവാടി നായരായി തിളങ്ങിനിന്ന ശശി തരൂർ തികച്ചും പ്രതിരോധത്തിലായി. ‘പറഞ്ഞാൽ മാത്രം പോര, പറയുന്നതിൽ ശരിയുണ്ടെന്ന് കേൾക്കുന്നവർക്ക് തോന്നണം’ ഇങ്ങനെ കാച്ചിക്കുറുക്കിയ വാക്കുകൾ വെട്ടിത്തുറന്ന് പറയുന്ന വെള്ളാപ്പള്ളി ‘ടച്ച്’ ആണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതും.
രാജ്യമാകെ അറിയപ്പെടുന്ന സർക്കാർ കരാറുകാരനായിരിക്കെ സാമുദായിക സേവനത്തിനുള്ള ഉൾവിളിയുണ്ടായപ്പോൾ കോടികളുടെ സമ്പാദ്യമെല്ലാം ഇട്ടെറിഞ്ഞു. ഒരു ദൈവനിയോഗം പോലെ ആരംഗത്ത് നീണ്ട 27 വർഷങ്ങൾ വിജയകരമായി പിന്നിട്ടതിനു പിന്നിലെ പ്രേരകശക്തിയും മറ്റൊന്നല്ല. 1996 ഫെബ്രുവരി 3 ന് എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായി ചുമതലയേറ്റ അദ്ദേഹം അതേവർഷം നവംബർ 17 ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായി. ട്രസ്റ്റ് സെക്രട്ടറിയെന്ന നിലയിൽ 27-ാം വർഷത്തിലേക്ക് വിജയഭേരിയോടെ ചുവടുവയ്ക്കുകയാണദ്ദേഹം.
ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്കും ഉയർച്ചയ്ക്കും മഹത്തായ പങ്കാണ് അദ്ദേഹം നിർവഹിച്ചു കൊണ്ടിരിക്കുന്നത്. വളരെ പ്രക്ഷുബ്ധമായൊരു കാലഘട്ടത്തിലൂടെ കടന്നുപോകുന്ന യോഗത്തെയും ട്രസ്റ്റിനെയും നയിക്കാനും ശ്രീനാരായണീയർക്ക് പുതിയ ദിശാബോധം നൽകാനും കഴിഞ്ഞുവെന്ന് മാത്രമല്ല, ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ പ്രാധാന്യം സമൂഹത്തിൽ ഊട്ടിയുറപ്പിക്കാനും കർമ്മകുശലതയാർന്ന നിലപാടുകൾക്ക് സാധിച്ചു. എസ്.എൻ.ഡി.പി യോഗത്തിന്റെ സ്ഥിരാദ്ധ്യക്ഷൻ ശ്രീനാരായണ ഗുരുവും ആദ്യ ജനറൽ സെക്രട്ടറി മഹാകവി കുമാരനാശാനുമായിരുന്നു. രണ്ട് ഘട്ടങ്ങളിലായി കുമാരനാശാൻ 15 വർഷവും ആർ. ശങ്കർ 11 വർഷവും സേവനമനുഷ്ഠിച്ച പദവിയിൽ 26-ാമത്തെ ജനറൽ സെക്രട്ടറിയായി 26 വർഷം പൂർത്തിയാക്കാൻ കഴിഞ്ഞുവെന്നതും ചരിത്ര നിയോഗമാണ്. ഇത്രയും നീണ്ട കാലം ഒരു മഹാപ്രസ്ഥാനത്തെ നയിക്കുകയെന്നതു തന്നെയാണ് ആ അത്ഭുതജീവിതത്തെ ധന്യമാക്കുന്നതും. അദ്ദേഹവുമായി നടത്തിയ സംഭാഷണത്തിൽ നിന്ന്.
? കഴിഞ്ഞകാല പ്രവർത്തനം എങ്ങനെ വിലയിരുത്തുന്നു ?
ഞാൻ എസ്.എൻ.ഡി.പി യോഗത്തിന്റെ ജനറൽസെക്രട്ടറി സ്ഥാനത്തേക്ക് വന്നപ്പോഴും ഇന്നത്തെ സ്ഥിതിയും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ട്. വെറും 6083 രൂപയായിരുന്നു യോഗം ജനറൽ സെക്രട്ടറിയായി ചുമതലയേൽക്കുമ്പോൾ യോഗത്തിന്റെ നീക്കിയിരുപ്പ്. ഇന്ന് യോഗത്തിന്റെ ആസ്തി 30 കോടിക്ക് മുകളിലാണ്. കൊല്ലത്ത് യോഗത്തിന്റെ പ്രൗഢിയും പാരമ്പര്യവും വിളിച്ചോതുന്ന മനോഹരമായ ആസ്ഥാന മന്ദിരമുണ്ട്. മറ്റു നിരവധി സ്ഥാപനങ്ങൾ. വിവാഹത്തിന് പത്രിക മുറിയ്ക്കലും കന്നി 5, ചതയദിനാഘോഷവും പ്രസംഗങ്ങളും മാത്രമായിരുന്നിടത്തു നിന്നാണ് ഒരു സമുദായത്തെ ഉദ്ധരിച്ച് സാമ്പത്തിക ഉന്നമനത്തിലെത്തിച്ചത്. മൈക്രോഫിനാൻസിലൂടെ ആയിരക്കണക്കിന് കുടുംബങ്ങളിലാണ് സഹായത്തിന്റെ കിരണങ്ങൾ എത്തിച്ചത്. വിവാഹപത്രിക മുറിയ്ക്കുമ്പോൾ ദുരിതനിവാരണ ഫണ്ടായി ഒരു തുകകൂടി വാങ്ങുന്നുണ്ട്. ഇതിൽ നിന്നാണ് ചെറിയ ചെറിയ സാമ്പത്തിക സഹായങ്ങൾ നൽകുന്നത്. രോഗചികിത്സയ്ക്കും മറ്റുമായി ശാഖ, യൂണിയനുകൾ വഴി ലക്ഷക്കണക്കിന് രൂപ നൽകുന്നു. യോഗം, യൂണിയൻ നേതാക്കൾക്ക് സഞ്ചരിക്കാൻ യാത്രപ്പടിയും നൽകുന്നുണ്ട്. പാവങ്ങൾക്കായി ആയിരക്കണക്കിന് വീടുകളാണ് നിർമ്മിച്ചു നൽകിയത്. യോഗം ജനറൽ സെക്രട്ടറി ആയതിന്റെ 25-ാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് നിരവധി സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സമുദായത്തിലെ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് പരിശീലനം നൽകാൻ കെ.എ.എസ് മെന്ററുമായി ചേർന്ന് സ്ഥാപനം തുടങ്ങി. ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി പരീക്ഷാ പരിശീലനം നൽകാൻ ശ്രീനാരായണ എംപ്ളോയീസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംവിധാനം ഏർപ്പെടുത്തി.
