സമ്പത്തും വ്യവസായവും ന്യൂനപക്ഷങ്ങള്‍ കൈവശപ്പെടുത്തി
കുമളി: കര്‍ഷകന്റെ മക്കള്‍ കര്‍ഷകരായും ചെത്തുകാരന്റെ മക്കള്‍ ചെത്തുകാരായും മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇന്നുള്ളതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ഈ രാജ്യത്തിന്റെ സമ്പത്തും വ്യവസായവും വളരെ കുറച്ചു മാത്രമുള്ള ന്യൂനപക്ഷങ്ങള്‍ കൈവശപ്പെടുത്തിയതായി എസ്.എന്‍.ഡി.പി യോഗം കുട്ടനാട് യൂണിയന്‍ ത്രിദിന നേതൃത്വ ക്യാമ്പ് കുമളി എസ്.എന്‍. ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. പിന്നാക്കക്കാരെ അധികാരത്തില്‍ നിന്നും പുറംതള്ളുന്നതില്‍ യു.ഡി.എഫും, എല്‍ഡിഎഫും ഒറ്റക്കെട്ടാണ്. എന്നും അവഗണിക്കപ്പെടുന്ന വിഭാഗമാണ് കുട്ടനാട്ടിലെ ശ്രീനാരായണീയര്‍. എസ്.എന്‍.ഡി.പി യോഗത്തിന്റെ പേരില്‍ ഒരു കോളേജ് പോലും ഇല്ലാത്ത ഏക യൂണിയന്‍ കുട്ടനാടാണ്. മാറി മാറി വരുന്ന ഗവണ്‍മെന്റുകള്‍ കുട്ടനാടിനെ മനപ്പൂര്‍വം മറക്കുന്നു. തൊഴിലുറപ്പു മാത്രം ആശ്രയിക്കുന്ന കുട്ടനാട്ടുകാര്‍ കുടിക്കാന്‍ പോലും വെള്ളം പണം കൊടുത്തു വാങ്ങുന്നവരാണ്. ഈഴവരും പട്ടികജാതിക്കാരും ഒന്നായി നിന്ന് വോട്ട് ചെയ്താല്‍ പിന്നാക്കക്കാരന്‍ കുട്ടനാട്ടില്‍ നിന്നും ജയിച്ച് നിയമസഭയില്‍ എത്തും. സ്വാമിനാഥന്‍ റിപ്പോര്‍ട്ട് ഫലവത്തായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. യൂണിയന്‍ ചെയര്‍മാന്‍ പി.വി. ബിനേഷ് അദ്ധ്യക്ഷത വഹിച്ചു. പീരുമേട് യൂണിയന്‍ പ്രസിഡന്റ് ചെമ്പന്‍കുളം ഗോപിവൈദ്യര്‍, കരുനാഗപ്പള്ളി യൂണിയന്‍ സെക്രട്ടറി എ. സോമരാജന്‍, യോഗം കൗണ്‍സിലര്‍ സന്ദീപ് പച്ചയില്‍, കരുനാഗപ്പള്ളി യൂണിയന്‍ പ്രസിഡന്റ് സുശീലന്‍, പീരുമേട് യൂണിയന്‍ സെക്രട്ടറി കെ.പി. ബിനു, കുട്ടനാട് യൂണിയന്‍ വൈസ് ചെയര്‍മാന്‍ എം.ഡി. ഓമനക്കുട്ടന്‍, കണ്‍വീനര്‍ സന്തോഷ് ശാന്തി, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ എം.പി. പ്രമോദ്, എം.കെ. ഗോപിദാസ്, പ്രദീപ് കുമാര്‍, അഡ്വ.
രാജേഷ്‌കുമാര്‍, കെ.കെ. പൊന്നപ്പന്‍, യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് കെ.പി. സുബീഷ്, വനിതാസംഘം യൂണിയന്‍ സെക്രട്ടറി സജിനി മോഹന്‍, സൈബര്‍ സേനാ യൂണിയന്‍ ചെയര്‍മാന്‍ സുനോജ് കെ.എസ്. എന്നിവര്‍ സംസാരിച്ചു. വ്യക്തിത്വ വികസനം എന്ന വിഷയത്തില്‍ മോന്‍സി വര്‍ഗീസ് ക്ലാസ് എടുത്തു. ശ്രീനാരായണഗുരുദേവന്റെ ഈശ്വരീയത എന്ന വിഷയത്തില്‍ ബിജു പുളിക്കലേത്തും ക്ലാസ് നയിച്ചു. വൈകീട്ട് ക്യാമ്പംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.