? ആർ.ശങ്കർ ചെയ്തതിന്റെ തുടർച്ച
യോഗത്തിന്റെയും ട്രസ്റ്റിന്റെയും അഭൂതപൂർവമായ വളർച്ചയിൽ ആർ. ശങ്കറിന്റെ സംഭാവനകൾ വിലമതിയ്ക്കാനാകാത്തതാണ്. അദ്ദേഹം ഇല്ലായിരുന്നെങ്കിൽ ഈഴവ സമുദായം ഉന്നതവിദ്യാഭ്യാസം നേടില്ലായിരുന്നു. ശ്രീനാരായണ ട്രസ്റ്റ് സ്ഥാപിച്ച് അതുവരെ തൊട്ടുകാണിക്കാൻ പോരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും ഇല്ലാതിരുന്ന സമുദായത്തെ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ ഭൂപടത്തിൽ അതിപ്രധാനമായ സ്ഥാനത്തെത്തിച്ചത് ശങ്കർ സാറാണ്. ശ്രീനാരായണ ഗുരുദേവന്റെ പേരിൽ കൊല്ലത്ത് ആദ്യ ശ്രീനാരായണ കോളേജ് സ്ഥാപിച്ചു. തുടർന്ന് ആ നാമത്തിൽ നിരവധി കോളേജുകൾ. സാക്ഷരതയിലും സാമൂഹികമായും ഏറെ പിന്നിൽ നിന്ന ഈഴവ സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിയ്ക്കാനായിരുന്നു അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമം. അദ്ദേഹം യോഗം ജനറൽ സെക്രട്ടറിയായി സ്ഥാനമേൽക്കുമ്പോൾ സമുദായത്തിന് ഏതാനും മിഡിൽ സ്കൂളുകൾ മാത്രമാണുണ്ടായിരുന്നത്. കൊല്ലത്ത് ആദ്യ എസ് എൻ കോളേജ് യാഥാർത്ഥ്യമാക്കിയതിനു പിന്നാലെ വനിതാ കോളേജും സ്ഥാപിച്ചു. മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിനുണ്ടായിരുന്ന അധികാരം ഉപയോഗിച്ച് വിവിധ ഭാഗങ്ങളിലായി എസ്.എൻ കോളേജുകൾ സ്ഥാപിച്ചു. ഒന്നുമില്ലാതിരുന്ന സമുദായത്തിന് 12 കോളേജുകളാണ് സ്ഥാപിച്ചത്. പിന്നീട് ബേബിജോൺ വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് ചാത്തന്നൂർ, ചെങ്ങന്നൂർ, ഷൊർണൂർ എന്നിവിടങ്ങളിൽ എയിഡഡ് കോളേജുകൾ ലഭിച്ചത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായപ്പോൾ ഇടുക്കി പാമ്പനാറിൽ ഒരു കോളേജ് ലഭിച്ചു. 50 വർഷത്തിനിടെ ലഭിച്ചത് 4 എയിഡഡ് കോളേജുകൾ മാത്രം. അതേസമയം മറ്റു സമുദായങ്ങൾക്ക് ഡസൻ കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വാരിക്കോരി നൽകി. ന്യൂനപക്ഷ, സവർണ്ണ വിഭാഗങ്ങൾ സമ്പത്തിലും വിദ്യാഭ്യാസത്തിലും ബഹുദൂരം മുന്നേറിയപ്പോൾ ഈഴവ സമുദായത്തെ മാറിമാറി വന്ന ഭരണക്കാർ തഴയുന്ന രീതി ഇന്നും തുടരുന്നു. ഇപ്പോൾ സ്വാശ്രയമേഖലയിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്.
? സംവരണവുമായി ബന്ധപ്പെട്ട
സുപ്രീം കോടതി വിധി
ഈഴവരാദി പിന്നാക്ക വിഭാഗങ്ങൾക്ക് കനത്ത തിരിച്ചടിയാണ് ഈയിടെയുണ്ടായ സുപ്രീംകോടതി വിധി. സർക്കാർ ജോലികളിലും അൺ എയ്ഡഡ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും 10 ശതമാനം സവർണ ജാതി സംവരണത്തിനുള്ള ഭരണഘടനയുടെ 103-ാം ഭേദഗതി ശരിവച്ച സുപ്രീംകോടതി അഞ്ചംഗ ബഞ്ചിന്റെ വിധി രാജ്യത്തെ 80 ശതമാനത്തിലധികം വരുന്ന പിന്നാക്ക സമുദായങ്ങളോടുള്ള കടുത്ത അനീതിയാണ്. അതിനാൽ വിധിയ്ക്കെതിരെ യോഗം സുപ്രീംകോടതിയിൽ പുന: പരിശോധനാ ഹർജി നൽകിയിട്ടുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന അവസര സമത്വത്തെയും തുല്യതയെയും 9 അംഗ വിശാല ബഞ്ചിന്റെ മുൻ തീരുമാനത്തെയും ചോദ്യം ചെയ്യുന്ന ഈ വിധി പ്രസ്താവത്തിൽ പുന:പരിശോധന അനിവാര്യമാണ്. ഈ കേസിൽ എസ്.എൻ.ഡി.പി യോഗവും സുപ്രീം കോടതിയിൽ കക്ഷിയായിരുന്നു. ഭരണഘടനാപരവും നിയമപരവുമായ പ്രശ്നങ്ങൾ കോടതി വിധിയിലുണ്ട്. സവർണ ജാതി സംവരണം നടപ്പാക്കാൻ ഭരണകൂടങ്ങൾ കാണിക്കുന്ന അത്യുത്സാഹം ജുഗുപ്സാവഹമാണ്. പിന്നാക്ക സംവരണം നടപ്പിൽ വരാൻ 38 വർഷം വേണ്ടി വന്നെങ്കിൽ സവർണജാതി സംവരണത്തിനായുള്ള ബില്ല് ഒറ്റ ദിവസം കൊണ്ടാണ് ലോക്‌സഭയും രാജ്യസഭയും പാസ്സാക്കിയത്. ഇതുസംബന്ധിച്ച ഒരു പഠനവും നടത്തിയില്ല. പിന്നാക്ക വിഭാഗങ്ങൾ പൊതുവെ സാമ്പത്തികമായും ഏറെ പിന്നാക്കമാണ്. പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗങ്ങളുടെ സ്ഥിതി ഇതിലും പരിതാപകരമാണ്. ഈ വിഭാഗക്കാരെ പൂർണമായും ഒഴിവാക്കി സംവരണം സവർണ വിഭാഗങ്ങൾക്കായി പരിമിതപ്പെടുത്തുന്നത് ഭരണഘടന ഉറപ്പ് നൽകുന്ന തുല്യാവസരത്തിന്റെ ലംഘനമാകുമെന്ന് സുപ്രീംകോടതിയിലെ അഞ്ചംഗ പാനലിലെ മൂന്നംഗ ജഡ്ജിമാരുടെ വിധിയോട് വിയോജിച്ച് മുൻ ചീഫ് ജസ്റ്റിസ് യു.യു ലളിതും എസ്. രവീന്ദ്രഭട്ടും പ്രത്യേകം വിധി പ്രസ്താവിച്ചിട്ടുണ്ട്. ഇത് പ്രതീക്ഷയ്ക്ക് വകനൽകുന്നതാണ്.
? മുന്നാക്ക സംവരണത്തിന് തുടക്കം കുറിച്ചത് പിണറായി സർക്കാരാണല്ലോ
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തിയത് പിണറായി സർക്കാരാണ്. ഇതോടെ 95 ശതമാനം മുന്നാക്കക്കാരുള്ള ദേവസ്വം ബോർഡിൽ നിന്ന് പിന്നാക്കക്കാർ പുറത്താകുന്ന സ്ഥിതിയാണ്. തുടർന്ന് കേന്ദ്രസർക്കാർ 10 ശതമാനം മുന്നാക്ക സംവരണം ഏർപ്പെടുത്തി. അത് സുപ്രീംകോടതിയുടെ ഭൂരിപക്ഷബഞ്ച് ശരിവയ്ക്കുകയും ചെയ്തു. ഇതിനെതിരെ എസ്.എൻ.ഡി.പി യോഗം ശക്തമായി പ്രതിഷേധിച്ചിരുന്നു. സുപ്രീംകോടതിയിലും യോഗം ഒരു കക്ഷിയായിരുന്നു. ജനകീയ സമരത്തിലൂടെ തിരുത്താവുന്നതല്ല ഈ തീരുമാനം. കോടതിയിൽ തന്നെ ചോദ്യം ചെയ്യേണ്ടതാണെന്നതിനാൽ വിധിയ്ക്കെതിരെ യോഗം അപ്പീൽ നൽകിയിട്ടുണ്ട്. സി.പി.എമ്മിന്റെ നയം തന്നെ സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്നതാണ്. ഇ.എം.എസിന്റെ കാലത്തേ അത് തുടങ്ങിയതാണ്. പത്രാധിപർ കെ.സുകുമാരന്റെ ചരിത്രപ്രസിദ്ധമായ കുളത്തൂർ പ്രസംഗം തന്നെ ഇ.എം.എസിന്റെ ആ നയത്തിനെതിരെയായിരുന്നു. സാമുദായിക സംവരണം സാമൂഹികനീതി കൈവരിക്കും വരെ വേണമെന്നാണ് ഭരണഘടനയിൽ നിർദ്ദേശിച്ചിട്ടുള്ളത്. ലോകാവസാനം വരെ അത് ലഭിക്കുമെന്ന് പ്രതീക്ഷിക്കാനും കഴിയില്ല. കേന്ദ്രസർക്കാർ 10 ശതമാനം മുന്നാക്ക സംവരണം നടപ്പാക്കിയപ്പോൾ മുസ്ലിം, ലത്തീൻ സമുദായങ്ങളോ പട്ടികജാതി/ പട്ടികവർഗ്ഗ സംഘടനകളോ കാര്യമായി പ്രതിഷേധിച്ചു കണ്ടില്ല. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ മേഖലയിൽ 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തിയപ്പോൾ സാമ്പത്തിക സംവരണത്തെ എതിർക്കുന്ന മുസ്ലിം ലീഗിന്റെ വിദ്യാഭ്യാസ മന്ത്രി പോലും അതിനെ അനുകൂലിക്കുകയായിരുന്നു.
? പുതിയ കർമ്മ പദ്ധതികൾ
വിദ്യാഭ്യാസ മേഖലയിൽ സമുദായത്തിന്റെ സുവർണ കാലഘട്ടമാണിത്. എസ്.എൻ ട്രസ്റ്റിനു കീഴിൽ മാത്രം 33 പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സ്ഥാപിതമായത്. ലാ കോളേജ്, എയ്ഡഡ് കോളേജുകൾ, നഴ്സിംഗ് കോളേജ് ഉൾപ്പെടെ 16 കോളേജുകൾ, 5 സെൻട്രൽ സ്കൂളുകൾ, 12 എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകൾ, യോഗത്തിനു കീഴിൽ 7 പുതിയ കോളേജുകളും 11 എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളും ഇന്നുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ വലിയ അത്ഭുതങ്ങളൊന്നും കാട്ടാനാകില്ല. നിലവിലുള്ള കോളേജുകളിൽ കൂടുതൽ കോഴ്സുകൾ സർക്കാരിൽ നിന്ന് ചോദിച്ചു വാങ്ങണം. യോഗത്തിനും ട്രസ്റ്റിനും ഒറ്റ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പോലുമില്ലാത്ത ജില്ലകളുണ്ട്. മലബാറിൽ മലപ്പുറം, കാസർകോഡ് ജില്ലകൾ ഉദാഹരണം. കോട്ടയം, എറണാകുളം ജില്ലകളിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നുമില്ല. കൂടുതൽ സ്ഥാപനങ്ങൾ തുടങ്ങാനുള്ള സമ്പത്ത് നമുക്കില്ല. ആർ.ശങ്കർ സ്ഥാപിച്ച കോളേജുകൾക്കൊന്നും പണം നൽകിയല്ല സ്ഥലം വാങ്ങിയത്. സമുദായ സ്നേഹികളായവർ സൗജന്യമായി സ്ഥലം വിട്ടുനൽകുമായിരുന്നു. ഇന്ന് സ്ഥിതി അതല്ല. ആരും തരാനില്ല. എല്ലാവരും സ്വാർത്ഥമതികളാണ്.
? പിന്നാക്കക്കാരോടും ന്യൂനപക്ഷങ്ങളോടും സർക്കാരുകൾക്ക് വ്യത്യസ്ത സമീപനമാണോ?
മറ്റു സമുദായങ്ങൾക്ക് സർക്കാർ നൽകുന്ന ആനുകൂല്യങ്ങളും സഹായങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ നമുക്ക് കിട്ടുന്നത് നാമമാത്രമായ സഹായമാണ്. ന്യൂനപക്ഷവിഭാഗങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വാരിക്കോരി നൽകുമ്പോൾ യോഗത്തിന് വിരലിലെണ്ണാവുന്ന സ്ഥാപനങ്ങൾ പോലും നൽകുന്നില്ല. ഗ്രാന്റായും ലോണായും പ്രത്യേക ഫണ്ടായും എത്രയാ കൊടുക്കുന്നത്. നമുക്ക് ആരാ തരുന്നത് ? സമ്പത്ത്, ഭൂമി, ഭരണം തുടങ്ങിയതെല്ലാം ന്യൂനപക്ഷങ്ങൾക്കാണ്. പിന്നാക്കക്കാരായ ഈഴവർക്ക് ഒരു പരിരക്ഷയും സർക്കാരുകൾ നൽകുന്നില്ല. യോഗത്തിന് ഒരു ഗ്രാന്റും സർക്കാരിൽ നിന്ന് കിട്ടുന്നില്ല. ആർ. ശങ്കറിനു ശേഷം വന്ന ഒരു ഭരണാധികാരിയിൽ നിന്നും നീതി ലഭിച്ചിട്ടില്ല. നമ്മെ തകർക്കാനാണ് സമ്പന്ന വിഭാഗം ശ്രമിക്കുന്നത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ 13 സ്വാശ്രയ കോളേജുകൾ നമുക്കനുവദിച്ചു തന്നു. ഇതൊന്നും എയ്ഡഡ് കോളേജുകളല്ല. മറ്റുള്ളവർക്ക് എയ്ഡഡ് കോളേജുകൾ നൽകി. നമ്മുടെ സ്ഥാപനങ്ങളിൽ പുതിയ കോഴ്സുകൾ അനുവദിക്കുന്നതിലും തികഞ്ഞ വിവേചനമാണ്. ന്യൂനപക്ഷങ്ങൾക്കും എൻ.എസ്.എസിനും ഒരുപാട് പുതിയ കോഴ്സുകൾ അനുവദിച്ചു കൊടുത്തു. മറ്റുള്ളവർ സദ്യയുണ്ണുമ്പോൾ നമുക്ക് വേലികെട്ടൽ എന്നതാണവസ്ഥ.
? കേരളത്തിലെ ഇപ്പോഴത്തെ സാമൂഹികാന്തരീക്ഷം
ശ്രീനാരായണ ഗുരുദേവനെയും അയ്യങ്കാളിയെയും പോലുള്ള മഹാരഥന്മാർ ഏറെ പ്രയത്നിച്ച് നേടിയെടുത്ത നവോത്ഥാന മൂല്യങ്ങൾ സമൂഹത്തെയാകെ ഉയർത്തിയെങ്കിൽ ഇന്ന് ആ സാമൂഹികാന്തരീക്ഷം തകർന്ന് തരിപ്പണമായി. സാമ്പത്തിക ലാഭത്തിനായി നരഭോജനം വരെയെത്തി. ദുരാചാരങ്ങളും അനാചാരങ്ങളും ഒളിഞ്ഞും തെളിഞ്ഞും പുന:സ്ഥാപിക്കുന്ന സ്ഥിതിയിലെത്തി. ശിശുബലിയും നരബലിയുമൊക്കെ മടങ്ങിയെത്തുമ്പോൾ അങ്ങേയറ്റം നിരാശ തോന്നുന്നു. നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കാൻ രാഷ്ട്രീയ- വർഗ്ഗ ഭേദമില്ലാതെ ഒന്നിച്ചു നിന്ന് നേരിടേണ്ട സാഹചര്യമാണിത്.
? രണ്ടാം പിണറായി സർക്കാരിനെക്കുറിച്ച്
ഒന്നാം പിണറായി സർക്കാരിനെക്കുറിച്ച് ജനങ്ങൾക്ക് നല്ല മതിപ്പുണ്ടായിരുന്നു. എന്നാൽ രണ്ടാം പിണറായി സർക്കാരിനെക്കുറിച്ച് അത്ര മതിപ്പില്ല. കുറവുകൾ സ്വയം മനസ്സിലാക്കി തിരുത്തിയില്ലെങ്കിൽ ഇനി തുടർ ഭരണം ലഭിച്ചേക്കില്ല. യു.ഡി.എഫിലെ അനൈക്യമാണ് എൽ.ഡി.എഫിന്റെ ബലം. പിണറായി വിജയനായിരിക്കും കേരളത്തിലെ അവസാനത്തെ ഈഴവ മുഖ്യമന്ത്രി. സി.പി.എം അടക്കമുള്ള പാർട്ടികളിലൊന്നും ഈഴവ സമുദായത്തിൽ നിന്നുള്ള നേതാക്കൾ വളർന്നു വരുന്നില്ല. സി.പി.ഐ യിലെ സ്ഥിതിയും വ്യത്യസ്തമല്ല. കോൺഗ്രസിൽ മുമ്പ് ആർ.ശങ്കറിനെ താഴെയിറക്കിയതിന്റെ ആവർത്തനമാണ് അരങ്ങേറുന്നത്. കെ.സുധാകരൻ ശക്തനായ നേതാവാണെങ്കിലും അദ്ദേഹത്തെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. ഒരു പ്രത്യേക സമുദായത്തിൽ പെട്ടവർ അടുത്ത മുഖ്യമന്ത്രിയാകാൻ മത്സരിക്കുകയാണ്. ശശി തരൂരിനെ ഒരു വിഭാഗം ഉയർത്തിക്കൊണ്ടു വന്നിരിക്കുന്നത് സുധാകരനെ ഒതുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വേണം കാണാൻ. കേരളത്തിൽ വേരുറപ്പിക്കാൻ സമുദായ നേതാക്കളെ സന്ദർശിക്കുന്ന ശശി തരൂരിനെ ഡൽഹി നായരാക്കി അകറ്റി നിറുത്തിയിരുന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി ഒറ്റ ദിവസം കൊണ്ട് അദ്ദേഹത്തെ ചങ്ങനാശ്ശേരി നായരും തറവാടി നായരും വിശ്വപൗരനുമാക്കി. ഇത്രയും പച്ചയായി ജാതി പറഞ്ഞിട്ടും അവിടെ വച്ച് അതിനെ എതിർക്കാനോ നിഷേധിക്കാനോ തരൂർ തയ്യാറായില്ല. അതോടെ കേരളത്തിൽ തരൂരിന്റെ രാഷ്ട്രീയഭാവി അസ്തമിച്ചു. ഒരു ദളിത് നേതാവിനെ ദേശീയ അദ്ധ്യക്ഷനാക്കാൻ കോൺഗ്രസ് തീരുമാനിച്ചപ്പോൾ എതിർത്ത് മത്സരിച്ച തരൂർ കടുത്ത പിന്നാക്ക വിരോധിയാണെന്നും തെളിയിച്ചു. ഇപ്പോൾ സംസ്ഥാനത്ത് യു.ഡി.എഫിൽ മരുന്നിന് മാത്രം ഒറ്റ ഈഴവ എം.എൽ.എ യാണുള്ളത്. സി.പി.എമ്മിലും ഈഴവ എം.എൽ.എ മാർ കുറവാണ്. എറണാകുളം, ആലപ്പുഴ ജില്ലകളിൽ നിന്ന് ഓരോ എം.എൽ.എ മാത്രമാണുള്ളത്.
? ഈഴവർ ഇപ്പോഴും ഭിന്നിച്ചു നിൽക്കുകയാണല്ലോ
ഒന്നിച്ചു നിന്നാൽ കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള ശക്തി സമുദായത്തിനുണ്ട്. പക്ഷെ അതൊരിക്കലും സംഭവിക്കാതിരിക്കാനാണ് വിവിധ രാഷട്രീയ പാർട്ടികൾ ശ്രമിക്കുന്നത്. അതിന് അവരൊക്കെ കരുക്കളാക്കുന്നത് നമ്മിലുള്ളവരെ തന്നെയാണ്. ഭൂരിപക്ഷ സമുദായം വിചാരിച്ചപ്പോൾ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ‘താക്കോൽ സ്ഥാനം’ നൽകാൻ യു.ഡി.എഫ് തയ്യാറായി. എസ്.എൻ.ഡി.പി യോഗത്തിനും നേതൃത്വത്തിനും എതിരെ ഇപ്പോൾ കുപ്രചാരണങ്ങൾ അഴിച്ചുവിടുകയാണ്. യോഗത്തിന്റെ വിലപേശൽ ശക്തിയെ കുറയ്ക്കാനേ ഇതുപകരിക്കുകയുള്ളു. യഥാർത്ഥ ശക്തിയും നേട്ടവും കൊച്ചാക്കിക്കാട്ടാൻ ചില ശക്തികൾ ശ്രമിക്കുന്നു. കോടതി വരാന്തയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് ഇക്കൂട്ടർ. 24 മണിക്കൂറും സമുദായത്തിനായി പ്രവർത്തിക്കുന്ന എന്നെ നൂറുകണക്കിന് കേസുകളിൽ കുടുക്കിയിട്ടിരിക്കുകയാണ്. ജനകീയ കോടതിയ്ക്ക് മുന്നിലേക്കാണ് ഇവർ വരേണ്ടത്. എനിയ്ക്കെതിരെ കേസിനുപോകുന്നവർക്ക് ലക്ഷങ്ങൾ നൽകി സഹായിക്കാൻ ആളുണ്ട്. വാദിയായി വരുന്നവർ അതിനുള്ള ആസ്തിയുള്ളവരല്ല. നേരിട്ടൊരു സംവാദത്തിന് ഇവർ തയ്യാറുണ്ടോ ? വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയാണിവരുടെ പ്രസംഗം. ഇവർക്ക് സ്വഭാവശുദ്ധിയുണ്ടോ ? പാപം ചെയ്യാത്തവരല്ലേ കല്ലെറിയേണ്ടത് ? എന്നെ എതിർക്കുന്നവർ സമൂഹത്തിനു വേണ്ടി എന്ത് ചെയ്തുവെന്ന് പറയണം.
? കൊല്ലം ശങ്കേഴ്സ് ആശുപത്രി വികസനം
ശങ്കേഴ്സ് ആശുപത്രി ഇപ്പോൾ ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലാണ്. അവിടെയും ഒരു വിഭാഗം ആശുപത്രി വികസനത്തിന് തടസ്സങ്ങൾ സൃഷ്ടിക്കുകയാണ്. ലോൺ എടുക്കാൻ ശ്രമിച്ചപ്പോൾ അതിന് ചിലർ തടയിട്ടു. വികസനത്തിനായി ഓരോ നീക്കം നടത്തുമ്പോഴും അതിനെ തകർക്കാനായി ഒരു വിഭാഗം മുന്നിലുണ്ട്. ആശുപത്രി വികസനത്തെ തടസ്സപ്പെടുത്തുന്നവർ യഥാർത്ഥത്തിൽ ആശുപത്രി സംഹാരകരോ സംരക്ഷകരോ ? ആർ. ശങ്കർ ശങ്കേഴ്സ് ആശുപത്രി തുടങ്ങിയ സമയത്ത് കൊല്ലത്ത് സ്വകാര്യ മേഖലയിൽ ഒറ്റ ആശുപത്രിയേ ഉണ്ടായിരുന്നുള്ളു. എന്നാൽ ഇന്ന് അതല്ല സ്ഥിതി. മെഡിക്കൽ കോളേജ് അടക്കം നിരവധി ആശുപത്രികളുണ്ട്. ശങ്കേഴ്സ് ആശുപത്രി ലാഭം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്ഥാപനമല്ല. സേവനത്തിനായാണ് നടത്തുന്നത്. അവിടെ നിന്ന് ലഭിക്കുന്ന വരുമാനം അവിടെത്തന്നെ മുടക്കുകയാണ്. എന്നിട്ടും ഒരു വിഭാഗം അവിടെ സമരവുമായി രംഗത്തെത്തി. ജീവനക്കാർക്ക് ഇത്രയും ശമ്പളവും ബോണസും നൽകുന്ന മറ്റൊരാശുപത്രിയില്ല. അച്ചടക്കമില്ലായ്മയാണ് പ്രശ്നം. ന്യൂനപക്ഷ വിഭാഗങ്ങൾ നടത്തുന്ന ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജീവനക്കാർ അച്ചടക്കം പാലിക്കുന്നതിനാൽ പ്രശ്നങ്ങളുണ്ടാകുന്നില്ല. നമ്മുടെ സ്ഥാപനങ്ങളിൽ വാളെടുത്തവരെല്ലാം വെളിച്ചപ്പാടുകളാകും.
? കോളേജുകളിലും പ്രശ്നക്കാർ
നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥി സംഘടനയുടെ പേരിൽ അക്രമം അഴിച്ചുവിടുകയാണ്. കലാലയാന്തരീക്ഷം കലുഷിതമാക്കാൻ ആസൂത്രിത ശ്രമമാണ് നടത്തുന്നത്. പൊലീസ് നോക്കി നിൽക്കെയാണ് അക്രമ സംഭവങ്ങളുണ്ടാകുന്നത്. ലഹരി ഉപയോഗം ഉൾപ്പെടെ വ്യാപിക്കുന്നു. പ്രഥമാദ്ധ്യാപകരെ വരെ വിദ്യാർത്ഥികൾ ഘെരാവൊ ചെയ്യുന്ന സ്ഥിതിയാണ്. കലാലയാന്തരീക്ഷം കലഹാന്തരീക്ഷമായി മാറുന്നു. ലഹരിവ്യാപനം തടയാനോ നിയന്ത്രിക്കാനോ സർക്കാരിനും ഫലപ്രദമായി കഴിയുന്നില്ല. സംസ്ഥാനം മുഴുവൻ അപകടകരമാം വിധം വ്യാപിച്ച മയക്ക് മരുന്നുപയോഗം ഏത് വിധേനയും തടയാൻ സംവിധാനം ഉണ്ടാക്കണം. ഓരോ വിദ്യാലയവുമായും ബന്ധപ്പെട്ട് പ്രത്യേക കമ്മിറ്റികളുണ്ടാക്കി പൊലീസ് സംരക്ഷണയോടെ നേരിട്ടാലേ പ്രയോജനം ഉണ്ടാകുകയുള്ളു.
? സർക്കാരിന്റെ മദ്യനയം
ലഹരിയോടുള്ള ആസക്തി രാജ്യത്തെത്തന്നെ നശിപ്പിക്കുന്നതാണ്. മയക്ക് മരുന്ന് ഉപഭോഗത്തിനൊപ്പം മദ്യ ഉപഭോഗവും വല്ലാതെ ഉയരുന്നു. മദ്യവരുമാനത്തെ ആശ്രയിച്ച് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കൈകാര്യം ചെയ്യുന്നത് ശരിയായ പ്രവണതയല്ല. മദ്യ ഉപഭോഗം കുറയ്ക്കുകയാണ് വേണ്ടത്. ഇതിനായി ബിവറേജസ് കോർപ്പറേഷൻ കൂടുതൽ ഔട്ട്‌ലെറ്റുകൾ തുറക്കാതിരിക്കുകയാണ് ചെയ്യേണ്ടത്. മദ്യം വിലകുറച്ച് ലഭിക്കുന്നതിനാൽ ഉപഭോഗം വർദ്ധിക്കും. ബാറുകളെയും ഇത് പ്രതികൂലമായി ബാധിക്കും. പാവപ്പെട്ടവനും ഇടത്തരക്കാരനും വൻ തുക ചിലവഴിച്ച് ബാറുകളിൽ കയറി മദ്യപിക്കാൻ തയ്യാറാകില്ല.
? ബി.ഡി.ജെ.എസിന്റെ ഭാവി
കേരള രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്താൻ ബി.ഡി.ജെ.എസിനു കഴിഞ്ഞില്ല. അയിത്ത ചിന്ത മാറാതെ കേരളത്തിൽ ബി.ഡി.ജെ.എസിന് മുന്നോട്ട് പോകാൻ കഴിയില്ല. നായാടി മുതൽ നമ്പൂതിരി വരെയുള്ളവരുടെ ഐക്യം കേരളത്തിൽ അനിവാര്യമാണ്. സാമൂഹ്യനീതി ലക്ഷ്യമിട്ടാണ് ബി.ഡി.ജെ.എസ് രൂപീകരിച്ചതെങ്കിലും അയിത്തം ഇപ്പോഴും തുടരുകയാണ്. ഹിന്ദു വിഭാഗത്തിലെ വിയോജിപ്പാണ് ഐക്യത്തിന് തടസ്സം. ക്രൈസ്തവരിലും മുസ്ലിങ്ങളിലും പലവിഭാഗങ്ങളുണ്ടെങ്കിലും കാര്യം വരുമ്പോൾ അവർ ഒന്നാകും. ഈഴവർ ചിഹ്നം നോക്കി വോട്ട് ചെയ്യുമ്പോൾ ഇവർ പേരും ജാതിയും നോക്കി വോട്ട് ചെയ്യും.
? കേരളത്തിലെ മൂന്നാം മുന്നണി സാദ്ധ്യതകൾ
ഇടത്, വലത് മുന്നണികൾ ശക്തമായതിനാൽ കേരളത്തിൽ മൂന്നാം മുന്നണിക്കുള്ള സാദ്ധ്യത കുറവാണ്. സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വം ശക്തമല്ല. പിന്നാക്ക ആഭിമുഖ്യം ഇല്ലാത്തവരാണ് കേരളത്തിലെ ബി.ജെ.പി നേതാക്കൾ. വെറും 15 ശതമാനം മാത്രമുള്ള സവർണ്ണ വിഭാഗത്തെ മുന്നിൽ കണ്ട് എങ്ങനെ മുന്നോട്ട് പോകാനാകും ? കേരളത്തിലെ ബി.ജെ.പിയുടെ പ്രവർത്തനശൈലി അടിമുടി മാറുകയാണ് വേണ്ടത്. ഇപ്പോഴത്തെ നേതൃത്വം മാറി സുരേഷ്ഗോപിയോ മറ്റാരെങ്കിലും വന്നാലോ കാര്യമായ മാറ്റം ഉണ്ടാകാനുള്ള സാദ്ധ്യതയില്ല.
? കേന്ദ്ര സർക്കാരിനെ എങ്ങനെ വിലയിരുത്തുന്നു
കേന്ദ്രഭരണം മോശമെന്ന് പറയാൻ കഴിയില്ല. എൻ.ഡി.എ എത്ര സംസ്ഥാനങ്ങൾ ഭരിക്കുന്നു. അതിനാൽ എൻ.ഡി.എ മോശമെന്ന് പറഞ്ഞാൽ അത് വോട്ട് ചെയ്തവരെ പുച്ഛിക്കലാകും. ഗുജറാത്തിൽ ഏഴാം തവണയും വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയില്ലേ. അവരുടെ കഴിവിനെ അംഗീകരിക്കാതെ പറ്റുമോ. നല്ല ഭരണം കാഴ്ചവച്ചാൽ കേന്ദ്രത്തിൽ മൂന്നാം തവണയും മോദി തന്നെ അധികാരത്തിലെത്താനാണ് സാദ്ധ്യതയേറെ. ശക്തമായൊരു പ്രതിപക്ഷനിര സൃഷ്ടിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. തമ്മിൽ കലഹമാണ്. അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ ത്രികോണ മത്സരം വന്നാൽ ബി.ജെ.പി തൂത്തുവാരും. രാഹുൽഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര വിജയമായെങ്കിലും അത് വോട്ടായി മാറുമോ എന്ന് സംശയമാണ്.
? കെ.കെ മഹേശന്റെ ആത്മഹത്യയിൽ കേസെടുത്ത നടപടി
എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ മുൻ സെക്രട്ടറി കെ.കെ മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എന്നെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്യാൻ ആലപ്പുഴ ഫസ്റ്റ് ക്ളാസ്സ് മജിസ്ട്രേട്ട് കോടതി (രണ്ട്) നിർദ്ദേശം നൽകിയ പ്രകാരം മാരാരിക്കുളം പൊലീസ് കേസെടുത്തു. കോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസ്. ആത്മഹത്യ ചെയ്തതാണെന്ന് കണ്ടെത്തി റഫർ ചെയ്ത കേസാണിത്. തന്നെയും മകൻ തുഷാറിനെയും എസ്.എൻ.ഡി.പി യോഗ നേതൃത്വത്തിൽ നിന്ന് മാറ്റാൻ ഗൂഢ ഉദ്ദേശ്യത്തോടെ നൽകിയ പരാതിയിലാണ് കേസെടുത്തത്. മഹേശൻ മൈക്രോഫിനാൻസ് പദ്ധതിയിൽ പല ക്രമക്കേടുകളും നടത്തി. കേസിൽ കുടുങ്ങുമെന്നായപ്പോൾ ആത്മഹത്യ ചെയ്തതാണ്. ഇതിന് ഞാനെന്ത് പിഴച്ചു ? ഒന്നുമല്ലാതിരുന്ന മഹേശനെ വളർത്തിയത് ഞാനാണ്. മഹേശന്റെ കുടുംബത്തിന്റെ പരാതിയിൽ ഐ.ജി ആയിരുന്ന ആർ. നിശാന്തിനിയുടെ നേതൃത്വത്തിൽ നേരത്തെ അന്വേഷണം നടത്തിയെങ്കിലും ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് മഹേശന്റെ കുടുംബം ആലപ്പുഴ കോടതിയെ സമീപിച്ചെങ്കിലും ആ പരാതിയും തള്ളി. തുടർന്ന് കുടുംബം ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് ആലപ്പുഴ കോടതി ഹർജി വീണ്ടും പരിഗണിച്ചതും കേസെടുക്കാൻ നിർദ്ദേശിച്ചതും. പൊലീസ് കേസെടുത്തെങ്കിലും പിന്നീട് എന്തായെന്ന് അറിയില്ല.
? എസ്.എൻ ട്രസ്റ്റ് ബൈലോ ഭേദഗതി കേസ്
എസ്.എൻ ട്രസ്റ്റ് ബൈലോയിൽ ഭേദഗതി വരുത്തി ഈയിടെ ഹൈക്കോടതിയുടെ ഉത്തരവ് നേടിയവർ ഉന്നം വയ്ക്കുന്നത് ആരെയാണെന്ന് വ്യക്തമല്ലേ. ഏതെങ്കിലും കേസിൽ പ്രതിയാകുന്നവർ എസ്.എൻ ട്രസ്റ്റ് ഭാരവാഹിത്വത്തിൽ നിന്ന് വിട്ടു നിൽക്കണമെന്നും കുറ്റവിമുക്തരാകും വരെ ട്രസ്റ്റ് ഭാരവാഹിയായി തുടരാൻ പാടില്ലെന്നുമാണ് കോടതി ഉത്തരവ്. ഈ കേസിൽ വാദികളായവരുടെ വാദമാണ് കോടതി അംഗീകരിച്ചത്. ഈ ഉത്തരവ് നടപ്പിലായാൽ രാജ്യത്ത് പലയാളുകൾക്കും ഭരണത്തിൽ തുടരാനാകില്ല. ഏതെങ്കിലും ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടുവെങ്കിൽ അത് പറയാം. പ്രതിയായെന്ന പേരിൽ പാടില്ലെന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല. ആർക്കെതിരെയും ഒരാൾക്ക് സ്വകാര്യ അന്യായം ഫയൽ ചെയ്താൽ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവരെ മാറ്റാൻ കഴിയുമല്ലോ. കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകിയിട്ടുണ്ട്.